24 April Wednesday

വിപ്ലവഭൂമിയിൽ ജനസാഗരത്തിനൊപ്പം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ളയുടെയും ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും ജന്മനാടായ വൈക്കത്തുനിന്നാണ്‌ ജനകീയ പ്രതിരോധജാഥ അസ്ഥികൾ പൂക്കുന്ന പുന്നപ്ര–- വയലാറിന്റെ മണ്ണായ ആലപ്പുഴയിലേക്ക്‌ പ്രവേശിച്ചത്‌. 

ഞായർ രാവിലെ നാനാമേഖലയിലെ വിഷയങ്ങൾ ഉയർന്നുവന്ന, കോട്ടയം തലയോലപ്പറമ്പിലെ സംവാദം ഏറെ അർഥവത്തായി. ഉദ്യോഗസ്ഥതലത്തിലെ അഴിമതി ചർച്ചയിൽ വന്നു. പൊലീസിൽ ക്രിമിനൽ സ്വഭാവമുള്ളവരെയും അഴിമതിക്കാരെയും പിരിച്ചുവിട്ടു തുടങ്ങിയതുപോലെ എല്ലാ സർക്കാർസർവീസിലും ഇത്തരം നടപടി വേണമെന്ന ആവശ്യമുയർന്നു. നെൽക്കൃഷി മേഖലയിലടക്കം കർഷകർക്ക്‌ അനുകൂലമായ കൂടുതൽ സർക്കാർ ഇടപെടലുകൾ വേണമെന്ന വികാരവും സംഗമത്തിലുണ്ടായി. ഏകീകൃത കൂലിവ്യവസ്ഥയ്‌ക്കായും ബന്ധപ്പെട്ട മേഖലയിൽ ഗൗരവമായ ചർച്ചകൾ വേണം.


 

വൈക്കത്തുനിന്ന്‌ ജങ്കാറിൽ വേമ്പനാട്ടുകായൽ കടന്നാണ്‌ ആലപ്പുഴയിലെ തവണക്കടവിലെത്തിയത്‌. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾ ചെങ്കൊടിയാൽ അലങ്കരിച്ച വള്ളങ്ങളിൽ അകമ്പടിസേവിച്ചാണ്‌ ജാഥയെ തവണക്കടവിലേക്ക്‌ വരവേറ്റത്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാന്റെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു.

ദേശാഭിമാനത്തിലും വർഗബോധത്തിലും പ്രചോദിതരായി ‘അമേരിക്കൽ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി പൊരുതിയ പുന്നപ്ര –- വയലാർ രണധീരരുടെ നാടാണ്‌ ആലപ്പുഴ. യഥാർഥനേതാവിന്റെ പദവി പേരിനുശേഷം നൽകുന്ന അക്ഷരത്തിലല്ല, ജനങ്ങളുടെ മനസ്സിലാണെന്ന്‌ തെളിയിച്ച മഹാനായ പി കൃഷ്ണപിള്ളയുടെ അന്ത്യനാളുകളും ആലപ്പുഴയിലായിരുന്നു. എ കെ ജിയുടെ നേതൃത്വത്തിൽ അറവുകാട്‌ പ്രഖ്യാപനം നടന്ന ജില്ലയെന്ന പ്രത്യേകതയും ആലപ്പുഴയ്‌ക്കുണ്ട്‌.


 

ആലപ്പുഴയിലെ പാർടിയുടെ പാരമ്പര്യവും സംഘടനാശേഷിയും വിളിച്ചോതുന്ന സ്വീകരണമായിരുന്നു രാവിലെ അരൂർ മണ്ഡലത്തിലെ തുറവൂരിലും ചേർത്തലയിലും. ഓരോ സ്വീകരണകേന്ദ്രത്തിലും ചെല്ലുമ്പോൾ അവർ അവകാശപ്പെടുന്നത്‌ അവിടത്തെ സ്വീകരണമാണ്‌ ഏറ്റവും ഗംഭീരമെന്നാണ്‌. ഒന്നിനൊന്ന്‌ മെച്ചമാണ്‌ ഓരോ കേന്ദ്രത്തിലും എത്തുന്ന ജനസഞ്ചയം. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും പാർടിക്കും മാത്രമല്ല, തങ്ങൾക്കുകൂടിയാണെന്ന്‌ മനസ്സിലാക്കിയവരാണ്‌ സ്വീകരണകേന്ദ്രത്തിലേക്ക്‌ ഒഴുകിയെത്തുന്ന പതിനായിരങ്ങൾ.

ചേർത്തലയിലെ സ്വീകരണകേന്ദ്രത്തിൽ വളരെ പ്രത്യേകതയുള്ള ഒരു കാര്യം നടന്നു. 2019ലെ പ്രളയകാലത്ത്‌ മാധ്യമങ്ങൾ അവഹേളിച്ച ഓമനക്കുട്ടനും മകളും അവിടെയെത്തിയിരുന്നു. തനിക്കും കുടുംബത്തിനുമുണ്ടായ അപമാനത്തിനിടയിലും മനഃസ്ഥൈര്യത്തോടെ പഠനം നടത്തിയ മകൾ സുകൃതി ഇപ്പോൾ എംബിബിഎസ്‌ വിദ്യാർഥിയാണ്‌. ഇരുവരെയും വേദിയിൽവച്ച്‌ അനുമോദിക്കാൻ അവസരമുണ്ടായി. അടിസ്ഥാനമില്ലാത്തതും സൂക്ഷ്‌മപരിശോധന നടത്താതെയുമുള്ള മാധ്യമപ്രവർത്തനം കേരളത്തിൽ ഇതുപോലെ എത്രയെത്ര  കുടുംബങ്ങളെയാണ്‌ അപകീർത്തിപ്പെടുത്തിയിട്ടുള്ളതെന്ന്‌ ഓർക്കണം.


 

2018ലെ മഹാപ്രളയത്തിൽ തങ്ങൾക്ക്‌ താങ്ങായി വർത്തിച്ച സർക്കാരിനോടുള്ള സ്‌നേഹപ്രകടനംകൂടിയായി കുട്ടനാട്‌ മണ്ഡലത്തിലെ നെടുമുടിയിലെ ജനക്കൂട്ടം. കാർഷികമേഖലയായ കുട്ടനാട്ടിൽ കൊയ്‌ത്ത്‌ നടന്നുകൊണ്ടിരിക്കുകയാണ്‌. പഴയകാലത്തിൽനിന്ന്‌ വ്യത്യസ്‌തമായി ലാഭകരമായി കൃഷിചെയ്യാൻ കർഷകർക്ക്‌ കഴിയുന്നുണ്ട്‌. പരമാവധി വേഗത്തിൽ നെല്ല്‌ സംഭരിച്ച്‌ കർഷകരുടെ അക്കൗണ്ടിൽ തുകയെത്തിക്കാൻ കഴിയുന്നത്‌ കൃഷിക്കാർക്ക്‌ വലിയ അനുഗ്രഹമാണ്‌. കുട്ടനാടിനെ പൊതുവെയും നെൽക്കൃഷിയെ പ്രത്യേകിച്ചും രക്ഷിക്കാനുതകുന്ന രണ്ടാം കുട്ടനാട്‌ പാക്കേജ്‌ വേഗത്തിൽ നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. സർക്കാരിന്റെ ആത്മാർഥമായ ശ്രമങ്ങളിൽ വിശ്വാസമർപ്പിക്കുന്ന നൂറുകണക്കിന്‌ കർഷകരാണ്‌ ജാഥയെ വരവേൽക്കാൻ ഇവിടെയെത്തിയത്‌. രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വൈകിട്ടാണ്‌ ജാഥ ഹരിപ്പാടെത്തിയത്‌. ആയിരങ്ങൾ ഇവിടെയും ജാഥയെ കാത്തുനിന്നു. ആലപ്പുഴ ബീച്ചിലായിരുന്നു ഞായറാഴ്‌ചത്തെ സമാപനസമ്മേളനം. ആബാലവൃദ്ധം അവിടെയും തടിച്ചുകൂടി. ജനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാരിനോടുള്ള അനുഭാവത്തിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പിന്റെയും അടയാളമായിരുന്നു എല്ലായിടത്തും ദൃശ്യമായ അഭൂതപൂർവമായ ജനാവലി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top