20 April Saturday

നുണക്കോട്ടകൾ പൊളിച്ചടുക്കും - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കോൺഗ്രസിന്റെ നുണപ്രചാരണങ്ങൾക്ക് ആയുസ്സില്ലെന്നതിന് തെളിവാണ് ജനകീയ പ്രതിരോധ ജാഥയ്ക്ക് ലഭിക്കുന്ന ഓരോ സ്വീകരണവും. ആ സ്വീകരണങ്ങളുടെ  അലയൊലി കോൺഗ്രസിലും പ്രകടമായിത്തുടങ്ങി. അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാരിനെതിരെ വികസനവിരുദ്ധ പ്രചാരണം ഇക്കൂട്ടർ നടത്തുന്നത്. എന്തായാലും ജാഥ കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ ഫലപ്രദമായി നടത്താനാകുന്നു എന്നതിൽ വളരെ സന്തോഷം.

ജാഥ ചൊവ്വാഴ്ച കൊല്ലത്തേക്ക് പ്രവേശിച്ചു. പത്തനംതിട്ട ജില്ലയിലായിരുന്നു രാവിലത്തെ മൂന്നു സ്വീകരണകേന്ദ്രവും. പകൽ  പതിനൊന്നാകുമ്പോഴേക്കും പുറത്ത് കത്തുന്ന വെയിൽ. അതിനെയും വെല്ലുന്ന ആവേശമായിരുന്നു ആദ്യ സ്വീകരണകേന്ദ്രമായ പത്തനംതിട്ടയിൽ. പഴയ പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് നിറഞ്ഞു കവിഞ്ഞു.  ജാഥ ഉയർത്തിയ പ്രധാന പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുവെന്നതിന്റെ തെളിവുകൂടിയാണ്‌ ഇത്. നുണക്കഥകൾ പ്രചരിപ്പിച്ച് എൽഡിഎഫിനെ ഏതുവിധത്തിലും പരാജയപ്പെടുത്താമെന്ന മോഹംപോലും  ഇന്ന് യുഡിഎഫിന്  ഇല്ലാതാകുകയാണ്. അതാണ് കെ മുരളീധരന്റെയടക്കം പ്രസ്താവന കാണിക്കുന്നത്. വികസനപദ്ധതികൾ നടത്തുന്ന സർക്കാരിനെ ജനം കൈവിടില്ലെന്ന് അവർ മനസ്സിലാക്കി. അതുകൊണ്ടാണ് വികസനം തടസ്സപ്പെടുത്താൻ  ഇക്കൂട്ടർ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെയൊന്നും വകവയ്ക്കാതെ  ജനങ്ങൾ സർക്കാരിനും സിപിഐ എമ്മിനും ഒപ്പമാണെന്ന് ഓരോ  സ്വീകരണകേന്ദ്രവും വിളിച്ചുപറയുന്നു.


 

പ്രവാസികളും മതന്യൂനപക്ഷങ്ങളും ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട. നിരവധി തീർഥാടനകേന്ദ്രങ്ങളും. അതോടൊപ്പം മതസൗഹാർദത്തിന് പേരുകേട്ട നാടുകൂടിയാണ്.  ജില്ലയ്ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അഞ്ചുമണ്ഡലത്തിൽ അഞ്ചും എൽഡിഎഫ് ജനപ്രതിനിധികൾ. എണ്ണിയെണ്ണി പറയാവുന്ന വികസന നേട്ടങ്ങൾ ഈ ജില്ലയിൽ മറ്റൊരു കാലത്തുമില്ലാത്തവിധത്തിൽ നടന്നുകൊണ്ടിരിക്കുന്നു. വികസനവിരുദ്ധരുടെ നുണക്കഥകൾ ഇവിടെ ഒരുതരത്തിലും ഏശില്ല.
തിങ്കളാഴ്ച വൈകിട്ടാണ് ജാഥ ജില്ലയിൽ  പ്രവേശിച്ചത്.  തിരുവല്ലയിലും രാത്രി റാന്നിയിലുമായിരുന്നു സ്വീകരണം. സാമൂഹ്യക്ഷേമ പെൻഷൻ കൊണ്ട് ജീവിതം  മുന്നോട്ടുകൊണ്ടുപോകുന്നവർ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയിരുന്നു.  പ്രായമായവരുടെ  മുഖങ്ങളിൽ കണ്ട സന്തോഷം,  അതാണ് ഇടതുപക്ഷ സർക്കാരിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം.  യുഡിഎഫ് കാലത്ത്  മാസങ്ങളോളം കുടിശ്ശികയായിരുന്ന ക്ഷേമ പെൻഷനുകൾ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോൾ കൃത്യമായി  കിട്ടുന്നു. അതും അറുനൂറിൽനിന്ന് ആയിരത്തറുനൂറായി.  ഇനിയും വർധിപ്പിക്കാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ നയം. അതിനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എതിരുനിൽക്കുന്നത്.


 

തിങ്കളാഴ്ച രാവിലെ പത്തനംതിട്ടയിലെ സ്വീകരണത്തിനുശേഷം തോട്ടം തൊഴിലാളികളടക്കം ഏറെയുള്ള മലയോരമേഖലയായ കോന്നിയിലായിരുന്നു അടുത്ത സ്വീകരണം. പത്തനംതിട്ടയെയും  വെല്ലുന്നവിധത്തിൽ വൻജനാവലി  ജാഥയെ വരവേൽക്കാൻ  കാത്തിരുന്നു. വർഷങ്ങളായി വൈദ്യുതിപോലും എത്താതിരുന്ന ആവണിപ്പാറ മേഖലയിൽ വൈദ്യുതി എത്തിച്ചതിന്റെ നന്ദി പ്രകാശനം അവിടെയുള്ളവർ ആദിവാസി മൂപ്പന്റെ നേതൃത്വത്തിൽ  കേന്ദ്രത്തിലെത്തി അറിയിച്ചു. ഇത്തരത്തിൽ സമൂഹത്തിന്റെ  നാനാ മേഖലയിലുള്ളവർ തങ്ങളുടെ ആശയും അഭിലാഷവുമായ സിപിഐ എമ്മിനൊപ്പം അണിചേരുന്നത് ഏറെ  ആവേശം  തരുന്നതാണ്. പിന്നീട് അടൂരിൽ. ജില്ലയിലെ അവസാനം മണ്ഡലം. അവിടെയും ഉജ്വലമായ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്.

രാവിലെ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രഗത്ഭരുമായി നടന്ന  കൂടിക്കാഴ്ച വളരെ ഫലപ്രദമായി. സമൂഹത്തിന്റെ  ഏതാണ്ട് എല്ലാ  മേഖലകളിൽനിന്നുള്ളവരും ചർച്ചയിൽ  പങ്കെടുത്തു. വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടുവച്ചു.  എല്ലാം സർക്കാരിന്റെ  മുന്നിൽ അവതരിപ്പിക്കും. നോർക്കയുമായി ബന്ധപ്പെട്ട ഒരു ഓഫീസ് സംവിധാനം ജില്ലയിൽ ആരംഭിക്കണമെന്നത് പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തും. അതോടൊപ്പം പട്ടയപ്രശ്നവും.  അടുത്ത മൂന്നു വർഷത്തിനുള്ളിൽ പട്ടയപ്രശ്നം തീർപ്പാക്കുന്നതിന്  ഇടതുപക്ഷ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സഭാ വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി സഭ  തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത സന്ദർശിക്കുകയുണ്ടായി.


 

ചൊവ്വാഴ്ച വൈകിട്ട്  ജാഥ കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു. ജില്ലാ അതിർത്തിയായ കല്ലുങ്കടവിൽ പഞ്ചവാദ്യം, തിരുവാതിരകളി, ബാന്റുവാദ്യം, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ്  വരവേറ്റത്. നെടുമ്പറമ്പിലായിരുന്നു ആദ്യ പൊതുസമ്മേളനം. രാത്രി പുനലൂർ മണ്ഡലത്തിലെ അഞ്ചലിലും. ആദിവാസി മേഖലയിൽനിന്നുള്ളവരും അവിടെ സ്വീകരണത്തിൽ പങ്കാളികളായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top