26 April Friday

ഒന്നിച്ചുപൊരുതേണ്ട കാലം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

1952ൽ ഇന്ത്യയിലെ ആദ്യതെരഞ്ഞെടുപ്പിൽ ഹിന്ദുത്വശക്തികൾ ഏറ്റവും പിറകിൽ ആയിരുന്നു. മൂന്നു ശതമാനം വോട്ടാണ്‌ ജനസംഘത്തിന്‌ ലഭിച്ചത്‌. 2014ൽ 31 ശതമാനവും 2019ൽ 37 ശതമാനം വോട്ടും നേടിയാണ്‌ ഒരുകാലത്ത്‌ ജനാധിപത്യത്തെ പരിഹസിച്ചിരുന്ന സംഘപരിവാർ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ എത്തിയത്‌.

ഇന്ത്യ ഏതുതരം രാജ്യമായിരിക്കണമെന്ന സംവാദം 1920കളിൽ നടന്നിരുന്നു. നൂറു വർഷംമുമ്പ് തുടങ്ങിയ ഒരു സംവാദത്തിലേക്ക് ഇന്ന് ഇന്ത്യയെ ആർഎസ്‌എസും ബിജെപിയും തിരിച്ചുകൊണ്ടുപോയി. ഒരുഭാഗത്ത്‌ ഗാന്ധിജിയും അംബേദ്‌കറും നെഹ്‌റുവും കമ്യൂണിസ്റ്റ്‌– സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നേതാക്കൻമാരും ഇന്ത്യയിൽ വൈവിധ്യങ്ങളിൽ അധിഷ്‌ഠിതമായ(കോൺട്രാക്‌ച്വൽ നാഷണലിസം) ദേശീയതയാണ്‌ വേണ്ടതെന്ന നിലപാടിലായിരുന്നു. ഫ്രാൻസും യുണൈറ്റഡ് കിങ്‌ഡവുമായിയുന്നു അവരുടെ മോഡൽ. മറുവശത്ത്‌ ജർമനിയെയും ഇറ്റലിയെയുംപോലെ ഏകത്വരൂപമായ (മെജോറിറ്റേറിയൻ നാഷണലിസം) ദേശീയതയാണ്‌ വേണ്ടതെന്ന്‌ വിശ്വസിച്ചിരുന്ന ഹിന്ദുമഹാസഭയും ആർഎസ്‌എസും അതിനായി  പ്രചാരണം നടത്തി. കമ്യൂണിസ്റ്റ് നേതാവ് എം എൻ റോയി പറഞ്ഞതനുസരിച്ച് രൂപീകരിച്ച ഭരണഘടനാ അസംബ്ലിയിലൂടെ രാജ്യം ഇതിന്‌ എന്നന്നേക്കുമായി ഉത്തരം കൊടുത്തു.

കോൺട്രാക്‌ച്വൽ നാഷണലിസത്തിൽ യോജിച്ചു. വിവിധ ദേശക്കാർ, ഭാഷക്കാർ, വ്യത്യസ്‌ത ജാതിമത വിഭാഗങ്ങളിലുള്ളവരെയെല്ലാം തുല്യരായി കണക്കാക്കുന്ന ദേശീതയെ അംഗീകരിച്ചു. ഹിന്ദു മഹാസഭയും ജനസംഘും ഇന്ത്യൻ ദേശീയ പതാകയും ഭരണഘടനയും കത്തിച്ചു. അവർ വളർത്തിക്കൊണ്ടുവന്ന നാഥുറാം വിനായക്‌ ഗോഡ്‌സെയും കൂട്ടാളികളും ഗാന്ധിജിയെ വെടിവച്ചുകൊന്നു. പാകിസ്ഥാനിൽ ജിന്ന സ്ഥാപിച്ചത്‌ ‘മുസ്ലിം പാകിസ്ഥാ’നാണെങ്കിൽ ഇന്ത്യയിൽ ‘ഹിന്ദു പാകിസ്ഥാൻ’ ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ, ഇതിനെ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ദുരിതങ്ങൾ അനുഭവിച്ച, രക്തസാക്ഷികളായ, ജയിൽവാസം അനുഭവിക്കേണ്ടിവന്ന ജനതയും നേതാക്കളും എഴുതിത്തള്ളി. പിന്നീട്‌ ഹിന്ദുത്വശക്തികൾ അറുപതിൽപ്പരം വരുന്ന തങ്ങളുടെ പോഷകസംഘടനകളെ ഉപയോഗിച്ച്‌ സാമൂഹ്യമായും രാഷ്‌ട്രീയമായും ഇന്ത്യയെ വർഗീയവൽക്കരിക്കാനുള്ള ശ്രമംതുടങ്ങി.  

വർഗീയ അജൻഡ നടപ്പാക്കാൻ ആർഎസ്‌എസ്‌ തുടക്കത്തിൽ ഒത്തുതീർപ്പുകൾക്ക്‌ തയ്യാറായി. അതിലൊന്നാണ്‌ എ ബി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കിയത്‌. വാജ്‌പേയി ആർഎസ്‌എസ്‌ പ്രചാരകനായിരുന്നെങ്കിലും അവർ പറയുന്ന കാര്യങ്ങൾ അതുപോലെ കേൾക്കുമായിരുന്നില്ല. പതിനഞ്ചോളം പാർടികളുമായി കൂട്ടുകൂടി ഭരണത്തിൽവരാനും തയ്യാറായി. പിന്നീടാണ്‌ ഹിന്ദുത്വശക്തികളുടെ ഏറ്റവും ട്രെയിൻഡായ നരേന്ദ്ര മോദിയെ കൊണ്ടുവരുന്നത്‌. പ്രചാരകനായി തുടങ്ങി ആർഎസ്‌എസിന്റെ മൂന്ന്‌ ഒടിസി പ്രോഗ്രാം കഴിഞ്ഞ്‌ ചെറിയ സംഘടനകളുടെ ഓർഗനൈസിങ് സെക്രട്ടറിയായ മോദി പിന്നീട്‌ ഗുജറാത്തിലും ദേശീയതലത്തിലും ബിജെപിയുടെ ഓർഗനൈസിങ് സെക്രട്ടറിയായി. മുഖ്യമന്ത്രിയായിരിക്കെ വലിയ കലാപത്തിന്‌ ഉത്തരവാദിയായി. ഇതിലൂടെ അധികാരവും ഉറപ്പിച്ചു. മത– -വർഗീയ ആശയങ്ങൾ വളർത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്‌ട്രീയത്തിന്റെ മികച്ച അവതാരമായി മോദി മാറി.

ഒമ്പതു വർഷമായുള്ള മോദിഭരണത്തിൽ ജനാധിപത്യത്തിൽനിന്നുള്ള ഇന്ത്യയുടെ പിന്നോട്ടുപോക്ക്‌ ഈ ചരിത്രത്തിലൂടെതന്നെ കാണേണ്ടതുണ്ട്‌. ഭരണഘടനാ അസംബ്ലിയുടെ തുടക്കംമുതൽ ജനാധിപത്യത്തോടും ഭരണഘടനയോടും പുറംതിരിഞ്ഞുനിന്ന, ത്രികോണ പതാകയാണ്‌ ദേശീയപതാകയാകേണ്ടതെന്ന്‌ പറഞ്ഞ സംഘടന അതിന്റെ പൂർണ വർഗീയവിഷത്തോടുകൂടി വളർത്തിക്കൊണ്ടുവന്ന ആളാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രി. സ്വാതന്ത്ര്യാനന്തരം രാജ്യം നേടിയ നേട്ടങ്ങളെല്ലാം കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ എവിടെ നിൽക്കുന്നുവെന്നാണ്‌ പരിശോധിക്കേണ്ടത്‌. ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെ നിർദേശിക്കുന്ന കുറേ മാനദണ്ഡങ്ങളുണ്ട്‌. പത്രസ്വാതന്ത്ര്യം, സ്ത്രീ സ്വാതന്ത്ര്യം, ദാരിദ്ര്യനിർമാർജനം, നീതിന്യായ വ്യവസ്ഥ എന്നിവയിലെല്ലാം ഇന്ത്യ വളരെ പിറകോട്ട്‌ പോയി.

ഈ വർഷമാദ്യം ചൈനയെ മറികടന്ന്‌ ലോകത്ത്‌ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന സാമ്പത്തികവളർച്ച എന്നതിൽ കവിഞ്ഞുള്ള വളർച്ചയില്ല. പലകാര്യങ്ങളും ഇന്ത്യ, അതിന്റെ ശേഷിയോടൊപ്പം വളർന്നില്ല. മോദിയുടെ ഒമ്പതു വർഷത്തിനു മുമ്പുള്ള കാലഘട്ടം ക്രോണി ക്യാപിറ്റലിസത്തിന്റേതായി പല ചരിത്രകാരന്മാരും വിലയിരുത്തിയിട്ടുണ്ട്‌. തൊണ്ണൂറുകളിൽ നവഉദാരവൽക്കരണത്തിന്റെ തുടക്കത്തിൽ പറഞ്ഞത്‌ ഫ്രീ മാർക്കറ്റിന്‌ തടസ്സമില്ലാത്ത രാജ്യമായി ഇന്ത്യ മാറുമെന്നാണ്‌. പിന്നീട്‌ വന്ന പല അഴിമതികളുടെയും ഭാഗമായി വിദഗ്‌ധർ അഭിപ്രായപ്പെട്ടത്‌ ഇന്ത്യ ക്രോണി ക്യാപിറ്റലിസത്തിലൂടെ കടന്നുപോകുന്നുവെന്നാണ്‌. മോദി വന്നതിനുശേഷം ഇത്‌ ഒളിഗാർക്കി ക്യാപിറ്റലിസമായി. സമ്പത്ത്‌ കൈയിൽ വയ്‌ക്കുന്ന ഈ ഒളിഗാർക്കി ക്യാപിറ്റലിസത്തിന്റെ മാതൃകയാണ്‌ മോദി ഭംഗിയായി ഇന്ത്യയിൽ നടപ്പാക്കുന്നത്‌. അദാനിയുടെയും റിലയൻസിന്റെയും വളർച്ച ഇതാണ്‌ വ്യക്തമാക്കുന്നത്‌. രാജ്യത്തിന്റെ സമ്പത്തിന്റെ നേട്ടം മൂന്നോ നാലോ പേരുടെ കൈകളിൽമാത്രം ഒതുങ്ങുന്നു.

തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും കമ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ കമ്യൂണിസ്റ്റ്‌ അനുഭാവികളായ രാഷ്‌ട്രീയ പാർടികളോട്‌ പറഞ്ഞത്‌ ബൂർഷ്വാസി പാർടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പം ചേർന്ന്‌ സംഘടിതശക്തിയായി മാറി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനുനേരെ ആഞ്ഞടിക്കാനാണ്‌. ഒരുപാട്‌ ശക്തികളെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന്‌ വലിയൊരു ശക്തിക്കെതിരെ പോരടിക്കേണ്ടിവന്ന 1920ലെയും1930കളിലെയും അതേ സാഹചര്യമാണ്‌ ഇപ്പോൾ നിലവിലുള്ളത്‌. ഈ ചരിത്രയാഥാർഥ്യം മനസ്സിലാക്കി, ഭരണഘടനയിൽ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാർടികൾ ഒന്നിച്ചുപൊരുതേണ്ട കാലമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top