24 September Sunday

കെെകോർക്കാം
 ലഹരിമുക്ത കേരളത്തിനായി - എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരിയെന്ന മഹാവിപത്ത് പടരുകയാണ്. സമൂഹത്തെ കാർന്നുതിന്നുന്ന അപകടത്തിനെതിരെ ലോക ജനതയ്ക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിക്കുന്നത്. ലഹരി ഉയർത്തുന്ന ആരോഗ്യവും മാനുഷികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തെ സുപ്രധാന കർത്തവ്യമാണ്.

ലോകത്ത് എവിടെയുമെന്നതുപോലെ  നമ്മുടെ രാജ്യത്തും മയക്കുമരുന്ന്‌ വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ ഇന്ത്യയിലെ പല സ്ഥലത്തും വലിയ രീതിയിലുള്ള മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്ത്  വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. 218 കിലോ ഹെറോയിനാണ് ലക്ഷദ്വീപ് തീരത്തുനിന്ന്‌ ഇന്ത്യൻ കോസ്റ്റ് ഗാർഡും റവന്യു ഇന്റലിജൻസും ചേർന്ന്‌ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഉദ്ദേശം 1500 കോടി രൂപ വിലവരുമെന്നാണ്  വിവിധ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്. ഗുജറാത്തിൽ മുദ്ര തുറമുഖത്തുനിന്ന്‌ 54 കിലോ കൊക്കെയിനാണ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്തത്. മയക്കുമരുന്നുകടത്ത് വൻതോതിൽ വ്യാപകമാകുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

കേരളം സാമൂഹ്യമായും സാംസ്കാരികമായും ജീവിതനിലവാരത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. കേരളം സ്വായത്തമാക്കിയ ഈ നേട്ടങ്ങൾക്ക് വലിയ ഭീഷണിയാണ് മയക്കുമരുന്നിന്റെ ഉപയോഗംമൂലം സമൂഹത്തിൽ ഉണ്ടാകുന്നത്. യുവാക്കളും കൗമാരക്കാരുമാണ് കൂടുതലായി  ഇരകളാകുന്നത്.

എക്സൈസും പൊലീസും ഉൾപ്പെടെയുള്ള വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ ഇടപെടലിലൂടെ കേരളത്തിലെ കഞ്ചാവ് കൃഷിക്ക്  കടിഞ്ഞാണിടുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയാണ് എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. 2021, 2022 വർഷത്തിലായി 7553 കിലോ കഞ്ചാവ്, 37349.855 ഗ്രാം ഹാഷിഷ് ഓയിൽ, 10165.702 ഗ്രാം എംഡിഎംഎ എന്നിവ എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

പുതുതലമുറ കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് കണ്ടെത്തിയ കേസുകൾ പരിശോധിച്ചതിൽനിന്ന്‌ മനസ്സിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്താൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരുംതലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു.
മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാകുക. പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂർവമുള്ള പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽനിന്ന്‌ നമുക്ക് പ്രതീക്ഷിക്കാനാകില്ല. കുട്ടികളെയും യുവാക്കളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന്, അവരിലേക്കെത്താൻ ഏറെ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചുതന്നെ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എൻഫോഴ്സ്മെന്റ്‌ പ്രവർത്തനങ്ങളിൽ സംസ്ഥാന എക്സൈസ് വകുപ്പ് സർവകാല റെക്കോഡാണ് കൈവരിച്ചത്.  മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ ഫലമായി എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ ഓരോ മാസവും വൻ വർധനയാണ് ഉണ്ടായത്. അതോടൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ളതാണ്. ഈ വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനാണ് ഒന്നാം പിണറായി സർക്കാർ കേരള സംസ്ഥാന ലഹരിവർജന മിഷൻ ‘വിമുക്തി’ക്ക് രൂപം നൽകിയത്. ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം ഉയർത്തുന്ന തരത്തിലാണ് വിമുക്തി മിഷൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലെയും വാർഡ് തലത്തിൽ വിമുക്തി കമ്മിറ്റികൾ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനം നടത്തിവരുന്നുണ്ട്. വിമുക്തി കമ്മിറ്റികൾ മുഖേന ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയും കൗൺസലിങ്ങും നൽകുന്നുണ്ട്. വാർഡുകമ്മിറ്റികൾ കൂടുമ്പോൾ ലഭിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം സംബന്ധിച്ച പരാതികൾ പരിശോധിച്ച് കേസുകൾ കണ്ടെത്തുന്നുണ്ട്. വിദ്യാലയങ്ങളിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കോളേജ് തലത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, തദ്ദേശഭരണ പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ക്യാമ്പസുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് ‘നേർക്കൂട്ടം’ എന്ന പേരിലും ഹോസ്റ്റലുകളിൽ ‘ശ്രദ്ധ’ എന്ന പേരിലും കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു.

എൻഎസ്എസ് വളന്റിയർമാർ, എസ്‌പിസി വളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മുഖേന ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ആദിവാസി, തീരദേശ മേഖലകളെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലകളിലെ യുവാക്കളിൽ ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് ഫിറ്റ്നെസ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

ഗോത്രകലാകാരൻമാരെ ഉൾപ്പെടുത്തി ഗോത്ര നാടകവും പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ, വിദഗ്ധരെ ഉൾപ്പെടുത്തി വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗം കൂടുതലുള്ള മേഖലകൾ കണ്ടെത്തി ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കിവരുന്നു.

പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന  അപകടങ്ങളിൽനിന്നും ആക്രമണങ്ങളിൽനിന്നും രക്ഷനേടുന്നതിനും സ്വയം പ്രതിരോധം തീർക്കുന്നതിനും ഉദ്ദേശിച്ച് സംസ്ഥാനത്തെ 138 റേഞ്ചിലായി 138 സ്കൂൾ തെരഞ്ഞെടുത്ത് പെൺകുട്ടികൾക്കായുള്ള സ്വയരക്ഷാ പരിശീലന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്.

ബോധവൽക്കരണത്തോടൊപ്പംതന്നെ ലഹരിക്കടിമപ്പെട്ടവർക്ക് ചികിത്സ നൽകുന്നതിനായി 14 ജില്ലയിലും വിമുക്തി മിഷന്റെ ഭാഗമായി ഡീ-അഡിക്‌ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 71,250 പേർക്ക് ഒപി-യിലും 6020 പേർക്ക് ഐപി-യിലും ഇതിനകം ചികിത്സ നൽകി. മേഖലാ കൗൺസലിങ്‌ സെന്ററുകളിൽ 9988 പേർക്ക് കൗൺസലിങ്‌ നൽകി.

മയക്കുമരുന്നിനും മറ്റും അടിമയായ, നിർജീവമായ ഒരു സമൂഹമല്ല നമുക്കു വേണ്ടത്. ഊർജസ്വലതയുള്ള, കർമശേഷിയുള്ള യുവതലമുറയാണ് ലോകത്തിന്റെ മുന്നോട്ടുപോക്കിന് ഇന്നാവശ്യം. ബോധവൽക്കരണം എന്നത് ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയിൽ ഒതുങ്ങിനിൽക്കേണ്ടതല്ല.

ഓരോ മനുഷ്യനും ലഹരിവിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണിപ്പടയാളിയായി മാറണം. ഇപ്രകാരം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കൂ. ഈ ലഹരിവിരുദ്ധദിനം അതിന് കരുത്തേകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top