04 June Sunday

ലിംഗനീതി ശാസ്‌ത്രസാങ്കേതികമേഖലയിൽ - അഡ്വ. പി സതീദേവി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി മുന്നോട്ടുപോകുന്നതിനിടെ ഒരു അന്താരാഷ്ട്ര വനിതാ ദിനംകൂടി ആഗതമായിരിക്കുന്നു. ‘ഡിജിറ്റ് ഓൾ: നവീനതയും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്’ എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിൽ ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം വളരുന്ന ഈ കാലയളവിൽ ലിംഗപരമായ സാമൂഹ്യ അസമത്വത്തെ എത്തരത്തിൽ മറികടക്കാമെന്നും സാങ്കേതിക മേഖലയിൽത്തന്നെ ലിംഗവിവേചനം എത്രത്തോളം നിലനിൽക്കുന്നുവെന്നും ഉള്ള ചർച്ച ഉയർത്തുകയാണ് ഈ മുദ്രാവാക്യം വഴി ഉദ്ദേശിക്കുന്നത്.

ശാസ്‌ത്രം വളർന്ന് മനുഷ്യസമാനമായ ചിന്താശേഷിയുള്ള, ക്രിയാത്മകമായ മെഷീനുകളുടെ ആവിർഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാൻ അധികകാലം വേണ്ടിവരില്ലെന്നാണ് സമീപകാലത്ത് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളുടെ ഗതി നോക്കുമ്പോൾ മനസ്സിലാകുന്നത്. എന്നാൽ, ഈ വളർച്ച സമൂഹത്തിന്റെ സർവമേഖലയ്ക്കും ഗുണപരമായ മാറ്റമാണോ കൊണ്ടുവരുന്നത് എന്നതും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതും വലിയചർച്ചയ്ക്ക് വിഷയമാക്കേണ്ടതു തന്നെയാണ്.

ശാസ്‌ത്ര സാങ്കേതികവിദ്യകളുടെ നേട്ടങ്ങൾ മാനവരാശിയുടെ സമഗ്രമായ പുരോഗതിക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു അന്തരീക്ഷമാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ, പലപ്പോഴും ശാസ്‌ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സ്‌ത്രീവിരുദ്ധമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നുള്ള കാര്യവും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താൻ ആധുനിക ശാസ്‌ത്രം കണ്ടെത്തിയിട്ടുള്ള നേട്ടമാണ് അംനിയോസിന്തസിസ് എന്നത്. ഗർഭസ്ഥശിശുവിന്റെ ആരോഗ്യം നിർണയിക്കാൻ കണ്ടുപിടിക്കപ്പെട്ട ഈ നേട്ടം ലിംഗനിർണയത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും പെൺഭ്രൂണങ്ങളെ നശിപ്പിക്കാൻ ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റൽ ഡയഗ്‌നോസ്റ്റിക്‌സ് ടെക്‌നിക്‌സ് (പ്രൊഹിബിഷൻ ഓഫ് സെക്‌സ് സെലക്‌ഷൻ) ആക്‌ട് 1994 കൊണ്ടുവരാൻ നിർബന്ധിതമായിട്ടുള്ളത്.

ആഗോളതലത്തിൽ തൊഴിൽമേഖലയിലെ സ്‌ത്രീ പങ്കാളിത്തം മെച്ചപ്പെട്ടു വരുമ്പോഴും ശാസ്‌ത്ര-സാങ്കേതിക മേഖലയിൽ ഇത് ഗണ്യമായി കുറവാണ്

ഈ ആധുനിക കാലഘട്ടത്തിൽ, ഡിജിറ്റൽ യുഗത്തിൽ നേട്ടങ്ങൾ, മനുഷ്യരാശിയുടെ ആകെ ഉന്നമനത്തിനുവേണ്ടി സജ്ജമാക്കാനും സ്‌ത്രീവിരുദ്ധമായ എല്ലാ തരത്തിലുള്ള നിലപാടുകളെയും എതിർക്കാനും മറികടക്കാനും ഉപയോഗിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയിലും സാങ്കേതികമേഖലയിലും സ്‌ത്രീകളുടെ പങ്ക് താരതമ്യേന കുറവാണെന്ന് കാണാം. ഇന്ന് ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള സ്‌ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. ആഗോളതലത്തിൽ തൊഴിൽമേഖലയിലെ സ്‌ത്രീ പങ്കാളിത്തം മെച്ചപ്പെട്ടു വരുമ്പോഴും ശാസ്‌ത്ര-സാങ്കേതിക മേഖലയിൽ ഇത് ഗണ്യമായി കുറവാണ്. ചിലകണക്കുകൾ പരിശോധിക്കാം. ആഗോളതലത്തിൽ 38 കോടിയിലധികം സ്‌ത്രീകളും കുട്ടികളും അതിദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. 2030 ആകുമ്പോഴേക്കും ഇത് വളരെയധികം വർധിക്കും. തൊഴിലിടങ്ങളിലെ കണക്ക് നോക്കുകയാണെങ്കിൽ മാനേജർ പദവികളിൽ ഇപ്പോഴും മൂന്നിലൊന്ന് മാത്രമാണ് സ്‌ത്രീകൾ ഉള്ളത്. ഈ നിരക്കിൽ ലിംഗസമത്വത്തിലേക്കെത്തിച്ചേരാൻ 130 വർഷമെടുക്കും. തൊഴിൽമേഖലയിലെ പങ്കാളിത്തം നോക്കിയാൽ, 169 രാജ്യങ്ങളിൽ കോവിഡിനു മുമ്പുള്ള നിരക്കിലും താഴെയാണ് സ്‌ത്രീകളുള്ളത്. ശാസ്‌ത്ര-സാങ്കേതിക മേഖലയിൽ ഇപ്പോഴും പത്തിൽ രണ്ടു പേർ മാത്രമാണ് സ്‌ത്രീകളുള്ളത്.

സാങ്കേതികവിദ്യയിൽ സ്‌ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. സ്‌കൂളിൽ ഈ മേഖലയിലെ ഉന്നതപഠനം പിന്തുടരാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതാണ് ഒരു കാരണം. പെൺകുട്ടികളെ പലപ്പോഴും ശാസ്‌ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്‌, ഗണിതശാസ്‌ത്രം (STEM) എന്നീ മേഖലകൾ പിന്തുടരുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഈ വിഷയങ്ങൾ ‘പുരുഷ വിഷയങ്ങൾ’ ആണെന്ന ധാരണയാണ് ഇതിന് പ്രധാന കാരണം. ഈ വിഷയങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം 35 ശതമാനമാണെങ്കിൽ, ഐടി മേഖലയിൽ  വെറും മൂന്നു ശതമാനമാണ്. സാങ്കേതികരംഗത്ത് സ്‌ത്രീകളുടെ അഭാവത്തിന് മറ്റൊരു കാരണം പെൺകുട്ടികൾക്ക് മാതൃകകൾ കുറവാണ് എന്നതാണ്.

1977-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച തലശേരിക്കാരിയായ സസ്യശാസ്‌ത്രജ്ഞ ജാനകി അമ്മാളിനെ എത്ര മലയാളികളോർക്കുന്നു? പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ ജ്യോതിശാസ്‌ത്രത്തിൽ തന്റേതായ മാർഗംതെളിച്ച മരിയ മിച്ചെലിനെക്കുറിച്ച് നാമെവിടെയാണ് പഠിക്കുന്നത്?

സാങ്കേതികവിദ്യയിൽ പെൺകുട്ടികൾ മറ്റ് സ്‌ത്രീകളെ കാണാത്തപ്പോൾ, അവർ അത് ഒരു കരിയർ ഓപ്ഷനായി കണക്കാക്കാനുള്ള സാധ്യത കുറവാണ്. നമ്മുടെ ചരിത്രവായനകളും പഠനങ്ങളും ഇപ്പോഴും ശാസ്‌ത്രരംഗത്തെ സ്‌ത്രീകളെ പരിചയപ്പെടുത്തുന്നത് മാഡം ക്യൂറിയിൽ അവസാനിപ്പിക്കുന്നു. 1977-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച തലശേരിക്കാരിയായ സസ്യശാസ്‌ത്രജ്ഞ ജാനകി അമ്മാളിനെ എത്ര മലയാളികളോർക്കുന്നു? പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ ജ്യോതിശാസ്‌ത്രത്തിൽ തന്റേതായ മാർഗംതെളിച്ച മരിയ മിച്ചെലിനെക്കുറിച്ച് നാമെവിടെയാണ് പഠിക്കുന്നത്? എയ്ഡാ ലവ്ലേസ്, മരിയാ കിർച്ച്, ഐഡാ നൊഡാക്ക് തുടങ്ങി ഇനിയും എത്രപേർ.

ആധുനികലോകത്ത് സ്‌ത്രീകൾ ഉൽപ്പാദനമേഖലയുടെ ഭാഗമാകാതെ മനുഷ്യരാശിയുടെ വളർച്ച ഒരിക്കലും പൂർണമായ തോതിലെത്തില്ല. ലിംഗവിവേചനത്തെ മറികടക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതും അവശ്യമാണ്. സാങ്കേതികവിദ്യയിൽ സ്‌ത്രീകൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുവെങ്കിലും നിരവധി അവസരങ്ങളുമുണ്ട്. സാങ്കേതിക വ്യവസായം അതിവേഗം വളരുകയാണ്, കൂടാതെ വിവിധ മേഖലകളിൽ ധാരാളം ജോലികളും ലഭ്യമാണ്. ഈ മേഖല ഉയർന്ന ശമ്പളവും വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക മേഖലയിൽ സ്‌ത്രീകൾക്ക് നിസ്തുലമായ പങ്കുണ്ട്. അവർ പലപ്പോഴും സാങ്കേതികവിദ്യക്ക്‌ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു.

എഐ പോലുള്ള സങ്കേതങ്ങളുപയോഗിച്ച് സ്‌ത്രീകൾക്കെതിരായ അതിക്രമം നിയന്ത്രിക്കുക, യുദ്ധബാധിത പ്രദേശങ്ങളിലും അഭയാർഥി മേഖലകളിലും സ്‌ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനും ആരോഗ്യ വിദ്യാഭ്യാസ അവകാശങ്ങളുറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതികപശ്ചാത്തലം ഒരുക്കുക തുടങ്ങിയവയും ആവശ്യമാണ്. ലാഭേച്ഛ മാത്രമാകരുത് ശാസ്‌ത്രസാങ്കേതിക മേഖലയിലെ വളർച്ചയുടെ പ്രേരകശക്തി. ഇത്തരം വിവേചനങ്ങളും അസമത്വങ്ങളും മറികടക്കലും നമ്മുടെ ലക്ഷ്യമാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top