25 May Wednesday

പാർലമെന്റിലെ ജനാധിപത്യ ധ്വംസനം - എളമരം കരീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെന്റ്‌ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയായി മാറി. ഭരണഘടന മാറ്റിയെഴുതണമെന്നാവശ്യപ്പെടുന്ന സംഘപരിവാർ നേതൃത്വം നൽകുന്ന മോദിസർക്കാർ പാർലമെന്ററി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.  നടപടി ക്രമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തി സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു. അംഗങ്ങളെ നേരിടാൻ സഭയ്‌ക്കകത്ത് പൊലീസിനെ ഉപയോഗിക്കുന്നു. ചട്ടവിരുദ്ധമായി സഭാംഗങ്ങളെ സസ്പെൻഡ്‌ ചെയ്യുന്നു. രാജ്യം എങ്ങോട്ട് എന്ന ചോദ്യം പ്രസക്തമാണ്.

2021 നവംബർ 29നാണ് ശീതകാലസമ്മേളനം ആരംഭിച്ചത്. ആ ദിവസം തന്നെ 12 പ്രതിപക്ഷ എംപിമാരെ  സമ്മേളനകാലയളവ് മുഴുവൻ സസ്പെൻഡ്‌ ചെയ്തു. കോൺഗ്രസ് ആറ്‌, ശിവസേന രണ്ട്‌, ടിഎംസി- രണ്ട്‌, സിപിഐ എം ഒന്ന്‌, സിപിഐ- ഒന്ന്‌ എന്നിങ്ങനെയാണ് സസ്പെൻഷന് വിധേയരായവർ. സിപിഐ എം രാജ്യസഭാ ലീഡർ എളമരം കരീമാണ് ഈ പന്ത്രണ്ടിൽ ഒരാൾ. സസ്പെൻഡ്‌ ചെയ്യാനുള്ള പ്രമേയം പാർലമന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിച്ചത് വോട്ടിനിടാതെയാണ് സഭ അംഗീകരിച്ചതായി ചെയർമാൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. അന്ന് മുതൽ  12 എംപിമാരും പാർലമെന്റ്‌ കോമ്പൗണ്ടിൽ ധർണ നടത്തിവരികയാണ്.

2021 ജൂലൈ –--ആഗസ്‌ത്‌ മാസങ്ങളിൽ ചേർന്ന വർഷകാല സമ്മേളനത്തിലുണ്ടായ സംഭവത്തിന്റെ പേരിലാണ് സസ്പെൻഷൻ.   "പെഗാസസ്’  ചാര സോഫ്‌റ്റ്‌വെയറിന്റെ വിനിയോഗം, കർഷക സമരം, വിലക്കയറ്റം, സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങൾ ചർച്ചചെയ്യാൻ സമയമനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിനെ തുടർന്ന് തുടക്കം മുതലേ പാർലമെന്റ്‌ പ്രക്ഷുബ്ധമായിരുന്നു. ഇരുസഭകളിലും പ്രതിപക്ഷം ഈ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ചു.   പ്രതിപക്ഷം പ്രബലമായ രാജ്യസഭയുടെ പ്രവർത്തനം പലപ്പോഴും സ്തംഭിച്ചു. പ്രതിപക്ഷവുമായി ചർച്ചചെയ്ത്   ഒത്തുതീർപ്പിലെത്താൻ സർക്കാർ ശ്രമിച്ചില്ല. ബഹളങ്ങൾക്കിടയിലും നിയമങ്ങൾ പാസാക്കി.

ആഗസ്‌ത്‌ 11നാണ് ജനറൽ ഇൻഷുറൻസ് കോർപറേഷൻ സ്വകാര്യവൽക്കരണ ബില്ല് അവതരിപ്പിച്ചത്. പൊതുമേഖലയിൽ മികച്ചനിലയിൽ പ്രവർത്തിക്കുന്ന ജിഐസിയെ സ്വകാര്യവൽക്കരിക്കുന്ന നിയമനിർമാണത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി . ഈ ബില്ല് വിശദമായ ചർച്ചകൾക്കായി പാർലമെന്റിന്റെ സംയുക്ത കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം എളമരം കരീം, തിരുച്ചി ശിവ എന്നിവർ നൽകിയിരുന്നു.  പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് അവതാരകർ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ നിഷേധിച്ചു. ബില്ല് ഏകപക്ഷീയമായി പാസാക്കാനുള്ള നടപടികളിലേക്ക്  കടന്നപ്പോൾ പ്രതിഷേധം ശക്തമായി.  ബില്ല് പാസായതായി ചെയർമാൻ പ്രഖ്യാപിച്ചു.  നടപടിക്രമങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ബില്ല് "പാസാക്കിയത്’.


 

ആഗസ്‌ത്‌ 21 ന്,  പ്രതിഷേധമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ‘മാർഷൽ' വേഷത്തിൽ പുറത്ത്നിന്നുള്ള സേനാംഗങ്ങളെ സഭയിൽ അണിനിരത്തി. അവർ പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്തു. പാർലമെന്റിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം മുമ്പുണ്ടായിട്ടില്ല. സുരക്ഷാഭടൻ കൈയേറ്റം ചെയ്തത് സംബന്ധിച്ച് ഞാൻ നൽകിയ പരാതി  ചെയർമാൻ പരിഗണിച്ചതേ ഇല്ല. ആഗസ്‌ത്‌ 11ന്റെ സംഭവത്തിന്റെ പേരിലാണ് നവംബർ 29ന് സസ്പെൻഷൻ.

ഒരു സമ്മേളനം പിരിഞ്ഞാൽ (പ്രറോഗ് ചെയ്യൽ) ആ സഭയിലുണ്ടായ സംഭവങ്ങളുടെ പേരിൽ അടുത്ത സമ്മേളനത്തിൽ നടപടി സ്വീകരിക്കുക എന്നത് ചട്ടവിരുദ്ധമാണ്.  ഇന്നേവരെ ഇത്തരമെരു സംഭവമുണ്ടായിട്ടില്ല. ലോക്‌സഭയുടെ സെക്രട്ടറി ജനറലായിരുന്ന പിഡിടി ആചാരി ‘ഹിന്ദു' പത്രത്തിലെഴുതിയ ലേഖനത്തിൽ സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കി.  നടപടികൾ സംബന്ധിച്ച് രാജ്യസഭാ സെക്രട്ടറിയറ്റ് പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ സഭാനടപടികൾ "തടസ്സപ്പെടുത്തി’യതായി അവർ പറഞ്ഞ 33 എംപിമാരുടെ പേരുകൾ ചേർത്തിട്ടുണ്ട്. അതിൽ എന്റെ പേരില്ല. സസ്പെൻഡ്‌ ചെയ്യപ്പെട്ടവരിൽ എന്റെ പേര് ചേർക്കാൻ ഭരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നു. രാജ്യത്തെ പരമോന്നത നിയമനിർമാണ സഭ ഇപ്പോൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

2020 സെപ്‌തംബറിലാണ് വിവാദമായ മൂന്ന് കാർഷിക നിയമം പാസാക്കിയത്. ഈ ബില്ലുകൾ  സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ അംഗീകരിച്ചില്ല.  സഭയിലവതരിപ്പിച്ചപ്പോൾ  സംയുക്ത  കമ്മിറ്റിക്ക് വിടണമെന്ന് വീണ്ടും  ആവശ്യപ്പെട്ടു. അതും നിഷേധിക്കപ്പെട്ടു.  രാജ്യസഭയിൽ   പ്രതിഷേധം ഉയർന്നു. അതൊന്നും വകവയ്‌ക്കാതെ ബില്ലുകൾ "പാസാക്കിയതായി’  പ്രഖ്യാപിച്ചു.  എട്ട്‌ അംഗങ്ങളെ സസ്പെൻഡ്‌ ചെയ്തു. എളമരം കരീം, കെ കെ രാഗേഷ് എന്നീ സിപിഐ എം മെമ്പർമാർ അക്കൂട്ടത്തിലുണ്ടായിരുന്നു.  പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിറ്റെ ദിവസം പ്രതിപക്ഷ അഭാവത്തിൽ മൂന്ന് ലേബർ കോഡ്‌ പാസാക്കി.

2019 ആഗസ്‌ത്‌ അഞ്ചിന് മുൻകൂട്ടി  നോട്ടീസ് പോലും നൽകാതെയാണ് കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയാനുള്ള ബില്ലും ഭരണഘടനയുടെ 370–--ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയവും  പാസാക്കിയത്.  ഭേദഗതികൾ നിർദേശിക്കാൻ പോലും  അവസരം നൽകിയില്ല. ബിജെപി ഭരണത്തിൽ പാർലമെന്റിന്റെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും പരസ്യമായി ലംഘിക്കുമ്പോൾ ഭരണപക്ഷത്തുള്ള ‘സംഘപരിവാർ' കൂട്ടത്തിന് ഒരു മനഃസാക്ഷിക്കുത്തുമില്ല. 

പ്രതിപക്ഷം വ്യത്യസ്ത നിലപാടുകളിലാണെങ്കിലും കർഷക പ്രശ്നം, പെഗാസസ്, സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച നിലപാടെടുത്ത് സർക്കാരിനെതിരെ പോരാടാൻ പാർലമെന്റിൽ ഒരുമിച്ചുനിന്നു എന്നത് ശ്രദ്ധേയമാണ്. ബിജെപി മുന്നണിയെ പാർലമെന്റിൽ അനുകൂലച്ചിരുന്ന തെലങ്കാന രാഷ്ട്രസമിതി  ഈ സമ്മേളനത്തിൽ സർക്കാരിനെതിരായിരുന്നു.  പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളിലും അവർ പങ്കെടുത്തു. അതോടെ രാജ്യസഭയിലെ അംഗബലം ബിജെപി മുന്നണി- 120, പ്രതിപക്ഷം 118 എന്ന അവസ്ഥയിലെത്തി. ഏത് ബില്ലും എങ്ങനെയും പാസാക്കമെന്ന സ്ഥിതി മാറി. ആശങ്കയിലായ ബിജെപി  ഈ സാഹചര്യത്തിലാണ് 12 പേരെ പുറത്തുനിർത്തുന്ന നടപടി സ്വീകരിച്ചത്.

മോദി സർക്കാരിന്റെ കുത്തക പ്രീണന നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കും പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കലിനുമെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമ്പോൾ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പരിഹാസ്യനിലപാടാണ് സ്വീകരിക്കുന്നത്. കിട്ടുന്ന ഏതവസരവും കേരള സർക്കാരിനെ അധിക്ഷേപിക്കാനാണ് ലോക്‌സഭയിലെ  യുഡിഎഫ് എംപിമാരുടെ  ശ്രമം.  സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാരിന് ഏണിവച്ച് നൽകുന്ന നിലപാടാണവർ എടുക്കുന്നത്. സംഘപരിവാർ ഉയർത്തുന്ന വർഗീയവൽക്കരണ ഭീഷണി, മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ, പൊതുമേഖലാ സ്വകാര്യവൽക്കരണം, കർഷക-ത്തൊഴിലാളി ദ്രോഹനടപടികൾ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ഒരു പ്രശ്നവും അവർ മിണ്ടാറില്ല.  2019ൽ കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് പറ്റിയ കൈത്തെറ്റിന് നൽകേണ്ടിവരുന്ന വില വളരെ വലുതാണ്. ശശിതരൂർ എംപി ഇക്കാര്യങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.
കർഷക സമരത്തിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നതും തൊഴിലാളികൾ ദേശീയ പണിമുടക്കിനാഹ്വാനം ചെയ്തതും പ്രതിപക്ഷ പാർടികൾ ഒരുമിച്ച്നിന്ന് പാർലമെന്റിൽ നടത്തുന്ന പോരാട്ടവും ബിജെപിക്കും  മോദി സർക്കാരിനും കനത്ത വെല്ലുവിളിയായി മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top