14 July Sunday

ചുവന്ന പുസ്‌തകദിനവും മാതൃഭാഷയുടെ രാഷ്ട്രീയവും

പ്രൊഫ. വി 
കാർത്തികേയൻ നായർUpdated: Tuesday Feb 21, 2023

ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ സ്ഥാപനമായ യുനെസ്കോ എല്ലാവർഷവും ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കാൻ നിർദേശിക്കുകയും അതനുസരിച്ച് 1998 മുതൽ അനുഷ്ഠിച്ചുപോരുകയും ചെയ്യുന്നു. ഫെബ്രുവരി 21 തെരഞ്ഞെടുക്കാൻ കാരണം അതൊരു രക്തസാക്ഷിത്വത്തെ ഓർമിപ്പിക്കുന്നതുകൊണ്ടാണ്. മാതൃഭാഷാ പഠനത്തിനുവേണ്ടി സമരംചെയ്ത് വിദ്യാർഥികളെ പട്ടാളം വെടിവച്ചു കൊന്നതിന്റെ വാർഷികാചരണമാണ്. അതോടൊപ്പംതന്നെ ഇന്ത്യയിലെയും ലോകത്തിലെയും ഇടതുപക്ഷ പുസ്തക പ്രസാധകർ ഫെബ്രുവരി 21 ചുവന്ന പുസ്തകദിനം (റെഡ് ബുക്ക് ഡേ) ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020 മുതൽ അരുണ ദിനാചരണം നടന്നുവരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത് 1848 ഫെബ്രുവരി 21ന്‌ ആയിരുന്നു.

ലോകത്തെ മാറ്റിമറിച്ച കൃതിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. കാൾ മാർക്സും എംഗത്സും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 175 വർഷം പൂർത്തിയായി. 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21നാണ്‌ ആ മഹത്തായ കൃതി ഇരുവരും എഴുതിത്തീർത്തത്‌. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരമാണ്‌ ഇരുവരും പാർടിയുടെ വിശദപ്രവർത്തന പദ്ധതി എന്ന നിലയിൽ മാനിഫെസ്‌റ്റോയുടെ പണിപ്പുരയിലേക്ക്‌ കടന്നത്‌. മനുഷ്യചരിത്രത്തെ തന്നെ സ്വാധീനിച്ച മഹത്തായ പുസ്‌തകമായി അതു മാറുകയും ചെയ്‌തു. ഇന്നും മാനവസമൂഹത്തിനാകെ വെളിച്ചം പകരുന്ന മാനിഫെസ്‌റ്റോയുടെ ചരിത്രം മനുഷ്യവിമോചനചരിത്രംകൂടിയാണ്‌. 1850-ൽ മിസ്. ഹെലൻ മാക്ഫർലെയിൻ ആദ്യമായി കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. ‘സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തോടെയാണ്‌ അവസാനിക്കുന്നത്‌.

ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭരണകർത്താവ് അതാണ് ഫാസിസ്റ്റ് രീതി. അതാണ് ഭാഷയുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനുംകൂടിയാണ് 2020 മുതൽ എല്ലാ ഫെബ്രുവരി 21നും ‘ചുവന്ന പുസ്തകദിന' മായി ആചരിക്കാൻ ഇടതുപക്ഷ പുസ്തക പ്രസാധകർ തീരുമാനിച്ചത്. ഇന്ത്യയിലെ പ്രമുഖ ഇടതുപക്ഷ പ്രസാധകരായ ലെഫ്റ്റ്‌വേർഡിന്റെ ആഹ്വാനപ്രകാരമാണ് ഈ ദിനാചരണം ആരംഭിച്ചത്. കൊറിയമുതൽ വെനസ്വേലവരെയുള്ള രാജ്യങ്ങളിലെ മുപ്പതിനായിരത്തിൽപ്പരം ജനങ്ങൾ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പതിപ്പുകൾ വായിച്ചുകെണ്ട് അന്നേദിവസം അരുണദിനം ആചരിക്കുകയുണ്ടായി. ഭരണകൂടം ഒരു ഭാഷയെമാത്രം അംഗീകരിക്കുന്നതും മാതൃഭാഷയെ നിരാകരിക്കുന്നതും ഓർമകളെ തമസ്കരിക്കുന്നതിനു വേണ്ടിയാണ്. മാതൃഭാഷ പഠിക്കാനവസരം കിട്ടാത്ത നാളത്തെ തലമുറ അവരവരുടെ ഭാഷയിലുള്ള സമരത്തിന്റെയും പ്രതിരോധത്തിന്റെയും വിജ്ഞാനത്തിന്റെയും ചരിത്രം അറിയാതെ വളരും. മഹത്വവൽക്കരിക്കപ്പെട്ട ഭൂതകാലവും ദൈവീകവൽക്കരിക്കപ്പെട്ട നാടുവാഴികളും ആരാധിക്കപ്പെടുന്ന മൃഗങ്ങളും ചരിത്രത്താളുകളിൽ നിറയും.

ഇന്ത്യാ വിഭജനത്തിനുശേഷം രൂപംകൊണ്ട പുതിയ രാഷ്ട്രമായ പാകിസ്ഥാൻ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായിട്ടാണ് സ്ഥിതി ചെയ്തിരുന്നത്. രാഷ്ട്രത്തലവനായ മുഹമ്മദാലി ജിന്ന പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനോടൊപ്പം ഉർദുവിനെയും നിശ്ചയിച്ചു. എന്നാൽ, കിഴക്കൻ പാകിസ്ഥാൻകാർക്ക് ബംഗാളി ഭാഷയാണ് വേണ്ടിയിരുന്നത്. അതംഗീകരിക്കാൻ ജിന്ന കൂട്ടാക്കിയില്ല. പഞ്ചാബിലെ മുസ്ലിങ്ങൾ പഞ്ചാബിയും സിന്ധിലെ മുസ്ലിങ്ങൾ സിന്ധിയും ബലൂചിസ്ഥാനിലെ മുസ്ലിങ്ങൾ ബലൂചിയും ബ്രാഹുയിയും വടക്കുപടിഞ്ഞാറൻ പ്രവിശ്യലെ മുസ്ലിങ്ങൾ പക്‌തൂണും കശ്മീരിലെ മുസ്ലിങ്ങൾ കശ്മീരിയുമായിരുന്നു സംസാരിച്ചിരുന്നതെന്ന വസ്തുത അംഗീകരിക്കാൻ ജിന്നയ്‌ക്ക് സാധിച്ചില്ല.  കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ബംഗാളി ഭാഷയെ അംഗീകരിക്കുകയും അധ്യയന മാധ്യമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിനിറങ്ങുകയും ചെയ്തു. ആ സമരത്തെയാണ് ഭരണകൂടം നിഷ്കരുണമായി നേരിട്ടത്. സർവകലാശാലയിലേക്ക് പട്ടാളം കടന്നുചെന്ന് വെടിവയ്‌ക്കുകയും നാലു വിദ്യാർഥികൾ തൽക്ഷണം മരിക്കുകയും ചെയ്തു. 1952 ഫെബ്രുവരി 21നായിരുന്നു ആ സംഭവം. അതിന്റെ സ്‌മരണയ്‌ക്കായിട്ടാണ് യുനെസ്കോ ആ ദിവസം മാതൃഭാഷാദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്.

ബംഗാളി ഭാഷയ്ക്കുവേണ്ടി നടത്തിയ പ്രക്ഷോഭമാണ് വിഭജനാനന്തരം കാൽനൂറ്റാണ്ടു കഴിയുന്നതിനു മുമ്പുതന്നെ ബംഗ്ലാദേശ് എന്ന പുതിയ രാഷ്‌ട്രം രൂപീകരിക്കുന്നതിനിടയാക്കിയത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിനു പിന്നിലെ രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രശ്നങ്ങൾമാത്രം കാണുന്നവർ അവഗണിക്കുന്നതാണ് അതിന്റെ പിന്നിലെ സംസ്കാരത്തിന്റെ രാഷ്ട്രീയം. വിഭജനത്തിനുശേഷം ഇന്ത്യയെന്നപേര് ഉപേക്ഷിക്കണമെന്ന് ജിന്ന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കകത്ത് ഹിന്ദുത്വവാദികളും അതുതന്നെ ആവശ്യപ്പെട്ടു. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനിലേക്ക് മുഴുവൻ മുസ്ലിങ്ങളും പോയിക്കഴിഞ്ഞാൽ പിന്നെ അവശേഷിക്കുന്ന ഭൂപ്രദേശത്ത് ഹിന്ദുക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അതിനാൽ ഹിന്ദുസ്ഥാൻ എന്നു വിളിക്കണമെന്നുമായിരുന്നു ആർഎസ്എസും ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടത്.  ഉത്തരേന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും സംസാരിച്ചിരുന്നത് ഉർദുവായിരുന്നു. മാതൃഭാഷയോടൊപ്പം ഉർദുവും അവർക്ക് പ്രിയപ്പെട്ടതായിരുന്നു. 

മതാടിസ്ഥാനത്തിലുള്ള ദേശീയതയെ ഇന്ത്യ നിരാകരിച്ചതുകൊണ്ടാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചത്. സംസ്ഥാന പുനഃസംഘടനാ നിയമം 1956ൽ അംഗീകരിച്ചപ്പോൾ പതിനാല് ഭാഷയെയാണ് ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുത്തിയത്. ഇപ്പോഴത് ഇരുപത്തിരണ്ടായി വർധിച്ചിട്ടുണ്ട്. മുപ്പതോളം ഭാഷകൾ എട്ടാം പട്ടികയിലിടംനേടാൻ കാത്തുനിൽക്കുന്നു. പാർലമെന്റിന്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉപസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അതിന്റെ അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. കൂടുതൽ ഭാഷകൾക്ക് അംഗീകാരം കൊടുത്തുകഴിഞ്ഞാൽ അത് തങ്ങളുടെ അഭിഷ്ടസിദ്ധിക്ക് തടസ്സമാകുമെന്നതിനാൽ തീരുമാനം വൈകിക്കുകയാണ്. കൊളോണിയൽ ഭരണകൂടം ഇന്ത്യയിലവരുടെ ആധിപത്യമുറപ്പിച്ചത് പാർലമെന്ററി സമ്പ്രദായം, സിവിൽ സർവീസ്, ജുഡീഷ്യറി, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എന്നിവയിലൂടെയാണ്. ആ വ്യവസ്ഥകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. വ്യക്തികളേ മാറിയിട്ടുള്ളൂ, വ്യവസ്ഥ മാറിയിട്ടില്ല.

മലയാളമുൾപ്പെടെയുള്ള പന്ത്രണ്ട് പ്രാദേശിക ഭാഷയിലൂടെ എൻജിനിയറിങ്‌ വിദ്യാഭ്യാസം നൽകണമെന്ന നിർദേശം എഐസിടിഇ മുന്നോട്ടുവച്ചു. കേരളത്തിലെ സാങ്കേതിക സർവകലാശാല അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രസ്തുത നിർദേശത്തെ നിരാകരിച്ചു. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലൂടെ ആരോഗ്യശാസ്ത്ര വിദ്യാഭ്യാസം നിർവഹിക്കണമെന്ന നിർദേശവും കേന്ദ്രം ഉന്നയിച്ചു, കേരളത്തിലെ ആരോഗ്യസർവകലാശാല മലയാളം അധികവിഷയമായി പഠിപ്പിക്കുന്നതിന് തസ്തിക സൃഷ്ടിക്കാൻ തീരുമാനമെടുത്തു. മാതൃഭാഷയിലൂടെ വിദ്യാഭ്യാസം നൽകാൻ രണ്ടു സർവകലാശാലയ്‌ക്കും കഴിയില്ലെന്ന വസ്തുത അവർ വെളിപ്പെടുത്തി. ഹിന്ദി അതിവേഗം ജ്ഞാനഭാഷയായി വളർന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങൾക്കെല്ലാം ആ ഭാഷയിൽ ശബ്ദാവലികളുണ്ട്. പരിഭാഷയെയും തനത് രചനയെയും സഹായിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക പദാവലികളും നിർമിച്ചിട്ടുണ്ട്. ഉൽപ്പാദന ഉപകരണങ്ങളുടെയും ഉൽപ്പാദന ബന്ധങ്ങളുടെയും അനുസ്യൂതമായ വികാസത്തിന്റെ കാലഗണനാപരമായ അവതരണമാണ് ചരിത്രമെന്നു പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോയുടെ മലയാള പരിഭാഷ വായിച്ചുകൊണ്ട് ഈ വർഷത്തെ മാതൃഭാഷാദിനവും ചുവന്ന പുസ്തക ദിനവും നമുക്കാചരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top