19 April Friday

തലകുനിച്ച്‌ രൂപയും

ടി ചന്ദ്രമോഹൻUpdated: Thursday Jun 23, 2022

അസമത്വം വർധിപ്പിച്ച മോദി ഭരണത്തിൽ രൂപയും മറ്റു രാജ്യങ്ങളുടെ കറൻസികൾക്കുമുന്നിൽ തലകുനിക്കുന്നു. അമേരിക്കൻ ഡോളറിനെതിരെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ. എക്കാലത്തെയും മോശം വിനിമയനിരക്കായ 78 രൂപ 40 പൈസയിലേക്കാണ്‌ ബുധനാഴ്‌ച  രൂപ കൂപ്പുകുത്തിയത്‌. ജൂൺ 13നുശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 78നു മുകളിലാണ്‌. ഈവർഷം ജനുവരിമുതൽ അഞ്ചു ശതമാനമാണ്‌ തകർച്ച. മോദി സർക്കാർ അധികാരമേറ്റ 2014 മെയ്‌മാസത്തിൽ  59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്‌. 2013ലാണ്‌ ഇതിനുമുമ്പ്‌ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞത്. 2008ലെ മാന്ദ്യത്തെത്തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശനിക്ഷേപകർ ഇവ വൻതോതിൽ പിൻവലിക്കുമോ എന്ന ഭയവും ഓഹരി, കടപ്പത്ര വിപണികളിൽനിന്നുള്ള പിൻവാങ്ങലുമായിരുന്നു അന്ന് രൂപയുടെ മൂല്യം ഇടിച്ചത്. അതിനു സമാനമായ സാഹചര്യമാണ്‌ ഇപ്പോൾ. 2013 ആഗസ്‌ത്‌ 19ന് ഒറ്റദിവസം 1.48 രൂപയുടെ തകർച്ച നേരിട്ടു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, രൂപയുടെ തകർച്ചയിൽ മൻമോഹൻ സിങ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നിഷ്‌ക്രിയത്വമോർത്ത് രാജ്യം ഏറ്റവും നിരാശപ്പെടുകയാണെന്നും രൂപയെ രക്ഷിക്കാൻ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ വിമർശം. അതേ ചോദ്യം ഇപ്പോൾ തിരിഞ്ഞുകുത്തുകയാണ്‌. മോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തിൽ മൂല്യത്തിൽ 10 രൂപ ഇടിഞ്ഞ്‌ 2019  മെയിൽ  69.18 രൂപയായി. രണ്ടാം മോദി സർക്കാരിന്റെ മൂന്നു വർഷം പൂർത്തിയാക്കുമ്പോൾ 10 രൂപകൂടി ഇടിഞ്ഞ്‌ 78.40 ൽ എത്തി.

ഈവർഷം ഇനി ഏഴു ശതമാനംവരെ മൂല്യം ഇടിയുമെന്നാണ്‌ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്‌. രൂപ ക്ഷയിക്കുന്നത്‌ ഇന്ത്യൻ സമ്പദ്‌മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റം രൂക്ഷമാകുന്നതോടൊപ്പം ഇറക്കുമതിച്ചെലവ്‌ വർധിച്ച്‌ വിദേശനാണയ ശേഖരത്തിലും ഇടിവുണ്ടാക്കും. രൂപയുടെ വില ഇടിഞ്ഞതോടെ ഓഹരി, കടപ്പത്ര വിപണിയിൽനിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കുന്നു. ലോക വിപണിയിലെ മാന്ദ്യവും അനിശ്ചിതത്വവും അമേരിക്കൻ കേന്ദ്ര ബാങ്ക്‌ പലിശ വർധിപ്പിച്ച്‌ ഡോളറിനെ ശക്തിപ്പെടുത്തിയതും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളുമാണ്‌ ഇപ്പോൾ രൂപയുടെ മൂല്യം ഇടിച്ചത്‌. രൂപയുടെ തളർച്ച ഇറക്കുമതിച്ചെലവ്‌ വർധിപ്പിക്കും. മൂല്യം പിടിച്ചുനിർത്താൻ റിസർവ്‌ ബാങ്ക്‌ രണ്ടു രീതിയിൽ ഇടപെടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ രൂപയ്‌ക്ക്‌ തിരിച്ചുകയറാനായില്ല. കൈയിലുള്ള ശേഖരത്തിൽനിന്ന്‌ ഡോളർ വിൽക്കുകയാണ്‌ ഒന്ന്‌. കരുതൽ ശേഖരത്തിൽനിന്ന്‌ ഇതുവരെ 6500 കോടി ഡോളർ റിസർവ്‌ ബാങ്ക്‌ വിൽപ്പന നടത്തി. മറ്റൊന്ന്‌ അടിസ്ഥാന പലിശനിരക്ക്‌ വർധിപ്പിക്കുന്നു. രണ്ടു വർഷത്തിലേറെയായി നാലു ശതമാനത്തിൽ നിന്നിരുന്ന റിപ്പോ നിരക്ക് അഞ്ച്‌ ആഴ്‌ചയ്‌ക്കിടെ നാലിൽനിന്ന്‌ 4.9 ശതമാനമാക്കി. സെപ്‌തംബറിൽ 64,200 കോടി ഡോളറായിരുന്ന വിദേശ നാണ്യശേഖരം ജൂൺ ആദ്യവാരം 58,700 കോടിയായി കുറഞ്ഞു. വ്യാപാര കമ്മിയും കുത്തനെ ഉയർന്നു. രൂപയുടെ വില ഇടിഞ്ഞതോടെ ഓഹരി, കടപ്പത്ര വിപണിയിൽനിന്ന്‌ വലിയതോതിൽ വിദേശനിക്ഷേപം പിൻവലിക്കുന്നു. ഒമ്പതു മാസത്തിനിടെ 3900 കോടി ഡോളറാണ്‌ (എകദേശം മൂന്നു ലക്ഷം കോടി രൂപ) പിൻവലിച്ചത്‌. ഇത്‌ ഓഹരി വിപണിക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും തിരിച്ചടിയാണ്‌. അമേരിക്കൻ ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്‌ച 0.75 (75 ബേസിസ് പോയിന്റ്) പലിശനിരക്ക് വർധിപ്പിച്ചതോടെ വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കാൻ സാഹചര്യമൊരുങ്ങി. വിദേശനിക്ഷേപകരുടെ പിന്മാറ്റം വർധിക്കുമെന്ന്‌ കഴിഞ്ഞദിവസം റിസർവ്‌ ബാങ്കും മുന്നറിയിപ്പുനൽകി. ഇത്‌ രൂപയുടെ നില വീണ്ടും ദുർബലമാക്കും.

രൂപയുടെ ഉയർച്ചയും 
വീഴ്‌ചയും
സ്വാതന്ത്ര്യം നേടുമ്പോൾ അമേരിക്കൻ ഡോളറിനോളംതന്നെ പ്രാധാന്യമുണ്ടായിരുന്നു ഇന്ത്യൻ കറൻസിക്ക്‌. ബ്രിട്ടീഷ് ഭരണകാലത്ത്‌ രൂപയുടെ വിനിമയനിരക്ക് ബ്രിട്ടീഷ് കറൻസിയായ പൗണ്ട് സ്റ്റെർലിങ്ങുമായി ബന്ധപ്പെടുത്തിയാണ്‌ കണക്കാക്കിയിരുന്നത്‌. 1927 മുതൽ ഒരു രൂപയുടെ മൂല്യം ഒരു ഷില്ലിങ്‌ ആറ് പെൻസ് എന്ന നിലയിലായിരുന്നു. 1945ൽ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്‌) രൂപംകൊണ്ടപ്പോൾ സ്ഥാപകാംഗമായ ഇന്ത്യ രൂപയുടെ മൂല്യം ഒരു ഡോളറിന്‌ മൂന്നു രൂപ 30 പൈസ എന്ന് നിരക്ക്‌ നിശ്ചയിച്ചു. സർക്കാർ വിനിമയനിരക്ക് നിശ്ചയിക്കുന്ന ഫിക്സഡ് എക്സ്ചേഞ്ച് റേറ്റ് എന്ന സംവിധാനമാണ്‌ അന്ന്‌ സ്വീകരിച്ചത്‌. 1950നു ശേഷം രൂപയുടെ മൂല്യം കുറച്ചു. ഒന്നാം പഞ്ചവത്സരപദ്ധതി നടപ്പാക്കാൻ വിദേശവായ്‌പ എടുക്കാനാണ്‌ ആദ്യം മൂല്യം കുറച്ചത്‌. ചൈനയുമായും പാകിസ്ഥാനുമായുള്ള യുദ്ധത്തെത്തുടർന്ന്‌ കുതിച്ചുയർന്ന ബജറ്റ്‌ കമ്മി നേരിടാൻ 1966ൽ സർക്കാർ സ്വമേധയ മൂല്യം കുറച്ചു. ഒരു ഡോളറിന്‌ ഏഴു രൂപ 50 പൈസ എന്ന നിലയിലാക്കി. ഇതോടെ സ്വതന്ത്ര്യത്തിനുശേഷം 20 വർഷം കഴിഞ്ഞപ്പോൾ മൂല്യം പകുതിയായി.

1975ൽ സർക്കാർ വിനിമയനിരക്ക് നിശ്ചയിക്കുന്ന ഫിക്‌സഡ്‌ എക്സ്ചേഞ്ച് റേറ്റ് സംവിധാനം നിർത്തലാക്കി. പ്രധാന കറൻസികളായ അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, ജർമൻ മാർക്ക് എന്നിവയുടെ മൂല്യവുമായി ബന്ധപ്പെടുത്തി വിനിമയനിരക്ക് നിശ്ചയിക്കാൻ തുടങ്ങി. 1975ൽ ഡോളറിനെതിരെ 8.39 രൂപയായിരുന്നു. 19-81 തുടക്കത്തിലെ ഏഴു രൂപ 91 പൈസ എന്ന നിലയിലായിരുന്നു. കടുത്ത സാമ്പത്തികമാന്ദ്യവും വിദേശവായ്‌പാ തിരിച്ചടവ്‌ പ്രതിസന്ധിയും പരിഹരിക്കാൻ 1991ൽ സർക്കാർ വിനിമയമൂല്യം 17.90 രൂപയായി കുറച്ചു. 1992ൽ ഡോളറിനെതിരെ 24 രൂപ 24 പൈസ എന്ന നിലയിലേക്ക് കൂപ്പുകുത്തി. 15 വർഷത്തിനിടെ മൂല്യം മൂന്നിലൊന്നായി.

1993 രൂപയെ സംബന്ധിച്ച്‌ പ്രധാനമാണ്‌. വിനിമയനിരക്ക് നിശ്ചയിക്കുന്നതിൽനിന്ന് സർക്കാർ പൂർണമായും പിന്മാറി വിപണിയുമായി ബന്ധപ്പെടുത്തി, അടിയന്തര സാഹചര്യങ്ങളിൽമാത്രം സർക്കാർ ഇടപെടുന്ന ‘മാനേജ്‌ഡ്‌ ഫ്ലോട്ടിങ്’ രീതി സ്വീകരിച്ചു. ഇതോടെ ഡോളറിനെതിരെ 1994ൽ വിനിമയനിരക്ക്‌ 31 രൂപ 37 പൈസയായി. 1999–20-00ൽ 43.34 രൂപ. 2002–-03ൽ 47.71 രൂപയായി മൂല്യം കുറഞ്ഞെങ്കിലും 2004ൽ മുതൽ 2008 വരെ രൂപ കരുത്താർജിച്ചു. 2008ന്റെ തുടക്കത്തിൽ 40 രൂപ 20 പൈസയിലേക്ക്‌ തിരിച്ചുകയറി. 2012 മെയ്‌മാസത്തിൽ 54.21ൽനിന്ന്‌ 2014  മെയിൽ  59.44 രൂപയിലേക്കുമെത്തി. മോദി സർക്കാർ എട്ടു വർഷം പൂർത്തിയാക്കുമ്പോൾ 78.40 രൂപയിൽ എത്തി. നിലവിലെ സ്ഥിതി തുടർന്നാൽ സ്വാതന്ത്ര്യത്തിന്റെ 80–-ാം വാർഷികം ആഘോഷിക്കുന്ന 2027ൽ രൂപയുടെ വിനിമയമൂല്യം 100 കടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top