25 April Thursday

കർഷക ജനതയ്‌ക്കൊപ്പം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

മലബാറും മധ്യനാടും പിന്നിട്ട് 18–--ാം ദിനം കുടിയേറ്റ, കർഷക ജനതയുടെ ഈറ്റില്ലമായ മലനാട്ടിൽ എത്തുമ്പോൾ ജനകീയ പ്രതിരോധജാഥയ്‌ക്ക് സമാനതകളില്ലാത്ത വരവേൽപ്പാണ്‌ ലഭിച്ചത്‌. ഏലയ്‌ക്കാ മാലകളും കുരുമുളക്‌ മാലകളും അണിയിച്ചാണ്‌ ജാഥയെ സ്വീകരിച്ചത്‌. ഓരോ സ്വീകരണകേന്ദ്രത്തിലും കേന്ദ്ര അവഗണനയ്‌ക്കെതിരെ അനിവാര്യമായ ഇടപെടലുകൾക്കും പ്രതിരോധത്തിനും നിർബന്ധിതരായ നാനാവിഭാഗങ്ങളുടെ ഗൗരവപൂർണമായ ഒത്തുചേരലായിരുന്നു. രാഷ്‌ട്രീയത്തിന്റെ പേരിൽ ഇത്തരം കടുത്ത അവഗണനയുടെ നാളുകൾക്ക്‌ അന്ത്യം കുറിക്കാനുള്ള പ്രതിരോധസന്ദേശത്തിൽ മലനാടും കൈകോർക്കുന്നു.  അന്യമത വിദ്വേഷവും വെറുപ്പും വിഭജന രാഷ്‌ട്രീയവും അജൻഡയാക്കിയ സംഘപരിവാർ –-- ബിജെപി ഭരണക്കെടുതികൾക്ക്‌ എതിരെ മതനിരപേക്ഷതയുടെ പ്രതിരോധം ഉയർത്തിയുള്ള ജാഥയെ വരവേൽക്കാൻ സമൂഹത്തിന്റെ പരിച്ഛേദമാണ് ഇടുക്കിയിലും എത്തുന്നത്.

വികസനം ഓണംകേറാമൂലയായിരുന്ന ഒരുകാലം ഇടുക്കി ജനതയുടെ ഓർമയിലുണ്ട്. മലമടക്കുകളിൽ മെച്ചപ്പെട്ടതും വൃത്തിയുള്ളതുമായ റോഡും ഇരുട്ടിലായിരുന്ന ആദിവാസിക്കുടികളിൽ വെളിച്ചവും മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും ഉൾപ്പെടെ പുരോഗതിയുടെ പുതുപാത തുറന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യംകൂടി അർപ്പിച്ചാണ് ആയിരങ്ങൾ എത്തിയത്.


 

എറണാകുളം ജില്ലയിലെ പര്യടനത്തിന്‌ സമാപനം കുറിച്ച്‌ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് വ്യാഴാഴ്ച രാവിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് ഇടുക്കിയിലേക്ക് പ്രവേശിച്ചത്. കായികരംഗത്ത് ഏറെ സംഭാവന നൽകിയ കോതമംഗലത്ത് നിർദിഷ്ട സ്റ്റേഡിയം ഉൾപ്പെടെ ഭാവിപദ്ധതികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

തുടർന്ന് എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര് പങ്കിടുന്ന പെരുമാംകണ്ടത്തുനിന്ന് സ്വീകരിച്ചാണ് ഇടുക്കിയിലേക്കുള്ള പ്രവേശനം. ഇടുക്കിയിലെ ആദ്യ സ്വീകരണകേന്ദ്രം തൊടുപുഴ പഴയ ബസ്‌സ്റ്റാൻഡിൽ. രക്തസാക്ഷി കുടുംബങ്ങളിലെ ബന്ധുക്കൾ, ഇതര പാർടികളിൽനിന്ന്‌ രാജിവച്ച്‌ എത്തിയവർ, അവാർഡ് ജേതാക്കൾ മാത്രമല്ല, സർക്കാർ സഹായങ്ങളും പാർടിയുടെ കൈത്താങ്ങും ലഭിച്ച ദുർബലരും പർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനസമൂഹം വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കാനെത്തി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു 24 ലക്ഷം രൂപ സർക്കാർ സഹായം ലഭിച്ച നെയ്യാശേരി സാബു, മായ ദമ്പതികളുടെ രണ്ടാമത്തെ മകൾ 12 വയസ്സുകാരി അതുല്യ സ്വീകരിക്കാൻ എത്തി. ജനകീയ ബദൽ പദ്ധതികളും നയങ്ങളും മലനാട്ടിൽ ലക്ഷ്യം കാണുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ജനക്കൂട്ടം പ്രകടമാക്കുന്നത്.


 

ക്യാപ്റ്റനും ജാഥാ അംഗങ്ങൾക്കും ഏലയ്‌ക്ക കൊണ്ട് നിർമിച്ച തൊപ്പി നേതാക്കൾ വേദിയിൽ അണിയിച്ചത് പ്രത്യേകതയായി. ഡിവൈഎഫ്ഐ രൂപീകരിച്ച 1980ൽ ആദ്യ സംസ്ഥാന പ്രസിഡന്റായത് തൊടുപുഴയിൽ വച്ചാണെന്നും മലനാടുമായുള്ള വൈകാരിക അനുഭവവും സദസ്സുമായി പങ്കുവച്ചു. ജില്ലയിലെ കർഷകരുടെ പ്രധാന ആവശ്യങ്ങളായ ഭൂപട്ടയ പ്രശ്നങ്ങൾക്കും നിർമാണനിരോധനം നീക്കൽ, 1964,  1993ലെയും ഭൂനിയമ ചട്ടഭേദഗതിയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക്‌  ഉടൻ പരിഹാരം ഉണ്ടാകുമെന്ന പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് ജനം വരവേറ്റത്. ഉച്ചയ്ക്കുശേഷം അടിമാലിയിൽ കർഷകരും ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും അടങ്ങുന്ന ആയിരങ്ങളാണ് എത്തിയത്. ലൈഫ് പദ്ധതിയിലൂടെ വീടുകൾ ലഭിച്ച ആദിവാസി കുടുംബങ്ങളും വരവേൽക്കാനെത്തി. മികച്ച കർഷകനുള്ള അന്തർദേശീയ- സംസ്ഥാന അവാർഡ് ജേതാവ് ചെറുകുന്നേൽ ഗോപി ഉൾപ്പെടെയുള്ള പ്രമുഖരെ അടിമാലിയിൽ ആദരിച്ചു.


 

ഇടുക്കിയിലെ ആദ്യദിവസ സമാപനകേന്ദ്രമായ നെടുങ്കണ്ടത്ത് ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ എത്തിയത്.  കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ നിശ്ശബ്ദത പുലർത്തുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും വർഗീയതയും കോർപറേറ്റുവൽക്കരണവും അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രചിന്തകൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം ജനക്കൂട്ടത്തോട് സംവദിച്ചും കേന്ദ്ര സർക്കാരിന്റെ കെട്ടനയങ്ങൾക്കെതിരെ പോരാട്ടത്തിന് സജ്ജരാകണമെന്ന അനിവാര്യതയും ഓർമിപ്പിച്ചാണ് ജാഥ മുന്നോട്ടുനീങ്ങുന്നത്. ജില്ലയുടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള സർക്കാർ ശ്രമം കർഷക ജനതയ്‌ക്ക് പ്രത്യാശ നൽകുന്നതാണ്. ആവശ്യമായ നിയമഭേദഗതി വരുത്താനും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ ചരിത്ര തീരുമാനം വലിയ ആവേശമാണ് കർഷകരിൽ ഉളവാക്കുന്നത്. 

കർഷക പ്രസ്ഥാനത്തിന്റെയും കുടിയേറ്റ കർഷകരുടെയും കരുത്തുറ്റ ജില്ലയിൽ അനിവാര്യമായ മാറ്റത്തിന്റെ കാഹളവുമായി എത്തിയ ജനകീയ പ്രതിരോധജാഥയെ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുന്നു.  അത് വ്യക്തമാക്കുന്നതാണ് ആദ്യദിവസം ഇടുക്കിയിലെ മൂന്ന് കേന്ദ്രത്തിലെയും ജനാവലി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top