25 April Thursday

സ്വാതന്ത്ര്യപോരാട്ടത്തിലെ ധീരവനിതകൾ - ഡോ. ടി ഗീനാകുമാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഊർജപ്രവാഹമായിരുന്നു സമരമുഖത്തെ സ്‌ത്രീസാന്നിധ്യം.  ഇന്നത്തേതിനേക്കാൾ  സഞ്ചാരവിലക്ക് ഉണ്ടായിരുന്നിട്ടും, വൈദേശിക ശക്തികളിൽനിന്ന് ജന്മനാടിനെ സ്വതന്ത്രയാക്കുന്നതിൽ പുരുഷന്മാർക്കൊപ്പം സ്‌ത്രീകൾ  സമരമുഖത്തേക്ക് ഒഴുകി. അതിന് ദേശ, ഭാഷാ വ്യത്യാസങ്ങളില്ലായിരുന്നു. അസമിൽനിന്നും കേരളത്തിൽനിന്നും ബംഗാളിൽനിന്നും ഗുജറാത്തിൽനിന്നും സ്‌ത്രീകൾ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നുവന്നു. 1857ലെ ഒന്നാം ഝാൻസിയിലെ റാണി ലക്ഷ്മിഭായി അടക്കമുള്ള  പോരാളികൾ കൊളുത്തിയ വിപ്ലവാഗ്നി ഇന്നും സ്‌ത്രീവിമോചന പോരാട്ടങ്ങൾക്ക് ആവേശമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലാണ് ഇന്ത്യയിൽ മഹിളാ പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചത്. അനാചാരങ്ങളും ലിംഗ, വർഗ വിവേചനങ്ങളും തുടച്ചുമാറ്റുന്നതിനു തുടക്കംകുറിക്കാൻ ദേശീയ പ്രസ്ഥാനത്തിനു കഴിഞ്ഞു.

സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, കമലാദേവി ചതോപാധ്യായ, ഹാൻസ മേത്ത, സരളാദേവി  ചൗധുരാണി, രാമേശ്വരി നെഹ്‌റു, കമല നെഹ്‌റു തുടങ്ങിയ പേരുകൾ  പോരാളികൾക്കിടയിൽ ഉയർന്നുകേൾക്കുന്നതാണ്‌. എന്നാൽ, ബ്രിട്ടീഷുകാരെ എതിരിട്ടതിന്റെ പേരിൽ ജീവൻ ബലിയർപ്പിച്ചവരും ചൂഷണത്തിന്‌ ഇരയായവരും ത്യാഗനിർഭര പോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരും നിരവധിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സർവതും സമർപ്പിച്ച്,  വെള്ളക്കാരന്റെ വീര്യംകെടുത്താൻ  ചുടുനിണംകൊണ്ട്  ചരിത്രം രചിച്ച  പലരുടെയും പേരുകൾ ചരിത്രത്തിൽ പ്രത്യക്ഷമല്ല. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ നടന്ന പൊലീസ് വെടിവയ്‌പിൽ മൂന്നുതവണ വെടിയേറ്റിട്ടും ഇന്ത്യൻ  പതാക നെഞ്ചോടു ചേർത്തുപിടിച്ച് ‘വന്ദേമാതരം' ചൊല്ലി ധീര രക്തസാക്ഷിത്വം വരിച്ച മാതംഗിനി ഹസാരയുടെ ചരിത്രം ഏതൊരു ദേശസ്നേഹിക്കും ആവേശം പകരുന്നതാണ്. സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാ രക്തസാക്ഷിയെന്ന്‌ അറിയപ്പെടുന്ന പ്രീതിലത വടേദ് കർ, അസമിലെ കനകലതാ ബറുവ, അണ്ടർഗ്രൗണ്ട് റേഡിയോ സ്ഥാപിച്ച് സമരവാർത്തകൾ ജനങ്ങളിലെത്തിച്ച ഉഷാമേത്ത, വേഷപ്രച്ഛന്നയായി സഞ്ചരിച്ച് പ്രവർത്തകരെ പ്രോത്സാഹിപ്പിച്ച സുചേത കൃപലാനി, തൊഴിലാളി പണിമുടക്കുകൾക്ക്‌ നേതൃത്വം നൽകിയ  ഖുർഷദ്‌ബെൻ, പഞ്ചാബിലെ ഉൾപ്രദേശങ്ങളിൽ സമരം ശക്തിപ്പെടുത്തിയ പുഷ്പ ഗുജറാൾ, ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ദേശീയപതാക ഉയർത്തിയശേഷം ഒളിവിലിരുന്ന്‌ സമരം നയിച്ച അരുണ അസഫലി, സിംലയിൽ പ്രതിഷേധപ്രകടനങ്ങൾ നയിച്ച രാജകുമാരി അമൃത് കൗർ തുടങ്ങി  എത്രയോ പെൺപോരാളികൾ.

ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ നാഗ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു മണിപ്പുരുകാരിയായ റാണി ഗൈൻദിൻലിയു. 1932ൽ പതിനാറാമത്തെ വയസ്സിൽ ഗൈൻദിൻലിയുവിനെ  അറസ്റ്റുചെയ്തു. തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗൈൻദിൻലിയുവിന് ‘റാണി' പദവി നൽകിയത് ജവാഹർലാൽ നെഹ്റുവാണ്. ബംഗാളിൽനിന്നുള്ള വിപ്ലവകാരിയായിരുന്നു പ്രീതിലത വഡേദാർ.  ‘നായ്ക്കൾക്കും ഇന്ത്യക്കാർക്കും  പ്രവേശനം അനുവദിക്കില്ല’ എന്ന് ബോർഡ്‌ എഴുതിവച്ച പഹർതാലി യൂറോപ്യൻ ക്ലബ്‌ 1932ൽ ഇവരടങ്ങിയ സംഘം  തീയിട്ടു. അറസ്റ്റ് ഒഴിവാക്കാൻ പ്രീതിലത സൈനയിഡ്‌ കഴിച്ച്  രക്തസാക്ഷിത്വം വരിച്ചു.

സ്വാതന്ത്ര്യത്തിനായി ആദ്യ പടനീക്കം നടത്തിയവരിൽ പ്രധാനിയാണ്  കർണാടകത്തിലെ കിട്ടൂർ ദേശത്തിന്റെ റാണിയായിരുന്ന റാണി ചിന്നമ്മ. അതും 1824ൽ.  34–-ാം വയസ്സിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി റാണിയെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഒഡിഷയിൽനിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകയായിരുന്ന പർബതി ഗിരിക്ക്  ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിൽക്കുമ്പോൾ 16 വയസ്സായിരുന്നു.  സ്വാതന്ത്ര്യാനന്തര  ഇന്ത്യയിൽ അനാഥരുടെ ക്ഷേമത്തിനായി  ജീവിതം സമർപ്പിച്ച ഗിരി  ‘ഒഡിഷയിലെ മദർ തെരേസ’എന്ന് അറിയപ്പെടുന്നു.

1857 നവംബറിൽ നടന്ന സിക്കന്തർ ബാഗ് യുദ്ധത്തിൽ  പങ്കെടുത്ത ദളിത് സായുധ പോരാളിയാണ് ഉദാദേവി. ഉയരമുള്ള മരത്തിന്റെ മുകളിൽ ഒളിച്ചിരുന്ന് വെടിയുതിർത്ത ഉദാദേവി മുപ്പതോളം ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നു.   ബ്രിട്ടീഷ് പട്ടാളം അവരെ വെടിവച്ച് കൊന്നു. ഉദാദേവിയും മറ്റു ദളിത് സ്ത്രീകളും 1857ലെ ഇന്ത്യൻ കലാപത്തിലെ യോദ്ധാക്കളിൽ ‘ദളിത് വീരാംഗനമാർ' എന്ന്‌  അറിയപ്പെടുന്നു. ഇൻഡോർ രാജാവായിരുന്ന യശ്വന്ത് റാവു ഹോൽക്കറിന്റെ മകളായിരുന്ന  ഭീമബായി ഹോൽക്കർ 1817ൽ ഗറില്ലാ യുദ്ധത്തിലൂടെ  ബ്രിട്ടീഷ് കേണൽ മാൽക്കമിനെതിരെ പോരാടി.
1907ൽ ജർമനിയിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ  ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത്  മാഡം  ഭിക്കാജി ആയിരുന്നു. നാനാ സാഹെബ്, താന്തിയാ തോപ്പെ തുടങ്ങിയവരോടൊപ്പം കലാപത്തിൽ പങ്കെടുത്തയാളാണ്  ബീഗം ഹസ്രത്ത് മഹൽ. കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ആനി ബസന്റാണ് 1916ൽ  ഇന്ത്യൻ ഹോം മൂവ്മെന്റ്  ആരംഭിച്ചതും ‘ന്യൂ ഇന്ത്യ' എന്ന പത്രം തുടങ്ങിയതും. അസമിൽനിന്ന്,  സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് കടന്നുവന്നയാളാണ് കനകലതാ ബറൂവ. ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തിലൂടെ സമരമുഖത്ത് സജീവമായിരുന്ന കനകലതാ ബറൂവയെ 17–-ാം വയസ്സിലാണ് ബ്രിട്ടീഷ് പൊലീസ് വെടിവച്ചുകൊന്നത്.

ഗുജറാത്തിൽനിന്നുള്ള ഉഷാ മെഹ്ത എട്ടാം വയസ്സിൽ ‘സൈമൺ കമീഷൻ ഗോ ബാക്ക്' സമരത്തിൽ പങ്കെടുത്തു. 1942ൽ ആരംഭിച്ച   ‘സീക്രട്ട് കോൺഗ്രസ് റേഡിയോ'യുടെ സ്ഥാപകയായിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള  സാവിത്രിഭായി ഫൂലെ  സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. 1848ൽ പുണെയിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ‘ഓൾ ഗേൾസ് സ്കൂളി'ലെ ആദ്യ  വനിതാ അധ്യാപികയായിരുന്നു അവർ. പഞ്ചാബിലെ കപുർത്തലയിലെ രാജാവായ രാജാഹർനാം സിങ്ങിന്റെ മകളായ അമൃത് കൗർ,  ദണ്ഡി മാർച്ചിൽ പങ്കെടുത്തതിന്‌ നാലുവർഷം തടവിൽ കഴിഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്ന അവർ  ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയുമായിരുന്നു. അസമിൽനിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകയായിരുന്നു ബോഗേശ്വരി ഫുകനാനി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കാളിയായ അവർ എട്ട് മക്കളോടും ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആവശ്യപ്പെട്ടു. 1942ൽ ബ്രിട്ടീഷ് സേന അവരെ വെടിവച്ചുകൊന്നു.

ക്യാപ്റ്റൻ ലക്ഷ്മി  സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ  നിർണായക നേതൃത്വമായിരുന്നു. സരോജിനി നായിഡുവിന്റെ സഹോദരിയായ സുഹാസിനി നമ്പ്യാരിൽ (ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയിലെ ആദ്യ വനിതാ അംഗം)നിന്ന് ബോൾഷെവിക് പ്രസ്ഥാനത്തെക്കുറിച്ചു മനസ്സിലാക്കിയ ലക്ഷ്മി ദേശീയ വിമോചനത്തോടൊപ്പം സാമൂഹ്യവിപത്തുകളായ ദാരിദ്ര്യവും അയിത്തവും നിർമാർജനം ചെയ്യപ്പെടണമെന്നും വാദിച്ചു. ഗാന്ധിജിയുടെ അഹിംസാ നയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന ലക്ഷ്മി, സുഭാഷ് ചന്ദ്ര ബോസിന്റെ ആഹ്വാനത്തിൽ ആകൃഷ്ടയായി എൻഐഎ വനിതാ റെജിമെന്റിനെ നയിച്ചു.

മലബാറിലും തിരുവിതാംകൂർ–- കൊച്ചി മേഖലയിലും പ്രാദേശികമായി നിരവധി സ്ത്രീകൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി.  എ വി കുട്ടിമാളു അമ്മ 1931ൽ സ്വദേശി പ്രസ്ഥാനത്തിലൂടെയാണ്  സമരമുഖത്തേക്ക്  കടന്നുവന്നത്. കേരളത്തിന്റെ  ഝാൻസി റാണിയെന്ന്‌ അറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാൻ  സ്ത്രീമുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമായിരുന്നു.  തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്‌.  മൂന്നു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.

അറിയപ്പെടുന്നവർക്കപ്പുറം ചരിത്രത്തിൽനിന്നു മാഞ്ഞുപോയ  നിരവധി സ്ത്രീകൾ പൊരുതിനേടിയതാണ് ഇന്ന്  അനുഭവിക്കുന്ന സ്വാതന്ത്ര്യവും  പരിമിതമായ പൗരാവകാശങ്ങളും. നിരവധിയായ പീഡനങ്ങളും ദുരിതവും സഹിച്ചാണ് സ്ത്രീകൾ പോർമുഖങ്ങളിൽ  വീരേതിഹാസം രചിച്ചത്. പ്രകടനത്തിൽ പങ്കെടുത്തതുകൊണ്ടു മാത്രം  ജയിലിൽ അടയ്‌ക്കപ്പെട്ട പെൺകുട്ടികളെ അധികൃതർ നേരിട്ടത് മർദനവും ഭീഷണിയും തെറിവിളിയുമായാണ്. അക്കാലത്ത്‌ സ്‌ത്രീകളോട് കാട്ടിയ അതിക്രമത്തിന്  ഒരുദാഹരണമാണ്  ‘കെട്ടുതാലി സംഭവം'. തലശേരിയിലെ സാമൂഹ്യ പ്രവർത്തകയായ കമലഭായ്‌ പ്രഭു നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌  ശിക്ഷ ആറുമാസം തടവും 1000 രൂപ പിഴയുമായിരുന്നു. പിഴയടയ്‌ക്കാൻ കൂട്ടാക്കാത്തതിന് കെട്ടുതാലി അഴിപ്പിച്ചുവാങ്ങാൻ പൊലീസിനെ നിയോഗിച്ച വെള്ളക്കാരൻ മജിസ്‌ട്രേട്ടിനോട്  ‘വിധവയാകുന്ന സമയത്തു മാത്രമേ അത് മാറ്റൂ' എന്ന  അഭ്യർഥനയ്‌ക്കൊന്നും വിലയുമുണ്ടായില്ല.

സ്വാതന്ത്ര്യ സമരചരിത്രംതന്നെ മാറ്റിയെഴുതുന്ന സമകാലീന ഇന്ത്യൻ അവസ്ഥയെ പ്രതിരോധിക്കുന്നതിന് സാമ്രാജ്യത്വ–-ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളിൽ  ധീരോദാത്തമായ നേതൃത്വം വഹിച്ച  പതിനായിരക്കണക്കിന് സ്ത്രീകളുടെ ചരിത്രവും പോരാട്ടവീര്യവും പുതുതലമുറയ്‌ക്ക് കരുത്തും ആവേശവും പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top