25 April Thursday

നാടാകെ വെളിച്ചം - അഭിമുഖം : എം എം മണി / ജെയ്‌സൺ ഫ്രാൻസിസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

കോവിഡ്‌ പ്രതിരോധത്തിൽ ലോകത്തിനു മാതൃകയാണ്‌ കേരളം. ജനങ്ങൾക്ക്‌ ആശ്വാസം പകരാൻ സമാനതകളില്ലാത്ത നടപടികളാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. ‘‘സവിശേഷ സാഹചര്യം തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ്‌ കോവിഡ്‌ കാലത്ത്‌ വൈദ്യുതി വകുപ്പും നടത്തുന്നതെന്ന്‌ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. നാടിന്റെയും നാട്ടുകാരുടെയും കഷ്ടങ്ങളും സങ്കടങ്ങളും മനസ്സിലാക്കി പ്രവർത്തിച്ചു. അഞ്ചു ജില്ലയിൽ കോവിഡ്‌ തീവ്രപരിചരണ ആശുപത്രികൾക്ക്‌ വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിക്കാൻ 50 കോടി അനുവദിച്ചതും വൈദ്യുതി ബില്ലടയ്‌ക്കാൻ സാവകാശം നൽകിയതുമുൾപ്പെടെ ആശ്വാസങ്ങൾ ഒട്ടേറെ. ലോക്ക്‌ഡൗൺ കാലത്ത്‌ വൻ നഷ്ടമുണ്ടായിട്ടുണ്ട്‌. ഇതൊന്നും നാട്ടുകാരെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. ജനപക്ഷത്താണ്‌ കെഎസ്‌ഇബി. അതിനിയും തുടരും. പ്രതിസന്ധികളെ മറികടന്ന്‌ കൂടുതൽ കാര്യക്ഷമമമായും ഊർജിതമായും വൈദ്യുതിരംഗത്ത്‌ ഇടപെടും’’–-മന്ത്രി പറഞ്ഞു


ചെറുതല്ല, വലിയ നഷ്ടം
വൻനഷ്ടമാണ്‌ കോവിഡ്‌ കാരണം വൈദ്യുതി മേഖലയ്‌ക്കുണ്ടായിരിക്കുന്നത്‌. രണ്ട്‌ പ്രകൃതിദുരന്തത്തിനുശേഷം നടുനിവർത്തി വരുമ്പോഴാണ്‌ കോവിഡ്‌. ദുരന്തങ്ങൾക്കിടയിലും വൈദ്യുതി ലഭ്യതയിൽ ഒരു പ്രയാസവും നേരിടാതിരിക്കാൻ ശ്രദ്ധിച്ചു. ജീവനക്കാർ അത്യധ്വാനം നടത്തി. വൈദ്യുതി വിൽപ്പനയിൽനിന്നുള്ള വരുമാനം, ഫിക്‌സഡ്‌ ചാർജ്‌ അടക്കമുള്ള പ്രത്യക്ഷ, പരോക്ഷ മേഖലകളിൽ ലോക്ക്‌ഡൗൺ കാലയളവിലെ നഷ്ടം 1000 കോടിക്കടുത്തു വരും.

അഞ്ചു ജില്ലയിലെ കോവിഡ് തീവ്രപരിചരണ ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, മരുന്നുകൾ എന്നിവയ്‌ക്കായി 50 കോടി രൂപ നൽകി. പിഴയില്ലാതെ വൈദ്യുതി ബിൽ അടയ്‌ക്കാനുള്ള തീയതി നീട്ടി. ഓൺലൈനായി ബില്ലടയ്‌ക്കാനുള്ള ട്രാൻസാക്‌ഷൻ ചാർജ്‌ ഒഴിവാക്കി. ആദ്യമായി ഓൺലൈൻ ബില്ലടയ്‌ക്കുന്നവർക്ക്‌ ബിൽത്തുകയുടെ അഞ്ചു ശതമാനം ക്യാഷ് ബാക്ക് നൽകി. വ്യവസായ വാണിജ്യസ്ഥാപനങ്ങളുടെ എൽടി, എച്ച്ടി, ഇഎച്ച്ടി വൈദ്യുതി കണക്‌ഷനുകളുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്കു മാറ്റി. കേബിൾ ടിവി ഓപ്പറേറ്റർമാർക്ക്‌ പോസ്റ്റിന്റെ വാടക അടയ്‌ക്കാൻ ജൂൺ 30 വരെ സാവകാശം. ഗാർഹികേതര എൽടി ഉപയോക്താക്കൾ ബിൽത്തുകയുടെ 70 ശതമാനം അടച്ചാൽ മതിയെന്ന്‌ അറിയിച്ചു. കാസർകോട്‌ മെഡിക്കൽ കോളേജിനടക്കം അതിവേഗം വൈദ്യുതി ലഭ്യമാക്കി.

 


 

വൈദ്യുതി മാത്രമല്ല കൃഷിയും
വൈദ്യുതി മാത്രമല്ല, ആഹാരത്തിനുള്ള വകയും ഇനി കെഎസ്‌ഇബി നൽകും. മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച്‌ കൃഷിയിലേക്ക്‌ ഇറങ്ങാൻ തീരുമാനിച്ചു. കെഎസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ള യോഗ്യമായ മുഴുവൻ സ്ഥലത്തും ഒരുമാസത്തിനുള്ളിൽ കൃഷിയിറക്കും. പച്ചക്കറി, പഴവർഗങ്ങൾ, ധാന്യം, കിഴങ്ങ്‌ അടക്കം വിവിധ വിളകൾ കൃഷി ചെയ്യും. വിത്തും വളവും കൃഷി വകുപ്പ്‌ ലഭ്യമാക്കും. ജീവനക്കാർ നേരിട്ടോ കുടുംബശ്രീ, തദ്ദേശഭരണ, കൃഷിവകുപ്പുകൾ, സന്നദ്ധസംഘങ്ങൾ മുഖേനയോ കൃഷി ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌.

നിരക്ക്‌ കൂട്ടില്ല
വൈദ്യുതിനിരക്ക്‌ വർധിപ്പിക്കുന്നത്‌ സർക്കാരിന്റെ ആലോചനയിലേ ഇല്ല. കോവിഡും ലോക്ക്‌ഡൗണും കാരണം നാട്ടുകാർ നട്ടംതിരിഞ്ഞിരിക്കുകയാണ്‌. അവരുടെ കഷ്ടപ്പാട്‌ നന്നായി അറിയാം. വൈദ്യുതിനിരക്ക്‌ കൂട്ടി അവരെ പ്രയാസത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ല.

സംസ്ഥാനത്തിന്‌ ആവശ്യമായ 30 ശതമാനം വൈദ്യുതിയാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്‌. ശേഷിക്കുന്നത്‌ പുറത്തുനിന്നും. ഈനില പോരാ. ഇവിടെയുള്ള ഉൽപ്പാദനം കൂട്ടണം. ഇതിനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. ലോക്ക്‌ഡൗൺ നിർമാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.   ഇളവുകൾ ലഭിച്ച പശ്ചാത്തലത്തിൽ നിർമാണ, നവീകരണപ്രവൃത്തികൾ അതിവേഗം പുനരാരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യും. മുൻഗണനാക്രമം നിശ്ചയിച്ച്‌ പദ്ധതികൾ നടപ്പാക്കും. 1000 മെഗാവാട്ട്‌ സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘സൗര’, അനുസ്യൂത വൈദ്യുതിക്കായി ദ്യുതി, 400 കെവി പ്രസരണശൃംഖല വ്യാപനത്തിനായുള്ള ട്രാൻസ്‌ഗ്രിഡ്‌, ഫിലമെന്റ്‌‌ രഹിത കേരളം, ഇ–-വെഹിക്കിൾ ചാർജിങ്‌ സ്‌റ്റേഷൻ, പുഗലൂർ മാടക്കത്തറ എച്ച്‌വിഡിസി ലൈൻ നിർമാണപദ്ധതികൾ പൂർത്തീകരിക്കും.

 


 

‘ഡാം’ പേടി വേണ്ട
ഇടുക്കി ഡാമിനെ ചുറ്റിപ്പറ്റി ഉയരുന്ന ആശങ്കകൾ അസ്ഥാനത്താണ്‌. ഇടുക്കിയിൽ ഇപ്പോൾ ജലനിരപ്പ്‌ മുൻവർഷത്തേക്കാൾ ഉയർന്നിരിക്കാൻ കാരണം ‘കോവിഡാണ്‌’. ലോക്ക്‌ഡൗൺ കാരണം വൈദ്യുതി ഉപയോഗം കുറഞ്ഞു. സ്വാഭാവികമായും ഇടുക്കിയിലെ ഉൽപ്പാദനം കുറച്ചു. അപ്പോൾ മുൻവർഷത്തേക്കാൾ അവിടെ ജലനിരപ്പുണ്ടാകുന്ന സാഹചര്യമുണ്ടായി. ജലനിരപ്പ്‌ നിയന്ത്രിക്കാൻ ഉൽപ്പാദനം എട്ടരദശലക്ഷമായി ഉയർത്തിയിട്ടുണ്ട്‌. ജൂണിലും ഉയർന്നതോതിൽ ഉൽപ്പാദനം നടത്തും. ഡാമുകൾക്ക്‌ എമർജൻസി ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌.

കോവിഡ്‌ കാലത്തും വൈദ്യുതി രംഗത്ത്‌ കേന്ദ്രം ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല . കെഎസ്‌ഇബിയുടെ നഷ്ടത്തിന്‌ അനുസരിച്ച്‌ സമാശ്വാസം പകരുന്ന സമീപനമല്ല കേന്ദ്രത്തിന്റേത്‌. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്തേജക പാക്കേജും നിശാശപ്പെടുത്തുന്നതാണ്‌.

 

പരാതി പരിഹരിക്കും
വേനൽക്കാലത്ത്‌ സാധാരണഗതിയിൽ വീടുകളിലെ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്‌. ഇത്തവണ ലോക്ക്ഡൗൺ ആയതിനാൽ കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ട്‌. മിക്കവാറും എല്ലാ വീട്ടിലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷൻ, മിക്‌സി, ഫാൻ, ഫ്രിഡജ്‌ ഉൾപ്പെടെ എല്ലാ ഉപകരണവും കൂടുതൽ സമയം പ്രവർത്തിപ്പിച്ചു.

വീടുകളിൽ വൈദ്യുതി ഉപയോഗം കൂടി. അതനുസരിച്ച് ബിൽത്തുകയും വർധിച്ചു. എന്നാൽ, ഉപയോഗത്തേക്കാൾ കൂടിയ നിരക്കിലുള്ള വൈദ്യുതി ബിൽ ചിലർക്ക്‌ ലഭിച്ചതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. പരിഹരിക്കാൻ നിർദേശം നൽകി. ഇത്തരം ബില്ലുകൾ പുനർനിർണയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top