20 April Saturday

പൊതുവിദ്യാഭ്യാസം മികവുറ്റതാക്കും - മന്ത്രി വി ശിവൻകുട്ടി 
ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: എം വി പ്രദീപ്‌Updated: Wednesday Jul 14, 2021

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്തെ 
മുഖച്ഛായതന്നെ മാറ്റാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനായി. അക്കാദമിക 
മികവിനും ഗുണമേന്മാ വർധനയ്‌ക്കുമായി നിരവധി പ്രവർത്തനം നടത്തി. പൊതുസമൂഹം വലിയ തോതിൽ സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അതിവേഗം 
വിദ്യാഭ്യാസമേഖല മുന്നേറിക്കൊണ്ടിരിക്കവെയാണ് കോവിഡ്–-19 പിടിമുറുക്കുന്നത്. 
വിദ്യാഭ്യാസരംഗത്ത് ലോകം പകച്ചുനിന്നപ്പോൾ കേരളം പുതുവഴി തേടി. 
വിക്ടേഴ്സ് ചാനലിലൂടെ ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു. ഇത് 
രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കോവിഡാനന്തര കാലത്തെക്കൂടി 
മുൻകൂട്ടി കണ്ടുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. അതോടൊപ്പം സംസ്ഥാനത്ത്‌ 
തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന നയമാണ്‌ സർക്കാർ 
സ്വീകരിക്കുക. പൊതുവിദ്യാഭ്യാസ–തൊഴിൽ മന്ത്രി വി ശിവൻകുട്ടി 
ദേശാഭിമാനിയോട്‌ സംസാരിക്കുന്നു 

പൊതുവിദ്യാഭ്യാസ മേഖലയുടെ കൂടുതൽ മുന്നേറ്റത്തിന് എന്തെല്ലാം പദ്ധതികളാണ്‌ വിഭാവനം ചെയ്യുന്നത്‌?
കോവിഡ്‌ മഹാമാരി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. എങ്കിലും ജൂൺ ഒന്നിനുതന്നെ പ്രവേശനോത്സവം നടത്താൻ നമുക്കായി. ഓൺലൈനിലൂടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പ്രവേശനോത്സവം ഗംഭീരമാക്കി. ഡിജിറ്റൽ ക്ലാസിന്റെ രണ്ടാം ഘട്ടമായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ഇപ്പോഴത്തെ മുൻഗണന. കുട്ടികളും അധ്യാപകരും നേരിൽക്കണ്ട് ആശയവിനിമയം നടത്തുന്ന സങ്കേതങ്ങളാണ് ഇതിന് ഉപയോഗിക്കുക. ഓരോ കുട്ടിക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള ഉപകരണങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തും. പഠനത്തിന്‌ മൊബൈൽ ഫോൺ, ടാബ്, ലാപ്ടോപ്‌ തുടങ്ങിയവയിൽ ഏതെങ്കിലും ലഭ്യമല്ലാത്ത ഒരു വിദ്യാർഥിപോലും ഉണ്ടാകരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്.

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ നടപ്പാക്കുന്ന പദ്ധതികൾ?
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും. കോവിഡാനന്തര കാലത്തെക്കൂടി മുൻകൂട്ടി കാണുന്നുണ്ട്. ഡിജിറ്റൽ പഠന ക്ലാസുകളിലെ പോരായ്മകൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ വിടവ് ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഇനി ഇന്ററാക്ടീവ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ ഫലപ്രാപ്തി അളക്കാൻ സംവിധാനമുണ്ടാകും. എന്തെങ്കിലും പഠന നഷ്ടം വിദ്യാർഥികൾക്ക് ഉണ്ടോ എന്ന് പരിശോധിച്ച് വേണ്ട നടപടി എടുക്കും. പഠനവിടവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പദ്ധതികൾ ആവിഷ്കരിക്കും. എല്ലാ കുട്ടികളെയും തിരികെ സ്കൂൾ അന്തരീക്ഷത്തിൽ ക്ലാസുകളിൽ എത്തിക്കുക എന്നതാകും വലിയ വെല്ലുവിളി. ഇക്കാര്യത്തിലും ശാസ്ത്രീയവും സമഗ്രവും ബഹുജന പങ്കാളിത്തത്തോടെയുമുള്ള നടപടികളുണ്ടാകും.

പാഠ്യപദ്ധതി പരിഷ്കരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ അപകടമുണ്ടാക്കില്ലേ?
ദേശീയ വിദ്യാഭ്യാസ നയത്തിൽ വിയോജിപ്പുള്ള മേഖലകൾ കേരളം നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും വിദ്യാഭ്യാസം ആ പ്രദേശത്തിന്റെ സാംസ്കാരിക ധാരകളെക്കൂടി ഉൾക്കൊള്ളുന്നതാകണം. വിദ്യാർഥി കേന്ദ്രീകൃത ശാസ്ത്രീയ നയങ്ങൾക്കാണ് മുൻഗണന. പാഠ്യപദ്ധതി പരിഷ്കരണവുമായുള്ള ചർച്ചകളിൽ വർത്തമാനകാലത്ത് ഏറ്റവും ശക്തമായി ഉയർന്നുവരുന്ന ചിന്തകൾ ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. വിദ്യാഭ്യാസവകുപ്പ് വളരെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും ആണ് ഇതിനെ കാണുന്നത്. വാക്കിലോ വാചകത്തിലോ ലിംഗനീതി, ലിംഗസമത്വം എന്നിവയ്ക്കെതിരായ കാഴ്ചപ്പാടുകൾ പാഠപുസ്തകങ്ങളിൽ ഉണ്ടാകരുത്. അത്തരത്തിൽ ടെക്സ്റ്റ് ബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടണം. അതോടൊപ്പം ജ്ഞാന സമൂഹത്തെക്കുറിച്ചും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും വികസിക്കുന്ന ധാരണയ്‌ക്കനുസരിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരേണ്ടതുണ്ട്. കൂടാതെ, കുട്ടികളുടെ തൊഴിൽവിദ്യാഭ്യാസം ഗൗരവമേറിയ പരിഗണന ആവശ്യപ്പെടുന്ന ഒന്നാണ്. ഓരോ പ്രായഘട്ടത്തിനും അനുഗുണമായ തൊഴിൽ വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനോടുള്ള മനോഭാവവികാസത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. തൊഴിൽമന്ത്രി എന്ന ചുമതലകൂടി ഉള്ളതിനാൽ പ്രസ്തുത വകുപ്പിലെ എന്തെല്ലാം സാധ്യതകൾ സ്കൂൾ വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്താം എന്നുകൂടി പരിശോധിക്കും.

സ്കൂളുകളുടെ അക്കാദമിക ഗുണനിലവാരം ഉയർത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കും?
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് പ്രഖ്യാപിത നിലപാട്. മുഴുവൻ കുട്ടികൾക്കും ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. പൊതുവിദ്യാലയങ്ങളിൽ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കൾ അംഗീകരിക്കുന്നു എന്നതിനുള്ള പ്രത്യക്ഷ തെളിവാണ് പൊതു വിദ്യാലയങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർഥികൾ അധികമായി എത്തിച്ചേരുന്നു എന്നുള്ളത്. വിദ്യാഭ്യാസ സൗകര്യങ്ങൾ കാലോചിതമായി മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി ഭൗതിക സൗകര്യം ഇനിയും മെച്ചപ്പെടുത്തും. നൂറ്‌ ലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ പുതുക്കിപ്പണിയും. ഡിജിറ്റലൈസേഷന്റെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കും. ഐടി അധിഷ്ഠിത പഠനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം നടപ്പാക്കും. പഠന പിന്തുണ ആവശ്യമായ കുട്ടികൾക്കും പരിഗണന ആവശ്യമായ മേഖലകൾക്കും ഊന്നൽ ഉണ്ടാകും. അധ്യാപക-–-വിദ്യാർഥി ആശയവിനിമയ സമയം ഇരുനൂറ്‌ പ്രവൃത്തിദിനം അഥവാ ആയിരം മണിക്കൂർ ഉറപ്പുവരുത്തും. ഹൈടെക് ക്ലാസ് മുറികൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാക്കാൻ പദ്ധതി കൊണ്ടുവരും. അധ്യാപകർക്ക് ഈ രംഗത്ത് വൈദഗ്ധ്യം ഉറപ്പുവരുത്താൻ അധ്യാപക പരിവർത്തന പരിപാടി ആവിഷ്കരിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടരും.

തൊഴിൽ മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ?
കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ തൊഴിൽ മേഖലയിൽ ആരോഗ്യകരമായ തൊഴിൽബന്ധം ശക്തിപ്പെടുത്തുന്നതിന് നല്ല ശ്രമം നടത്തുകയുണ്ടായി. അഞ്ച്‌ വർഷം ഗുരുതര തൊഴിൽ പ്രശ്നങ്ങളൊന്നും ഉയർന്നുവന്നില്ല. എല്ലാകാലത്തും തൊഴിലാളി അനുകൂല നിലപാടുകൾ എടുത്ത സർക്കാരുകളാണ് ഇടതുപക്ഷത്തിന്റേത്. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കപ്പെടണം. സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും പരമപ്രധാനമാണ്. സൗഹാർദപരമായ അന്തരീക്ഷത്തിലുള്ള തൊഴിൽ സംസ്കാരം സംസ്ഥാനത്തിന്റെ സാമൂഹ്യ-, സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണ്. അസംഘടിത, പരമ്പരാഗത മേഖലകളിലെ തൊഴിലാളികളുടെ അടക്കം സാമൂഹ്യ-, സാമ്പത്തിക സുരക്ഷ മുൻനിർത്തിയാണ് തൊഴിൽനയം. സ്ത്രീസൗഹൃദ തൊഴിൽ അന്തരീക്ഷം വിഭാവനം ചെയ്തു. നിരവധി പദ്ധതികളാണ് തൊഴിൽവകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ പുനഃസംഘടിപ്പിക്കാത്ത വ്യവസായബന്ധ സമിതികൾ പുനഃസംഘടിപ്പിക്കും. എല്ലാ ക്ഷേമനിധി ബോർഡിലും പരാതിപരിഹാര ഹെൽപ്‌ലൈൻ ആരംഭിക്കും. വിവിധ ക്ഷേമനിധി ബോർഡുകളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന മുഴുവൻ ആനുകൂല്യ അപേക്ഷയും തീർപ്പാക്കും. വേതന സുരക്ഷാ പദ്ധതിയിൽ അംഗമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നടപ്പാക്കും.

ലേബർ കമീഷണറേറ്റിൽ നടപ്പാക്കിയ ഇ -ഓഫീസ് സംവിധാനം റീജ്യണൽ ഓഫീസുകളിലേക്കും ജില്ലാ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ കോവിഡ് ബാധിച്ചവർക്ക് ചികിത്സാ ധനസഹായവും മരിച്ചവരുടെ ആശ്രിതർക്ക് മരണാനന്തര ധനസഹായവും നൽകുന്നതിന്‌ പദ്ധതി നടപ്പാക്കും.

അതിഥിത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി ഉണ്ടോ?
അതിഥിത്തൊഴിലാളികൾ ഇന്ന് സംസ്ഥാനത്തെ തൊഴിൽമേഖലയുടെ പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ നിരവധി പരിപാടിയാണുള്ളത്. വിവിധ സഹായം നൽകുന്നതിനായി നിലവിൽ ഒമ്പത് ജില്ലയിലുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. മുഴുവൻ അതിഥിത്തൊഴിലാളികൾക്കും കോവിഡ് വാക്സിൻ നൽകും. "അപ്ന ഘർ'പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് കിനാലൂരിൽ ഭവനസമുച്ചയം പൂർത്തിയാക്കും.

അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തേക്ക് തിരികെ വരാൻ തുടങ്ങിയിട്ടുണ്ട്. അവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യസുരക്ഷാ സൗകര്യങ്ങളും ക്വാറന്റൈൻ സൗകര്യങ്ങളും നൽകുന്നതിനുമായി വിശദമായ ഡാറ്റ അത്യന്താപേക്ഷിതമാണ്. ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് ഇതിലൂടെ സംസ്ഥാന തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാനും വിശദാംശങ്ങൾ സമർപ്പിക്കാനും സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സാധിക്കുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ ഗ്രേഡിങ് പദ്ധതി ഏതെല്ലാം മേഖലയിൽ നടപ്പാക്കും?
തൊട്ടു മുൻവർഷത്തെ പ്രവർത്തനമികവും തൊഴിലാളി നിയമങ്ങളുടെ പരിപാലനവും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലകളിലെ സ്ഥാപനങ്ങളെ വജ്ര, സുവർണ, രജത എന്നിങ്ങനെ തരംതിരിച്ച്‌ ബഹുമതി നൽകുന്ന ഗ്രേഡിങ് പദ്ധതി കഴിഞ്ഞ മൂന്നു വർഷമായി നടപ്പാക്കിവരുന്നു. അടുത്തവർഷം കൂടുതൽ തൊഴിൽമേഖലയിൽ ഉൾപ്പെടുത്തി വിപുല രീതിയിൽ ഗ്രേഡിങ് പദ്ധതി നടപ്പാക്കും. കൂടാതെ, ഏറ്റവും മികച്ച സ്ഥാപനങ്ങൾക്ക് ഈ വർഷംതന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി ഗ്രേഡിങ് പദ്ധതിയും നടപ്പാക്കും.

തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെയും തൊഴിൽ നൈപുണ്യത്തെയും അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൊഴിലാളി ശ്രേഷ്ഠ അവാർഡ് 2020ൽ ആരംഭിച്ചു. കൂടുതൽ തൊഴിൽ മേഖല ഉൾപ്പെടുത്തിക്കൊണ്ട് വിപുല രീതിയിൽ പദ്ധതി വരും വർഷങ്ങളിൽ നടപ്പാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top