27 April Saturday

നാടിന്റെ ഹൃദയത്തോട്‌ ചേർത്ത് - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

ജനകീയ പ്രതിരോധ ജാഥ മുന്നോട്ടുവച്ച മുദ്രാവാക്യവും ആശയവും എത്രമാത്രം പ്രധാനവും കാലികവും ജനതയെ സ്പർശിക്കുന്നതുമാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഓരോ ദിവസവും പിന്നിടുമ്പോഴുള്ള ജനപങ്കാളിത്തം. ജാഥ തുടങ്ങി 19 ദിവസം പിന്നിടുമ്പോഴും ലഭിക്കുന്ന പൊതു സ്വീകാര്യത ഓരോ കേന്ദ്രത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിലാണ്.  രണ്ടു ദിവസവും ഇടുക്കി ജനത ഹൃദയത്തോട് ചേർത്താണ് വരവേറ്റത്. വെള്ളിയാഴ്ച കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും ചങ്ങനാശേരിയിലും കോട്ടയത്തും ആവേശകരമായി ആയിരങ്ങൾ കാത്തുനിന്നു. അവർ ഈ പാർടിയിൽ എത്രമാത്രം വിശ്വാസമർപ്പിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി ജനസഞ്ചയം. എൽഡിഎഫ് സർക്കാരിന്റെ കരുതൽ സ്പർശമേറ്റ വിവിധ വിഭാഗം ജനത സ്വീകരണകേന്ദ്രങ്ങളിലെത്തി. കാലാകാലങ്ങളായി മലയോരമേഖലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും നടപടിയെടുക്കും.


 

നെടുങ്കണ്ടത്ത് നടന്ന സൗഹൃദസംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കർഷക നേതാക്കളും വൈദികരും പൗരപ്രമുഖരും ഉൾപ്പെടെയുള്ളവർ എത്തി. അവരുടെ പ്രശ്നങ്ങൾ കേട്ടു. ബഫർ സോൺ, കാർഡമം ഹിൽ റിസർവിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിലാണ് സർക്കാരെന്ന ഉറപ്പ് പങ്കെടുത്ത നേതാക്കൾക്ക് നൽകി. അവരാകെ പ്രതീക്ഷയിലും പ്രത്യാശയിലുമാണ്. കർഷകരും തോട്ടംതൊഴിലാളികളും ഇടത്തരക്കാരും തിങ്ങിപ്പാർക്കുന്ന ഇടുക്കിയുടെ മലയോരമേഖലയിലെ വർധിച്ച പങ്കാളിത്തം കട്ടപ്പന, പീരുമേട് സ്വീകരണ കേന്ദ്രങ്ങളിലുണ്ടായി.

ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയിലെ സ്വീകരണത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. ഇടുക്കി ഡിസിസി അംഗം ശശി കണ്യാലിലും മറ്റും ജാഥാ സ്വീകരണത്തിനെത്തി സിപിഐ എമ്മുമായി സഹകരണം പ്രഖ്യാപിച്ചു. കൂടാതെ, ഇതര പാർടി നേതാക്കളും എത്തിയത് ആവേശമായി. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ വനവിഭവങ്ങള്‍ നല്‍കി വരവേറ്റു. ഇരട്ടയാറിലെ പത്തുചെയിന്‍ മേഖലയില്‍ പട്ടയം ലഭിച്ചവർ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. പീരുമേട്ടിലും വണ്ടിപ്പെരിയാറിലും സ്ത്രീ തോട്ടം തൊഴിലാളികളുടെയടക്കം വൻ സാന്നിധ്യവും കാണാനായി.


 

ആനവിലാസം വില്ലേജിനെ നിർമാണ നിരോധന പരിധിയിൽനിന്നു നീക്കിയതിന് നന്ദിസൂചകമായി ആനവിലാസം യാക്കോബായ പള്ളി വികാരി ഫാദർ സഞ്ജു പൊന്നാട നൽകി. തീക്കതിർ പത്രത്തിന്റെ ക്യാമ്പയിന്റെ ഭാഗമായി പത്രങ്ങളുടെ കോപ്പി തേനി ഏരിയ സെക്രട്ടറി ലെനിൻ, തീക്കതിർ പ്രതിനിധി മുത്തു എന്നിവർ കൈമാറി.

കോട്ടയം ജില്ലയിലേക്ക് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തെ വരവേൽപ്പോടെ പ്രവേശിച്ചു. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വരവേൽപ്പ്. സൂര്യൻ കത്തിക്കാളുമ്പോഴും ചുവപ്പ് കടലിളക്കി ആയിരങ്ങൾ കാത്തുനിൽക്കുകയായിരുന്നു. കവാടത്തിൽത്തന്നെ കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ വീട് തകർന്നവർ കാത്തു നിന്നു. 25 കുടുംബത്തിൽപ്പെട്ടവരാണവർ. അവർക്ക് പാർടി വീട് വച്ചു നൽകുന്നതിന്റെ സന്തോഷം അറിയിച്ചു. അക്ഷരാർഥത്തിൽ അവരുടെ കണ്ണുകളിൽ ആനന്ദാശ്രു കണ്ടു.


 

കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സമര ചരിത്രം ജ്വലിക്കുന്ന അപ്പർ കുട്ടനാടിന്റെ ഹൃദയഭൂമിയായ ചങ്ങനാശേരിയിലെത്തുമ്പോൾ സായാഹ്നമായി. തൊഴിലാളികളും കർഷകരുമായി സംവദിച്ചു. അഞ്ചു വിളക്കിന്റെ മതസൗഹാർദ ഭൂമിയിൽ മതനിരപേക്ഷതയുടെ മുദ്രാവാക്യങ്ങൾ നിറഞ്ഞു. മതന്യൂനപക്ഷങ്ങളടക്കം വേട്ടയാടപ്പെടുന്ന ഉത്തരേന്ത്യയിലെ ജനവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രതിജ്ഞയും കേൾക്കാനായി.

രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കോട്ടയം തിരുനക്കരയിലെ സമാപന സമ്മേളനം എൽഡിഎഫ് സർക്കാരിൽ കർഷകരുടെ പ്രതീക്ഷ പ്രകടിപ്പിക്കുന്നതായി.  കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്‍ എംപിയും പങ്കെടുത്തു.  എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും ഏറ്റെടുക്കാൻ കൂടുതൽ ശക്തിപകരുന്ന നിലയിലാണ് ജാഥയുടെ മുന്നേറ്റം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top