29 March Friday
ഇന്ന്‌ സാർവദേശീയ ഭിന്നശേഷിദിനം

തടസ്സലോകങ്ങളെ മുറിച്ചുകടക്കാം - സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

‘എന്നു ഞാൻ പോരിനിറങ്ങിത്തുടങ്ങിയോ
അന്നുതൊട്ടാണെൻ ശരിതൻ പിറവിയും
കൺപാർക്ക എന്നും ജയത്തെ; അതൊന്നിനെ  
മുറുകെപ്പിടിക്കു നീ എന്നുമെന്നും'

എന്ന ആലീസ് വൈനിന്റെ പാട്ട് ജനപ്രിയമായ സന്ദർഭം എന്നും ഓർമിക്കേണ്ടതാണ്. ആദ്യമായി വോട്ടവകാശം നേടിയെടുത്തുവെന്ന് കരുതിയ ആഫ്രിക്കൻ അമേരിക്കക്കാർക്കു മുന്നിൽ ഒരു കടമ്പ ഉയർന്നുവന്നു. ഒരു സാക്ഷരതാ പരീക്ഷകൂടി ജയിക്കണം വോട്ടവകാശം നേടാൻ. അന്നായിരുന്നു ആലീസ് വൈൻ പാട്ടെഴുതിയതും കറുത്തവരാകെ അത് പാടിനടന്നതും. അവർ വോട്ടവകാശം നേടിയെടുക്കുകതന്നെ ചെയ്‌തുവെന്നതാണ് പിന്നെയുള്ള കഥ. സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്കൊക്കെയും ഇങ്ങനെ പകച്ചുനിൽക്കേണ്ട ഘട്ടങ്ങൾ അവരുടെ പോരാട്ടത്തിലുണ്ടാകാറുണ്ട്.

ഭിന്നശേഷിക്കാരുടെ അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്; അല്ലാതെ പ്രത്യേകാവകാശമല്ല. വിവേചനമില്ലായ്മയും പ്രാപ്യതയും അവസരസമത്വവും ഉൾക്കൊള്ളലും പൂർണ പങ്കാളിത്തവും ഭിന്നശേഷിക്കാരുടെയും അവകാശമാണ്. ലോകത്താകെ സ്വീകരിക്കപ്പെട്ടിട്ടുള്ള തത്വമാണ്‌ ഇത്. ഈയൊരു അന്തസ്സ്‌ നേടിയെടുക്കാനുള്ള പ്രയത്നമാണ് എല്ലാ സാമൂഹ്യനീതി പ്രസ്ഥാനങ്ങളുടെയുമെന്നപോലെ ഭിന്നനീതി അവകാശപ്രസ്ഥാനങ്ങളുടെയും കടമ.

ഭിന്നശേഷിജനത തമ്മിൽത്തമ്മിൽ പങ്കിടുന്നത് ശരീരശേഷിയിൽ പൊതുജീവിതങ്ങളിൽനിന്നുള്ള വ്യത്യാസമല്ല, അതിലും എത്രയോ വലുതാണ്. സാമൂഹ്യജീവിതത്തിൽ കെട്ടിയേൽപ്പിക്കപ്പെടുന്ന കീഴാളതയാണവരെ ഒരുമിപ്പിക്കുന്നത്. ഈ കീഴ്‌നില പൊളിച്ച് ലോകത്തെ പുതുക്കിപ്പണിയുകയെന്നതാണ് ഭിന്നശേഷി അവകാശ പ്രസ്ഥാനങ്ങളുടെ എന്നത്തെയും കേന്ദ്രബിന്ദു. എല്ലാ ജീവിതവൃത്തികളിലും സാധ്യമായത്രയും പരമാവധി സ്വാതന്ത്ര്യത്തോടെ പങ്കുചേരാൻ കഴിയുംവിധമുള്ള പുതുക്കിപ്പണിയലാണ് അത്. അവകാശങ്ങൾ തേടലും ലോകം പുതുക്കിപ്പണിയാനുള്ള യത്നവും അവർക്ക് ഒന്നുതന്നെയാണ്. സാർവദേശീയമായ പ്രശ്നങ്ങളുടെ പരിഹാരം തേടൽത്തന്നെയാണ് അവർക്ക്‌  ദൈനംദിനത്തിലെ പോരാട്ടവും. ആ നിലയ്ക്ക് രാഷ്ട്രീയ പോരാട്ടംതന്നെയാണ്‌ അത്.

ശാരീരികം മാത്രമല്ല, സമീപനപരവും സ്ഥാപനപരവുമായ തടസ്സങ്ങൾ ചേർന്നാണ് ഭിന്നശേഷിജനത അരികുകളിൽ അടിച്ചുറപ്പിക്കപ്പെടുന്നത്. മുൻവിധികളും വിവേചനവുമാണ് അവരുടെ അടിസ്ഥാനാവകാശങ്ങളെ കവരുന്നതിൽ മുന്നിൽ. സമൂഹസൃഷ്ടിയായ സംവിധാനങ്ങളും നിർമിതികളുമാണ് ഭിന്നശേഷി ജീവിതങ്ങൾ നേരിടുന്ന വിവേചനത്തിൽ മിക്കപ്പോഴും കേന്ദ്രസ്ഥാനത്ത്. ശരീരചലനങ്ങൾക്ക് തടസ്സമായ നിർമാണങ്ങൾമുതൽ ഭാഷാശൈലിവരെ പരന്നുകിടക്കുന്നതാണ് അവർക്കു മുന്നിലെ തടസ്സലോകങ്ങൾ. ശേഷിയില്ലാത്ത ശരീരത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന വ്യക്തികളായി  അവതരിപ്പിക്കുന്ന ഭാഷാശൈലി ഭിന്നശേഷിക്കാരോടുള്ള ഐക്യദാർഢ്യത്തിൽവരെ നാം ഉപയോഗിച്ചുവരാറുള്ളതോർക്കാം. ഭിന്നശേഷിക്കാർ നേരിടുന്ന വിവേചനം സംവിധാനങ്ങളുടെയൊക്കെയും അവിഭാജ്യ ഭാഗമായി തുടരലാണ്‌ ഇതിന്റെ ഫലം.

മെഡിക്കൽ പരിഹാരം തേടുകമാത്രം ചെയ്യേണ്ടതായി ഭിന്നശേഷി ജീവിതങ്ങളെ കാണുന്ന രീതിയാണ് പരമാവധി വന്നാൽ ഈ മേഖലയെക്കുറിച്ചുള്ള പൊതുഅവബോധം. കണ്മുന്നിലെ അടിച്ചമർത്തലുകളെ അമർഷംപോലും കൂടാതെ സ്വാംശീകരിക്കലാണ്‌ ഇത്. ലോകമാസകലം എത്രയോ മാറിയിട്ടും മാറാൻ കഴിയാത്ത ഉൾച്ചുരുക്കത്തിൽനിന്നും നമുക്ക് പുറത്തുകടക്കേണ്ടിയിരിക്കുന്നു.

ലോകം ഇന്നത്തെ നിലയിലെങ്കിലും അവരുടെ അവകാശങ്ങൾക്ക് ചെവികൊടുത്തത്‌ ഭിന്നശേഷി അവകാശങ്ങളെക്കൂടി ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന സാമൂഹ്യനീതിപ്രസ്ഥാനങ്ങളുടെ പ്രയത്നങ്ങളാണ്. നീതിപൂർവം പരിഗണിക്കപ്പെടാൻ, സാമൂഹ്യഫലങ്ങളുടെയെല്ലാം അർഹിക്കുന്ന അംശം നേടാൻ അവർക്കുള്ള അവകാശത്തെയാണ് ഭിന്നശേഷിക്കാരുടെ സാമൂഹ്യനീതിയിൽ ശ്രദ്ധ ചെലുത്തുന്നവർ വിലമതിക്കുക. അവർ മുന്നോട്ടുവയ്ക്കുന്ന അവകാശപ്രഖ്യാപനങ്ങളെ ആനുകൂല്യം ജന്മസിദ്ധമായി കിട്ടിയവർ വിലമതിക്കാതെ വന്നപ്പോഴൊക്കെയും നിലച്ചിട്ടുള്ളത് സമൂഹത്തിന്റെയാകെ മുന്നോട്ടുപോക്കാണ്. ഇത് മറ്റെല്ലാ സാമൂഹ്യനവീകരണപ്രസ്ഥാനങ്ങളുടെയും ഉള്ളിലുണ്ടാകേണ്ട തിരിച്ചറിവാണ്. 

ഭിന്നശേഷി ജനതയോട് ഒരുമിച്ചുനിൽക്കുകയെന്നത് ഒരു ദിനാചരണത്തിൽ ഒതുങ്ങേണ്ട കാര്യപരിപാടിയല്ല. സ്വന്തം വ്യത്യസ്തതകൾ ആത്മാഭിമാനത്തോടെ ആഘോഷിക്കാൻ ജീവിതത്തിന്റെ സമസ്ത മേഖലയിലും അവർക്ക് തടസ്സമില്ലെന്നുറപ്പിക്കലാണ് വേണ്ടത്. ഉള്ളിലെ ആത്മാഭിമാനത്തെ വിലങ്ങനുഭവിക്കാതെ അവർക്കെവിടെയും തുറന്നുവിടാനാകണം. എന്നെയും നിന്നെയും ആരെയുംപോലെ ഒരാളെന്ന ആത്മാഭിമാനത്തോടെയുള്ള ദൈനംദിനങ്ങൾ അവർക്കും വേണം. ആർക്കും എടുത്തുമാറ്റാനാകാത്തതാണതെന്ന അവബോധത്തിലേക്ക് നാം ഉണരുന്നതിന് എളിയ തുടക്കമെങ്കിലും ഉണ്ടായാൽ സാർവദേശീയ ഭിന്നശേഷിദിനത്തിന് ഐക്യദാർഢ്യമാകും.

തടസ്സരഹിത കേരളമെന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു നടപ്പാക്കിത്തുടങ്ങിയിരിക്കുന്ന പദ്ധതി ഭിന്നശേഷിക്കാരുടെ മനുഷ്യാവകാശത്തെ അതിന്റെ സമഗ്രതയിൽ കണ്ട് ഏറ്റെടുക്കുന്ന തുടർപ്രക്രിയയാണ്. മനുഷ്യാവകാശമാണ് ഭിന്നശേഷിക്കാർക്ക് വേണ്ടത്, അനുകമ്പയല്ലെന്ന വികാസത്തിലേക്കാണ് നാം എത്തേണ്ടത്. അതിനു കഴിയാത്തത് ജനാധിപത്യസമൂഹത്തിന്റെ ആഴത്തിലുള്ള പരിമിതിയാണെന്ന്‌ മനസ്സിലാക്കലാണ് ആ പദ്ധതിയുടെ അടിസ്ഥാനം. മനോനിലകളുടെ തടസ്സം മുറിച്ചുകടന്ന് ഓരോരോ മേഖലയിലും ഭിന്നശേഷി വ്യക്തിത്വങ്ങൾക്കുകൂടി പ്രാപ്യത ഉറപ്പാക്കുന്ന ‘തടസ്സരഹിത കേരളം'  സൃഷ്ടിച്ചെടുക്കലാണ് നമ്മുടെ ദൗത്യം. പുരോഗമനപ്രസ്ഥാനങ്ങൾക്ക് സ്വന്തം ദൗത്യംതന്നെയാണ്‌ അത്. ഈ സർക്കാർ മുഴുകിയിരിക്കുന്നതും അതിനുള്ള വിവിധ പ്രവർത്തനങ്ങളിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top