08 December Friday

മാനവികത പുലരട്ടെ

അഡ്വ. ജി സുഗുണന്‍Updated: Thursday Sep 21, 2023

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 21ന് സാർവദേശീയ സമാധാനദിനം ആചരിക്കുകയാണ്. ലോക സമാധാന കൗൺസിലിന്റെ ഭാഗമായ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ ദിനം രാജ്യത്തൊട്ടാകെ ആചരിക്കുന്നു.ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ലോകരാഷ്ട്രങ്ങളിൽ പലതിലും മാരകമായ യുദ്ധങ്ങളും അതിന്റെ ഫലമായുള്ള മനുഷ്യക്കുരുതികളും സാധാരണ സംഭവമായി. ഉക്രയ്‌ൻ –- റഷ്യ യുദ്ധം ഒരു വർഷമായി  അവസാനിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ ഇസ്രയേൽ– -പലസ്തീൻ സംഘർഷങ്ങളും കൂടുതൽ സങ്കീർണമായി. ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കൻ  നിലപാടാണ്‌  പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നത്‌. ആക്രമണങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ജാതിയും മതവും വംശീയതയും പ്രാദേശികതയും ലിംഗ വ്യത്യാസങ്ങളുമെല്ലാം ആക്രമണങ്ങളുടെയും ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു.

ഒരു നൂറ്റാണ്ടിൽത്തന്നെ രണ്ട് ലോകയുദ്ധങ്ങളും നിരവധി ചെറുയുദ്ധങ്ങളും നാം കണ്ടു. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുകയാണ്. വികസിത രാജ്യങ്ങളുടെ ആയുധങ്ങൾ കുന്നുകൂടി കിടക്കുന്നു. എല്ലാ യുദ്ധങ്ങളും സമാധാനം  തകർക്കുന്നു.
ജാതിവ്യവസ്ഥ ഹിംസയുടെ ഉദാഹരണമാണ്. ചിലർ ജാതീയമായി ഉയർന്നവരെന്നും മറ്റു ചിലർ മോശപ്പെട്ടവരെന്നുമുള്ള ചിന്താഗതി സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്നു. സമൂഹത്തിലെ വർഗവിവേചനവും അസമത്വമാണ്. തൊഴിലാളികളും അസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവരും കടുത്ത ചൂഷണങ്ങൾക്ക് വിധേയരാകുന്നു. തൊഴിൽ സുരക്ഷിതത്വം  ഉറപ്പാക്കപ്പെടുന്നില്ല. തൊഴിൽ രഹിതരുടെ എണ്ണവും വർധിക്കുന്നു. ഇത്തരം വർഗവ്യത്യസങ്ങൾ നിരന്തര ആക്രമണങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുന്നു. പുതുകോളനിവൽക്കരണത്തിന്റെയും പുത്തൻ സാമ്രാജ്യത്വത്തിന്റെയും ഫലമായി ഹിംസ പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു. പലസ്തീനിൽ, ഇറാഖിൽ, അഫ്ഗാനിസ്ഥാനിൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലതിലും നവകോളോണിയൽ ചൂഷണങ്ങൾ  തുടരുന്നു.

ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണത്തിനുശേഷം ഒരു മൂന്നാം ലോകയുദ്ധം  ഉണ്ടാകാനുള്ള സാധ്യതകളെ ഒരു പരിധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും യുദ്ധസമാന സാഹചര്യവും നിലനിൽക്കുകയാണ്. ഐക്യരാഷ്ട്രസംഘടനയെ അവഗണിച്ച്‌ വൻരാഷ്ട്രങ്ങൾ പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയും ആയുധങ്ങൾ കുന്നുകൂട്ടുകയും ചെയ്യുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റും അമേരിക്ക നടത്തിയ അധിനിവേശങ്ങളെ ചോദ്യംചെയ്യാനാകാതെ ഐക്യരാഷ്ട്രസംഘടന വളരെ ദുർബലമായി മാറിയെന്ന അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്.

വംശഹത്യയും  കലാപങ്ങളും  ഭീകരവാദവും ഇന്ത്യയിലും  മാനവികതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു. സാമൂഹ്യ തിന്മകളെയും ഹിംസയെയും ഉന്മൂലനം ചെയ്യുന്നതിന് ജനാധിപത്യസമൂഹം നിലനിൽക്കണം. പ്രമുഖമായ പല സമാധാന പ്രസ്ഥാനങ്ങൾക്കും ഫലത്തിൽ കാര്യമായി ഒന്നുംചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം സംഘടനകൾ നിർജീവമാകുന്നു. ഡൽഹിയിൽ ചേർന്ന ജി 20 ഉന്നതാധികാര സമിതിയോഗവും ലോക സമാധാനത്തെ സംബന്ധിച്ചുള്ള ഗുരുതരമായ പ്രശ്നങ്ങളിൽ വ്യക്തമായ യുദ്ധവിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിൽ പരാജയപ്പെട്ടു. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ലോകത്ത്‌ ഇന്നുള്ളത്. അതിന്റെ ഭാഗമായാണ് ലോക സമാധാനദിനം ആചരിക്കുന്നത്.  

(അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതിയുടെ ദേശീയ കൗൺസിൽ അംഗമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top