03 December Sunday
ഇന്ത്യൻ ജനാധിപത്യം

രാമായണവും മഹാഭാരതവും - ജെ പ്രഭാഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

The Past is never dead.   It isn't  even past

William Faulkner

വില്യം ഫോക്‌നറുടെ ഈ വാചകത്തെ അന്വർഥമാക്കുന്നതാണ് ലോകത്തെ ഒട്ടുമിക്ക ജനാധിപത്യ ഭരണനേതൃത്വങ്ങളുടെയും ചെയ്തികൾ. പരാജയപ്പെട്ടെന്ന് ലോകം കരുതിയ ആശയങ്ങളെ അവർ പൊടിതട്ടിയെടുത്ത് ജനാധിപത്യത്തിന്റെ മരണവാറന്റും നൽകി ജനസമക്ഷം കവാത്തു നടത്തിക്കുന്നു. സ്വന്തം അസ്തിത്വം കർമഫലത്തിൽ തേടുന്നതിനു പകരം അത് ചരിത്രത്തിൽനിന്ന് ഖനനം ചെയ്തെടുക്കാൻ ഒരുമ്പെടുന്നു. ‘തൽക്ഷണ അധികാരം’ എന്നതാണ് അവരുടെ രാഷ്ട്രീയം. ഫോട്ടോഗ്രഫിയുടെ പരിമിതിയെക്കുറിച്ച് കേട്ടിട്ടില്ലേ. അത് വർത്തമാനത്തിന്റെ കലയാണ്. അപ്പപ്പോൾ മുന്നിലുള്ളതിനെ പകർത്തിവയ്ക്കുന്ന കല. ചരിത്രത്തിന്റെയോ ഭാവിയുടെയോ ചിത്രമെടുക്കാൻ അതിനാകില്ല. സമകാലീന ജനാധിപത്യത്തിന്റെ അവസ്ഥയും ഇതുതന്നെ. അപവാദങ്ങൾ മാറ്റിവച്ചാൽ, ഭരണകർത്താക്കൾക്ക് സ്വന്തം താൽപ്പര്യത്തിനപ്പുറം കാണാനാകുന്നില്ല. അവർ ഭാവിയെക്കുറിച്ച് ഉൾക്കാഴ്ചയില്ലാത്ത വെറും വർത്തമാനകാല ജീവികളായിരിക്കുന്നു.
ഇതാണ്  ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ സംഭവിക്കുന്നത്. സ്വന്തം അധികാരത്തിൽ തറഞ്ഞു നിൽക്കുന്നതാണ് അവരുടെ രാഷ്ട്രീയം. അതിനായി നാം ഉപേക്ഷിച്ച പലതിനെയും അവർ പുനഃസ്ഥാപിക്കുന്നു. രാജവാഴ്ചയുടെ ചിഹ്നമായ ചെങ്കോൽ പാർലമെന്റിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇന്ത്യയിൽനിന്ന് ഭാരതത്തിലേക്ക്, ആധുനികതയിൽനിന്ന് പാരമ്പര്യത്തിലേക്ക്, ജാതിരാഹിത്യത്തിൽനിന്ന് ജാതീയതയിലേക്ക്, മതനിരപേക്ഷതയിൽനിന്ന് മതാധിപത്യത്തിലേക്ക്– നമ്മെ കൊണ്ടുപോകാനാണ് ശ്രമം.

രാമായണവും മഹാഭാരതവും
ഇതിനായി അവർ ഉപയോഗിക്കുന്ന പല ബിംബങ്ങളും ശ്രദ്ധേയമാണ്. ഇതിൽ പ്രധാനം രാമനും രാമായണവുമാണ്, അമ്പലവും പള്ളിയുമാണ്. സവർക്കറും ഇടയ്ക്കും മുറയ്ക്കും പൊന്തിവരുന്നുണ്ട്. യുധിഷ്ഠിരനോടും കർണനോടും മഹാഭാരതത്തോടും ഗാന്ധിജിയോടും തീരെ പഥ്യമില്ല. ഇത് പ്രതീകാത്മകമാണ്. ഇവിടെ രാമായണവും മഹാഭാരതവും തമ്മിൽ താരതമ്യത്തിന് വകയുണ്ട്. രാമായണത്തിൽ ഒരു നായകനേ ഉള്ളുവെങ്കിൽ മഹാഭാരതത്തിൽ അത് പലരാണ്. കർണനെയും ഭീമനെയും അർജുനനെയും ദ്രൗപദിയെയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇറക്കിയ കൃതികൾ ഇതിന്റെ ഏറ്റവും നല്ല തെളിവാണ്.

മാത്രമല്ല, മഹാഭാരതം ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകവുമാണ്. അതുകൊണ്ടാണ് അരവിന്ദ മഹർഷി പറഞ്ഞത്, “ഇന്ത്യയിൽ എന്തെല്ലാമുണ്ടോ അതെല്ലാം മഹാഭാരതത്തിലുണ്ട്. അത് ഒരു വ്യക്തിയുടെ സൃഷ്ടിയോ ആവിഷ്കാരമോ അല്ല, ഒരു രാജ്യത്തിന്റെ മനസ്സാണ്, ഒരു ജനതയുടെ കാവ്യം”. അത് യുദ്ധത്തെയും അധർമത്തെയും ഏകതാനമായ ദേശസങ്കൽപ്പത്തെയും നിഷേധിക്കുന്നു. ഭാരതീയരെ ഒരു ഭൂപ്രദേശത്തിന്റെ അതിരുകൾക്കുള്ളിൽ തളച്ചിടാനല്ല അത് ഉദ്യമിക്കുന്നത്. മറിച്ച്, അനുസ്യൂതം മുന്നോട്ടു പോകുന്ന കാലചക്രത്തിൽ അവരെ ഐക്യപ്പെടുത്താനും എല്ലാത്തിനെയും വിനയത്തോടെ സ്വീകരിക്കണമെന്ന് സൂചിപ്പിക്കാനുമാണത് ശ്രമിക്കുന്നത്.

ഹിന്ദുത്വ ശക്തികൾ അവകാശപ്പെടുംപോലെ രാജ്യത്തിന്റെ ഉടമസ്ഥാവകാശം ഭൂരിപക്ഷ സമൂഹത്തിന്റെ കുത്തകയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യം ഓരോ പൗരനും അവകാശപ്പെട്ടതാണ്. ഓരോ ഇന്ത്യൻ ഭാവനയ്ക്കും അത് എന്തിൽ അധിഷ്ഠിതമാണെങ്കിലും (മതം, ജാതി, ഭാഷ, പ്രാദേശികത...) ഇന്ത്യൻ മണ്ണിൽ ഇടമുണ്ട്. ഇതാണ് മഹാഭാരതം പറഞ്ഞുവയ്ക്കുന്നത്. ഈ മഹാഭാരത സങ്കൽപ്പത്തിന്റെ പരിത്യാഗമാണ് ഇപ്പോൾ നടക്കുന്നത്. ഇതിലൂടെ ഇന്ത്യയെ പാകിസ്ഥാന്റെ ആൾട്ടർ ഈഗോയാക്കി (alter ego) മാറ്റാനാണ് ശ്രമം. പാകിസ്ഥാൻ അപര്യാപ്തമായി വിഭാവനംചെയ്യപ്പെട്ട  (insufficiently imagined) രാജ്യമാണെന്ന വസ്തുത നാം വിസ്മരിക്കരുത്.


 

വികലമാകുന്ന ജനാധിപത്യം
മുഖ്യമായും തെരഞ്ഞെടുപ്പിലൂടെ അധികാരക്കൈമാറ്റം നടക്കുന്നതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തുടരുന്നത്. അതുതന്നെ ഇനി എത്രനാളെന്ന ചോദ്യമാണ് ഇപ്പോൾ നടക്കുന്ന ചില രാഷ്ട്രീയ കോലാഹലങ്ങൾ ഉയർത്തുന്നത്, പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകളെ ഏകീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഇത് ആത്യന്തികമായി പ്രസിഡൻഷ്യൽ ഭരണസമ്പ്രദായത്തിലേക്ക് നയിച്ചാലും അത്ഭുതപ്പെടാനില്ല. ഇപ്പോൾത്തന്നെ പാർലമെന്റ് ദുർബലപ്പെട്ടിരിക്കുന്നു. രാജ്യത്തെ  ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതു പോയിട്ട് നിയമങ്ങളെ യഥാവിധി വിശകലനം ചെയ്യാൻപോലുമാകാത്ത അവസ്ഥയിലാണ് അത് എത്തിനിൽക്കുന്നത്.
പാർലമെന്റായാലും മറ്റേതു സ്ഥാപനമായാലും  ശ്രദ്ധിക്കപ്പെടുന്നത് അവയുടെ കർത്തവ്യത്തിന്റെയും അത് ഉയർത്തുന്ന ഭാവിപ്രതീക്ഷയുടെയും പേരിലാണ്. ഓരോന്നിന്റെയും പിന്നിൽ പലതരം വാഗ്ദാനങ്ങളുമുണ്ട്. ഇതിൽ പാർലമെന്റിന്റെ ഏറ്റവും വലിയ ചുമതലയും വാഗ്ദാനവും  ഭരണകേന്ദ്രത്തിന്‌ ജനങ്ങളോടുള്ള ഉത്തരവാദിത്വം ഉറപ്പാക്കുക എന്നതാണ്. ഇത് നിയമത്തിനപ്പുറം സ്വയം നിറവേറ്റേണ്ട ധാർമികമായൊരു  കടമയുമാണ്.

വിശ്വസ്തതയും രാഷ്ട്രീയ സദാചാരവും സംവാദവുമാണ് ഇതിന്റെ കാതൽ. ഭരണഘടനയും അത് വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളും വളരുന്നത് തലമുറകൾ തമ്മിലുള്ള സംവാദത്തിലൂടെയാണെന്ന കാര്യം ഓർക്കുക. തന്നെയുമല്ല, ഓരോ ചരിത്രഘട്ടത്തിലും ഇത്തരം സംവാദങ്ങളിലൂടെയാണ് "വീ ദ പീപ്പിൾ ഒഫ് ഇന്ത്യ' നിർവചിക്കപ്പെടുന്നതും നിയമാനുസൃതമാക്കപ്പെടുന്നതും. എന്നാൽ, ജനാധിപത്യം കേവലം അധികാര രാഷ്ട്രീയമായി അധഃപതിക്കുന്നിടത്ത്, ദേശീയതയുടെ ഏജന്റായി ആൾക്കൂട്ടം മാറുന്നിടത്ത്, ഭൂരിപക്ഷ–-- ന്യൂനപക്ഷ ചേരിതിരിവുകളാൽ സമൂഹം വിണ്ടുകീറുന്നിടത്ത് ഇതിനുള്ള സാധ്യതകൾ ഇല്ലാതാകുന്നു. വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ ഇതാണ്.

ബോർഹസും ലെനിനും
ബോർഹസിന്റെ ഒരു കഥയും (The Secret Miracle) മുകളിൽ സൂചിപ്പിച്ച വൈതരണികൾ തരണംചെയ്യാൻ റഷ്യൻ പശ്ചാത്തലത്തിൽ ലെനിൻ ചൂണ്ടിക്കാണിച്ച പ്രതിവിധിയും ചർച്ച ചെയ്തുകൊണ്ട് ലേഖനം അവസാനിപ്പിക്കാം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഴുത്തുകാരൻ താൻ എഴുതുന്ന കഥ മുഴുമിപ്പിക്കുംവരെ ശിക്ഷ നിർത്തിവയ്ക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നതും അദ്ദേഹം അത്  ചെവിക്കൊള്ളുന്നതുമാണ് കഥയുടെ ഇതിവൃത്തം. ശിക്ഷാദിനത്തിൽ ദൈവം കാലത്തെ നിശ്ചലമാക്കുന്നു. പടയാളി വലിക്കുന്ന സിഗററ്റിന്റെ പുകച്ചുരുൾ വായുവിൽ ചലനമറ്റ് നിൽക്കുന്നു; എഴുത്തുകാരന്റെ മുഖത്തുവീണ മഴത്തുള്ളി ഘനീഭവിക്കുന്നു. ഒടുവിൽ അയാൾ കഥ പൂർത്തിയാക്കുന്നു. തൽക്ഷണം പുകച്ചുരുൾ ചലിക്കുന്നു; മഴത്തുള്ളി ഇറ്റുവീഴുന്നു; വെടിയൊച്ച മുഴങ്ങുന്നു. മണിപ്പുരിന്റെയും ആൾക്കൂട്ട അതിക്രമങ്ങളുടെയും ദളിത്- ന്യൂനപക്ഷ പീഡനങ്ങളുടെയും വെളിച്ചത്തിൽ ഈ കഥയൊന്ന് വായിച്ചുനോക്കൂ. ഇന്ത്യൻ ജനാധിപത്യം നിശ്ചലമാകുന്നു. പക്ഷേ, വെടിയൊച്ചകൾ നിലയ്ക്കുന്നില്ല.

സാർ ചക്രവർത്തിയെ പുറത്താക്കാൻ ഏറ്റവും നല്ലമാർഗം അത് ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് എത്രത്തോളം പരിഹാരമാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത് എന്നായിരുന്നു ലെനിൻ അഭിപ്രായപ്പെട്ടത്. അത് നമുക്കും പ്രസക്തമാണ്. ലെനിന്റെ കാലമല്ല നമ്മുടേതെന്ന് അംഗീകരിക്കുമ്പോഴും, എൻഡിഎ ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നവരുടെ വിശാലമായ മുന്നണിക്കേ രാജ്യത്തെ രക്ഷിക്കാനാകൂ എന്ന വസ്തുത അവശേഷിക്കുന്നു. ഇതിന് ‘ഇന്ത്യ’ സഖ്യത്തിന് എത്രത്തോളം കഴിയുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top