28 March Thursday

കളി കാര്യമാകും - കായിക മന്ത്രി വി അബ്ദുറഹ്‌മാൻ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: ജെയ്‌സൻ ഫ്രാൻസിസ്‌Updated: Thursday Jul 22, 2021

കേരളത്തിന്റെ കായികരംഗത്തിന്‌ പുതുകുതിപ്പ്‌ പകരുകയാണ്‌ ലക്ഷ്യമെന്ന്‌ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. ആ കുതിപ്പിന്‌ ഊർജമാകുക കായികവകുപ്പ്‌ പുതുതായി കൊണ്ടുവരുന്ന സമഗ്രമായ കായിക നയമായിരിക്കും. സമ്മാനങ്ങൾക്കപ്പുറം സമൂഹത്തിന്റെ ആകെ ആരോഗ്യംകൂടി ലക്ഷ്യമിട്ട്‌ സ്വീകരിക്കാൻ പോകുന്ന നടപടികളെക്കുറിച്ച്‌ ദേശാഭിമാനിയോട്‌ പ്രതികരിക്കുകയാണ്‌ മന്ത്രി.
 

ജില്ലകൾ സന്ദർശിച്ചപ്പോഴുള്ള അനുഭവമെന്താണ്‌ ?
വളരെ നല്ല അനുഭവമായിരുന്നു. കായികമേഖലയെ അടുത്തറിയാനായിരുന്നു യാത്ര. എല്ലാം നേരിട്ട്‌ മനസ്സിലാക്കാനായി. നമ്മുടെ കായികരംഗം കൂടുതൽ മികച്ചതാക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും വിവിധ മേഖലയിൽനിന്ന്‌ ലഭിച്ചു. നിലവിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അറിയാനും സാധിച്ചു. ഇതിനകംതന്നെ കായിക പെൻഷൻ കൂട്ടിയതടക്കമുള്ള നടപടികളും സ്വീകരിച്ചു.

കായികമേഖലയുടെ സമഗ്രപുരോഗതിക്കുള്ള കാഴ്‌ചപ്പാട്‌ എന്താണ്‌
കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അടിസ്ഥാന മേഖലയിലുൾപ്പെടെ വൻവികസനമുണ്ടായി. കായികനിയമനം ഉൾപ്പെടെയുള്ള വാഗ്‌ദാനങ്ങളും പാലിക്കാൻ കഴിഞ്ഞു. ഇതിന്‌ തുടർച്ചയുണ്ടാകും. കായികരംഗത്ത്‌ പുതിയൊരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവയ്‌ക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. അതിൽ പ്രധാനമാണ്‌ കേരളത്തിനായി സമഗ്രമായ കായികനയം. ഈ മേഖലയിലെ എല്ലാവരുമായി ചർച്ച ചെയ്‌ത്‌ നയം തയ്യാറാക്കും. സ്‌പോർട്‌സിന്‌ രാഷ്ട്രീയമില്ല. ജനുവരിയോടെ പുതിയ നയം നിലവിൽ വരും.

കായികനയത്തിന്റെ അടിസ്ഥാനമെന്തായിരിക്കും ?
കളിക്കും കളിക്കാർക്കും തന്നെയാകും സർക്കാരിന്റെ പ്രഥമ പരിഗണന. എന്നാൽ, മെഡലുകൾക്കുവേണ്ടി മാത്രമാകരുത്‌ സ്‌പോർട്‌സ്‌. ‘കമ്യൂണിറ്റി സ്‌പോർട്‌സ്‌’ എന്ന ആശയം അടിസ്ഥാനമാക്കിയാകും കായികനയം. കേരളീയ സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന കായിക സംസ്‌കാരമാണ്‌ ലക്ഷ്യം. കായികരംഗത്തിനു മാത്രമല്ല സമൂഹമാകെ നയത്തിന്റെ ഗുണഭോക്താക്കളാകും. വിവിധ മേഖലയിൽ ഇതിന്റെ പ്രയോജനങ്ങളും ഇതുവഴി ലഭിക്കും. ഒരുദാഹരണം പറഞ്ഞാൽ, മികച്ച കായികക്ഷമത കൈവരിക്കാൻ കഴിഞ്ഞാൽ ആരോഗ്യമേഖലയിൽ നാം ചെലവഴിക്കുന്ന തുക കുറയ്‌ക്കാൻ സാധിക്കും. കായിക ഇനങ്ങളെയും താരങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യും.

മികവ്‌ തുടക്കത്തിലേ കണ്ടെത്തേണ്ടത്‌ അല്ലേ ?
തീർച്ചയായും. ഓരോ കുട്ടിയുടെയും കഴിവ്‌ തുടക്കത്തിൽത്തന്നെ കണ്ടെത്തണം. കിന്റർ ഗാർഡൻ മുതൽ കുട്ടികൾക്ക്‌ കായിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ പകരാൻ കഴിയണം. കഴിവ്‌ തിരിച്ചറിയാൻ സാധിക്കണം. നമ്മുടെ കരിക്കുലത്തിൽ കായിക വിഷയങ്ങൾ ഉൾപ്പെടുത്താനും നടപടി സ്വീകരിക്കണം. ഇതെല്ലാം ലക്ഷ്യമിട്ടാണ്‌ കായികനയം തയ്യാറാക്കുന്നത്‌.ആദിവാസി ഊരുകൾ, മലയോരപ്രദേശങ്ങൾ, തീരദേശം എന്നിവിടങ്ങളിൽ നിരവധി പ്രതിഭകളുണ്ട്‌. ആ മേഖലയ്ക്ക്‌ പ്രത്യേക ഊന്നൽ നൽകും.

കളികളുടെ സംഘാടനവും സ്റ്റേഡിയങ്ങളുടെ പരിപാലനവും പ്രധാനമല്ലേ?
സ്‌പോർട്‌സ്‌ കേരള ലിമിറ്റഡ്‌ എന്ന പൊതുസ്ഥാപനത്തിന്റെ മുഖ്യലക്ഷ്യംതന്നെ ഇതാണ്‌. സ്ഥാപനത്തിന്റെ പ്രവർത്തനം അടുത്തമാസം ആരംഭിക്കും. സ്‌റ്റേഡിയങ്ങളുടെ പരിപാലനം, കളികൾ സംഘടിപ്പിക്കൽ തുടങ്ങിയ ചുമതലകൾ ഇത്‌ വഹിക്കും. കായിക മന്ത്രിയായിരിക്കും ചെയർമാൻ. ഇതിനു പുറമെ തിരുവനന്തപുരത്ത്‌ കായിക ഭവൻ നിർമിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌.

മുഴുവൻ പഞ്ചായത്തിലും കളിക്കളം ഒരുക്കും. കളിക്കളമില്ലാത്ത പഞ്ചായത്തുകളുടെ ലിസ്റ്റ്‌ ശേഖരിക്കാൻ ആരംഭിച്ചു. ഇതിനു പുറമെ സ്വകാര്യമേഖലയുമായി സഹകരിച്ച്‌ അവരുടെ ടർഫുകളിൽ കളിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കും.

പരിശീലനരീതികൾ കാലത്തിനനുസൃതമായി മാറ്റാൻ എന്ത്‌ നടപടിയെടുക്കും?
നമ്മുടെ പരിശീലകരും പരിശീലനമുറകളും കാലത്തിനനുസൃതമായി മാറണം. ഈ മേഖലയിലെ പുതുചലനങ്ങൾക്ക്‌ അനുസൃതമായി പരിശീലകരും സ്വയം നവീകരിക്കണം. ഇതിന്റെ ഭാഗമായി അവർക്ക്‌ കായിക പരിശീലനപദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌. സായി ഉൾപ്പെടെയുള്ള ഈ രംഗത്തെ മികച്ച സ്ഥാപനങ്ങളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. പരിശീലകരുടെ പ്രകടനവും ഇനി നിരീക്ഷിക്കും.

കായികമേളകളിലൂടെ കൂടുതൽ മികച്ച റിസൽട്ട്‌ സൃഷ്ടിക്കാൻ ശ്രമിക്കുമോ?
കായികമേളകൾക്ക്‌ അടിമുടി മാറ്റംവരുത്താൻ പോകുകയാണ്‌. കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി അതുവഴി മികച്ച റിസൽട്ടും സൃഷ്ടിക്കാൻ കഴിയുംവിധമായിരിക്കും ഈ മാറ്റങ്ങൾ. പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ തലത്തിൽ മേളകൾ നടത്തും. ഓരോ ഘട്ടത്തിലും അതത്‌ തദ്ദേശസ്ഥാപനത്തിന്റെ സാമ്പത്തികം ഉൾപ്പെടെയുള്ള സഹകരണം ഉറപ്പാക്കും. താഴെത്തട്ടുമുതൽ രജിസ്‌ട്രേഷൻ ഓൺലൈനായിരിക്കും. സംസ്ഥാന മത്സരത്തിന്റെ വിധികർത്താക്കൾ പുറത്തുനിന്നുള്ളവരാകും. ഇത്തരത്തിൽ ജനകീയമായും കൂടുതൽ പങ്കാളിത്തത്തോടെയും മേള സംഘടിപ്പിക്കുമ്പോൾ അതിന്റെ റിസൽട്ടും വലുതായിരിക്കും.

പ്രൊഫഷണൽ കോഴ്‌സിലേക്ക്‌ പോകുന്നതോടെ താരങ്ങളെ നഷ്ടമാകുന്ന സ്ഥിതിക്ക്‌ എങ്ങനെ മാറ്റംവരുത്താം?
ഈ മേഖലയിലേക്ക്‌ പോകുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാനും മത്സരങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇടപെടും. കോഴ്‌സിൽ ചേരുന്ന ഘട്ടംമുതൽ ഈ രംഗത്തെ താരങ്ങളുടെ വിവരശേഖരണമടക്കം നടത്തിയാകും ഇടപെടൽ.

വ്യാജ സർട്ടിഫിക്കറ്റ്‌ തടയാനുള്ള നടപടികൾ
കായിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ ഓൺലൈൻ സംവിധാനം കൊണ്ടുവരാൻ പോകുകയാണ്‌ സർക്കാർ. ഇത്‌ വരുന്നതോടെ മറ്റു രീതിയിലുള്ള സർട്ടിഫിക്കറ്റ്‌ വിതരണം ഇല്ലതാകും. ഓൺലൈൻ വഴി സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ്‌ മാത്രമേ വിവിധ ആവശ്യങ്ങൾക്കായുള്ള അംഗീകൃതരേഖയായി അംഗീകരിക്കൂ.

അസോസിയേഷനുകളുടെ ഭിന്നിപ്പ്‌ ശ്രദ്ധയിൽപ്പെട്ടോ ?
കായികരംഗത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാകണം അസോസിയേഷനുകൾ. അതിനായി പ്രയത്നിക്കുന്നവ മാത്രം ഈ മേഖലയിൽ മതി. അസോസിയേഷൻ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്‌.

താരങ്ങളുടെ ഭക്ഷണം, ആരോഗ്യം എന്നിവ പ്രധാനമല്ലേ?
കായികതാരങ്ങൾക്ക്‌ അവരുടെ ശാരീരികക്ഷമത വർധിപ്പിക്കാനുള്ള ഭക്ഷണം ഉറപ്പാക്കും. അവരുടെ ആരോഗ്യത്തിന്‌ പ്രത്യേക ശ്രദ്ധ നൽകും. ഇതിന്‌ ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top