30 November Thursday
ഇന്ന്‌ ലോക വയോജനദിനം

അവർക്ക് വേണ്ടത് സ്നേഹം, സാന്ത്വനം

വി എ എൻ നമ്പൂതിരിUpdated: Saturday Oct 1, 2022

ഐക്യരാഷ്ട്ര സംഘടനാ ജനറൽ അസംബ്ലി 1990 ഡിസംബർ 14ന് അംഗീകരിച്ച പ്രമേയത്തിന്റെയും ആഹ്വാനത്തിന്റെയും അടിസ്ഥാനത്തിൽ 1991 മുതൽ ഒക്ടോബർ ഒന്ന്‌ ലോക വയോജനദിനമായി ആചരിക്കുന്നു. 1991ൽ ചേർന്ന ജനറൽ അസംബ്ലിയാകട്ടെ വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പരിഹാരമാർഗങ്ങൾ, ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും മാർഗരേഖ തയ്യാറാക്കുകയുമുണ്ടായി. 2002 മാഡ്രിഡിൽ ചേർന്ന രണ്ടാംലോക വയോജന അസംബ്ലി കർമപദ്ധതികളിൽ വ്യക്തത വരുത്തി. ഇപ്പോൾ ലോകത്തിൽ 60 വയസ്സ് കഴിഞ്ഞ 90 കോടിയിലധികംപേർ ഉണ്ടെന്നും അത് 2030 എത്തുമ്പോൾ 140 കോടിയായും 2050ൽ 200 കോടിയായി ഉയരുമെന്നും കണക്കാക്കുന്നു. കൂടുതൽ വർധന തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിൽ ആകുമെന്നും കരുതപ്പെടുന്നു.

ഇന്ത്യയിൽ മുതിർന്നവരുടെ എണ്ണം 1961ൽ 2.5 കോടിയായിരുന്നത് 1991ൽ  5.6 കോടിയായി. 2011ൽ 10.4 കോടിയായി വർധിച്ചു. 2021ൽ 13.8 കോടി വയോജനങ്ങൾ (6.7 കോടി പുരുഷന്മാരും 7.1 കോടി സ്ത്രീകളും) ആയിരുന്നത് 2031ൽ എത്തുമ്പോഴേക്കും 19.4 കോടിയായി വർധിക്കുമെന്ന് ടെക്നിക്കൽ ഗ്രൂപ്പ് ഓഫ് പോപ്പുലേഷൻ പ്രോജക്ട് റിപ്പോർട്ട് കണക്കാക്കുന്നു. കേരളത്തിലും വയോജനസംഖ്യ ഗണ്യമായി വർധിക്കുകയാണ്. 1991ൽ 25 ലക്ഷമായിരുന്നത് 2001 ൽ 31 ലക്ഷമായും 2021 ൽ 42  ലക്ഷമായും ഉയർന്നു. 13 ശതമാനത്തോളം 80 വയസ്സിൽ കൂടുതലുള്ളവർ. ഇന്ത്യയിൽ ഏറ്റവുമുയർന്ന വയോജന നിരക്ക് കേരളത്തിലാണ്–- 16.5 ശതമാനം.

പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പലതരം രോഗങ്ങൾ, ചികിത്സ ലഭിക്കായ്‌മ, അവഗണന, അപമാനം, മാനസിക–-ശാരീരിക പീഡനങ്ങൾ, സാമ്പത്തിക വിഷമതകൾ, ഒറ്റപ്പെടൽ തുടങ്ങിയവ. കുടുംബാംഗങ്ങളിൽനിന്നും മക്കളിൽനിന്നുപോലും അവഗണനയും പീഡനവും നേരിടുന്നു. വിദ്യാഭ്യാസത്തിലും സാംസ്കാരികരംഗത്തുമെല്ലാം മുന്നിൽനിൽക്കുന്ന കേരളത്തിലും ഇത്തരം കടുത്ത അനുഭവങ്ങൾ കുറവല്ല. കേന്ദ്ര സർക്കാർ പാസാക്കിയ ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007’ വയോജനങ്ങൾക്ക് ഒട്ടേറെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ പൂർണമായി നടപ്പാക്കപ്പെടുന്നില്ലെന്ന ദുഃഖകരമായ സ്ഥിതി നിലനിൽക്കുന്നു. വർഷങ്ങൾക്കുമുമ്പ്‌ നൽകിത്തുടങ്ങിയ 200 രൂപ  പെൻഷനിൽ വർധനയുണ്ടായിട്ടില്ല. റെയിൽ  ടിക്കറ്റിൽ അനുവദിച്ച ഇളവ് കോവിഡ്‌ കാലത്ത് എടുത്തുകളഞ്ഞു. അത് പുനഃസ്ഥാപിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് പാർലമെന്റിൽ കേന്ദ്രമന്ത്രി മറുപടി നൽകിയത്.


 

കേരള സർക്കാർ പ്രഖ്യാപിച്ച വയോജനനയം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കീഴിൽ മെച്ചപ്പെട്ട നിലയിൽ നടപ്പാക്കപ്പെടുന്നത് ആശ്വാസകരമാണ്. ഒട്ടേറെ സാമ്പത്തിക പരിമിതികൾക്കിടയിലും 500 രൂപയായിരുന്ന പ്രതിമാസ പെൻഷൻ ക്രമത്തിൽ 1600 രൂപയാക്കി ഉയർത്തി. 5000 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് സീനിയർ സിറ്റിസൺസ്‌  ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. വയോജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി വയോജന കമീഷനും വയോജനവകുപ്പും വേണമെന്ന സംഘടനയുടെ ദീർഘകാല ആവശ്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.

വയോജന സൗഹൃദപരമായ കൃതികളും ലേഖനങ്ങളും മറ്റും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ വർഷത്തിലും വയോജനദിനവുമായി ബന്ധപ്പെട്ടുള്ള മുദ്രാവാക്യവും കർമപദ്ധതിയും ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിക്കാറുണ്ട്. ‘മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ പ്രായമായവരുടെ സംഭാവനകളും ഉയിർത്തെഴുന്നേൽപ്പും’ എന്നതാണ്‌ 2022ലെ മുദ്രാവാക്യം.  പ്രായമായ സ്ത്രീകൾക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതും ഇതിലുൾപ്പെടുന്നു.

ആശങ്കാകുലമായ  സ്ഥിതിയിലാണ് ഇത്തവണ വയോജനദിനം ആചരിക്കുന്നത്. കോവിഡ്‌ കാലത്ത്‌ ഏറ്റവുമധികം മരിച്ചതും വിഷമത നേരിട്ടതും പ്രായമുള്ളവരാണ്. വികസിത രാജ്യങ്ങളടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ആനുകൂല്യങ്ങൾ പോലും വയോജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. സ്വാഭാവികമായും അതിനെതിരായ പോരാട്ടങ്ങളും ഉയർന്നുവരുന്നു.
ക്യൂബയടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ തികച്ചും വ്യത്യസ്തമായ സമീപനവും നടപടികളും കാണാം. കൂടുതൽ സുരക്ഷയും സംരക്ഷണവും കോവിഡ്‌ കാലത്തടക്കം ലഭ്യമായി. വയോജനങ്ങൾ സമൂഹത്തിന്റെ പുരോഗതിയിൽ വമ്പിച്ച സംഭാവന നൽകിയവരാണ്.  പ്രായമായവർ ബാധ്യതയായി കണക്കാക്കപ്പെടേണ്ടവരല്ല. ആദരവും സ്നേഹപരിചരണങ്ങളും ആവശ്യമായ ചികിത്സയും പരിരക്ഷയുമെല്ലാം ലഭിക്കേണ്ടവരാണ്‌. പ്രസക്തമായ ഇക്കാര്യങ്ങളെല്ലാം വയോജനദിനത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും വയോജന സൗഹൃദമായ ലോകം കെട്ടിപ്പടുക്കുന്നതിന് സഹായകമാകുമെന്നും വിശ്വസിക്കാം.

(സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ 
സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top