29 March Friday

ഊന്നൽ 
സാമൂഹ്യവികസനത്തിന് - മന്ത്രി 
കെ രാധാകൃഷ്ണൻ സംസാരിക്കുന്നു

തയ്യാറാക്കിയത് : ദിനേശ് വർമUpdated: Monday Jul 5, 2021

എന്നും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വീണ്ടും പറയാനിടവരരുത്- എന്നതിലാണ് ഭരണമികവ്- പ്രകടമാകുന്നത്. പട്ടികജാതി, വർഗ പിന്നോക്ക 
മേഖലകളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിലേറെ കാര്യങ്ങൾ 
ചെയ്യാൻ ബാക്കിയുണ്ട്-. ദേവസ്വം ബോർഡുകൾ പ്രതിസന്ധിയിലാണ്. 
സർക്കാർ കൂടെയുള്ളതുകൊണ്ടുമാത്രം അവയുടെ പ്രവർത്തനം മുന്നോട്ട്- 
പോകുന്നു. പക്ഷേ, എത്രനാൾ തുടരാൻ കഴിയും? സ്വന്തം കാലിൽ 
നിൽക്കാൻ സാധിക്കേണ്ടേ? പട്ടികജാതി ‐ പട്ടികവർഗ, പിന്നോക്ക 
വിഭാഗ വികസന–-ദേവസ്വം പാർലമെന്ററികാര്യ മന്ത്രി 
കെ രാധാകൃഷ്-ണൻ ദേശാഭിമാനിയോട്-.  


പട്ടികജാതി‐പട്ടികവർഗമേഖലയിൽ ഇപ്പോഴും പലവിധ പ്രശ്-നങ്ങൾ നിലവിലുണ്ട്-. എങ്ങനെയാണ് അവ പരിഹരിക്കാൻ ശ്രമിക്കുന്നത്-?
ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന പട്ടികജാതി‐പട്ടികവർഗ ജനസമൂഹത്തെ മുൻനിരയിലേ-ക്ക്- കൊണ്ടുവരികയാണ് ലക്ഷ്യം. ഇവരുടെ ഉന്നമനത്തിനായി ഒട്ടേറെ ഫണ്ടും പദ്ധതികളും നിലവിലുണ്ട്-. അതിന്റെ പ്രയോജനം പൂർണമായി ലഭിക്കണം. പോരായ്-മകൾ പരിഹരിച്ച്- പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന കടമ.വിദ്യാഭ്യാസ പുരോഗതി, തൊഴിൽസാധ്യത വർധിപ്പിക്കൽ, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ഭവനനിർമാണം എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കാനുദ്ദേശിക്കുന്നത്-. കോളനികളുടെ വികസനത്തിന്‌ കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്-. വിവിധ ഏജൻസികൾക്കാണ് ഇവയുടെ നിർവഹണ ചുമതല. ഫണ്ട് അനുവദിച്ചതുകൊണ്ടുമാത്രം കാര്യമില്ല. സമയബന്ധിതവും കാര്യക്ഷമവുമായ പദ്ധതി നിർവഹണത്തിലൂടെ മാത്രമേ ഈ വിഭാഗം ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാനാകൂ. പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട്- വലിയൊരു സംഖ്യ ഫണ്ടായി ത്രിതല പഞ്ചായത്ത്- സംവിധാനങ്ങൾക്ക് നൽകിവരുന്നുണ്ട്-. എന്നാൽ, അവയുടെ വിനിയോഗം ഈ ജനവിഭാഗങ്ങളുടെ ജീവിതസൗകര്യങ്ങളിൽ എത്രമാത്രം പ്രയോജനകരമായി എന്നതിനെക്കുറിച്ച്- പഠനവും പരിശോധനയും നടത്തേണ്ടതുണ്ട്-.

വിദ്യാഭ്യാസരംഗത്ത് കൂടുതൽ ഊന്നൽ നൽകും. കുട്ടികളെ ആധുനിക സാങ്കേതികവിദ്യയിൽ അറിവുള്ളവരാക്കാൻ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ആധുനികവൽക്കരിക്കും. വിദേശങ്ങളിലടക്കം ഉപരിപഠനം നടത്താനും പുതിയ കോഴ്-സുകൾ തെരഞ്ഞെടുക്കാനും പരിശീലനം നൽകുന്നതിലൂടെ മാത്രമേ മറ്റുള്ളവരോടൊപ്പമെത്തിക്കാൻ സാധിക്കുകയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. പാവപ്പെട്ട കുട്ടികളെക്കൂടി ഒപ്പമെത്തിച്ചില്ലെങ്കിൽ നേട്ടങ്ങളിൽനിന്ന്‌ പിറകോട്ട്- പോകും. ആവശ്യമായ ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയണം.

ഇന്റർനെറ്റ്, വൈദ്യുതി എന്നിവയുടെ ലഭ്യതയുമായി ബന്ധപ്പെട്ട ചില പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്-. അത് പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകം താൽപ്പര്യമെടുത്താണ് മുന്നോട്ട് പോകുന്നത്-. പട്ടികവർഗ വിദ്യാർഥികളിൽപ്പെട്ട നിരവധി കുട്ടികളുടെ വീടുകളിൽ ഡിജിറ്റൽ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. മറ്റു പാവപ്പെട്ട കുട്ടികൾക്കും ഇതേപ്രശ്നം നേരിടേണ്ടിവരുന്നുണ്ട്-. അത്തരം കുട്ടികളുടെ കണക്കെടുത്ത്- ഡിജിറ്റൽ സൗകര്യങ്ങളെത്തിച്ചു കൊടുക്കാൻ വിദ്യാഭ്യാസം, തദ്ദേശഭരണം, ഐടി, വൈദ്യുതി എന്നീ വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക്- പട്ടികജാതി‐പട്ടികവർഗ വകുപ്പ്- നേതൃപരമായ പങ്കുവഹിച്ചുവരികയാണ്.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ മെച്ചപ്പെടുത്തേണ്ടതുണ്ട്-. ചില ഹോസ്റ്റലുകളിൽ കുട്ടികളേക്കാൾ ജീവനക്കാരുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്-. ഈ സംവിധാനത്തിന്റെ നിലനിൽപ്പിന് സർക്കാർ വലിയ ഫണ്ടനുവദിക്കുന്നുണ്ട്-. അതിന്റെ ഗുണം ലഭ്യമാകുന്ന രീതിയിൽ ഹോസ്റ്റലുകളെ ആധുനികവൽക്കരിക്കാനും മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പാലക്കാട്- ഒരു മെഡിക്കൽ കോളേജ്- പ്രവർത്തിച്ചുവരുന്നു. പരിമിതികൾ പരിഹരിച്ച് സമ്പൂർണ മെഡിക്കൽ കോളേജാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. വിദ്യാർഥികൾ കൂടുതലും പട്ടികജാതി‐പട്ടികവർഗത്തിൽപ്പെട്ടവരാണ്. നാനൂറോളം ജീവനക്കാരുണ്ട്-. ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്- പട്ടികജാതി വികസന ഫണ്ടിൽ നിന്നാണ്. ഇത് പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പട്ടികജാതി സമൂഹത്തിന്റെ ആകെ വികസനത്തിനായി ഉപയോഗിക്കേണ്ട ഈ ഫണ്ടിന് ബദലായി മറ്റ് സംവിധാനങ്ങളിലൂടെ ഫണ്ട്- ലഭ്യമാക്കി ഇത്തരം ചെലവുകൾ നിർവഹിക്കുന്നതിനെക്കുറിച്ച്- ആലോചിക്കും. വകുപ്പിന് കീഴിലുള്ള 44 ഐടിഐ നവീകരിക്കേണ്ടതുണ്ട്-. പുതിയ കോഴ്-സുകൾ ആരംഭിക്കും. തൊഴിൽപരിശീലനം നേടിയ വിദ്യാർഥികളെ വാർത്തെടുത്ത് തൊഴിൽ ലഭ്യത ഉറപ്പുവരുത്തും. ആദിവാസി ജനവിഭാഗത്തിൽ ഉൾവനങ്ങളിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പാക്കും. വിദ്യാഭ്യാസ, ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പരിപാടികൾ നടപ്പാക്കും.

തൊഴിലവസരങ്ങൾക്ക്‌ സർക്കാർ അതീവപ്രാധാന്യമാണ് നൽകുന്നത്-. പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങൾക്കായി ആവിഷ്-കരിക്കുന്ന പദ്ധതികളിലെ ഗുണഭോക്താക്കൾക്ക്- യഥാർഥത്തിൽ അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ഉദാഹരണത്തിന് പെട്രോൾ പമ്പുകൾ, റേഷൻകടകൾ, ഷോപ്പിങ്‌- കോംപ്ലക്-സുകളിലെ കടമുറികൾ തുടങ്ങിയവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളല്ല നോക്കി നടത്തുന്നതെന്ന് കാണാൻ കഴിയും. ഇതിന് കാരണം ഈ ജനവിഭാഗത്തിന്റെ സാമ്പത്തിക‐വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചൂഷണംചെയ്ത്‌  ബോധപൂർവം സ്ഥാപിച്ചെടുക്കുന്ന മേധാവിത്വ ശക്തികളുടെ പ്രവർത്തനമാണ്. പട്ടികജാതിപട്ടികവർഗ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ തന്ത്രപൂർവം തട്ടിയെടുക്കുന്ന പ്രവണത അവസാനിപ്പിക്കും. ഇതിനായി പ്രത്യേകം മോണിറ്ററിങ്‌- സംവിധാനം ഏർപ്പെടുത്തും, "സാമൂഹ്യ മൂലധന' (സോഷ്യൽ കാപ്പിറ്റൽ)-ത്തിന്റെ അഭാവമാണ് ആനുകൂല്യങ്ങൾ സംരക്ഷിക്കാനും എല്ലാ മേഖലയിലും പരിഗണന ലഭിക്കുന്നതിനും പട്ടികജാതി‐പട്ടികവർഗ ജനവിഭാഗത്തിന് തടസ്സമായി നിൽക്കുന്നത്-. എല്ലാ മേഖലയിലും പ്രാതിനിധ്യം പൂർണമായും ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേ-ക്ക്- കൈപിടിച്ചുയർത്താനാണ് ഉദ്ദേശിക്കുന്നത്-. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം പരിശോധിക്കും. നല്ലൊരു ശതമാനം ഉദ്യോഗസ്ഥർ ആത്മാർഥമായി ജോലിയെടുക്കുന്നുണ്ട്-. ചിലയിടങ്ങളിൽ പോരായ്-മകളുണ്ട്-. അവ പരിഹരിക്കും.

പിന്നോക്ക ക്ഷേമപ്രവർത്തനം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത്-?
കേരളത്തിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പിന്നോക്ക ക്ഷേമ വകുപ്പ്- രൂപീകരിക്കപ്പെട്ടത്-. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് റീജ്യണൽ ഓഫീസുണ്ട്-. വികസനവും ക്ഷേമവും ഉറപ്പാക്കാൻ പിന്നോക്ക വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. 14 ജില്ലയിലും ഓഫീസ്- തുടങ്ങും.

1995 മുതലാണ് പിന്നോക്ക വികസന കോർപറേഷൻ പ്രവർത്തനം ആരംഭിച്ചത്-. കോർപറേഷൻ ആസ്ഥാനവും 14 ജില്ലാ ഓഫീസും 20 ഉപജില്ലാ ഓഫീസുമടക്കം 35 ഓഫീസ്‌ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ആവശ്യമായ സാമ്പത്തികസഹായം നൽകുന്ന പദ്ധതികൾ കോർപറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കും. പട്ടികജാതി‐ പട്ടികവർഗ കോർപറേഷൻ, പിന്നോക്ക സമുദായ കോർപറേഷൻ, പരിവർത്തിത ക്രൈസ്-തവ‐ശുപാർശിത വികസന കോർപറേഷൻ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ, വിപണന ക്ഷേമ വികസന കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിൽ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്-.

ദേവസ്വം ബോർഡുകൾ കടുത്ത പ്രതിസന്ധിയിലാണല്ലോ. എങ്ങനെ അവയെ കരകയറ്റാനാകും?
തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളാണ് സർക്കാരിന് കീഴിലുള്ളത്. ഇവയിലെല്ലാംകൂടി പതിനേഴായിരത്തിലധികം ജീവനക്കാരും അത്രത്തോളം പെൻഷൻകാരുമുണ്ട്-. ദേവസ്വം ബോർഡുകൾക്ക്- കീഴിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്-. കൂടാതെ, ദേവസ്വം ബോർഡുകളുടെ കീഴിൽ സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമുണ്ട്-. വേണ്ടത്ര വരുമാനമുള്ള ക്ഷേത്രങ്ങൾ അപൂർവമാണ്. പ്രളയവും കോവിഡും സൃഷ്ടിച്ച സാഹചര്യം ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്-.

ദേവസ്വങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു. സർക്കാർ ഖജനാവിൽനിന്ന്‌ പണമെടുത്താണ് രണ്ട് മൂന്ന് വർഷമായി ശമ്പളമടക്കം നൽകിവരുന്നത്-. വരുമാനമില്ലെങ്കിലും പ്രധാനപ്പെട്ട നിർമാണപ്രവർത്തനങ്ങൾ തടസ്സംകൂടാതെ മുന്നോട്ട്- കൊണ്ടുപോകാനാകണം. ശബരിമല മാസ്റ്റർ പ്ലാനിനും ഭക്തജനങ്ങൾക്കായി ഇടത്താവളങ്ങൾ നിർമിക്കാനുമായി 150 കോടി രൂപ കിഫ്-ബിയിൽനിന്ന്‌ അനുവദിച്ചു. മറ്റു ദേവസ്വം ബോർഡുകൾക്കും കിഫ്ബി സഹായം ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. ഫണ്ടുകൾ ലഭിച്ചതുകൊണ്ടു മാത്രമായില്ല. കൃത്യമായി ഉപയോഗപ്പെടുത്താനും കഴിയണം. ദേവസ്വം ബോർഡുകളിൽ വിപുലവും ശക്തവുമായ എൻജിനിയറിങ്‌- വിഭാഗമാണുള്ളത്. ഫണ്ടും പദ്ധതികളുമില്ലാത്തതിനാൽ അവരുടെ സേവനം പൂർണമായും നമുക്കുപയോഗപ്പെടുത്താനാകുന്നില്ല. ഇതിന് പരിഹാരം കാണാൻ ദേവസ്വം ബോർഡുകളുടെ തനത്- വരുമാനം വർധിപ്പിക്കുക മാത്രമേ വഴിയുള്ളൂ.

ദേവസ്വങ്ങളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കർ ഭൂമി ദേവസ്വത്തിനോ ക്ഷേത്രത്തിനോ വിശ്വാസത്തിനോ കോട്ടം തട്ടാതെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും. ഏകപക്ഷീയമായി ഒന്നും നടപ്പാക്കില്ല. ഈ ശ്രമം വിജയിച്ചാൽ മൂന്ന് വർഷത്തിനകം ദേവസ്വം ബോർഡുകൾ സ്വയം പര്യാപ്തതയിലാകും. ക്ഷേത്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്-. ദേവസ്വം ബോർഡുകളുടെ കീഴിലുള്ള സ്കൂളുകളും കോളേജുകളുമടക്കമുള്ള സ്ഥാപനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്-. നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ചില സാങ്കേതികതടസ്സങ്ങൾ ദേവസ്വങ്ങൾ നേരിടുന്നുണ്ട്. സ്വകാര്യ ക്ഷേത്രങ്ങളിലെയും ട്രസ്റ്റികൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെയും ജീവനക്കാരുടെ പ്രശ്-നങ്ങൾക്ക്- പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തും. പൊതുവിൽ ഈ രംഗത്ത്- സുതാര്യമായ പ്രവർത്തനങ്ങൾതന്നെ ഉണ്ടാകും. പാർലമെന്ററികാര്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top