24 April Wednesday
ഇന്ന്‌ ഓസോൺ ദിനം

സംരക്ഷിക്കാം ഓസോൺപാളിയെ

ടി ചന്ദ്രമോഹൻUpdated: Friday Sep 16, 2022


അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഇത്തവണ ഓസോൺ ദിനം ആചരിക്കുന്നത്‌. എല്ലാ ഭൂഖണ്ഡങ്ങളിലും മൂന്ന്‌ വർഷത്തിനിടെ അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനം അനുഭവപ്പെട്ടു. ലോകത്താകമാനം കാലാവസ്ഥ മാറ്റത്തിന്‌ വേഗതകൂടിയിരിക്കുകയാണെന്ന്‌ ഒരു വർഷംമുമ്പ്‌ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ്‌ ചേഞ്ചിന്റെ (ഐപിസിസി) പഠന റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മുന്നറിയിപ്പുകൾ ശരിവച്ചുകൊണ്ട്‌ കാലംതെറ്റിയുള്ള മഴ, പ്രളയം, മഞ്ഞ്‌ വീഴ്‌ച, ഉഷ്‌ണ–- ശീത തരംഗങ്ങൾ, കാട്ടുതീ, കടൽക്കയറ്റം തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം പല രാജ്യങ്ങളിലും അരങ്ങേറുന്നു. ഭക്ഷ്യധാന്യ ഉൽപ്പാദനത്തെയും ഇത്‌ പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം വരും വർഷങ്ങളിൽ ഭക്ഷ്യക്ഷാമത്തിന്‌ ഇടയാക്കുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്‌. ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റ്‌ പ്രദേശങ്ങളിലെയും മഞ്ഞുരുകി കടൽനിരപ്പ്‌ ഉയരുന്നതും കടലിലെ താപനില വർധിക്കുന്നതും കടൽ കരയിലേക്ക്‌ കയറാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും നമ്മുടെ മുന്നിലുണ്ട്‌. ഓസോൺ പാളിയിലെ സുഷിരങ്ങളും ആഗോളതാപനവുമാണ്‌ ഇതിനു കാരണമെന്നാണ്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌. ഓസോൺപാളിയുടെ സംരക്ഷണം ഓർമിപ്പിക്കുകയാണ്‌ ഓരോ ഓസോൺ ദിനവും. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ഓസോൺപാളി സംരക്ഷിക്കുകയെന്ന സുപ്രധാന പാരിസ്ഥിതിക പ്രശ്നത്തിൽ ആഗോള ശ്രദ്ധയും പ്രവർത്തനവും കേന്ദ്രീകരിക്കാനുള്ള അവസരമായിട്ടാണ്‌ ലോക ഓസോൺ ദിനത്തെ കാണുന്നത്‌. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനുതന്നെ അപകടമായ സാഹചര്യത്തിലാണ് ഓസോൺ ദിനത്തിന്‌ പ്രാധാന്യം കൈവന്നത്‌. ‌

ഓസോൺ പാളിക്ക്‌ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്‌ ഹരിതഗൃഹ വാതകങ്ങളാണ്‌. ഫോസിൽ ഇന്ധനങ്ങൾ വഴി അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡയോക്സൈഡ്‌ ഉൾപ്പെടെയുള്ള വാതകങ്ങൾ സൂര്യനിൽനിന്നുള്ള വികിരണത്തെ ഭൂമിയിലേക്കെത്തുന്നത്‌ തടയുകയും ഭൂമിയിൽനിന്നുള്ള ഇൻഫ്രാറെഡ് വികിരണത്തെ ഭൗമാന്തരീക്ഷത്തിൽത്തന്നെ നിലനിർത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓസോൺ പാളികളിൽ സുഷിരം ഉണ്ടാകുന്നു. ഇത്‌ അന്തരീക്ഷ ഊഷ്‌മാവ്‌ കൂടാനും കാലാവസ്ഥാ വ്യതിയാനത്തിനും പ്രധാന കാരണമാകുന്നു. വ്യാവസായിക -സാമ്പത്തിക മേഖലകളിലെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന പദാർഥങ്ങളിൽ പലതും (Chlorofluorocarbons (CFCs), Halons, Carbontetrachloride (CCl4), Methylbromide (CH3Br)) ഓസോൺ പാളിയെ നശിപ്പിക്കുന്നതാണ്‌. ഓസോൺ ശോഷണം തിരിച്ചറിഞ്ഞ് 1987 സെപ്തംബർ 16ന് രാഷ്ട്രത്തലവന്മാർ കാനഡയിലെ മോൺട്രിയലിൽ ഒത്തുചേർന്ന് ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ഒരു ഉടമ്പടി ഉണ്ടാക്കി. ഇതിനകം ഇന്ത്യ ഉൾപ്പെടെ 199 രാഷ്ട്രം ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്‌. മോൺട്രിയൽ പ്രഖ്യാപനരേഖ ഒപ്പിട്ടതിന്റെ ഓർമയ്‌ക്കായിട്ടാണ്‌ സെപ്‌തംബർ പതിനാറ്‌ ഓസോൺ ദിനമായി ആചരിക്കുന്നത്‌. 1997-ൽ ജപ്പാനിലെ ക്യോട്ടോവ്‌ സമ്മേളനം കാർബൺഡയോക്‌സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. മിക്കരാജ്യങ്ങളും ഇത് മുഖവിലയ്‌ക്കെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്‌ലൂറോ കാർബൺ ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞിരുന്നു. കാർബൺ ഡയോക്‌സൈഡ്, മീഥൈൽ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വർധനയ്ക്കനുസരിച്ച്, ഭൂമിയിലെ ചൂടുകൂടുന്നതും ആന്റാർട്ടിക്, ആർട്ടിക് മേഖലകളിലെ മഞ്ഞുപാളികൾ ഉരുകുന്നതും ഗ്രീൻലൻഡിലെ മഞ്ഞുപാളികളിൽ പെയ്ത മഴയും അസാധാരണമായ കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമാണ്‌. കാലാവസ്ഥാ വ്യതിയാനങ്ങൾ പലരൂപങ്ങളിലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘട്ടത്തിൽ ഓസോൺ ദിനാചരണത്തിനും അതിന്റെ സന്ദേശത്തിനും ഏറെ പ്രാധാന്യമുണ്ട്‌.

2021 നവംബറിൽ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിനു ശേഷമുള്ള ആദ്യ ഓസോൺ ദിനമാണ്‌ ഇത്തവണത്തേത്‌. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകു5ന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉൽപ്പാദനവും പുറന്തള്ളലും നിയന്ത്രിച്ച്‌ അന്തരീക്ഷതാപനം കുറയ്‌ക്കാനുള്ള പ്രഖ്യാപനങ്ങൾ ഉച്ചക്കോടിയിൽ ഉണ്ടായെങ്കിലും ഇത്‌ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പത്ത്‌ മാസമായി നിശ്‌ചലാവസ്ഥയിലാണ്‌. ഗ്ലാസ്‌ഗോ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത നേതാക്കളെല്ലാം കൈയടി നേടാൻ പല പ്രഖ്യാപനവും നടത്തിയതല്ലാതെ നെറ്റ്‌ സീറോ കാർബൺ എമിഷൻ കൈവരിക്കാനുള്ള പ്രായോഗിക പദ്ധതികൾ അവതരിപ്പിച്ചില്ല. ഏറ്റവും ഭയാനകമായ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ ഒഴിവാക്കുന്നതിന്, വ്യവസായവൽക്കരണത്തിനു മുമ്പുള്ള ആഗോള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക എന്നതാണ്‌ ഗ്ലാസ്‌ഗോ സമ്മേളനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചത്‌. ഈ ലക്ഷ്യം കൈവരിക്കാനായി വികസ്വര, അവികസിത രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വ്യതിചലിപ്പിക്കാനും കാലാവസ്ഥാ ആഘാതങ്ങൾക്കായി തയ്യാറെടുക്കാനും സഹായിക്കുന്നതിന് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളർ ഫണ്ട് നൽകാമെന്ന്‌ സമ്പന്ന രാജ്യങ്ങൾ മുമ്പ്‌ ഉറപ്പുനൽകിയിരുന്നു. ഈ സഹായം ലഭ്യമാക്കുന്നതിൽനിന്ന്‌ ഇവർ പിന്നാക്കം പോകുകയാണ്‌.

ഇന്ത്യയും കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തങ്ങൾ നേരിടുന്നു. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള വിയന്ന കൺവൻഷനിലും അതിന്റെ എല്ലാ ഭേദഗതികളിലും ഓസോൺ പാളിയെ ഇല്ലാതാക്കുന്ന വസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കണമെന്ന മോൺട്രിയൽ പ്രഖ്യാപനരേഖയിലെ ഒരു കക്ഷിയാണ് ഇന്ത്യ. ഡീകാർബണൈസേഷൻ മുന്നേറ്റ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ നടപ്പാക്കുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക്‌ ഇപ്പോഴും സാധിച്ചിട്ടില്ല. രാജ്യത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിൽ 72 ശതമാനവും താപവൈദ്യുത നിലയങ്ങളിൽനിന്നാണ്‌. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വൻതോതിൽ കാർബൺ പുറന്തള്ളുന്നതിനു കാരണമാകുന്നുണ്ട്‌. ഗ്ലാസ്‌ഗോവ്‌ ഉച്ചകോടിവരെ ഇന്ത്യ അതിന്റെ നെറ്റ്- സീറോ കാർബൺ എമിഷൻ തീയതി പ്രഖ്യാപിച്ചിരുന്നില്ല. 2070ഓടെ ഇത്‌ കൈവരിക്കുമെന്നാണ്‌ ഉച്ചക്കോടിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. 2030ൽ രാജ്യത്തിന്റെ ഊർജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് നിറവേറ്റുമെന്നും അവകാശപ്പെടുന്നു. ഫോസിലിതര ഇന്ധനങ്ങളിൽ 500 ജിഗാ വാട്ട് ശേഷി സൃഷ്ടിക്കുകയെന്ന ലക്ഷ്യം ഇന്നത്തെ സ്ഥിതിയിൽ കൈവരിക്കാനാകില്ല. വൻകിട കുത്തകകൾക്കുവേണ്ടി കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയാണ്‌ കേന്ദ്രസർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top