28 March Thursday

ഇന്തോ പസിഫിക്കിന്റെ ഉന്നം - ഡോ. ജോസഫ്‌ ആന്റണി എഴുതുന്നു

ഡോ. ജോസഫ്‌ ആന്റണിUpdated: Wednesday Jan 20, 2021


പ്രമുഖ അമേരിക്കൻചിന്തകൻ ജോൺ മിയർഷീമർ, അദ്ദേഹത്തിന്റെ "വൻശക്തിരാഷ്ട്രീയത്തിന്റെ ദുരന്തം' എന്ന പുസ്തകത്തിൽ അടിവരയിട്ടുപറയുന്ന കാര്യം, ലോകരാഷ്ട്രീയത്തിൽ മേധാവിത്വംവഹിക്കുന്ന ഒരു രാഷ്ട്രവും അവരുടെ മേൽക്കോയ്മ നഷ്ടപ്പെടാൻ  അനുവദിക്കില്ല എന്നതാണ്. തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളമേധാവിത്വം  നിലനിർത്താൻ അവർ  എല്ലാ അടവും പയറ്റും. സാമ്രാജ്യങ്ങൾ ഉടലെടുക്കാൻ തുടങ്ങിയകാലംമുതൽ ഇത് നടന്നുവരുന്നുണ്ട്. എന്നാൽ, ഓരോ കാലഘട്ടത്തിലും മേധാവിത്വം പുലർത്തിയിരുന്ന സാമ്രാജ്യങ്ങൾ  കാലക്രമത്തിൽ തകർന്നടിഞ്ഞതും ലോകംകണ്ടു. ആഗോളമേധാവിത്വം ഒരു രാജ്യത്തിന്റെയും കുത്തകയാക്കിവയ്ക്കാനാകില്ലെന്നും, കാലക്രമത്തിൽ അത് തകരുമെന്നും പതിനാറാം നൂറ്റാണ്ടുമുതലുള്ള നിരവധി വൻശക്തികളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അമേരിക്കൻ എഴുത്തുകാരനായ പോൾ  കെന്നഡി സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ "വൻശക്തികളുടെ ഉയർച്ചയും തകർച്ചയും' എന്ന പുസ്തകം, അടുത്തതായി തകരാൻപോകുന്നത് അമേരിക്കയുടെ മേധാവിത്വമാണെന്ന് പ്രവചിക്കുകയുംചെയ്തു. തങ്ങളെ തുറിച്ചുനോക്കുന്ന അനിവാര്യമായ ഈ തകർച്ചയെ തടഞ്ഞുനിർത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ് അമേരിക്ക ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ  അമേരിക്കയുടെ അധീശത്വം ലോകമാകെ നിലനിർത്താനായി, അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെനിയുടെയും മറ്റുംനേതൃത്വത്തിൽ രൂപീകരിച്ച "അമേരിക്കയുടെ പുതിയ നൂറ്റാണ്ട് പദ്ധതി' ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ നിർണായകമായ പങ്കുവഹിക്കുമെന്നും അവയുടെമേൽ നിയന്ത്രണമുള്ള രാജ്യങ്ങൾക്ക് ആഗോളമേധാവിത്വം ഉറപ്പിക്കാനാകുമെന്നുള്ള ചിന്തയിലാണ്, പശ്ചിമേഷ്യയെ തങ്ങളുടെ വരുതിയിലാക്കാൻ, സദ്ദാം ഹുസൈൻ ജനങ്ങളെ കൂട്ടക്കൊല നടത്താനുള്ള ആയുധം കൈവശമാക്കിയിട്ടുണ്ടെന്നുള്ള കള്ളക്കഥമെനഞ്ഞ് 2003ൽ  ഇറാഖിനെതിരെ അമേരിക്ക യുദ്ധമഴിച്ചുവിട്ടത്. ജോർജ് ബുഷിന്റെ നേതൃത്വത്തിൽ നടന്ന "ഭീകരതയ്ക്കെതിരായ യുദ്ധം', ബരാക് ഒബാമ മുന്നോട്ടുവച്ച "ഏഷ്യൻ അച്ചുതണ്ട് പദ്ധതി', പിന്നാലെവന്ന ഡോണൾഡ് ട്രംപിന്റെ "അമേരിക്ക ആദ്യം', "ഇന്തോ പസിഫിക്' എന്നിവയെല്ലാം അമേരിക്കയുടെ തകരുന്ന മേധാവിത്വത്തിന്‌ പുതുജീവൻ നൽകാനായി മെനഞ്ഞെടുത്ത പദ്ധതികളാണ്.

ആദ്യമൊക്കെ അമേരിക്കയുടെ ലക്ഷ്യം വെട്ടിത്തുറന്നു പറയാൻമടിച്ചിരുന്നെങ്കിൽ, "ഏഷ്യൻ അച്ചുതണ്ട് പദ്ധതി' മുന്നോട്ടുവച്ചുകൊണ്ട് അന്നത്തെ അമേരിക്കയുടെ വിദേശകാര്യ  സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൻ, പദ്ധതിയുടെ ലക്ഷ്യം അമേരിക്കൻ മേധാവിത്വം നിലനിർത്താനാണെന്ന് പച്ചയായിത്തന്നെ പറഞ്ഞു. പിന്നാലെ, അമേരിക്ക പ്രസിദ്ധീകരിച്ച എല്ലാ റിപ്പോർട്ടും സുരക്ഷാപദ്ധതി പ്രഖ്യാപനങ്ങളും അമേരിക്കയുടെ ലക്ഷ്യം വ്യക്തമായിത്തന്നെ രേഖപ്പെടുത്തി. അവയിൽ അവർ ഒരു കാര്യംകൂടി പ്രമുഖമായി അവതരിപ്പിച്ചു. അത്, തങ്ങളുടെ മേധാവിത്വത്തിനു വെല്ലുവിളിയുയർത്തുന്നത് ചൈനയാണെന്നും ചൈനയുടെ ഉയർന്നുവരവിനെ ഏതുവിധേനയും തടയേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമായ ഉത്തരവാദിത്തമാണെന്നും വിലയിരുത്തുകയുംചെയ്തു.

ലോകത്തിലെ ഏറ്റവുംപഴക്കമുള്ള ജനാധിപത്യരാജ്യമാണ് തങ്ങളുടേതെന്നും ലോകരാഷ്ട്രങ്ങളെ ജനാധിപത്യം പഠിപ്പിക്കുകയും ജനാധിപത്യം  കയറ്റുമതിചെയ്യുകയും ആയുധമുപയോഗിച്ച് നടപ്പാക്കുകയുംചെയ്യുന്ന, ഊണിലും ഉറക്കത്തിലും ജനാധിപത്യത്തെക്കുറിച്ച് പ്രഘോഷിക്കുന്ന രാജ്യമാണ്  അമേരിക്ക. അവിടത്തെ പ്രസിഡന്റുതന്നെ, അവർ ബനാന റിപ്പബ്ലിക്കുകൾ എന്നുവിളിച്ച്‌ അധിക്ഷേപിക്കുന്ന ലാറ്റിൻ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഭരണകൂടങ്ങളെപ്പോലും നാണിപ്പിക്കുന്നതരത്തിൽ, സ്വന്തം അനുയായികളെക്കൊണ്ട്‌ പാർലമെന്റ് ആക്രമിച്ച്, പുതിയ പ്രസിഡന്റിന്റെ അംഗീകാരം അട്ടിമറിക്കാൻ ശ്രമം നടത്തിയതിന് ഇംപീച്ചുനടപടികൾ നേരിടുന്നതിനിടയിൽ പ്രസിദ്ധീകരണത്തിനായി നൽകിയ, 2018ൽ തയ്യാറാക്കിയ ‘ഇന്തോ പസിഫിക്കിന്റെ തന്ത്രപരമായ ചട്ടക്കൂട്' എന്ന രേഖ വെളിവാക്കുന്നതും ചൈനയെ പ്രതിരോധിച്ചുകൊണ്ട്, തളരുന്ന അമേരിക്കൻ മേധാവിത്വം നിലനിർത്താനുള്ള തന്ത്രങ്ങൾതന്നെയാണ്.

എന്താണ് ഇന്തോ പസിഫിക്?
ഈ അടുത്തകാലത്തുമാത്രം പ്രചാരംനേടിയ ഒരു ആശയമാണ് ഇന്തോ പസിഫിക്. ഏഷ്യ പസിഫിക് എന്ന  സങ്കൽപ്പം നേരത്തേ നിലനിന്നിരുന്നെങ്കിലും, അതിൽ ഇന്ത്യൻ മഹാസമുദ്രത്തിനും ഇന്ത്യക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ഇന്തോനേഷ്യയുമൊക്കെ സാമ്പത്തികശക്തികളായി വളരാനാരംഭിച്ചപ്പോൾ, ആഗോള സാമ്പത്തികകേന്ദ്രം ഏഷ്യയായിമാറി. ചൈന അഭൂതപൂർവമായ സാമ്പത്തികവളർച്ച നേടി ശക്തമാകാൻ തുടങ്ങിയതോടെയാണ് അമേരിക്കയുടെ സൈനികശ്രദ്ധയും ഏഷ്യയിലേക്ക് മാറാൻ തുടങ്ങിയത്. അതിന്റെ കാരണം  ജോൺ മിയർഷീമർ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു രാജ്യം തങ്ങളുടെ മേഖലയിൽ മേധാവിത്വംനേടിയാൽ, പിന്നെ അവർ വെല്ലുവിളി ഉയർത്തുന്നത് ആഗോള മേധാവിത്വംപുലർത്തുന്ന രാജ്യത്തെയായിരിക്കും. ആ തിരിച്ചറിവിൽനിന്നാണ് ചൈനയെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി അമേരിക്ക മുന്നോട്ടുവന്നത്. ഈ ലക്ഷ്യത്തിനായി ഇരുപത്തൊന്നാംനൂറ്റാണ്ടിൽ അമേരിക്ക മുന്നോട്ടുവച്ച ഭൂതന്ത്രപദ്ധതിയായിരുന്നു "ഏഷ്യൻ അച്ചുതണ്ട് പദ്ധതി.' അത്  പസിഫിക് മേഖലയിലേക്ക് കൂടുതൽ അമേരിക്കൻ സൈന്യത്തെ വിന്യസിച്ചുകൊണ്ടും മേഖലയിലെ അമേരിക്കൻ സഖ്യരാജ്യങ്ങളെ ഉപയോഗിച്ചും  ചൈനയുടെ വളർച്ചയെ തടയുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.

എന്നാൽ, ശാന്തസമുദ്രമേഖലയിലുള്ള ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെക്കൊണ്ടുമാത്രം ചൈനയുടെ വളർച്ചയെ തടയാനാകില്ലെന്ന് അമേരിക്കയ്ക്ക് ബോധ്യമായി. അങ്ങനെയാണ്, ഇന്ത്യൻ മഹാസമുദ്രത്തെയും ഉൾപ്പെടുത്തി, ശാന്ത സമുദ്രമേഖലയിൽ മാത്രമല്ല, ഇന്ത്യയുടെ സഹായത്തോടെ, ഇന്ത്യൻ മഹാസമുദ്രത്തിലും സൈനിക സാന്നിധ്യം വർധിപ്പിച്ച്, ചൈനയെ തടഞ്ഞുകൊണ്ട് അമേരിക്കൻ ആഗോളമേധാവിത്വം ഉറപ്പിക്കാനുള്ള ഇന്തോ പസിഫിക് പദ്ധതി രൂപപ്പെട്ടത്. ഇന്ത്യയുടെ സാന്നിധ്യംതന്നെയാണ് ഇന്തോ പസിഫിക് പദ്ധതിയുടെ ഏറ്റവുംവലിയ ആകർഷണം.

ഇന്തോ പസിഫിക്കിന്റെ ലക്ഷ്യം
വെള്ളക്കൊട്ടാരത്തിൽനിന്ന്‌ പടിയിറങ്ങാൻ (അതോ കോൺഗ്രസ് ചവിട്ടിപുറത്താക്കുമോ?) ഒരാഴ്ചമാത്രമുള്ളപ്പോൾ ട്രംപ് ഭരണകൂടം പ്രസിദ്ധീകരിച്ച പത്തുപേജ്‌ മാത്രമുള്ള "ഇന്തോ പസിഫിക്കിന്റെ തന്ത്രപരമായ ചട്ടക്കൂട്' എന്ന രേഖ അമേരിക്കയുടെ ലക്ഷ്യം അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്ന പ്രധാനകാര്യങ്ങൾ ഇവയാണ്:

ഇന്തോ പസിഫിക് മേഖലയിൽ ചൈനയെ തടഞ്ഞുകൊണ്ട് അമേരിക്കയുടെ തന്ത്രപരവും സാമ്പത്തികവുമായ അധീശത്വം നിലനിർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആഗോള സാമ്പത്തികവളർച്ചയുടെ കേന്ദ്രമായിമാറിയ ഇന്തോ പസിഫിക് മേഖലയിൽ സ്വതന്ത്രമായി കടന്നുവരാൻ കഴിഞ്ഞാലേ അമേരിക്കയുടെ  സുരക്ഷയും സുഭിക്ഷതയും ഉറപ്പുവരുത്താനാകൂ.
ഇന്തോ പസിഫിക് മേഖലയിലെ അധീശത്വം നഷ്ടപ്പെട്ടാൽ, അമേരിക്ക ആഗോളതലത്തിൽത്തന്നെ ദുർബലമാകും. അമേരിക്കൻ ആഗോളതാൽപ്പര്യങ്ങൾ നേടാൻ ശക്തമായ സഖ്യങ്ങൾ രൂപീകരിക്കണം. ഇന്ത്യക്ക്‌ മറ്റുരാജ്യങ്ങളുമായിച്ചേർന്ന് ചൈനയെ പ്രതിരോധിക്കാനാകും. ഇതിനായി അമേരിക്ക, ഇന്ത്യ, ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾചേർന്നുള്ള ചതുർരാഷ്ട്രസഖ്യത്തെ കേന്ദ്രശക്തിയാക്കി വളർത്തണം.

നേരത്തേ സൂചിപ്പിച്ചതുപോലെ, കാലാകാലങ്ങളിൽ അമേരിക്ക പ്രഖ്യാപിക്കുന്ന പദ്ധതികളും സഖ്യങ്ങളും അവരുടെ മേധാവിത്വം ഊട്ടിയുറപ്പിക്കാനുള്ള സൃഗാലതന്ത്രങ്ങൾമാത്രമാണ്. ഇപ്പോൾ പ്രസിദ്ധീകരിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ, അതിന്റെയെല്ലാം ലക്ഷ്യം അമേരിക്കയുടെ വളർച്ചയും മേധാവിത്വം നിലനിർത്താനുംമാത്രമാണ്. അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവിഷ്കരിച്ച ഇന്തോ പസിഫിക്കിലും അതിന്റെ ഭാഗമായുള്ള ക്വാഡിലും മലബാർ നാവിക അഭ്യാസങ്ങളിലും ഇന്ത്യ സജീവ പങ്കാളിയാണ്.

കഴിഞ്ഞവർഷം ഒപ്പിട്ട ബെക്കാകരാറോടുകൂടി അമേരിക്കയുമായി സൈനികതന്ത്രപ്രാധാന്യമുള്ള നാല് അടിസ്ഥാനകരാറിൽ ഇന്ത്യ പങ്കാളിയായി. അമേരിക്കൻ ആയുധങ്ങളുടെ വലിയ കമ്പോളമായി ഇന്ത്യ മാറിക്കഴിഞ്ഞു; അതിലൂടെ അവരുടെ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗവും. ലോകത്തിനും ഏഷ്യക്കും ഇന്ത്യക്കും പ്രത്യേകിച്ചൊന്നും നൽകാത്ത ഇന്തോ പസിഫിക് പരിപാടിയിലൂടെ ഉന്നംവയ്ക്കുന്നത്‌ തളരുന്ന  അമേരിക്കയുടെ ആഗോള ആധിപത്യം ഊട്ടിയുറപ്പിക്കലാണ്.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top