കാലാവസ്ഥാ വ്യതിയാനം ലോകമാസകലം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിൻ്റെ ഭീഷണി ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് ചെറു ദ്വീപ് രാഷ്ട്രങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ട് രണ്ടു സുപ്രധാന കേസുകൾ അന്താരാഷ്‌ട്ര കോടതികളുടെ പരിഗണയിലുണ്ട്. ഇവയിലൊന്നിൽ കഴിഞ്ഞയാഴ്ച കടലിനെ സംബന്ധിക്കുന്ന നിയമങ്ങൾക്കായുള്ള അന്താരാഷ്ട്ര ട്രൈബ്യൂണൽ വാദം കേട്ടു. ആ കേസിൽ അൻപത്തി അഞ്ച് ആഫ്രിക്കൻ രാഷ്ട്രങ്ങളെ പ്രതിനിധീകരിക്കുന്ന "ആഫ്രിക്കൻ യൂണിയൻ" എന്ന സംഘടനയുടെ വക്കീലന്മാരിൽ ഒരാളായി ഞാനും ഹാജരായിരുന്നു.
ഈ കേസുകളെയും, അവയുടെ പ്രാധാന്യത്തെയും, അവ കേൾക്കുന്ന കോടതികളെയും ഹ്രസ്വമായി പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം.
1. ഏതാണ് ഈ കോടതി?
"അന്താരാഷ്ട്ര കോടതി" എന്നും "ലോക കോടതി" എന്നും ഒക്കെ പലപ്പോഴും കേൾക്കാറുണ്ടെങ്കിലും, ലോകത്തുള്ള എല്ലാ അന്താരാഷ്ട്ര കേസുകളും പരിഹരിക്കാൻ കഴിയുന്ന ഒരു കോടതി നിലവിലില്ല എന്നതാണ് സത്യം.
ഹേഗിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതി (International Court of Justice) ) ആണ് അന്താരാഷ്ട്ര കോടതികളിൽ ഏറ്റവും സുപ്രധാനമായത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മാത്രമേ ഈ കോടതി മുൻപാകെ വരൂ. ഒരു കേസ് കേൾക്കണമെങ്കിൽ രണ്ടു കക്ഷികളുടെയും സമ്മതം വേണം. ആ സമ്മതം ഒരു കേസിന് പ്രത്യേകമായോ, ഒരു കരാറിൽ നിന്ന് ഉത്ഭവിക്കുന്ന തർക്കങ്ങൾക്ക് പൊതുവായോ, ഒരു രാഷ്ട്രം ഉൾപ്പെട്ട എല്ലാ അന്താരാഷ്ട്ര തർക്കങ്ങൾക്കുമായോ, അങ്ങനെ പല രീതിയിൽ കൊടുക്കാം.
കടലിനെ സംബന്ധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ ക്രോഡീകരിക്കുന്ന ഉടമ്പടിയാണ് United Nations Convention on the Law of the Sea. ആ കരാറിൽ നിന്ന് ഉത്ഭവിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉൾപ്പടെ പല മാർഗങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒന്നാണ് കരാർ പ്രകാരം പ്രത്യേകമായി രൂപീകരിച്ച International Tribunal for the Law of the Sea (ITLOS). ഈ ട്രൈബ്യൂണൽ സ്ഥിതി ചെയ്യുന്നത് ജർമനിയിലെ ഹാംബർഗിലാണ്.
ഈ രണ്ടു കോടതികളിലും വരുന്ന കേസുകളിലും ഭൂരിഭാഗം രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു വിഷയത്തിലെ നിയമം എന്താണെന്നതിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെടുന്ന കേസുകൾ ഈ കോടതികൾക്ക് മുൻപിൽ വരാം. ഇത്തരം കേസുകളിൽ, രണ്ടു കക്ഷികളിൽ ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തുകയല്ല, നിയമത്തിൽ വ്യക്തത വരുത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തം. ഇത്തരം കേസുകൾക്ക് advisory opinion എന്നാണ് പറയുക.
ഈ ലേഖനത്തിൽ പരാമർശിക്കുന്ന കേസുകൾ രണ്ടും advisory opinion കേസുകളാണ്. ഒരു കേസിൽ, കാലാവസ്ഥാ വ്യതിയാനം സംബന്ധിക്കുന്ന നിയമം വ്യക്തമാക്കണം എന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ കേസിൽ, കാലാവസ്ഥാവ്യതിയാനം സമുദ്രങ്ങളിൽ ഏല്പിക്കുന്ന ആഘാതത്തെ സംബന്ധിക്കുന്ന നിയമം വ്യക്തമാക്കണം എന്ന് ചെറു ദ്വീപ് രാഷ്ട്രങ്ങളുടെ ഒരു സംഘടന ITLOS-നോട് ആവശ്യപ്പെട്ടിരിക്കുന്നു.
2. കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര നിയമവും
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ചില അന്താരാഷ്ട്ര കരാറുകൾ ഉണ്ട്. United Nations Framework Convention on Climate Change, പാരിസ് ഉടമ്പടി തുടങ്ങിയവ വായനക്കാർക്ക് പരിചിതമായേക്കും. ആഗോള തലത്തിൽ കാർബൺ പുറംതള്ളുന്നത് കുറയ്ക്കുക, അങ്ങനെ കുറയ്ക്കാനുള്ള ബാദ്ധ്യതയും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിന്റെ സാമ്പത്തിക ഭാരവും വികസിത രാഷ്ട്രങ്ങൾക്കും വികസ്വര രാഷ്ട്രങ്ങൾക്കും ഇടയിൽ ന്യായമായി വീതിക്കുക, തുടങ്ങിയവയൊക്കെയാണ് ഈ കരാറുകളുടെ ലക്ഷ്യങ്ങൾ.
എന്നാൽ, മേൽപ്പറഞ്ഞ കരാറുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല കാലാവസ്ഥാ വ്യതിയാനവും അന്താരാഷ്ട്ര നിയമവും തമ്മിലുള്ള ബന്ധം. അന്താരാഷ്‌ട്ര പരിസ്ഥിതി നിയമവും, മനുഷ്യാവകാശ നിയമവും, അതിർത്തികൾ സംബന്ധിക്കുന്ന നിയമങ്ങളും, അങ്ങനെ അന്താരാഷ്ട്ര നിയമത്തിന്റെ ഏറെക്കുറെ എല്ലാ ശാഖകളും കാലാവസ്ഥാ വ്യതിയാനവുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഈ ശാഖകളെയെല്ലാം സംഗ്രഹിച്ച്, ഇവതമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ വ്യക്തത വരുത്തി, നിയമം വിശദീകരിക്കുക എന്നതാണ് ഈ കേസുകളിൽ കോടതികൾക്ക് മുന്നിലുള്ള ജോലി.

ദീപക് രാജു വാദം അന്താരാഷ്ട്ര ട്രൈബ്യൂണലിൽ അവതരിപ്പിക്കുന്നു
3. കേസിന്റെ പ്രസക്തി
അന്താരാഷ്ട്ര കോടതികൾക്ക് നിയമം നിർമിക്കാൻ അധികാരമില്ല. എന്നാൽ, നിലവിലുള്ള നിയമം വ്യക്തത വരുത്തുക എന്ന അവരുടെ ജോലി ഏറെ പ്രാധാന്യമുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്നോട്ടുള്ള അന്താരാഷ്ട്ര ചർച്ചകളിലും, ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും രാഷ്ട്രങ്ങളുടെ നയം രൂപീകരിക്കുന്നതിലും ഒക്കെ ഈ കോടതി വിധികൾക്ക് വലിയ പങ്കുണ്ടാകും.
4. കോടതിയെക്കുറിച്ച് ഒരു വാക്ക് കൂടി
അന്താരാഷ്ട്ര നിയമരംഗത്ത് ജോലി ചെയ്ത് തുടങ്ങിയിട്ട് പത്ത് വർഷത്തോളം ആകുന്നെങ്കിലും ആദ്യമായാണ് ITLOS--ൽ ഒരു കേസ് വാദിക്കുന്നത്. ആ കോടതിയുടെ ചില സവിശേഷതകൾ എടുത്ത് പറയേണ്ടതുണ്ട്.
ഒന്ന്, സമയനിഷ്ഠയാണ്. ഇരുപത്തി ഒന്ന് ജഡ്ജിമാർ ഒന്നിച്ചിരുന്ന് കേസ് കേൾക്കുന്ന കോടതിയിൽ ഓരോ കക്ഷിയുടെയും വാദം പറഞ്ഞ സമയത്ത്, ഒരു മിനിറ്റ് പോലും വ്യത്യാസമില്ലാതെ കൃത്യ സമയത്ത് തുടങ്ങുന്നു, എന്നത് അത്ഭുതം തന്നെയാണ്. ഓരോ കക്ഷിക്കും അനുവദിച്ച സമയം തീരാറാകുമ്പോൾ കോടതി കൃത്യമായി ഇടപെടുകയും ചെയ്യും.
രണ്ട്, കോടതി നടപടികളിലെ ഔപചാരികതയും അനൗപചാരികതയുമാണ്.
ഇരുപത്തി ഒന്ന് ജഡ്ജിമാർ അർദ്ധവൃത്ത ആകൃതിയിൽ ഇരിക്കുകയും വക്കീലന്മാർ നടുത്തളത്തിൽ നിന്ന് സംസാരിക്കുകയും ചെയ്യുന്ന രീതിയിൽ തികച്ചും ഔപചാരികമായാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. ജഡ്ജിമാർ കടുംനീലനിറമുള്ള ഗൗൺ ധരിക്കുന്നു, വക്കീലന്മാർ താന്താങ്ങളുടെ നാട്ടിലെ വക്കീൽ കുപ്പായങ്ങളോ സ്യൂട്ടോ ധരിക്കുന്നു.
എന്നാൽ, കോടതി ഉദ്യോഗസ്ഥരുടെ പെരുമാറ്റം അനൗപചാരികവും ഏറെ സൗഹാർദപരവുമായിരുന്നു. ഹിയറിങ്ങിനുള്ള തിയതി നിശ്ചയിച്ച് ആവശ്യമായ വിവരങ്ങൾ ഇമെയിൽ വഴി കിട്ടിയപ്പോൾ, കൂടെ കോടതി അയച്ച ഒരു കുറിപ്പ് കോടതി പരിസരത്തെ റെസ്റ്ററന്റുകളുടെ ഒരു ലിസ്റ്റ് ആയിരുന്നു. ഞങ്ങളുടെ വാദത്തിന്റെ തലേ ദിവസം, കോടതി മുറി തുറന്നു കിടക്കുന്നതുകണ്ട് എത്തിനോക്കിയ ഞങ്ങളോട് വേണമെങ്കിൽ കയറി പോഡിയത്തിൽ നിന്ന് വാദങ്ങൾ പ്രാക്ടീസ് ചെയ്തുകൊള്ളാൻ കോടതി ഉദ്യോഗസ്ഥർ പറഞ്ഞു. മൈക്ക് എവിടെ വയ്ക്കണമെന്നും, സ്ലൈഡുകൾ എങ്ങനെ മാറ്റണം എന്നുമൊക്കെ കാണിച്ചു തരാൻ അവർ ഒപ്പം നിന്നു. പോഡിയവും മൈക്കും കിട്ടിയപ്പോൾ അപ്പോഴത്തെ മൂഡിൽ എന്റെ ഒരു സഹപ്രവർത്തക “അണ്ടർ ദ സീ” എന്ന പാട്ട് പാടിയപ്പോൾ അതിലെ തമാശ ആസ്വദിക്കാനും അവർ കൂടെക്കൂടി.
(ജനീവയിൽ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുകയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..