10 December Sunday

ജനപക്ഷത്തുറച്ച് ‌ 
നിരന്തര പോരാട്ടം - അശോക്‌ ധാവ്‌ളെ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022

ഫോട്ടോ: എ ആർ അരുൺരാജ്‌

‘‘ബിജെപി സർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ പോരാടുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും ആവേശമായിരുന്നു  ഐതിഹാസികമായ കർഷകപ്രക്ഷോഭം. അതിലൂടെ രാജ്യത്ത്‌ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം വലുതാണ്‌. അതേസമയം, കർഷകസമരത്തിന്റെ വിജയം ഒന്നിന്റെയും അവസാനമായി കാണുന്നില്ല. കേന്ദ്ര സർക്കാരിന്റെ ആഗോളവൽക്കരണ നയങ്ങൾ ആത്യന്തികമായി ബാധിക്കുന്നത്‌ കർഷകരെയാണ്‌. കോർപറേറ്റ്‌ പ്രീണന നയങ്ങളുമായി കേന്ദ്രഭരണം തുടരുമ്പോൾ ആർക്കും വിശ്രമിക്കാൻ കഴിയില്ല’’.

കോട്ടയത്ത്‌ കേരള കർഷകസംഘം സംസ്ഥാന സമ്മേളന വേദിയിലെത്തിയ 
കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ  ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖം. തയ്യാറാക്കിയത്‌ സീനിയർ റിപ്പോർട്ടർ പി സി പ്രശോഭ്‌

കർഷകപ്രക്ഷോഭം രാജ്യത്ത്‌ ഇടതുപക്ഷ സ്വാധീനം എത്രത്തോളം വിപുലമാക്കി
രാജ്യത്തെ പൊരുതുന്ന ജനവിഭാഗങ്ങൾക്ക്‌ ഇടതുപക്ഷം നൽകിയ പ്രതീക്ഷ വലുതാണ്‌. കർഷകപ്രക്ഷോഭത്തിന്റെ വിജയം രാജ്യത്ത്‌ ഇടതുപക്ഷ സ്വാധീനം വർധിപ്പിച്ചു എന്നത്‌ വ്യക്തം. മഹാരാഷ്‌ട്രയിലെ തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐ എം നടത്തിയ മുന്നേറ്റത്തിന്‌ കർഷകപ്രക്ഷോഭം കാരണമായിട്ടുണ്ട്‌. എല്ലാ വിഭാഗങ്ങളെയും അണിനിരത്താൻ ആ സമരത്തിന്‌ സാധിച്ചു. മഹാരാഷ്‌ട്രയിൽ  ആയിരത്തി ഒരുനൂറിലധികം പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 92 പഞ്ചായത്തിലാണ്‌ സിപിഐ എം ഭരണം നേടിയത്‌. കർഷകസമരത്തിന്റെ കേന്ദ്രമായിരുന്ന ഇടത്തെല്ലാം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടായി. എന്നാൽ, മഹാരാഷ്‌ട്രയ്‌ക്ക്‌ തുല്യമായ മുന്നേറ്റം ഇടതുപക്ഷത്തിന്‌ എല്ലാ സംസ്ഥാനത്തും ഉടൻ ഉണ്ടാകണമെന്നില്ല. പ്രായോഗിക രാഷ്‌ട്രീയത്തിൽ അത്‌  പ്രതിഫലിക്കാൻ അൽപ്പം സമയമെടുക്കും.

കർഷകസമരത്തിലെ ജനകീയ 
പങ്കാളിത്തത്തെക്കുറിച്ച്‌

രാജ്യത്തെ അഞ്ഞൂറിലധികം പൊരുതുന്ന കർഷകസംഘടനകൾ കർഷക പ്രക്ഷോഭത്തിൽ അണിനിരന്നു. ബിജെപി അനുകൂല സംഘടനകൾ മാത്രം, ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ വിട്ടുനിന്നു.  ഏറ്റവും സുപ്രധാനകാര്യം സമരത്തിൽ പങ്കെടുത്തത്‌ കർഷകർ മാത്രമായിരുന്നില്ല എന്നതാണ്‌. വലിയൊരു വിഭാഗം തൊഴിലാളിവർഗവും  ഉണ്ടായിരുന്നു. ആ സമയത്ത്‌ മൂന്ന്‌ ഭാരത്‌ ബന്ദ്‌ നടത്തി. കർഷകരും കർഷകത്തൊഴിലാളികളും യുവാക്കളും വിദ്യാർഥികളുമെല്ലാം ഒപ്പം നിന്നതുകൊണ്ടാണ്‌ അവ വിജയമായത്‌. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന സമരം  ജനകീയ സമരമായിരുന്നു. കേന്ദ്ര സർക്കാരിനെതിരായ ജനവികാരം വ്യാപകമായിട്ടുണ്ടെന്നതിന്റെ തെളിവാണത്‌. കൂടുതൽ പേർ തീർച്ചയായും പ്രക്ഷോഭപാതയിലെത്തും.

അതേസമയം, രാജ്യത്തെ കർഷകരിൽ വലിയൊരു വിഭാഗം ഇനിയും രാഷ്‌ട്രീയവൽക്കരിക്കപ്പെടേണ്ടതുണ്ട്‌. അവർ നേരിടുന്ന അനീതിയെക്കുറിച്ച്‌  കൂടുതൽ ബോധവാൻമാരാക്കുകയെന്ന ദൗത്യം കിസാൻസഭ ഏറ്റെടുത്ത്‌ നടപ്പാക്കിവരികയാണ്‌. അവർ കൂടുതൽ ബോധവാൻമാരാകുന്നു എന്നതും പ്രതീക്ഷ നൽകുന്നു.

വർഗീയതയ്‌ക്കെതിരെ ദേശീയതലത്തിലെ 
പോരാട്ടം
വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്‌ ഇടതുപക്ഷമല്ലാതെ മറ്റൊരു ബദലില്ല. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ ഇടതുപക്ഷ മതനിരപേക്ഷ ശക്തികളും ഒന്നിക്കണം. ഇടതുപക്ഷം നേതൃത്വം കൊടുത്താൽ മാത്രമേ അത്തരം ആശയപ്രചാരണങ്ങൾ വിജയമാകൂവെന്നത്‌ ചരിത്രം തെളിയിച്ചിട്ടുള്ളതാണ്‌. ബിഹാറിൽ നിതീഷ്‌കുമാറിന്റെ മുന്നേറ്റം നല്ല കാര്യമാണ്‌. പല സംസ്ഥാനങ്ങളിലും ഇത്തരം ജനാധിപത്യശക്തികൾ ബിജെപിക്കെതിരെ ഒന്നിക്കുന്നുണ്ട്‌. ഇടതുപക്ഷത്തിനെതിരെ കോൺഗ്രസും ബിജെപിയും പരസ്‌പര ധാരണയിലാണ്‌ മുന്നോട്ടുപോകുന്നത്‌. അതുകൊണ്ട്‌ കോൺഗ്രസിൽനിന്ന്‌ വർഗീയതയ്‌ക്കെതിരായ ഒരു നിലപാടും പ്രതീക്ഷിക്കാൻ കഴിയില്ല.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്‌ 
കോൺഗ്രസിന്‌ എത്രത്തോളം ഗുണംചെയ്യും
ഒരു പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയതുകൊണ്ടുമാത്രം കോൺഗ്രസിന്റെ നിലപാടുകളിൽ സമൂലമായ മാറ്റമൊന്നും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. കാരണം, കോൺഗ്രസിന്റെ അടിസ്ഥാന നിലപാട്‌ കോർപറേറ്റുകൾക്ക്‌ അനുകൂലമാണ്‌. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ കോൺഗ്രസ്‌ കുറച്ച്‌ ജനകീയമായ നിലപാടുകൾ എടുത്തത്‌ പാർലമെന്റിലെ ഇടതുപക്ഷ അംഗങ്ങളുടെ സമ്മർദംകൊണ്ടു മാത്രമാണ്‌. മല്ലികാർജുൻ ഖാർഗെ വന്നതുകൊണ്ട്‌ അത്ഭുതമൊന്നും സംഭവിക്കില്ല.  ആദ്യം ചെയ്യേണ്ടത്‌, വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുകയാണ്‌.
 
കേരളാ ബദലിന്റെ പ്രാധാന്യം
കേരളത്തിന്‌ കമ്യൂണിസ്റ്റ്‌ പോരാട്ടങ്ങളുടെ മഹത്തായ പാരമ്പര്യമുണ്ട്‌. ആ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അടിത്തറയിട്ടത്‌ പി കൃഷ്‌ണപിള്ള, എ കെ ജി, ഇ എം എസ്‌ തുടങ്ങിയ മഹാൻമാരായ നേതാക്കളാണ്‌. തുടർഭരണം നേടി എൽഡിഎഫ്‌ ചരിത്രം സൃഷ്ടിച്ചു. പിണറായി സർക്കാരിന്റെ നയങ്ങൾ ഏറെ ജനപ്രിയവും സാധാരണക്കാർക്ക്‌ ആശ്വാസകരവുമാണ്‌. ഉദാഹരണത്തിന്‌, മറ്റു സംസ്ഥാനങ്ങൾ നെല്ല്‌ ക്വിന്റലിന്‌ 1000–-1200 രൂപ മാത്രം നൽകുമ്പോൾ, കേരളത്തിൽ 2800 രൂപ നൽകുന്നു. ശക്തമായ പൊതുവിതരണ സംവിധാനമാണ്‌ കേരളത്തിലേത്‌. വിദ്യാഭ്യാസത്തിന്റെ കാര്യമാണ്‌ ഏറ്റവും ശ്രദ്ധേയം. 

മറ്റു സംസ്ഥാനങ്ങളിൽ സമ്പന്നർ മക്കളെ സർക്കാർ സ്‌കൂളുകളിൽനിന്ന്‌ മാറ്റി സ്വകാര്യ സ്‌കൂളുകളിൽ ചേർക്കുമ്പോൾ, കേരളത്തിൽ സ്വകാര്യ സ്‌കൂളിൽനിന്ന്‌ മാറ്റി സർക്കാർ സ്‌കൂളുകളിൽ ചേർക്കുന്നു. കോവിഡിനെ  പിണറായി സർക്കാർ നേരിട്ടതുപോലെ വിജയകരമായി മറ്റൊരു സംസ്ഥാനവും നേരിട്ടിട്ടില്ല. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിലാണ്‌. ഇതെല്ലാമാണ്‌ കേരള മോഡൽ രാജ്യത്തിനു മുന്നിൽ മാതൃകയാകുന്നത്‌.

മോദി–-കോർപറേറ്റ്‌ ഭരണത്തിൽ കർഷകരുടെ 
തുടർപോരാട്ടം
മോദി സർക്കാരിന്റെ നയങ്ങൾ തന്നെയായിരിക്കും ഭാവിയിലും കർഷകരുടെ പ്രധാന ശത്രു. ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ എന്തും തീറെഴുതി കൊടുക്കുന്ന നിലപാടിൽനിന്ന്‌ ബിജെപി സർക്കാർ  പിന്നോട്ടുപോകില്ല.  കോർപറേറ്റ്‌ പ്രീണന –- നവഉദാരവൽക്കരണ നിലപാടിൽനിന്ന്‌  മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. ആ നിലപാടുകൾ കർഷകരെ മാത്രമല്ല, കർഷകത്തൊഴിലാളികൾ അടക്കമുള്ള എല്ലാ സാധാരണക്കാരെയും ബാധിക്കും. അതുകൊണ്ട്‌ യോജിച്ചുള്ള പ്രക്ഷോഭത്തിലൂടെ ബിജെപിയുടെ ഭരണം അവസാനിക്കുന്നതുവരെ പ്രക്ഷോഭം തുടരും.   പാർലമെന്റിൽ നിയമനിർമാണം നടത്തി സ്വാമിനാഥൻ കമീഷൻ ശുപാർശകൾ നടപ്പാക്കണമെന്നതാണ്‌  അടിയന്തര  ആവശ്യം. കർഷകരുടെ ഭൂമി ഏറ്റെടുത്ത്‌ കോർപറേറ്റുകൾക്ക്‌ നൽകാനുള്ള ശ്രമവും നടക്കുകയാണ്‌. കൃഷിഭൂമിയിൽ ബഹുരാഷ്‌ട്ര കമ്പനികളുടെ   സ്ഥാപനങ്ങൾ തുടങ്ങി, കർഷകരെ പെരുവഴിയിലാക്കാനുള്ള കേന്ദ്ര  നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കും.
 
കേരളത്തിലെ ഗവർണറുടെ ജനാധിപത്യവിരുദ്ധ സമീപനത്തെക്കുറിച്ച്‌
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ അവർ നിയമിക്കുന്ന ഗവർണർമാരെല്ലാം ഏറെക്കുറെ ഇതുതന്നെയാണ്‌ ചെയ്യുന്നത്‌. അതായത്‌, ഭരണനിർവഹണം തടസ്സപ്പെടുത്തുക. മഹാരാഷ്‌ട്രയിൽ ഗവർണർ ഭഗത്‌സിങ്‌ കോഷിയാരി ശ്രമിച്ചതും സർക്കാരിനെ അസ്ഥിരപ്പെടുത്താനായിരുന്നു.  ആരിഫ്‌ മൊഹമ്മദ്‌ ഖാൻ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു.  ഗവർണറുടെ നിലപാടുകൾ ഭരണഘടനാവിരുദ്ധമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top