29 March Friday

ജഹാംഗിർപുരി 
ഒരു പ്രതീകം; രംഗത്തിറങ്ങിയത്‌ സിപിഐ എം മാത്രം

സാജൻ എവുജിൻUpdated: Monday Apr 25, 2022

ഡൽഹിയിൽ അതീവസുരക്ഷാ വിവിഐപി  മേഖലയൊഴികെ എല്ലായിടത്തും ആഴ്‌ചവിപണികളുണ്ട്‌. കച്ചവടമെല്ലാം വഴിയിലാണ്‌. പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും തുണിത്തരങ്ങളും വളയും കൺമഷിയുമടക്കം നിരത്തിവയ്‌ക്കും. വാഹനങ്ങൾക്ക്‌ കടന്നുപോകാൻ സ്ഥലം കഷ്ടി. ഒരാൾക്കും പരാതിയില്ല. ഉണ്ടായിട്ടും കാര്യമില്ല. കച്ചവടക്കാർ കരാറുകാർക്ക്‌ പകിടി കൊടുക്കും. അതുവഴി വേണ്ടപ്പെട്ടവർക്കെല്ലാം പങ്ക്‌ കിട്ടും.

പൊലീസുകാർക്കും നഗരസഭകൾക്കും പരാതിയില്ല. അനധികൃത നിർമാണങ്ങളുടെ കാര്യത്തിലും സ്ഥിതി തഥൈവ. വിഐപി വാസമേഖലകളിലും പാവങ്ങളുടെയും ഇടത്തരക്കാരുടെയും കോളനികളിലും കൈയേറ്റങ്ങൾക്ക്‌ പഞ്ഞമില്ല; ചെലവിടുന്ന പണത്തിന്റെ കാര്യത്തിൽ മാത്രമാണ്‌ വ്യത്യാസം. അവധിദിവസം അനധികൃതനിർമാണങ്ങൾ തകൃതിയായി നടക്കും. നിലവിലെ  മൂന്നു നഗരസഭയും ഭരിക്കുന്നത്‌ ബിജെപി. ഇപ്പോൾ മൂന്നും കൂട്ടിച്ചേർത്ത്‌ ഒന്നാക്കാൻ നിയമമായിട്ടുണ്ട്‌. എന്തായാലും കൈയേറ്റം, അനധികൃതനിർമാണം എന്നിവയിലൊന്നും ബിജെപിക്കാർക്ക്‌ ഇത്രയുംനാൾ പരാതിയൊന്നും ഇല്ലായിരുന്നു.

ഏപ്രിൽ 16നു വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ സംഘർഷം നടന്നശേഷമാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ്‌ ഗുപ്‌തയ്‌ക്ക്‌ കൈയേറ്റങ്ങളുടെ വിപത്ത്‌ ബോധ്യമായത്‌. പ്രദേശത്ത്‌ അനധികൃതമായി താമസിക്കുന്നവരാണ്‌ ഹനുമാൻജയന്തി ഘോഷയാത്ര തടഞ്ഞ്‌ സംഘർഷം സൃഷ്‌ടിച്ചതെന്നും അവരെ ഉടൻ ഒഴിപ്പിക്കണമെന്നും കാണിച്ച്‌ അദ്ദേഹം ഉത്തരഡൽഹി നഗരസഭാ അധികൃതർക്ക്‌ കത്തെഴുതി.

ബുൾഡോസർ പ്രയോഗിച്ചാലേ കുഴപ്പക്കാരെ മര്യാദ പഠിപ്പിക്കാൻ കഴിയൂവെന്നും ബിജെപി നേതാവ്‌ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും മധ്യപ്രദേശിൽ ശിവ്‌രാജ്‌സിങ്‌ ചൗഹാനും ഗുജറാത്തിൽ ഭൂപേന്ദ്രഭായ്‌ പട്ടേലും പരീക്ഷിക്കുന്ന വർഗീയ ബുൾഡോസർ രാഷ്‌ട്രീയം  രാജ്യതലസ്ഥാനത്ത്‌ പകർത്താനാണ്‌ ആദേശ്‌ ഗുപ്‌തയും സംഘവും ശ്രമിച്ചത്‌. ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരികെ ബിജെപിക്ക്‌ വോട്ട്‌ പിടിക്കാൻ വേറെ വഴിയൊന്നുമില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തുടർച്ചയായി  ആറു തവണ പരാജയപ്പെട്ടു. നിലവിലെ രീതിയിൽ ജനങ്ങളെ സമീപിച്ചാൽ വിജയം നേടുന്നത്‌ അസാധ്യമാണെന്ന്‌ ബിജെപി തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നീട്ടുകയും നഗരസഭകളെ സംയോജിപ്പിക്കുകയും ചെയ്‌തത്‌. വാർഡുകളെ വികലമായി കൂട്ടിച്ചേർക്കുന്നതിനൊപ്പം വർഗീയധ്രുവീകരണംകൂടി സൃഷ്ടിച്ചാൽ തെരഞ്ഞെടുപ്പിൽ കടന്നുകൂടാമെന്ന്‌ ബിജെപി കരുതുന്നു. ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുനടപടികൾ തുടങ്ങിയപ്പോൾ പിന്നിലായിരുന്ന ബിജെപി ഹിജാബ്‌ പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന്‌ വർഗീയധ്രുവീകരണം ശക്തിപ്പെടുത്തിയാണ്‌ അവസാനഘട്ടത്തിൽ മുന്നിലെത്തിയത്‌.

ഡൽഹി നിവാസികളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നതിനു പകരം ഇതിൽനിന്ന്‌ മുതലെടുപ്പുനടത്താനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഇവിടെ തൊഴിലില്ലായ്‌മ അങ്ങേയറ്റം രൂക്ഷമാണ്‌. ലോക്‌നിധി–-സിഎസ്‌ഡിഎസ്‌ ഈയിടെ നടത്തിയ സർവേയിൽ രാജ്യതലസ്ഥാനത്തെ തൊഴിൽരംഗത്തിന്റെ സുഖകരമല്ലാത്ത ചിത്രം തെളിഞ്ഞു. 20 ശതമാനത്തോളംപേർ തൊഴിൽരഹിതരോ തൊഴിൽഅന്വേഷകരോ ആണ്‌.  ജോലിയുണ്ടെന്നു പറയുന്ന പുരുഷന്മാരിൽ 34 ശതമാനംപേരും ചെറിയ കച്ചവടമോ മറ്റോ ചെയ്യുന്നവരാണ്‌. ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അടിസ്ഥാനസൗകര്യങ്ങൾപോലും ഇല്ലാതെ വീർപ്പുമുട്ടുന്നവരാണ്‌ ഡൽഹിവാസികളിൽ ഏറിയപങ്കും. 1484 ചതുരശ്ര കിലോമീറ്ററിൽ മൂന്നു കോടിയോളംപേരാണ്‌ ഡൽഹിയിൽ പാർക്കുന്നത്‌. വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ ഡൽഹി മേഖലകൾ ജനസാന്ദ്രതയിൽ രാജ്യത്തുതന്നെ മുന്നിലാണ്‌. പരിമിതവിഭവങ്ങൾ പങ്കിട്ടുകഴിയാൻ നിർബന്ധിതരായ ഇവരുടെ ജീവിതത്തിൽ ചെറിയ തീപ്പൊരിപോലും ആളിപ്പടരുന്നു. ഒരുവന്റെ ഇല്ലായ്‌മകൾക്ക്‌ കാരണം അയൽവാസിയാണെന്നും അന്യമതവിശ്വാസിയാണെന്നുമുള്ള വിദ്വേഷപ്രചാരണം കൂടിയാകുമ്പോൾ കലഹങ്ങൾക്ക്‌ കാഠിന്യമേറും. ഗോഹത്യയുടെ പേരിലും മതാഘോഷങ്ങളുടെ പേരിലും മനുഷ്യനെ തല്ലിക്കൊല്ലുന്ന സ്ഥിതിയുണ്ടാകും.

2014നുശേഷം ഡൽഹിയിലും പരിസരങ്ങളിലുമുണ്ടായ വർഗീയ അസ്വാസ്ഥ്യങ്ങളുടെ മാതൃക പരിശോധിച്ചാൽ വ്യക്തമായ സാമ്യമുണ്ട്‌. ഇത്തരം സംഘർഷങ്ങൾക്കെല്ലാം മുമ്പ്‌ തീവ്രമായ വിദ്വേഷപ്രചാരണം ഉണ്ടായി. ദാദ്രിയിൽ മുഹമ്മദ്‌ അഖ്‌ലാഖിന്റെ കൊലപാതകം, ത്രിലോക്‌പുരി സംഘർഷം, വടക്കുകിഴക്കൻ ഡൽഹി വർഗീയലഹള, ഇപ്പോൾ ജഹാംഗിർപുരി സംഘർഷം ഇതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണ്‌. ഏതെങ്കിലും വിഷയം മുന്നോട്ടുവച്ച്‌ ന്യൂനപക്ഷവിരുദ്ധ പ്രചാരണം നടത്തുക, മതപരമായ ആഘോഷങ്ങളുടെ ഭാഗമായി പ്രകോപനപരമായ ഘോഷയാത്രകൾ നടത്തുക, പൊലീസ്‌ മനഃപൂർവം അനാസ്ഥ കാട്ടുക എന്നിങ്ങനെയാണ്‌ സംഘർഷങ്ങൾക്ക്‌ അരങ്ങൊരുക്കുന്നത്‌.

ഏറ്റവുമൊടുവിൽ ജഹാംഗിർപുരിയിൽ നടന്ന സംഘർഷത്തിന്റെ സംഭവഗതികൾ പരിശോധിച്ചാൽ ഇക്കാര്യം വേഗത്തിൽ ബോധ്യമാകും.  തിരക്കേറിയ പ്രദേശത്ത്‌ പുറത്തുനിന്നെത്തിയ ഇരുനൂറോളം പേരാണ്‌ ഹനുമാൻജയന്തി ഘോഷയാത്ര നടത്തിയത്‌. തോക്കും വാളും വടിയും പിടിച്ച്‌ ഡിജെ സംഗീതത്തിന്റെ അകമ്പടിയിലായിരുന്നു ഘോഷയാത്ര. ബജ്‌രംഗ്‌ദൾ യുവജനവിഭാഗം നടത്തിയ ഈ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ഓരോ പൊലീസ്‌ ജീപ്പുണ്ടായിരുന്നു. രണ്ടിലും രണ്ട്‌ പൊലീസുകാർ വീതവും. മണിക്കൂറുകൾ ഘോഷയാത്ര പ്രദേശത്ത്‌ ചുറ്റിക്കറങ്ങിയിട്ടും പൊലീസുകാർ തിരിച്ചറിഞ്ഞില്ല. വൈകിട്ടോടെ സംഘർഷവും കല്ലേറും നടന്നശേഷമാണ്‌ കൂടുതൽ പൊലീസുകാർ എത്തിയത്‌. സമാധാനം പുനഃസ്ഥാപിച്ചശേഷവും വാക്കുകളാൽ പ്രകോപനം തുടർന്നു.

പൊലീസ്‌ വിളിച്ച യോഗത്തിൽപ്പോലും ബിജെപി നേതാക്കൾ അതിരുവിട്ട്‌ സംസാരിച്ചു. ഇതിനു പിന്നാലെയാണ്‌ വിവേചനപരവും നിയമവിരുദ്ധവുമായ ഒഴിപ്പിക്കൽ നടപടി നടന്നത്‌. തൽസ്ഥിതി തുടരാൻ പരമോന്നത നീതിപീഠം ഉത്തരവിട്ടിട്ടും നഗരസഭാ അധികൃതർ പൊലീസ്‌ സംരക്ഷണത്തിൽ നടപടി തുടർന്നു. ജഹാംഗിർപുരി ഒഴിപ്പിക്കലിന്റെ ദുരുദ്ദേശ്യം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെ എല്ലാ കൈയേറ്റവും ഒഴിപ്പിക്കുമെന്ന് ബിജെപി പറയുന്നുണ്ട്. പുകമറ സൃഷ്ടിക്കാനാണ് ഈ പ്രഖ്യാപനം

സിപിഐ എം മാത്രമാണ്‌ പാർശ്വവൽകൃതർക്ക്‌ നീതി ഉറപ്പാക്കാൻ രംഗത്തിറങ്ങിയത്‌. മുൻകാലങ്ങളിലും വർഗീയസംഘർഷങ്ങൾക്ക്‌ ശമനമുണ്ടാക്കാൻ സധീരം നിലകൊണ്ടത്‌ സിപിഐ എമ്മും വർഗബഹുജനസംഘടനകളുമാണ്‌; ഡൽഹിയിൽ സ്വാധീനം പരിമിതമാണെങ്കിലും. പ്രധാന രാഷ്‌ട്രീയ പാർടികളായ എഎപിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ ന്യായമായ ആശങ്കകളും പരാതികളും ഏറ്റെടുക്കാൻ തയ്യാറല്ല. മൃദുഹിന്ദുത്വ സമീപനമാണ്‌ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കുറുക്കുവഴിയെന്ന്‌ ഇവർ കരുതുന്നു. ജഹാംഗിർപുരി സമകാല ഇന്ത്യയുടെ പ്രതീകംമാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top