17 April Wednesday

പുതിയ കാലം പുതിയ വെല്ലുവിളികൾ - അഭിമുഖം : ഇ ചന്ദ്രശേഖരൻ / മിൽജിത്ത്‌ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കോവിഡ്‌ മഹാമാരിക്കെതിരെ മാസങ്ങൾ നീണ്ട വിശ്രമരഹിതമായ പോരാട്ടം. ഒപ്പം, ആശങ്കയായി മുന്നിലെത്തിയ കാലവർഷവും പ്രളയസാധ്യതയും. എന്നാൽ, സംസ്ഥാനത്തെ റവന്യു, ദുരന്തനിവാരണ വകുപ്പുകൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌; പ്രതികൂലവും പ്രതിസന്ധി നിറഞ്ഞതുമായ ഈ ഘട്ടത്തെയും അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസം. രണ്ടു വകുപ്പിനെയും നയിക്കുന്ന മന്ത്രി ഇ ചന്ദ്രശേഖരന്റെ വാക്കുകളിൽ പ്രകടമാകുന്നതും അതാണ്‌. കഴിഞ്ഞ രണ്ടു പ്രളയത്തിന്റെ അനുഭവങ്ങളും പാഠങ്ങളും ഉൾക്കൊണ്ട്‌ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പുതിയ ഉത്തരവാദിത്തംകൂടി ഏറ്റെടുത്തതായി ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

കോവിഡ്‌ –-19ന്‌ എതിരായ പോരാട്ടത്തിന്റെ പുതിയ ഘട്ടത്തിലേക്ക്‌ നാം കടക്കുകയാണ്‌. ഈ സാഹചര്യത്തിനനുസൃതമായി സർക്കാർ വകുപ്പുകളുടെ പ്രവർത്തനരീതിയും ഉപാധികളും മാറണം. വരുംകാലത്തേക്കുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ രോഗവ്യാപനമുണ്ടാക്കുന്ന സാഹചര്യങ്ങളും സാധ്യതകളും ഒഴിവാക്കണം. ജനങ്ങളുടെ അവകാശമായ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിൽ ഒരു കുറവും വരരുത്‌. ലക്ഷ്യങ്ങൾ മുന്നിലുണ്ട്‌. അതിനനുസരിച്ചുള്ള നടപടികൾക്ക്‌ തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. 

കോവിഡ്‌ –-19 സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്‌ത ഘട്ടത്തിൽത്തന്നെ റവന്യു വകുപ്പും കർമനിരതരായി. വില്ലേജ്‌ ഓഫീസ്‌ വരെയുള്ള ജീവനക്കാർ അതിന്റെ ഭാഗമായി. സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ സജീവമായ ഇടപെടൽ. ആരോഗ്യവകുപ്പിനു പിന്തുണയുമായി ദുരന്തനിവാരണ അതോറിറ്റിയുമുണ്ടായി. രണ്ടര ലക്ഷത്തോളം ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിന്റെ ചുമതലയും പിഡബ്ല്യുഡിക്കൊപ്പം ഏറ്റെടുത്തു.
 

കേന്ദ്ര മാനദണ്ഡം വിലങ്ങുതടി
കോവിഡ്‌ ദുരിതാശ്വാസമായി കേന്ദ്രം നൽകിയ പണമുണ്ടല്ലോ, പിന്നെന്താ എന്നു ചോദിക്കുന്നവരുണ്ട്‌. ദുരന്തപ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് പ്രതിരോധസഹായമായി ചിലർ ചിത്രീകരിക്കുന്നു. വാസ്‌തവത്തിൽ 15–-ാം ധന കമീഷൻ കേരളത്തിന്റെ വിഹിതമായി നിശ്ചയിച്ച 314 കോടിയുടെ പകുതിയായ 157 കോടി രൂപയാണ്‌ ലഭിച്ചത്‌. കോവിഡ്‌ ഇല്ലായിരുന്നെങ്കിലും ഈ തുക ലഭിക്കുമായിരുന്നു.

ഈ തുകയിൽനിന്ന്‌ കോവിഡ് പ്രതിരോധച്ചെലവുകൾ സംസ്ഥാനം നിർവഹിക്കുന്നുണ്ട്‌. അതിഥിത്തൊഴിലാളികൾക്കടക്കം സൗകര്യമൊരുക്കാൻ 17 കോടി രൂപ കലക്ടർമാർക്കും 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങൾ വാങ്ങാനും നൽകി. പണം ചെലവഴിക്കുന്നതിന്‌ കേന്ദ്രം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും വിലങ്ങുതടിയാണ്‌. 



വെല്ലുവിളിയായി പ്രളയസാധ്യതയും
ഈവർഷം സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്‌. ആഗസ്‌തിൽ അതിവർഷമെന്ന മുന്നറിയിപ്പും. ഈ സാഹചര്യം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞു. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള പദ്ധതിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. കോവിഡ്‌ ക്വാറന്റൈനായി രണ്ടരലക്ഷത്തിലേറെ മുറികളാണ്‌ തയ്യാറാക്കിയത്‌. ഇതിനു സമാന്തരമായി വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യമൊരുക്കണം. കോവിഡിന്റെ സാഹചര്യത്തിൽ വെള്ളപ്പൊക്കംമൂലം ഒഴിപ്പിക്കുന്നവരെ ഒന്നിച്ചു പാർപ്പിക്കാൻ കഴിയില്ല. നാലുതരം കെട്ടിടം ഇതിനായി വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവർക്ക്, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഇങ്ങനെ നാലു വിഭാഗം. പ്രതിബന്ധങ്ങൾ ഏറെയാണ്‌. എന്നാൽ, ആ വെല്ലുവിളിയും നാം ഏറ്റെടുക്കുന്നു. വളന്റിയർമാർക്ക് ദുരന്തപ്രതികരണത്തിനുള്ള പരിശീലനവും ഉടൻ ആരംഭിക്കും.

അവശ്യ സർട്ടിഫിക്കറ്റുകൾ മൊബൈൽ ആപ് വഴി
ജനങ്ങൾക്ക്‌ അവശ്യസേവനങ്ങൾക്കായി ഓഫീസുകളിൽ എത്താൻ നിലവിൽ പ്രയാസമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ റവന്യു വകുപ്പ്‌ അവശ്യ സർട്ടിഫിക്കറ്റുകൾ മൊബൈൽ ആപ് വഴി നൽകുന്നത്‌. ‘എം കേരളം’ എന്ന ആപ് വഴി റവന്യൂ വകുപ്പിൽനിന്നുള്ള 24 ഇനം സർട്ടിഫിക്കറ്റ്‌ ലഭിക്കും. സാക്ഷ്യപത്രങ്ങൾക്കായി   അപേക്ഷ നൽകാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും ആപ് വഴി സാധിക്കും. വില്ലേജ് ഓഫീസുകളിലെയും അക്ഷയ സെന്ററുകളിലെയും തിരക്കും ഇതുവഴി ഒഴിവാക്കാം.

പട്ടയങ്ങൾ ഉടൻ
പുതിയ സാഹചര്യംകൂടി കണക്കിലെടുത്ത്‌ റവന്യൂ വകുപ്പ്‌ ചില ലക്ഷ്യങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു. അതിലൊന്ന്‌ പട്ടയങ്ങൾ സമയബന്ധിതമായി നൽകുക എന്നതാണ്‌. 1977 ജനുവരി ഒന്നിനുമുമ്പ്‌ കൈവശമുള്ള വനഭൂമി പതിച്ചുനൽകാൻ ബാക്കിയുള്ളതിന്റെ നടപടി വേഗത്തിലാക്കും. പാട്ടവ്യവസ്ഥകൾ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ ഭൂമിയിൽ കുടിശ്ശിക പിരിക്കാനും ഒഴിപ്പിക്കാനും നടപടി സ്വീകരിക്കും. സംസ്ഥാനത്ത്‌ 3118 ഹെക്ടർ ഭൂമിയാണ്‌ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മാത്രം പാട്ടത്തിനു നൽകിയിട്ടുള്ളത്‌. ഇതിൽ പാട്ടവ്യവസ്ഥ ലംഘിച്ച 1629.81 ഹെക്ടർ ഭൂമിയുണ്ട്‌. 1155 ഓളം കോടി രൂപ പാട്ടക്കുടിശ്ശികയും. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകും. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും കലാകായിക–- സാംസ്‌കാരിക സംഘടനകളും വായനശാലകളും ചാരിറ്റബിൾ സ്ഥാപനങ്ങളും ശ്‌മശാനങ്ങളും ക്ലബ്ബുകളും കാലങ്ങളായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമിയിൽ അത്യാവശ്യം വേണ്ട ഭൂമി മാത്രം വ്യവസ്ഥകൾക്കു വിധേയമായി പതിച്ചുനൽകും.

കേസുകൾ തീർപ്പാക്കും
ലാൻഡ്‌ ട്രിബ്യൂണലുകളിൽ ബാക്കിയുള്ള കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കി പട്ടയം, ക്രയ സർട്ടിഫിക്കറ്റ്‌ എന്നിവ നൽകും. ലാൻഡ്‌ ട്രിബ്യൂണലുകളിൽ 81,684ഉം ദേവസ്വം ട്രിബ്യൂണലുകളിൽ 29,785 കേസാണ്‌ തീർപ്പാക്കാനുള്ളത്‌. വികസനപദ്ധതികൾക്കായി ഏറ്റെടുത്ത്‌ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി മറ്റു വികസനപദ്ധതികൾക്കോ സർക്കാരിനു ഗുണകരമായ ഉപയോഗങ്ങൾക്കോ ലഭ്യമാക്കും. ഇ ഓഫീസ്‌ സംവിധാനം 77 താലൂക്ക്‌ ഓഫീസിലേക്കും വ്യാപിപ്പിക്കും. 14 കലക്ടറേറ്റുകളെയും ഒരു വർഷത്തിനുള്ളിൽ ഐഎസ്‌ഒ സർട്ടിഫിക്കേഷനുള്ള സേവനകേന്ദ്രങ്ങളാക്കും.

ഗോത്രഭൂമി പദ്ധതി

2021 ജനുവരി ഒന്നിനുമുമ്പ്‌ കേരളത്തെ ഭൂരഹിത പട്ടികവർഗക്കാരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക്‌ തുടക്കംകുറിച്ചു. പട്ടിക ഗോത്രവർഗ വിഭാഗങ്ങളിൽ ഉപജീവനമാർഗം കാർഷികവൃത്തിയോ കൂലിപ്പണിയോ ആയ എല്ലാ പട്ടികഗോത്രവർഗ കുടുംബങ്ങൾക്കും കാർഷികവൃത്തിക്കായി ഒരേക്കർ മുതൽ രണ്ടേക്കർ ഭൂമി പട്ടയം മുഖേന അനുവദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top