25 April Thursday

ഒരുങ്ങും ഹരിതകവചം - വനംമന്ത്രി എ കെ ശശീന്ദ്രൻ സംസാരിക്കുന്നു


തയ്യാറാക്കിയത്‌: ജെയ്‌സൻ ഫ്രാൻസിസ്‌Updated: Tuesday Jul 27, 2021

‘‘പരിസ്ഥിതിക്കും മനുഷ്യനും കാവലും കരുതലുമാകുകയാണ്‌ 
മുഖ്യലക്ഷ്യങ്ങളിലൊന്ന്‌. ഭൂമിക്ക്‌ ഹരിതമേലാപ്പൊരുക്കുന്നതിലൂടെ ശുദ്ധവായു, ശുദ്ധജലം എന്നിവ മനുഷ്യന്‌ ഉറപ്പാക്കാൻ കഴിയും. ആഗോളതാപനം ഉൾപ്പെടെയുള്ള 
വെല്ലുവിളികളെ മറികടക്കാനും സാധിക്കും. ഇത്‌ ലക്ഷ്യമിട്ടുള്ള പദ്ധതികളും 
പരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനൊപ്പം 
വനത്തെയും വന്യജീവികളെയും സംരക്ഷിക്കും. വനാതിർത്തികളിലെ 
മനുഷ്യരുടെ ജീവന്‌ സുരക്ഷയുടെ കവചമൊരുക്കാനും അവരുടെ 
പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്‌ 
പോകുമെന്നും’’ വനംമന്ത്രി എ കെ ശശീന്ദ്രൻ ദേശാഭിമാനിയോട്‌ പറഞ്ഞു 


വനം വകുപ്പിന്റെ പ്രഥമ പരിഗണന എന്താണ്‌?
നിരവധി വൈരുധ്യമുള്ള വകുപ്പാണിത്‌. ഒരു ഉദാഹരണം പറയാം. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുകയാണ്‌ മുഖ്യധർമം. എന്നാൽ, മറുവശത്ത്‌ വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന്‌ മനുഷ്യന്‌ സുരക്ഷയും ഒരുക്കണം. ഇതെല്ലാം യാഥാർഥ്യബോധത്തോടെ മനസ്സിലാക്കി കാര്യക്ഷമമായി ഇടപെടുകയാണ്‌ ലക്ഷ്യം.

പ്രധാന വെല്ലുവിളികൾ വിശദീകരിക്കുമോ?
വനംവകുപ്പ്‌ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്‌ മനുഷ്യ–-വന്യജീവി സംഘർഷം. കാലാകാലങ്ങളിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാറുണ്ട്‌. ഇതിന്റെ ഫലമായി സംസ്‌കാരങ്ങൾ വളരുകയോ തളരുകയോ ചെയ്‌തിട്ടുണ്ട്‌. കടുവ, പുലി, ആന, കുരങ്ങ്‌ തുടങ്ങിയ വിവിധതരം വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നു. ഓരോ പ്രദേശത്തും വ്യത്യസ്‌തമാണ്‌ പ്രശ്‌നങ്ങൾ. നിലവിലെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷി മൃഗങ്ങൾ ആർജിക്കുന്നതും വെല്ലുവിളിയാണ്‌. ഇതേസമയം വനത്തിനുള്ളിൽ തെറ്റായ ചില കാര്യങ്ങളും നടക്കുന്നു. കഞ്ചാവ്‌ കൃഷി, വ്യാജമദ്യ നിർമാണം എന്നിവ ഇവയിൽ ചിലതാണ്‌. അത്‌ പരിസ്ഥിതി സംരക്ഷിക്കുകയെന്ന മുഖ്യ ലക്ഷ്യത്തിന്‌ വിരുദ്ധമാണ്‌.

പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കും?
വനാതിർത്തിയിലെ കർഷകരുടെ കൃഷിയും ഉൽപ്പന്നങ്ങളും സ്വത്തുക്കളും ജീവനും സർക്കാർ സംരക്ഷിക്കും. പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കും. പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കണമെന്ന്‌ ആലോചിക്കുന്നു. വനത്തിലുള്ള അനധികൃത കാര്യങ്ങൾ തടയുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളിൽനിന്നും ജനങ്ങളെ സംരക്ഷിക്കും. ഇതിനായി കൂടുതൽ സ്‌ക്വാഡുകളെ നിയോഗിക്കും. വളരെ വേഗത്തിലുള്ള ഇടപെടൽ സംവിധാനം, മുന്നറിയിപ്പ്‌ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഇത്തരത്തിലുള്ള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കും. ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ പ്രവർത്തനം എല്ലാമേഖലയിലും ശക്തിപ്പെടുത്തും.

വകുപ്പിൽ കാലോചിതമായ പരിഷ്‌കാരം ആവശ്യമല്ലേ?
ആധുനിക കാലത്തിനൊത്ത്‌ വനംവകുപ്പിനെ പരിഷ്‌കരിക്കും. പുത്തൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. വനംവകുപ്പിന്റെ അംഗസംഖ്യയും ആയുധബലവും വർധിപ്പിക്കണമെന്നാണ്‌ കാണുന്നത്‌.

കേന്ദ്രസർക്കാർ നിലപാടുകളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?
കേന്ദ്രസർക്കാർ പ്രതികൂല സമീപനമാണ്‌ പല വിഷയത്തിലും സ്വീകരിക്കുന്നത്‌. പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണയം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അവരുടെ നിഷേധാത്മക സമീപനം തിരിച്ചറിയാം. ശാസ്‌ത്രീയ സമീപനം സ്വീകരിക്കാനുള്ള കേരളത്തിന്റെ നിലപാടിനോട്‌ അനുകൂലമല്ല കേന്ദ്രത്തിന്റെ പ്രതികരണങ്ങൾ. എന്നാൽ, ഈ വിഷയങ്ങളിലെല്ലാം സംസ്ഥാനതാൽപ്പര്യം തുടർന്നും സംരക്ഷിക്കുന്ന നിലപാടുമായി വനംവകുപ്പ്‌ മുന്നോട്ട്‌ പോകും.

വനം, പരിസ്ഥിതി സംരക്ഷണത്തിന്‌ എന്ത്‌ നടപടി സ്വീകരിക്കും?
ദേശീയ ഹരിത ട്രിബ്യൂണൽ നിലപാട്‌ അനുസരിച്ച്‌ ഭൂവിസ്‌തൃതിയുടെ 33 ശതമാനം വനഭൂമിയായി നിലനിർത്തണം. കേരളത്തിൽ അത്‌ ഇരുപത്തിയൊമ്പതര ശതമാനമാണ്‌. മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ പിറകിലാണ്‌. 33 ശതമാനം ആക്കുകയെന്നത്‌ കേരളത്തെ സംബന്ധിച്ച്‌ സാഹസികമായ തീരുമാനമായിരിക്കും. അവിടെയാണ്‌ വനവൽക്കരണ പരിപാടികളുടെ പ്രസക്തി. വനവൽക്കരണ പരിപാടികളിലൂടെ ആ രംഗത്ത്‌ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു.

എന്നാൽ, വൃക്ഷത്തൈകൾ നട്ടശേഷം ഇവയെ ശരിയായി പരിപാലിക്കാത്ത ദുരനുഭവവും ഉണ്ട്‌. ഇതിന്‌ മാറ്റം വരണം. പലമാർഗത്തിലൂടെ ഇക്കാര്യം സാധിക്കും. നടുന്ന ഓരോ ചെടിക്കും ഉത്തരവാദിയുണ്ടാകണം. വൃക്ഷത്തൈകളുടെ പരിപാലനവും സംരക്ഷണവും തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ്‌ മറ്റൊരു മാർഗം. ഇതിലൂടെ തൈകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുറപ്പിൽ കൂടുതൽ ദിനം സൃഷ്ടിക്കാനും കഴിയും. തദ്ദേശ വകുപ്പുമായി ആലോചിച്ച്‌ പദ്ധതി നടപ്പാക്കും. പ്രാരംഭ ചർച്ച നടന്നു. വിദ്യാലങ്ങളിൽ വിദ്യാവനം, നഗരത്തിൽ പച്ചത്തുരുത്ത്‌, തീരദേശങ്ങളിൽ കടലാക്രമണംകൂടി തടയാൻ ലക്ഷ്യമിട്ടുള്ള കാറ്റാടി, കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കും.

വന്യജീവികളിൽ പലതരം അസുഖങ്ങൾ വർധിക്കുന്നു. തടയാൻ എന്താണ്‌ വഴി?
തിരുവനന്തപുരം കോട്ടൂരിൽ അടുത്തിടെ കുട്ടിയാനകൾക്ക്‌ ഹെർപിസ്‌ വൈറസ്‌ ബാധയുണ്ടായി. രണ്ടെണ്ണം ചരിഞ്ഞു. വിവിധ അസുഖവും വൈറസ്‌ ബാധയും വന്യജീവികളിൽ കാണപ്പെടുന്നുണ്ട്‌. വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണിത്‌. എന്നാൽ, ഈ മേഖലയിൽ പഠനവും ഗവേഷണങ്ങളും കാര്യമായി നടക്കുന്നില്ല. ഫലപ്രദമായ ചികിത്സയുടെ അപര്യാപ്‌തതയുമുണ്ട്‌. ഇതിന്‌ കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയത്തോട്‌ രേഖാമൂലം ആവശ്യം ഉന്നയിക്കും.

മരംമുറി വിഷയത്തിൽ എന്താണ്‌ യഥാർഥത്തിൽ സംഭവിച്ചത്‌?
സർക്കാർ ഉത്തരവിറക്കിയത്‌ സദുദ്ദേശ്യത്തോടെയായിരുന്നു. എന്നാൽ, ആ ഉത്തരവ്‌ ദുർവ്യാഖ്യാനം ചെയ്യുന്ന സ്ഥിതിയുണ്ടായി. ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട ഉടൻ റദ്ദാക്കുകയും അന്വേഷണ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. നിയമസഭയിലും മാധ്യമങ്ങളിലും വരുന്നതിനു മുമ്പുതന്നെ ഇതാരംഭിച്ചിരുന്നു. ഇതിനകം ചില നടപടിയും സ്വീകരിച്ചു. വയനാട്ടിൽനിന്ന്‌ മരംമുറി തടയാൻ നടപടി സ്വീകരിക്കാത്ത ലക്കിടി ചെക്ക്‌ പോസ്‌റ്റിലുള്ളവരെ സസ്‌പെൻഡ്‌ ചെയ്‌തു. അടിമാലിയിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. മുറിച്ച മരങ്ങളിൽ നല്ലൊരു ശതമാനം കണ്ടെടുത്തു. വനംവകുപ്പിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത വിധത്തിലുള്ള അന്വേഷണമാണ്‌ നടത്തിയത്‌. അഞ്ച്‌ ടീമിനെ പ്രത്യേകം നിയോഗിച്ചു. ഇതിനിടെ സാമ്പത്തിക ഇടപാട്‌, മാഫിയ ബന്ധം, ഗൂഢാലോചന എന്നീ ആക്ഷേപങ്ങളും ഉയർന്നു. ഇത്‌ അന്വേഷിക്കാൻ വനംവകുപ്പിനാകില്ല. ഇതിനായി പ്രത്യേക അന്വേഷകസംഘത്തെയും നിയോഗിച്ചു.

ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോ?
മരംകൊള്ളക്കാരെയും കൂട്ടുനിന്നവരെയും ഒത്താശ ചെയ്‌തവരെയും ശിക്ഷിക്കും. തീർച്ച. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ഐഎഫ്‌എസുകാർക്കെതിരെ നേരിട്ട്‌ നടപടി സ്വീകരിക്കാൻ കഴിയില്ല. അതിന്‌ പ്രത്യേക നടപടിക്രമങ്ങളുണ്ട്‌. അത്‌ പൂർത്തിയാക്കി, എല്ലാ പഴുതും അടച്ചുള്ള നടപടി ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വരും.

കർഷകരടക്കമുള്ളവരുടെ ആശങ്ക എങ്ങനെ പരിഹരിക്കും?
മരംമുറി സംഭവത്തിൽ നിരപരാധികളായ കർഷകർ, ആദിവാസികൾ എന്നിവർ ബലിയാടാകില്ല. പട്ടയം ലഭിച്ചവരിൽ പകുതി പേരും ആദിവാസികളാണ്‌. അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. തുച്ഛമായ വില കൊടുത്ത്‌ മരം കടത്തിയിരിക്കാം. അവരെ ബലിയാടാക്കാമോ എന്ന പ്രശ്‌നവും സർക്കാരിനു മുന്നിലുണ്ട്‌. എന്തായാലും നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല എന്നാണ്‌ സർക്കാരിന്റെ നിലപാട്‌. അത്‌ ശ്രമകരമാണെങ്കിലും ഇതിൽ പെട്ടുപോയ പാവപ്പെട്ട കർഷകരെയും ആദിവാസികളെയും സഹായിക്കും. അതിനനുസൃതമായ നടപടികൾ സ്വീകരിക്കും. നിയമം പരിഷ്‌കരിക്കേണ്ടി വരും. കർഷകസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ പുതിയ നിയമമോ ഉത്തരവോ ഉണ്ടാകേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top