24 April Wednesday

ആവേശം 
മഹാപ്രയാണമായി - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

നടന്നുനീങ്ങിയ വഴികളിലൂടെത്തന്നെ പുതിയ മുദ്രാവാക്യവുമായി മറ്റൊരു ജാഥ നയിക്കുന്നതിന്റെ ആവേശത്തിലാണിപ്പോൾ. പാർടിയുടെ കാസർകോട്‌ ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത്‌ കുമ്പളയിലും ചെർക്കളയിലും ഓരോ ഇടവഴിയും പരിചിതമായിരുന്നു. അന്നത്തെ ഓരോ മുഖവും ഓർമയിലുണ്ട്‌. ആ ത്യാഗനിർഭരമായ കാലത്തിന്റെ ഇരമ്പുന്ന സ്‌മരണകൾകൂടി പെയ്യുന്ന വൈകുന്നേരമാണ്‌ ജാഥ പ്രയാണം തുടങ്ങിയത്‌. 

കർണാടകയുയി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ വലിയ ആവേശമാണ്‌ ഉദ്‌ഘാടന ചടങ്ങിലുണ്ടായത്‌. ഏഴുഭാഷയുടെ മണ്ണ്‌, തുളുവിന്റെ, ബ്യാരിയുടെ, കൊങ്കണിയുടെ സർവോപരി കന്നടയുടെ ഭംഗിയും വൈവിധ്യവും വർണങ്ങളും ത്രസിക്കുന്ന നാട്‌. സമീപ കാലത്ത്‌ സംഘപരിവാർ രാഷ്ട്രീയം ആഞ്ഞുപിടിച്ച്‌ വേരോട്ടമുണ്ടാക്കാൻ ശ്രമിച്ചിട്ടും കീഴടങ്ങാത്ത മണ്ണ്. അവിടെ പക്ഷേ, ഈ ജനകീയ യാത്രയ്‌ക്ക്‌ അഭൂതപൂർവമായ സ്വീകരണമാണ്‌ ലഭിച്ചത്‌. തുളുനാടിന്റെ ധീര രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെ പിന്മുറക്കാർ തുളുവിലും കന്നടയിലും അഭിവാദ്യവുമായി ജാഥാ ഉദ്‌ഘാടന ചടങ്ങിനെത്തിയത്‌ ആവേശകരമായ അനുഭവമായി.

എ കെ ജിയുടെ നേതൃത്വത്തിലാണ്‌ അതിർത്തി ദേശത്ത്‌ ജനപക്ഷ രാഷ്ട്രീയം ചുവടുറപ്പിച്ചത്‌. രക്തസാക്ഷികളുടെ നാടായ പൈവളിഗെ, പുത്തിഗെ, മീഞ്ച തുടങ്ങിയ പാർടികേന്ദ്രങ്ങളിൽനിന്ന്‌ ജനസഞ്ചയം കുടുംബത്തോടെ രംഗത്തിറങ്ങി. ചുവന്ന തുളുനാടൻ തലപ്പാവണിയിച്ചാണ്‌ കുമ്പളക്കാർ ജാഥാംഗങ്ങളെ സ്വീകരിച്ചത്‌. മുഖ്യമന്ത്രിയുടെ കാര്യമാത്ര പ്രസക്തമായ ഉദ്‌ഘാടന പ്രസംഗം ഏറെ കൈയടികളോടെയാണ്‌ ജനം ശ്രവിച്ചത്‌. ജനപക്ഷ സർക്കാരിന്റെ ജനകീയ ഇടപെടലുകൾ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത്‌, തൊട്ടപ്പുറത്തുള്ള കർണാടക സർക്കാരുമായി താരതമ്യത്തിനും ഇടയാക്കിയിട്ടുണ്ടാകണം.


 

കുമ്പളയിൽനിന്ന്‌ 20 കിലോമീറ്ററപ്പുറമാണ്‌ രണ്ടാം സ്വീകരണ സ്ഥലമായ കാസർകോട്‌ മണ്ഡലത്തിലെ ചെർക്കള. ദേശീയപാത നിർമാണത്തിന്റെ ആദ്യ റീച്ച്‌ അവസാനിക്കുന്ന സ്ഥലം. ജനകീയ ഇടപെടലിൽ എങ്ങനെ വികസനം സാധ്യമാക്കാമെന്ന കൺമുന്നിലുള്ള ഉദാഹരണമാണല്ലോ ദേശീയപാത. ഏതാണ്ട്‌ നാൽപ്പത്‌ ശതമാനത്തോളം പാതാവികസനം പൂർത്തിയായി. പൂർണ
മായും കേന്ദ്രപദ്ധതിയാണ്‌ മറ്റിടങ്ങളിൽ ദേശീയപാതയെങ്കിൽ കേരളത്തിലെത്തുമ്പോൾ അത്‌ സംയുക്ത സംരംഭമായി. 25 ശതമാനം തുകയാണ്‌ സംസ്ഥാന സർക്കാർ ദേശീയപാതയ്‌ക്ക്‌ നൽകിയത്‌.

പാത നിർമാണത്തിന്റെ ഭാഗമായി ചിലയിടത്ത്‌ അസൗകര്യങ്ങളുണ്ടെങ്കിലും പണി പൂർത്തിയാകുന്ന റോഡിലൂടെ അതിവേഗം ചെർക്കളയിലെത്തി. അപ്പോഴേക്കും സായാഹ്‌നമായി തുടങ്ങി. മുസ്ലിംലീഗിന്‌  സ്വാധീനമുള്ള ചെർക്കളയിൽ, പക്ഷേ ജാഥയുടെ മുദ്രാവാക്യം ശ്രവിക്കാൻ ആയിരങ്ങളെത്തി. മതന്യൂനപക്ഷങ്ങളോട്‌ സംഘപരിവാർ രാഷ്ട്രീയം ചെയ്യുന്ന കൊടുംപാതകങ്ങളെക്കുറിച്ച്‌ നല്ല ബോധ്യമുള്ള ജനത കൂടിയാണവർ. അതുകൊണ്ടുകൂടിയാകണം, ഏറെ വൈകിയും ചെർക്കളക്കാർ ജാഥയെ നിറഞ്ഞ മനസ്സോടെ കേട്ടു.
കാസർകോട് മണ്ഡലത്തിൽ പൊതുവിൽ കാസർകോട്‌ നഗരത്തിലാണ്‌  രാഷ്‌ട്രീയ ജാഥയ്‌ക്ക്‌ സ്വീകരണം നൽകുന്നത്‌. ഇത്തവണ ചെർക്കളയിൽ വച്ച സ്വീകരണത്തിൽത്തന്നെ വ്യത്യാസം ദർശിക്കാനായി. യുവാക്കളും കുട്ടികളും സ്‌ത്രീകളുമടങ്ങിയ വൻജനാവലിയാണ്‌ സ്വീകരിക്കാനെത്തിയത്‌.


 

കുമ്പളപോലെതന്നെ പാർടി സെക്രട്ടറിയായിരുന്ന കാലത്ത്‌ ഹൃദയബന്ധം സൂക്ഷിച്ച മേഖലയാണിത്‌. കൃഷ്‌ണപിള്ള നേരിട്ട്‌ സമരം നയിച്ച കാടകം വനസത്യഗ്രഹം നടന്നത്‌ ഈ മേഖലയിലാണ്‌. മുളിയാർ, കാറഡുക്ക, പാടി തുടങ്ങിയ സ്ഥലങ്ങളിലെ ഊടുവഴികൾപോലും ഇപ്പോഴും ആവേശമുണർത്തുന്നതാണ്‌. അന്നത്തെ ആവേശം ഒരിക്കൽക്കൂടി ഓർമപ്പെടുത്തുകയായിരുന്നു ജാഥാ സ്വീകരണം.

എൻഡോസൾഫാനുമായി ബന്ധപ്പെട്ട്‌ ഏറെ വാർത്തയിൽ നിറഞ്ഞ മുളിയാർ പഞ്ചായത്തും ഈ മേഖലയിലാണ്‌. ഇവിടെ സമാനതകളില്ലാത്ത ഇടപെടൽ നടത്തിയ സംസ്ഥാന സർക്കാരിനോടുള്ള അഭിവാദ്യവും ജാഥയിൽ ദർശിക്കാനായി. മൂവായിരത്തി അഞ്ഞൂറോളം വരുന്ന എൻഡോസൾഫാൻ രോഗികൾക്ക്‌ അഞ്ചുലക്ഷംവീതം പണമായിത്തന്നെ കൈമാറിയ ജനകീയ സർക്കാരാണ്‌  ഇപ്പോൾ ഭരിക്കുന്നത്. ആ മേഖലയിൽ പുനരധിവാസ ഗ്രാമം നിർമിക്കുന്നതടക്കമുള്ള വികസനം നടക്കുകയാണ്‌. ജനകീയ സർക്കാരിന്റെ ഇടപെടൽ നേരിട്ട്‌ അനുഭവിച്ച സർക്കാരിനോടുള്ള മികച്ച പ്രതികരണംകൂടിയായി ആദ്യ ദിവസത്തെ അവസാന സ്വീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top