29 March Friday

റെയിൽവേയ്‌ക്കും മരണമണി

ആർ ജി പിള്ളUpdated: Tuesday Aug 18, 2020


ഇന്ത്യൻ റെയിൽവേ 109 സുപ്രധാന റൂട്ടിലായി 151 ജോഡി ട്രെയിനുകൾ ഓടിക്കാൻ വിദേശ –-സ്വകാര്യ സംരംഭകരിൽനിന്ന്‌ താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നു. ലോകത്ത്‌ ആദ്യം റെയിൽവേ സ്വകാര്യവൽക്കരണം നടപ്പാക്കിയ ബ്രിട്ടനിൽ കോവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ ട്രെയിൻ കമ്പനികളെ ഗവൺമെന്റ് ഏറ്റെടുത്തപ്പോഴാണ് ഇവിടെ സ്വകാര്യവൽക്കരണത്തിനു മുതിരുന്നത്. റെയിൽവേ സ്വകാര്യവൽക്കരണം രാജ്യത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ് എന്നതിൽ തർക്കമില്ല. 23 ദശലക്ഷം പേരാണ് ദിവസംപ്രതി റെയിൽയാത്ര ചെയ്‌തിരുന്നത്. ശരാശരി 3500  ടൺ ചരക്കുകൾ  കടത്തുന്നു. സാധാരണക്കാരന് ജീവിതവൃത്തിക്കും മറ്റ്‌ ആവിശ്യങ്ങൾക്കുമുള്ള യാത്ര സൗജന്യനിരക്കിൽ ഒരുക്കുന്നു. ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം, കൽക്കരി, രാസവളങ്ങൾ, മറ്റ് അസംസ്‌കൃത സാധനങ്ങൾ തുടങ്ങിയവ കുറഞ്ഞനിരക്കിൽ രാജ്യത്താകമാനം എത്തിക്കുന്നതിലും റെയിൽവേ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

കൂടാതെ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും വിദ്യാർഥികൾക്കും മറ്റുമായി  ഒട്ടേറെ സൗജന്യങ്ങളും നൽകിവരുന്നുണ്ട്. ലാഭം, കൂടുതൽ ലാഭം എന്ന ലക്ഷ്യത്തോടെ സ്വകാര്യകമ്പനികൾ റെയിൽ ഗതാഗതമേഖല കൈയടക്കിയാൽ യാത്രാക്കൂലിയും കടത്തുകൂലിയും ക്രമാതീതമായി വർധിക്കും. ജനങ്ങളുടെ നികുതിപ്പണവും തൊഴിലാളികളുടെ തൊഴിൽശക്തിയും ഉപയോഗിച്ച് കഴിഞ്ഞ 175 വർഷമായി പടുത്തുയർത്തിയ ഇന്ത്യൻ റെയിൽവേയുടെ വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ കോർപറേറ്റുകൾക്ക്‌ ലാഭം കൊയ്യാൻ വിട്ടുകൊടുക്കുന്നത് തികച്ചും രാജ്യദ്രോഹപരവും ജനദ്രോഹപരവുമാണ്. കാലാവസ്ഥയോടും പകർച്ചവ്യാധികളോടും പട്ടിണിയോടും മല്ലിട്ട്‌ ജീവൻ വെടിഞ്ഞ റെയിൽവേ തൊഴിലാളികളുടെ എണ്ണം വളരെ വലുതാണ്‌. ഈ കാലഘട്ടത്തിലും റെയിൽസുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽപ്പെട്ട് മരിച്ച റെയിൽവേ ജീവനക്കാരുടെ എണ്ണം  മരിച്ച യാത്രക്കാരുടേതിനേക്കാൾ പതിന്മടങ്ങ്‌ കൂടുതലാണെന്നു കണ്ടെത്തിയത് ഹൈ പവർ സേഫ്റ്റി റിവ്യൂ കമ്മിറ്റിയാണ്. അത്തരത്തിൽ പടുത്തുയർത്തപ്പെട്ട നമ്മുടെ പൈതൃക സ്വത്തായ റെയിൽവേയെ സ്വകാര്യവൽക്കരിക്കാൻ അനുവദിച്ചുകൂടാ.


 

സ്വകാര്യമേഖലയ്‌ക്ക്‌ സുപ്രധാന റൂട്ടുകളും ട്രെയിനുകളും സ്റ്റേഷനുകളും കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും  തീരുമാനം നടപ്പാക്കാൻ അനുവദിക്കപ്പെട്ടാൽ ഇന്ത്യൻ റെയിൽവേയുടെതന്നെ മരണമണി മുഴക്കമായിരിക്കും എന്ന് തീർച്ച. റെയിൽവേ സ്വകാര്യവൽക്കരണം  നടപ്പാക്കിയ അർജന്റീന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങൾ നമ്മെ  പഠിപ്പിക്കുന്നത് അതാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കോച്ചുകൾ, 160 കിലോമീറ്റർ വേഗത, ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ, കുറഞ്ഞ യാത്രാസമയം, കുറഞ്ഞപരിപാലനസമയം ഇതൊക്കെയാണ് വാഗ്ദാനങ്ങൾ.  ഇതൊക്കെ സ്വകാര്യവൽക്കരണത്തിന്‌ ന്യായീകരണമായി എന്നും പറയാറുള്ളതുതന്നെ. പക്ഷേ, പ്രായോഗികമായി നടക്കാറില്ലന്ന് മാത്രമല്ല  സേവന നിലവാരം വലിയതോതിൽ ഇടിയും. റെയിൽവേയിൽത്തന്നെ  കമ്പനി രൂപീകരിച്ച്‌ കാറ്ററിങ് അവരെ  ഏൽപ്പിച്ചതിന്റെ  അനുഭവം നോക്കുക. കൂടുതൽ  ലൈസൻസ് ഫീസ് ലക്ഷ്യമാക്കി  ലേലം ചെയ്തുകൊടുത്തു. ഫലമോ  യാത്രക്കാർ  കൂടുതൽ  വില നൽകേണ്ടിവന്നു.  ഗുണവും അളവും  കുറഞ്ഞു.  ഭക്ഷ്യവിഷബാധ  തുടർക്കഥയായി.

12 ക്ലസ്റ്ററായി തിരിച്ച്‌ സ്വകാര്യ സംരംഭകർക്ക്‌  ട്രെയിൻ  സർവീസുകൾ കൈമാറാനാണ്  തീരുമാനം. റെയിൽപാത, സ്റ്റേഷനുകൾ തുടങ്ങിയ  അടിസ്ഥാനസൗകര്യങ്ങൾ  ഉപയോഗപ്പെടുത്തുന്നതിനുള്ള ചാർജുകൾക്കുപുറമെ  വരുമാനത്തിലെ റെയിൽവേക്കുള്ള പങ്ക്‌ കൂടുതൽ  നൽകാൻ  തയ്യാറാകുന്നവർക്കാണ് ട്രെയിനുകൾ നൽകുക. അത് മത്സരാടിസ്ഥാനത്തിലുള്ള  ടെൻഡർ  വഴി  തീരുമാനിക്കപ്പെടും.  35 വർഷ  കാലാവധിയാണ്  നിശ്ചയിച്ചിട്ടുള്ളത്. 95 ശതമാനം സമയനിഷ്ഠ പാലിക്കണമെന്നാണ് വ്യവസ്ഥ. ഇവർക്ക്  അനുവദിക്കുന്ന  സമയക്രമത്തിന്റെ ഒരു മണിക്കൂർ മുമ്പും പിമ്പും  റെയിൽവേ വണ്ടികൾ ഓടിക്കാൻ  പാടില്ല. യാത്രാക്കൂലിക്ക്‌  ഒരു  പരിധിയും  റെയിൽവേ  നിശ്ചയിക്കുന്നില്ല.  ആവശ്യക്കാർ കൂടുന്നതും  കുറയുന്നതും  അനുസരിച്ച്‌  ഇഷ്ടംപോലെ  കൂട്ടുകയും  കുറയ്‌ക്കുകയും  ചെയ്യാം.  അപകടങ്ങൾ  ഉണ്ടായാലുള്ള  ബാധ്യതകൾ  നിർവചിക്കുന്നില്ല. റെയിൽവേയുടെ ട്രെയിനുകൾ  സ്വകാര്യ  ട്രെയിനുകൾക്ക്‌ വഴിമാറി  കൊടുക്കേണ്ടിവരും. റെയിൽവേ ലോക്കോ പൈലറ്റ്മാരെ അനുവദിക്കും.

2800 ട്രെയിനിൽ അഞ്ച്‌ ശതമാനം മാത്രമാണ് സ്വകാര്യവൽക്കരിക്കുന്നതെന്നുപറഞ്ഞ്‌  ഇക്കാര്യം ലഘൂകരിക്കാനാണ്   റെയിൽവേ  ശ്രമിക്കുന്നത്.  എന്നാൽ, റെയിൽവേയുടെ യാത്രാ വരുമാനത്തിന്റെ  സിംഹഭാഗവും  സ്വകാര്യമേഖല കൈയടക്കും  എന്നതാണ്  യാഥാർഥ്യം.  സ്വകാര്യ  ട്രെയിനുകൾക്ക്‌ നിർദേശിച്ചിട്ടുള്ള  വേഗതയും  സമയനിഷ്ഠയും  പാലിക്കണമെങ്കിൽ  അതിന്‌ പര്യാപ്തമായ  വിധത്തിൽ ട്രാക്കും സിഗ്നലുകളും  നവീകരിക്കുന്നതിന്  റെയിൽവേ മുതൽമുടക്കണം.


 

ലാഭകരമായ  സർവീസുകളും  ട്രെയിനുകളും സ്വകാര്യവൽക്കരിക്കുന്നതെന്തിന് എന്ന  ചോദ്യം  ന്യായമായും ഉന്നയിക്കപ്പെടുന്നു.  കോച്ചുകളുടെയും  എൻജിനുകളുടെയും ഉൽപ്പാദനത്തിൽ നാം  ഏറെക്കുറെ  സ്വയംപര്യാപ്തത ആർജിച്ചിട്ടുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞതാണ് നമ്മുടെ  ഉൽപ്പാദനസംവിധാനം. വർക്ക് ഷോപ്പുകളുടെ  നിലവാരവും  ലോകോത്തരമാണ്.  വന്ദേഭാരത്  ട്രെയിനുകൾക്കുള്ള 18  കോച്ച്‌  ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറിയാണ് നിർമിച്ചത്‌.  അതും നിശ്ചയിച്ച സമയത്തിന്‌ വളരെമുമ്പ്‌. ചിത്തരഞ്ജനിൽ ഏറ്റവും പുതിയ  സാങ്കേതികവിദ്യയാണ്  ഉപയോഗപ്പെടുത്തുന്നത്. ഉൽപ്പാദനക്ഷമതയുടെ  കാര്യത്തിലും  നമ്മുടെ ഫാക്ടറികളും  മികച്ച  പ്രകടനമാണ്  നടത്തിവരുന്നത്.  

ആത്മനിർഭർ ഭാരത്‌  എന്ന് നമ്മുടെ  പ്രധാനമന്ത്രി  ഉദ്‌ഘോഷിക്കുമ്പോഴും  മേക്ക്  ഇൻ ഇന്ത്യ  ആപ്തവാക്യമായി തുടരുമ്പോഴും ലോകത്തിന്റെ മുന്നിൽ  എടുത്തുകാട്ടാവുന്ന  ഇന്ത്യൻ റെയിൽവേയെ ശിഥിലീകരിക്കാനും  സ്വകാര്യവൽക്കരിക്കാനുമാണ്‌ ശ്രമിക്കുന്നത്. റെയിൽവേ  നമ്മുടെ  നാട്ടിലെ  സാധാരണക്കാർക്ക്‌ വെറും  ഒരു ഗതാഗത  ഉപാധി മാത്രമല്ല, ഉപജീവനമാർഗം കൂടിയാണ്. ലക്ഷക്കണക്കിനാളുകളാണ്‌  ട്രെയിനുകളിൽ കയറിയിറങ്ങി  ഉപജീവനം  നടത്തുന്നത്. ചുരുങ്ങിയ ചെലവിൽ യാത്രചെയ്ത്‌ അകലെ പോയി  ജോലി ചെയ്ത്‌ മടങ്ങിയെത്താൻ  സഹായിക്കുന്നു. ലാഭേച്ഛയേക്കാൾ  സേവനത്തിന്‌  പ്രാമുഖ്യം  കൊടുക്കുന്ന  ഗവൺമെന്റ്  ഉടമസ്ഥതയ്‌ക്കാണ്‌ അന്ത്യംകുറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.


 

യാത്രാക്കൂലിയിനത്തിലുള്ള വരുമാനം  50000 കോടി രൂപയിൽ 32000 കോടിയും ഉയർന്ന ക്ലാസ് യാത്രക്കാരിൽ നിന്നാണ്. ഒരു വർഷം  850 കോടി പേർ യാത്ര ചെയ്യുന്നതിൽ 179 ദശലക്ഷം പേർ  മാത്രമാണ് ഉയർന്നക്ലാസ് യാത്രക്കാരായി ഉള്ളത്. ചരക്കുഗതാഗതം സ്വകാര്യമേഖലയ്ക്ക്  പോകുമ്പോൾ റെയിൽവേയുടെ  വരുമാനത്തിൽ വൻ ഇടിവുണ്ടാകും.  സ്വകാര്യ സംരംഭകർക്ക്‌  വരുമാനമുള്ള  റൂട്ടുകളും  ട്രെയിനുകളും  സമയക്രമവും  വിട്ടുകൊടുത്താൽ അത് ഇന്ത്യൻ റെയിൽവേ  സ്വയം പാപ്പർ ചീട്ട്‌ എഴുതുന്നതുപോലെയാണ്. റെയിൽവേ  അടച്ചുപൂട്ടിയാൽ എന്ത്  സംഭവിക്കുമെന്ന് കോവിഡ്മൂലമുണ്ടായ  കുടിയേറ്റത്തൊഴിലാളികളുടെ  കാൽനടയായുള്ള  പലായനവും  അതോടനുബന്ധിച്ചുണ്ടായ ദുരന്തങ്ങളും  നമുക്ക്  കാട്ടിത്തന്നു. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കിയും  സ്റ്റോപ്പുകൾ കുറച്ചും  സാധാരണക്കാരന്  യാത്രാസൗകര്യം നിഷേധിക്കുകയും ചാർജ്  വർധിപ്പിച്ചിരിക്കുകയുമാണ്.

(ഡിആർഇയു ജോയിന്റ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top