05 July Tuesday

മനുസ്മൃതിയെ കരുതിയിരിക്കുക - ഡോ. ജെ പ്രസാദ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാവിധ പ്രതിരോധങ്ങളും ഒരുക്കിയ ശേഷമാണ് രാജ്യം ഞെട്ടലോടെ ആ വാർത്ത കേട്ടത്. പാർലമെന്റിലെ മൃഗീയഭൂരിപക്ഷത്തിന്റെ പേരിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക് മാറ്റം വരുത്താൻ സർക്കാരിന് അധികാരമില്ലെന്ന കേശവാനന്ദഭാരതി കേസിൽ 13 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കെയാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിര ഗാന്ധി സ്വന്തം അധികാരം നിലനിർത്താൻ രാജ്യത്ത്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ആ വിധി പുനഃപരിശോധിക്കാൻ തനിക്ക് പ്രിയപ്പെട്ട ജസ്റ്റിസ് എ എൻ റേയെ വഴിവിട്ട് ചീഫ് ജസ്റ്റിസായി നിയമിച്ചെങ്കിലും പൽക്കിവാലയുടെ വാദമുഖങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ  13അംഗ ഭരണഘടനാ ബെഞ്ച് പിരിച്ചുവിടേണ്ടിവന്നതും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ, ബിജെപിക്ക് അത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാനുള്ള കുതന്ത്രങ്ങളൊക്കെ നന്നായി അറിയാം. ഹിന്ദുരാഷ്ട്രം രൂപീകരിക്കാൻ 1925ൽ  രൂപം നൽകിയ സംഘപരിവാറിന്റെ ലക്ഷ്യപ്രാപ്തിക്ക് 2024ലെ പൊതുതെരഞ്ഞെടുപ്പോടെ ഫലം കണ്ടെത്താനാണ്‌ നീക്കം. അതിന്റെ ആരവങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് മുഴങ്ങിക്കേൾക്കുന്നത്.

ഹിന്ദി സംസ്കൃതത്തിലേക്കുള്ള 
ആദ്യ ചവിട്ടുപടി
ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ആദ്യമായി അവതരിപ്പിച്ചത് ബ്രിട്ടീഷ് ഇന്ത്യൻ ജേർണലിസ്റ്റായ പ്രതാപ് നാരായൺ മിശ്ര ആയിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പ്രകടിതമായ ഹിന്ദു-–-മുസ്ലിം ഐക്യത്തെ തകർക്കാൻ ലക്ഷ്യം വച്ചുകൊണ്ട് 1892ൽ മിശ്ര മുന്നോട്ടുവച്ച ഈ ആശയം പിന്നീട്  ഹിന്ദുമഹാസഭ ഏറ്റെടുക്കുകയായിരുന്നു. ജയിംസ് മില്ലിനെപ്പോലുള്ള ബ്രിട്ടീഷ് ചരിത്രകാരൻമാർ വെള്ളവും  വളവും നൽകി അതിനെ പരിപോഷിപ്പിച്ചു. പാകിസ്ഥാന് സമാനമായി ഹിന്ദുസ്ഥാൻ എന്ന പേര് സ്വീകരിക്കണമെന്ന നിർദേശം ഭരണഘടനാ നിർമാണസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഭാവിയിൽ അത് കൂടുതൽ ദുരന്തങ്ങൾക്ക് വഴിവയ്ക്കും എന്നുകണ്ട്,    വിശദമായ ചർച്ചയ്ക്കൊടുവിൽ ആ നിർദേശംതള്ളുകയായിരുന്നു. കാരണം നമ്മുടെ സംസ്കാരം ഒരിക്കലും സംഘപരിവാർ പ്രചരിപ്പിക്കുമ്പോലെ ഏകശിലാരൂപം ആയിരുന്നില്ല. അത് വൈദികസംസ്കാരം മാത്രമല്ല; മറിച്ച് വൈദികപൂർവ സംസ്കാരങ്ങളും വൈദികോത്തര സംസ്കാരങ്ങളും വൈദികേതര സംസ്കാരങ്ങളുമെല്ലാം കൂടിച്ചേർന്ന് രൂപംകൊണ്ടതാണ്. അതിൽ ദ്രാവിഡമെന്നോ ആര്യനെന്നോ  അനാര്യനെന്നോ ഹൈന്ദവമെന്നോ ക്രൈസ്തവമെന്നോ ഇസ്ലാമികമെന്നോ ബുദ്ധിസമെന്നോ ജൈനിസമെന്നോ സ്വദേശീയമെന്നോ വൈദേശികമെന്നോ ആസ്തികമെന്നോ നാസ്തികമെന്നോ ദ്വൈതമെന്നോ അദ്വൈതമെന്നോ വേർതിരിവുകളില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും  രാഷ്ട്രീയത്തിലൂടെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ്  മോദിഭരണകൂടം ബോധപൂർവം ശ്രമിക്കുന്നത്.

അതിന് അവർക്ക് പ്രതിബന്ധമായി നിൽക്കുന്നത് നമ്മുടെ ഭരണഘടനയാണ്. അതിനെ ഒറ്റയടിക്ക് മാറ്റിമറിക്കുക ക്ഷിപ്രസാധ്യമല്ല; പകരം അതിന്റെ അലകും പിടിയും മാറ്റിക്കൊണ്ട് മനുസ്മൃതിയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. അതിന് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭരണാധികാരി എന്ന നില കൈവരണം. അതിനുള്ള എല്ലാ കുതന്ത്രവും  ഭരണസംവിധാനത്തിന്റെ എല്ലാ മേഖലയിലും ശരവേഗത്തിൽ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമാണ് , 1998ൽ എ ബി വാജ്പേയി അധികാരത്തിൽ വന്ന നാൾമുതൽ തങ്ങൾക്കധികാരം കിട്ടിയപ്പോഴൊക്കെ ബിജെപി അനുവർത്തിച്ചുവരുന്നത്. വിദ്യാഭ്യാസ- സാംസ്കാരികരംഗം അടിമുതൽ മുടിവരെ കാവിവൽക്കരിക്കാനുള്ള ഇടപെടൽ എൻസിഇആർടിയുടെയും യുജിസിയുടെയും നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്,  ആ നീക്കം വിപുലപ്പെടുത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. എന്നാൽ, 2014–-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസ -സാംസ്കാരിക -ശാസ്ത്ര -ചരിത്രാദി രംഗങ്ങളിൽ ഭരണകൂടം നേരിട്ടിടപെട്ട്‌ ഇന്ത്യയെ  വർഗീയവൽക്കരിക്കാനുള്ള    തീവ്രശ്രമം നടത്തുകയാണ്‌. അതിന്റെ ഭാഗമായി ദേശീയസ്വാതന്ത്ര്യ സമരപോരാളികളെയും അവരുടെ സംഭാവനകളെയും എല്ലാംതന്നെ പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യുകയും ആ സ്ഥാനത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘപരിവാർ നേതാക്കളെ അവതരിപ്പിക്കുകയും ചെയ്തുവരുന്നു.

മനുവാദികളെ കരുതിയിരിക്കുക
മനുഷ്യരാശിയുടെ ഏറ്റവും മഹാനും ബുദ്ധിമാനുമായ നിയമദാതാവായിട്ടാണ് സംഘപരിവാർ, ‘ആദിപിതാവായ’മനു’ വിനെ കാണുന്നത്. ആ അർഥത്തിൽ ഈ ഭൂമിയിൽ ജനിക്കുന്നവരെല്ലാം അടിസ്ഥാനപരമായി ഹിന്ദുക്കളാണത്രേ. ഭാരതവർഷം എന്ന  ഹിന്ദുരാഷ്ട്രത്തിന്റെ  ‘വൈഭവവും മഹത്വവും’ പുനരുജ്ജീവിപ്പിക്കുകയാണ് സംഘപരിവാർ ലക്ഷ്യം വയ്‌ക്കുന്നത്(വിചാരധാര പേജ് 48). അത് 2024ലെ പൊതുതെരഞ്ഞെടുപ്പിലൂടെ നേടിയെടുക്കണം. അതിനുള്ള മുഖ്യ തടസ്സം നമ്മുടെ ഭരണഘടനയാണ് എന്നവർ തിരിച്ചറിയുന്നു. പ്രാചീന ഭാരതത്തിൽ നീതിസാരവും ദണ്ഡനീതിയും സ്മൃതികളും ശ്രുതികളും അർഥശാസ്ത്രവുമെല്ലാം നമ്മുടെ നിയമസംഹിതയുടെ ആധാരശീലകൾ ആയിരുന്നു. മനുസ്മൃതിയിലെയും യാജ്ഞവല്ക്യസ്മൃതിയിലെയും മറ്റും സ്മൃതിവാക്യങ്ങൾ പലതും ഹിന്ദുമതാധിഷ്ഠിതവും വിവേചനപരവും ആയിരുന്നു. നിയമപരമായി ഈ സ്മൃതികൾക്കൊന്നും സാധുത ഇല്ലെങ്കിലും അവ പിന്തുടരാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയോടെ മതമുക്തമാക്കപ്പെട്ട നമ്മുടെ ഭരണഘടന ലോകരാഷ്ട്രങ്ങളിൽ വച്ചുതന്നെ താരതമ്യേന മെച്ചപ്പെട്ട ഭരണഘടനയാണ്. അത് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഒരു കരാർ ആണ്. അതിൽ ഉച്ചനീചത്വമില്ല, ഭാഷാഭേദമില്ല. എല്ലാവർക്കും സുഖവും സുരക്ഷിതത്വവും തുല്യനീതിയും തുല്യാവകാശങ്ങളും ശാന്തിയും സമത്വവും സമാധാനവും സംരക്ഷണവും സാഹോദര്യവും അന്തസ്സും പ്രദാനം ചെയ്യുന്നു.

ഇന്ത്യയുടെ പാരമ്പര്യം 
സംഘപരിവാർ പ്രചരിപ്പിക്കുന്നതല്ല
നമ്മുടെ രാജ്യം നൂറുകണക്കിന്‌ ജാതികളും ഉപജാതികളും ഭാഷകളും ഉപഭാഷകളും സംസ്കൃതികളും ഉപസംസ്കൃതികളും ഒന്നുചേർന്ന്‌ നാനാത്വത്തിൽ ഏകത്വം എന്നപോലെ അപൂർവതകൾ നിറഞ്ഞ ഒന്നാണ്. ഭാരതമാണ് തങ്ങളുടെ മാതാവെന്ന്‌ പ്രചരിച്ചിരുന്നവർ ഗോക്കളിൽ മാതാവിനെ കണ്ടെത്തിയത് അധികാരത്തിലേക്കുള്ള എളുപ്പ വഴി എന്ന നിലയ്‌ക്കാണ്. സംസ്കൃതഭാഷയുടെ പേരിൽ ഊറ്റം കൊണ്ടിരുന്നവർ ഒരു സുപ്രഭാതത്തിൽ ഹിന്ദിപ്രേമം പ്രകടിപ്പിക്കുന്നതിനു പിന്നിലും കൃത്യമായ അജൻഡയുണ്ട്. പൊതുഭാഷാ പ്രശ്നത്തിന്റെ കാര്യത്തിൽ സംസ്കൃതം ആ സ്ഥാനം ഏറ്റെടുക്കുംവരെ സൗകര്യത്തെ മുൻനിർത്തി നമുക്ക് ഹിന്ദിക്ക് മുൻഗണന നൽകേണ്ടിവരുമെന്ന് വിചാരധാര അടിവരയിടുന്നു(പേജ് 161). ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഹൈന്ദവ ധർമം സവർണർക്ക് ദേവഭാഷയായ സംസ്കൃതവും അവർണർക്ക് പ്രാകൃതവുമാണ് വിധിച്ചിരിക്കുന്നത്. ഇതിനെല്ലാം ആധാരമായി സംഘപരിവാർ  കാണുന്നത് മനുസ്മൃതിയാണ്. എന്നാൽ, മനുസ്മൃതിക്കും എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ രാജ്യത്ത് മാനവസമൂഹം ഉണ്ടായിരുന്നെന്നും അക്കാലത്ത് സംഘപരിവാർ  പ്രചരിപ്പിക്കുംപോലുള്ള വർണവ്യവസ്ഥയോ കർമവ്യവസ്ഥയോ ധർമവ്യവസ്ഥയോ വിവേചനമോ ഉണ്ടായിരുന്നില്ല എന്നതും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുള്ളതാണ്.

നാരായണഗുരു പറഞ്ഞതുപോലെ ജാതിഭേദമോ മതദ്വേഷമോ ഒന്നുമില്ലാതെ മാനവജാതി ഒന്നടങ്കം ഒരുകുടുംബംപോലെ ജീവിച്ചിരുന്ന കാലം വേദ-വേദപൂർവ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. അവരുടെയെല്ലാം സുഖത്തിനും സന്തോഷത്തിനും ഭദ്രതയ്ക്കും വേണ്ടിയാണ് മഹർഷിവര്യൻമാർ അതത് കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്.അതതുകാലത്തെ സാമൂഹ്യജീവിതത്തിന്റെ സത്യസന്ധവും മൗലികവും  ജീവിതഗന്ധിയുമായ പ്രതിഫലനങ്ങൾ   മഹർഷിവര്യന്മാരുടെ കൃതികളിൽ കാണാൻ കഴിയും. അവരുടെ ഇടയിൽ ജാതിയുടെയോ വർണത്തിന്റെയോ മതത്തിന്റെയോ വിവേചനം ഇല്ലായിരുന്നു. ഭാസൻ, വാല്‌മീകി തുടങ്ങിയ മഹർഷിമാർ അവർണവിഭാഗത്തിൽ ജനിച്ചവർ ആയിരുന്നു. അവരുടെ കൃതികൾ ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നു.

വിശ്വമാനവ ഐക്യത്തിന്റെ സന്ദേശം പ്രകടമാക്കുന്നതാണ് ഋഗ്വേദത്തിന്റെ സാരാംശം മുഴുവനും. അതിന്‌ ചെറിയതോതിലെങ്കിലും മാറ്റം വരാൻ തുടങ്ങിയത് ഉപനിഷത് കാലഘട്ടത്തിലാണ്. കൃത്യമായി പറഞ്ഞാൽ ശങ്കരനു ശേഷമാണ്.  ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യയുടെ ത്രിവർണപതാകയെയും തങ്ങൾ  അംഗീകരിക്കുന്നില്ലെന്ന്‌ സംഘപരിവാർ പരസ്യമായി പലവട്ടം പ്രഖ്യാപിച്ചുകഴിഞ്ഞു; ആ സ്ഥാനത്ത് മനുസ്മൃതിയെയും കാവിക്കൊടിയെയും  പ്രതിഷ്ഠിക്കാനാണ് അവർ ലക്ഷ്യംവയ്‌ക്കുന്നത്. അതിനുള്ള കൃത്യമായ പ്രവർത്തനങ്ങളിലാണ് ഏതാനും വർഷങ്ങളായി അവർ ഏർപ്പെട്ടിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top