28 March Thursday

വീണ്ടെടുപ്പിന്‌ സഹകരണം കരുത്താകും - സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: ജി രാജേഷ്‌ കുമാർUpdated: Wednesday Jun 30, 2021

കേരളത്തിന്‌ സഹകരണമേഖല സമാന്തര സാമ്പത്തികകേന്ദ്രമാണ്‌. പ്രതിസന്ധികളിൽ സർക്കാരിനൊപ്പംനിന്ന്‌ പ്രശ്‌നങ്ങളിൽ ഇടപെടുന്നതാണ്‌ സഹകരണമേഖലയുടെ കരുത്ത്.‌ കോവിഡ്‌ പ്രതിസന്ധിയിലും ഇത്‌ ദൃശ്യമാണ്‌. കാർഷികരംഗം കേന്ദ്രീകരിച്ചുമുന്നേറിയിരുന്ന സഹകരണ പ്രസ്ഥാനത്തിന്റെ നാനാതുറയിലെ ഇടപെടലിന്റെ ശക്തിപ്പെടുത്തലാണ്‌ പുതിയ പ്രതിസന്ധി നമ്മെ ഓർമിപ്പിക്കുന്നത്‌. രണ്ടാംതരംഗത്തിൽനിന്ന്‌ പതിയെ മോചനം നേടുന്ന നാടിന്റെ വീണ്ടെടുപ്പിന്‌ ശക്തിപകരുകയാണ്‌ സഹകരണമേഖലയുടെ അടിയന്തര ദൗത്യം. മൂന്നാംതരംഗ സാധ്യതയെ പ്രതിരോധിക്കുകയും വേണം. അതിനുള്ള ഹ്രസ്വ, ദീർഘകാല പദ്ധതികളിലേക്ക്‌ കടക്കുകയാണെന്ന്‌ സഹകരണ–-രജിസ്‌ട്രേഷൻ മന്ത്രി  വി എൻ വാസവൻ‌. പ്രവർത്തനങ്ങളുടെ കൂടുതൽ ശക്തമായ തുടർച്ചയുണ്ടാകും. വരുംകാലം കേരളത്തെ മുന്നിൽനിന്ന്‌ നയിക്കുക സഹകാരികളായിരിക്കും. ആർക്കും മാറിനിൽക്കാനാകില്ല. തയ്യാറാക്കിയത്‌: ജി രാജേഷ്‌ കുമാർ

 

പ്രതിസന്ധികളുടെ കാലഘട്ടം തരണംചെയ്യാൻ എന്തു പദ്ധതിയാണ്‌ സഹകരണമേഖല മുന്നോട്ടുവയ്‌ക്കുന്നത്‌?
നമ്മുടെ തലമുറകൾക്ക്‌ മുൻ അനുഭവങ്ങളൊന്നുമില്ലാത്ത പ്രതിസന്ധിയിലാണ്‌ നാട്‌. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികൾ‌ നേരിടുന്നു‌. ഇതിൽ ഒരുഭാഗത്തും സഹകരണമേഖലയ്‌ക്ക്‌ മാറിനിൽക്കാനാകില്ല. അത്രയേറെ ജനകീയബന്ധമുണ്ട്‌. പ്രാഥമികതലംമുതൽ അപ്പെക്‌സ്‌ സംഘങ്ങൾവരെ 15,892 സഹകരണസ്ഥാപനം പ്രവർത്തിക്കുന്നു. ക്ഷീരം, കയർ, കൈത്തറി, ഖാദി, വ്യവസായം, മത്സ്യം തുടങ്ങിയ മേഖലയിലെ 7600-ൽപ്പരം സംഘം വേറെയും. ഒരു സഹകരണ സംഘത്തിലെങ്കിലും അംഗത്വമില്ലാത്ത ആളുകൾ കേരളത്തിൽ വിരളമാണ്‌. ഈ സംഘശക്തി പ്രതിസന്ധി മറികടക്കാനുള്ള മുഖ്യ ഉപാധിയാക്കണം.

വീണ്ടെടുപ്പിനായുള്ള കർമപദ്ധതിയിലെ മുൻഗണനകൾ?
ബജറ്റിലെ പുനരുജ്ജീവന പദ്ധതികളിലെല്ലാം സഹകരണമേഖലയ്‌ക്ക്‌ തനതുപങ്ക്‌ നിർവഹിക്കാനുണ്ട്‌. ആരോഗ്യ അടിയന്തരാവസ്ഥ മറികടക്കുക പ്രധാനം. ആരോഗ്യ സഹകരണസംഘങ്ങൾ കൂടുതൽ സജീവമാക്കും. കൃഷി വികസിപ്പിക്കാൻ 2000 കോടി രൂപയുടെ നിക്ഷേപദൗത്യം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കാണ്‌. തൊഴിൽ സംരംഭങ്ങൾക്കായുള്ള 1600 കോടി രൂപയുടെ വായ്‌പാ പദ്ധതിയിലും മുഖ്യപങ്ക്‌ സഹകരണ സംഘങ്ങൾക്കായിരിക്കും. കേരള ബാങ്ക്‌ മുന്നിൽനിൽക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്‌ 1000 കോടി രൂപയുടെ വായ്‌പാ സഹായം ഉറപ്പാക്കണം.

ദീർഘകാല പദ്ധതികളിൽ പുതിയ സാധ്യതകൾ എന്തൊക്കെയായിരിക്കാം?
യുവ സംരംഭകർക്കും സേവനദാതാക്കൾക്കുമായി 25 സഹകരണസംഘങ്ങൾ രൂപീകരിക്കും. സഹകരണത്തിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാനാകും‌. എല്ലാ ജില്ലയിലേക്കും സഹകരണ ചന്തകൾ വ്യാപിപ്പിക്കുകയാണ്‌. സംസ്ഥാന നെല്ല് സഹകരണസംഘം രൂപീകരിക്കും‌. കുട്ടനാട്‌, അപ്പർ കുട്ടനാട്‌ മേഖലയിൽ രണ്ട്‌ ആധുനിക റൈസ് മിൽ സ്ഥാപിക്കും. കലാകാരൻമാർ, സംഗീതജ്ഞർ, പ്രകടന കലാകാരൻമാർ, നാടക കലാകാരൻമാർ തുടങ്ങിയവർക്കായി സംഘം രൂപീകരിക്കും. കോഓപ്‌ മാർട്ട് പദ്ധതിയിൽ ഇ മാർക്കറ്റിങ്‌ പ്ലാറ്റ്ഫോം രൂപീകരിച്ച്‌ സഹകരണ ഉൽപ്പന്നങ്ങൾക്കെല്ലാം വിപണി സൗകര്യമൊരുക്കും. പുനർജനി പദ്ധതിയിൽ പട്ടികജാതി, പട്ടികവർഗ വികസന സംഘങ്ങൾ നവീകരിക്കും. കോട്ടയത്തെ അക്ഷര മ്യൂസിയമൊരുങ്ങും. വായ്‌പാ മാന്വൽ പരിഷ്‌ക‌രണം ഉൾപ്പെടെ സമഗ്രനിയമ ഭേദഗതിയും ലക്ഷ്യമിടുന്നു.

കേരള ബാങ്ക്‌ ഭാവി പ്രതീക്ഷയാണ്‌. ഇത്‌ എത്രത്തോളം സഫലമാകുമെന്നാണ്‌ വിലയിരുത്തൽ?
നിലവിൽ 769 ശാഖയുണ്ട്‌. 1557 പ്രാഥമിക കാർഷികവായ്‌പാ സംഘങ്ങൾ അംഗങ്ങളാണ്‌. ഇവയും ശാഖകളും ചേരുമ്പോൾ സംസ്ഥാനത്തെ വലിയ ബാങ്കിങ്‌ ഇടപാട്‌ ശൃംഖല കേരള ബാങ്കിനാകും. ആകെ നിക്ഷേപം 66,732 കോടി രൂപയും വായ്‌പ 39,665 കോടിയുമാണ്‌. ആകെ ബിസിനസ്‌ 1,06,396 കോടിയും‌. മൂന്നുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടിയിലേക്ക്‌ ഇത്‌ എത്തിക്കണം. കഴിഞ്ഞവർഷം 2000 കോടി രൂപ നബാഡ്‌ സഹായത്തോടെ പ്രാഥമിക കാർഷിക സംഘങ്ങൾക്ക്‌ ലഭ്യമാക്കി. ഈവർഷം 1670 കോടിയെങ്കിലും ഉറപ്പാക്കും. ബാങ്കിന്റെ സമഗ്ര സോഫ്റ്റ്‌വെയർ ഈവർഷം നടപ്പാകും. അത്യന്താധുനിക ഡിജിറ്റൽ ബാങ്കിങ്‌ സേവനങ്ങളെല്ലാം ഇടപാടുകാർക്ക്‌ ലഭ്യമാകും. പ്രാഥമിക കാർഷികസഹകരണ സംഘങ്ങളും കോർ ബാങ്കിങ് സൊല്യൂഷന്റെ ഭാഗമാകും. കേരള ബാങ്ക്‌ ലക്ഷ്യം ഉറപ്പാക്കുന്നതാണ്‌ ഒരു വർഷത്തെ പ്രവർത്തനഫലം. എല്ലാ ജനവിഭാഗത്തിനും ഉതകുന്ന നിലയിൽ എട്ട്‌ സമ്പാദ്യപദ്ധതിക്ക്‌ തുടക്കമിട്ടു. 15 തരം വായ്‌പാ പദ്ധതിയായി. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ, സ്റ്റാർട്ടപ്‌ വായ്‌പാ പദ്ധതികൾ തുടരുന്നു.

കേരള ബാങ്കിനൊപ്പം ഇല്ലെന്ന മലപ്പുറം ജില്ലാ ബാങ്ക്‌ നിലപാടിനോട്‌ സഹകാരികളും പൊതുസമൂഹവും യോജിക്കുന്നില്ല‌. ഇക്കാര്യത്തിൽ സർക്കാർ നിലപാട്‌?
മലപ്പുറം ജില്ലാ ബാങ്കുമായി മാത്രമായി നിലനിൽപ്പില്ലെന്നത്‌ റിസർവ്‌ ബാങ്കും ശരിവച്ചു‌. എന്നിട്ടും രാഷ്‌ട്രീയ നിലപാടുകളാൽ നാടിന്റെ പൊതുതാൽപ്പര്യത്തിന്‌ എതിരായ സമീപനം‌ ഒരുകൂട്ടർ സ്വീകരിക്കുന്നു‌. വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബഞ്ച്‌ സർക്കാർ നിലപാടിനെ അംഗീകരിച്ചു. അപ്പീൽ വിധിയും പൊതുതാൽപ്പര്യ സംരക്ഷണാർഥമാകുമെന്നാണ്‌ പ്രതീക്ഷ. കോടതി തീർപ്പിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകും.

സഹകരണമേഖലയ്‌ക്ക്‌ ഭീഷണിയായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാങ്കിങ്‌ നിയമഭേദഗതിയിൽ നിലപാട്‌ വ്യക്തമാക്കാമോ?
ഇതടക്കം ചർച്ച ചെയ്യാനായി എത്രയും പെട്ടെന്ന്‌ സർവകക്ഷി യോഗം വിളിക്കും. ബാങ്കിങ്‌ നിയമഭേദഗതി വ്യവസ്ഥകൾ നടപ്പാക്കണമെന്നതിൽ സംസ്ഥാനത്തിന്‌ കേന്ദ്ര നിർദേശമൊന്നും ലഭിച്ചിട്ടില്ല. ഭേദഗതി സംബന്ധിച്ച്‌ റിസർവ്‌ ബാങ്കിന്റെ കത്ത് സഹകരണ രജിസ്‌ട്രാർക്ക്‌ ലഭിച്ചിട്ടുണ്ട്‌. നമ്മുടെ സഹകരണമേഖലയ്‌ക്ക്‌ ദോഷകരമാകാവുന്ന വ്യവസ്ഥകൾ നിയമഭേദഗതിയിലുണ്ട്‌. ആർബിഐ ലൈസൻസ്‌ ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾക്ക്‌ ബാങ്ക്‌, ബാങ്കർ, ബാങ്കിങ്‌ പദങ്ങൾ ഉപയോഗിക്കാനാകില്ല. ചെക്ക്‌ ഉപയോഗത്തിനും നിയന്ത്രണം വരും. ഓഹരി മൂലധന സമാഹരണവും തിരിച്ചുനൽകലും രീതികൾ മാറും. സംസ്ഥാന സർക്കാരിന്‌ അറിയിപ്പുമാത്രം നൽകി ഭരണസമിതിയെ ആർബിഐക്ക്‌ പിരിച്ചുവിടാനാകും. ബാങ്കുകളുടെ ഭരണനിർവഹണം, ഓഡിറ്റ്‌, അടച്ചുപൂട്ടൽ തുടങ്ങിയ കാര്യത്തിലെല്ലാം ആർബിഐ ഇടപെടലുണ്ടാകും.

ജനസൗഹൃദ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌
സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലെ ഇടനിലക്കാരെ ഒഴിവാക്കൽ പൂർണമാകുന്നില്ല. പരിഹാരം?
ഓഫീസുകൾ ജനസൗഹൃദമാകണം. സർക്കാർ ഓഫീസുകൾക്കെല്ലാം ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനം ഉറപ്പാക്കാനാകണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്‌.
ആധാര മാതൃകകൾ ലളിതവൽക്കരിച്ച്‌ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്ന സംവിധാനം ആലോചനയിലുള്ളതാണ്‌. ആധാര കക്ഷികളുടെ ഫോട്ടോയും വിരൽപ്പതിപ്പും ഡിജിറ്റൽ രൂപത്തിൽത്തന്നെ ആധാരത്തിന്റെ ഭാഗമാക്കും. വാണിജ്യ ബാങ്കുകളിൽ വായ്‌പാ ആവശ്യത്തിനു നൽകേണ്ട പണയാധാരങ്ങൾ പൂർണമായും ഡിജിറ്റലിൽ തയ്യാറാക്കാൻ കഴിയുന്ന ‘ഡിജിറ്റൽ ഡോക്യുമെന്റ്‌ എക്‌സിക്യൂഷൻ’ ആശയം പരിഗണനയിലുണ്ട്‌. ഡോക്യുമെന്റ്‌ രജിസ്‌ട്രേഷൻ ഡിജിറ്റെൈലസ്‌ ചെയ്യണമെന്ന ആവശ്യമുണ്ട്‌. പുതിയ വെൻഡേഴ്‌സ്‌ ലൈസൻസ്‌ നയം ആവശ്യമുണ്ട്‌. ഇക്കാര്യങ്ങളിലടക്കം ആധാരമെഴുത്തുകാരുടെ‌ സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തും.

രജിസ്‌ട്രേഷൻ വകുപ്പിന്റെ ആധുനികവൽക്കരണത്തിന്റെ പുരോഗതി?
കമ്പ്യൂട്ടർവൽക്കൃത രജിസ്‌ട്രേഷൻ സംവിധാനം കൂടുതൽ സുതാര്യവും ഡിജിറ്റൽ ഇടപാടുകൾക്ക്‌ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്‌ നിലവിലെ ഓൺലൈൻ സംവിധാനം ബ്ലോക്ക്‌ ചെയിൻ അധിഷ്ഠിതമാക്കുകയാണ്‌. കെ ഡിസ്‌ക് നേതൃത്വത്തിലാണ്‌ നടപ്പാക്കുന്നത്‌. പരീക്ഷണപദ്ധതി തിരുവനന്തപുരം‌ വഞ്ചിയൂർ, കോട്ടയം‌ കടുത്തുരുത്തി വില്ലേജുകളിൽ നടപ്പാക്കും. പദ്ധതി വ്യാപിക്കുന്നതോടെ ‘സ്‌മാർട്ട്‌ കോൺട്രാക്ട്‌’ ആശയം നടപ്പാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top