24 April Wednesday

അഴിയാക്കുരുക്കാകുന്ന പണപ്പെരുപ്പം

ജോർജ് ജോസഫ്Updated: Friday May 6, 2022

ഫെബ്രുവരിക്കുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ഉണ്ടായ വൻവിലക്കയറ്റമാണ് ഭക്ഷ്യസാധനത്തിന്റെ വിലക്കുതിപ്പിനെ സ്വാധീനിച്ച ഘടകം. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും അടിസ്ഥാന കാരണമായി മാറുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തെറ്റായ നയങ്ങളാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിടുന്ന കണക്കുകൾതന്നെ വ്യക്തമാക്കുകയാണ്

രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും ഇന്ത്യൻ സമ്പദ്ഘടനയെ വല്ലാതെ പിടിച്ചുലയ്‌ക്കുമ്പോൾ, വളരെ അടിയന്തരമായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.4 ശതമാനം ഉയർത്തിയിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. കാരണം, വായ്‌പാനയ അവലോകനസമിതിയുടെ അടുത്ത യോഗം ജൂണിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, പണപ്പെരുപ്പം പിടിവിട്ട് ഉയരുന്നതോടെ, സമിതി അടിയന്തരമായി ചേർന്ന് നിരക്കുവർധന വരുത്തുകയായിരുന്നു. 4.40 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്.  ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതോടൊപ്പം ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) 0.5 ശതമാനംകണ്ടും ഉയർത്തി. പണപ്പെരുപ്പം ഒരു നിയന്ത്രണവുമില്ലാതെ പെരുകുമ്പോഴും കടുത്ത സമ്മർദങ്ങൾക്കു വഴങ്ങി, കഴിഞ്ഞ 11 തവണയും അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണലഭ്യത ഉയർത്തുന്നതിനാണ് കേന്ദ്രബാങ്ക് ശ്രമിച്ചത്. ഇത് കൂടുതൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ സമ്പദ്ഘടനയിൽ ഉളവാക്കിയെന്നതാണ് വസ്‌തുത. ഏപ്രിലിൽ ചേർന്ന അവലോകന യോഗത്തിലും റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3 .35 ശതമാനത്തിലും മാറ്റംവരുത്താതെ നിലനിർത്തുകയായിരുന്നു റിസർവ് ബാങ്ക് ചെയ്‌തത്.

ഇനിയങ്ങോട്ട് ‘ഈസി മണി' നയവുമായി മുന്നോട്ടുപോകാൻ ആർബിഐക്ക്‌ കഴിയില്ലെന്നത് അവിചാരിതമായ നീക്കത്തിൽനിന്ന്  വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ജൂണിൽ അടിസ്ഥാന പലിശനിരക്കുകൾ 0.25 ശതമാനം ഉയർത്തുമെന്നാണ് പൊതുവിൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇനിയും പിടിച്ചുനിൽക്കാനാകാത്ത സാഹചര്യത്തിൽ റിപ്പോ, സിആർആർ എന്നിവ ഒരുമിച്ച് ഉയർത്തുകയാണ് ആർബിഐ ചെയ്തിരിക്കുന്നത്. പണത്തിന്റെ ഒഴുക്ക് ഇനിയും നിയന്ത്രിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന നിലയിലാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെ പോലുള്ളവർ ഈ മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നതാണ്. പണപ്പെരുപ്പവും വിലക്കയറ്റവും പിടിവിട്ട് മുന്നേറുമ്പോഴും വളർച്ച നിരക്ക് നിലനിർത്തുന്നതിനുവേണ്ടി സ്വീകരിച്ച  നിലപാടിന് ഇപ്പോൾ കനത്തവില നൽകേണ്ടിവന്നിരിക്കുകയാണ്. എന്നാൽ, വായ്‌പച്ചെലവുകൾ(പലിശ) ഉയരുന്നത് സാമ്പത്തിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ഏറെ പ്രതികൂലമായി ബാധിക്കും. ഭവന വായ്‌പ, വാഹന വായ്‌പ, വ്യക്‌തിഗത വായ്‌പ  എന്നിവയുടെ പലിശ ഉയരുന്നതോടെ നിലവിൽ വായ്‌പ എടുത്തിട്ടുള്ളവരുടെ ബാധ്യത വർധിപ്പിക്കും. പുതിയ വായ്‌പകൾ കുറയുകയും ചെയ്യും.  അപ്പോൾ, പലിശ നിരക്ക്‌ വർധിപ്പിക്കുന്നത്‌ സമ്പദ്‌ വ്യവസ്‌ഥയെ തളർത്തുകയേയുള്ളു. 

മാർച്ചിലെ കണക്കുകൾ പ്രകാരം ചില്ലറവിൽപ്പന വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം 6 .95 ശതമാനമാണ്. ജനുവരിയിൽ ഇത് 6.01 ശതമാനമായിരുന്നു. ഏപ്രിലിൽ ചേർന്ന പണനയ അവലോകനസമിതി യോഗം നിർണയിച്ചിരിക്കുന്നത് 2022–--23ൽ പണപ്പെരുപ്പനിരക്ക് 5.7 ശതമാനമെന്ന നിലയിൽ ക്രമീകരിക്കണമെന്നാണ്. എന്നാൽ, ഇതിനുമുമ്പ്‌ ചേർന്ന എല്ലാ പണനയ അവലോകന സമിതിയുടെയും കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ച് പണപ്പെരുപ്പനിരക്ക് കുതിച്ചുയരുകയാണ്. ഈ ഘട്ടത്തിലെല്ലാം വളർച്ചയെ ഉത്തേജിപ്പിക്കുകയെന്ന രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി  പലിശനിരക്കുകൾ ഉയർത്താതെ നിലനിർത്തുകയായിരുന്നു റിസർവ് ബാങ്ക് ചെയ്‌തത്. എന്നിട്ടും  വിലക്കയറ്റം കൂടുതൽ  രൂക്ഷമാവുകയാണുണ്ടായത്‌.


 

ഇന്ത്യയിൽ രൂക്ഷമാകുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും അടിസ്ഥാന കാരണം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ചില തെറ്റായ നിലപാടുകളാണ് എന്നത് കൂടുതൽ വ്യക്തമാകുന്നുണ്ട്. കാരണം, ഭക്ഷ്യവസ്‌തുക്കളുടെ വിലയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായ അതിരൂക്ഷമായ വിലക്കയറ്റമാണ് പൊതുവിൽ പണപ്പെരുപ്പം വർധിക്കുന്നതിനെ സ്വാധീനിച്ചിരിക്കുന്ന ഏറ്റവും നിർണായക ഘടകം. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ഏപ്രിലിൽ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം ഭക്ഷ്യവിഭവങ്ങളുടെ വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 7.68 ശതമാനമായി കുതിച്ചുയർന്നു. 2021 മാർച്ചിൽ ഇത് 4 .87 ശതമാനമായിരുന്നു. ഗ്രാമീണമേഖലയെ മാത്രമായി പരിഗണിക്കുമ്പോൾ ഇത് 3.94 ശതമാനത്തിൽനിന്ന്‌ 8.04 ശതമാനമായാണ് ഉയർന്നത്. ഈവർഷം ഫെബ്രുവരിയിൽ ഇത് 5 .81 ശതമാനമായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഫെബ്രുവരിക്കുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വൻവിലക്കയറ്റമാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കുതിപ്പിനെ സ്വാധീനിച്ച ഘടകം. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും അടിസ്ഥാന കാരണമായി മാറുന്നത് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തെറ്റായ നയങ്ങളാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്‌.

ഭക്ഷ്യവസ്‌തുക്കളുടെ കൂട്ടത്തിൽ ഏറ്റവും അവശ്യസാധനങ്ങളായ പച്ചക്കറികൾ, ഭക്ഷ്യഎണ്ണകൾ, പയർ, പരിപ്പ് വർഗങ്ങൾ, ഇറച്ചി, മൽസ്യം തുടങ്ങിയ സാധനങ്ങളുടെ വിലയാണ് താങ്ങാനാകാത്ത നിലയിലേക്ക് ഉയർന്നത്. ഭക്ഷ്യഎണ്ണകളുടെ കാര്യത്തിൽ 18.79 ശതമാനവും പച്ചക്കറികളുടെ കാര്യത്തിൽ 11 .64 ശതമാനവും മൽസ്യം, മാംസം എന്നിവയുടെ കാര്യത്തിൽ 9 .63 ശതമാനവും വീതമാണ് പണപ്പെരുപ്പം. പൊതുവിൽ പണപ്പെരുപ്പനിരക്ക്  ഉയരുന്നതിനുള്ള മുഖ്യകാരണമായി എൻഎസ്ഒ ചൂണ്ടിക്കാണിക്കുന്ന ഘടകവും ഇതാണ്. ഭക്ഷ്യഎണ്ണ വിലക്കയറ്റം രൂക്ഷമാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഘട്ടത്തിൽ വിപണിയിൽ ഇടപെടുന്നതടക്കമുള്ള നയപരമായ ഒരു നടപടിയിലേക്കും സർക്കാർ നീങ്ങിയതായി  കാണുന്നില്ല. പകരം മണ്ണെണ്ണ അടക്കമുള്ള ഇന്ധനത്തിന്റെ വില അടിക്കടി ഉയർത്തി വിലക്കയറ്റത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത്. എന്തുവില കൊടുത്തും വളർച്ചനിരക്ക് ഉയർത്തിക്കാണിച്ച്‌ സാമ്പത്തികസ്ഥിതി ശോഭനമാണെന്ന് വരുത്തിത്തീർക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നത്. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിന് പണലഭ്യത ഉയർത്തി നിർത്തുകയെന്നതാണ് കേന്ദ്രം കണ്ടെത്തിയ പ്രധാന മാർഗം. തെറ്റായ ഈ സമീപനങ്ങൾക്കുവേണ്ടി പലിശനിരക്കുകൾ താഴ്‌ത്തിനിർത്തുകയാണ് റിസർവ് ബാങ്ക് ഇതഃപര്യന്തം ചെയ്‌തുപോന്നത്. സാമ്പത്തികവളർച്ച ശക്തമാകുന്നതിന് വിലക്കയറ്റം, പ്രത്യേകിച്ച് ഇന്ധനങ്ങളുടെ വില നിയന്ത്രിക്കേണ്ടത്  ഏറ്റവും നിർണായകമാണ്. എന്നാൽ, ഇതിന് കടകവിരുദ്ധമായത് ചെയ്തുകൊണ്ട് എല്ലാം പണനയത്തിലൂടെ ക്രമീകരിക്കാനാണ് ശ്രമം നടത്തിയത്.

ഇക്കാര്യത്തിൽ ഏറ്റവും മുഖ്യഘടകമായ  ധനപരമായ നയങ്ങളുടെ കാര്യത്തിൽ സർക്കാർ പിന്നോട്ടുപോകുകയും ചെയ്തതോടെ കാര്യങ്ങൾ രൂക്ഷമാകുകയായിരുന്നു. ഏതായാലും അടുത്ത മാസങ്ങളിൽ പണപ്പെരുപ്പം എട്ടു ശതമാനം മറികടക്കുമെന്നത് ഏറെക്കുറെ അനുമാനിക്കാൻ കഴിയും. കാരണം, ഇന്ധന വിലക്കയറ്റം ചരക്കുനീക്കത്തിന്റെ ചെലവ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചിരിക്കുന്നത് ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മാർച്ചിനുശേഷം ഇന്ധനവിലയിൽമാത്രം രേഖപ്പെടുത്തിയിരിക്കുന്ന വർധന 26 ശതമാനമാണ്. റഷ്യ–-ഉക്രയ്‌ൻ സംഘർഷം തുടരുന്നതും ആഗോള സാമ്പത്തികവളർച്ച 0.8  ശതമാനം കുറയുമെന്ന ഐഎംഎഫിന്റെ റിപ്പോർട്ടും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ വർധന വരുത്തുന്നതും വിദേശവ്യാപാര കമ്മി കുതിച്ചുയർന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതോതിൽ തുടരുന്നതും ഡോളറിനെതിരെ രൂപ കനത്ത പതനത്തിലേക്ക് നീങ്ങുന്നതടക്കമുള്ള ഒരുപിടി പ്രതികൂല ഘടകങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ ഗുരുതര സ്ഥിതിയിലേക്ക് നയിക്കുകയാണ്.

സ്വയം കൃതനാർഥമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലാണ് ഇന്ത്യൻ സമ്പദ്ഘടന, ഒരുതരത്തിൽ ചെകുത്താനും കടലിനും നടുവിൽ. വളർച്ചനിരക്ക് ഉയർത്തുകയും വേണം പണപ്പെരുപ്പം നിയന്ത്രിക്കുകയും വേണം. ഒന്നിനുള്ള മരുന്ന് മറ്റൊന്നിന് ദോഷമാകും. എന്നാൽ, കഴിഞ്ഞ രണ്ടുവർഷം പലിശനിരക്കിൽ മാറ്റംവരുത്താതെ തുടർന്നതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടില്ലെന്നത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കഴിഞ്ഞ വായ്പാ നയാവലോകനത്തിൽ റിസർവ് ബാങ്ക്, വളർച്ചനിരക്ക് 7.8 ശതമാനത്തിൽനിന്ന്‌ 7.2 ശതമാനമായി താഴ്‌ത്തി നിശ്ചയിച്ചത് ശ്രദ്ധേയമാണ്. ഫണ്ടുചെലവ് ഉയർത്തുന്ന ആ പ്രധാന തീരുമാനത്തിന് റിസർവ്  ബാങ്ക്  നിർബന്ധിതമായിരിക്കുകയാണ്. ഈയൊരു അവസ്ഥയിൽ പലിശനിരക്കുകൾ ഉയരുന്നത്  സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും. പക്ഷേ, ആ കയ്‌പൻ കഷായം ഒഴിവാക്കാൻ കഴിയുന്നതുമല്ല. ശരിയായ നയങ്ങളും ഇടപെടലുകളും വേണ്ട സമയത്ത് സ്വീകരിക്കാതിരുന്ന കേന്ദ്ര സർക്കാർ തന്നെയാണ് ഈ അതിസങ്കീർണ സാഹചര്യത്തിന് ഉത്തരവാദികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top