25 April Thursday

സംരക്ഷിക്കുക
 സ്വാതന്ത്ര്യത്തിന്റെ മൂല്യം

പിണറായി വിജയൻUpdated: Tuesday Aug 23, 2022

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം ആഘോഷിക്കുമ്പോൾ കേരള നിയമസഭയും അതിൽ പങ്കാളിയാവുകയാണ്.  സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ആധിപത്യത്തിനെതിരായി  ഇന്ത്യയിലെ ജനത വ്യത്യസ്തമായ വഴികളിലൂടെ ഒരേ ലക്ഷ്യത്തിനുവേണ്ടി പൊരുതിയതിന്റെ ഫലമായിക്കൂടിയാണ് സ്വാതന്ത്ര്യം ലഭ്യമായത്. ലോകത്തെമ്പാടും നടന്ന സ്വാതന്ത്ര്യസമരങ്ങളിൽനിന്ന് വ്യത്യസ്തമായ നിരവധി അധ്യായങ്ങൾ കുറിക്കപ്പെട്ടതാണ് ഇന്ത്യയിലെ സ്വാതന്ത്ര്യപോരാട്ടം. വിവിധ നാട്ടുരാജ്യങ്ങളായി പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സാമ്രാജ്യത്വം ആധിപത്യം സ്ഥാപിച്ചത്.

സാമ്രാജ്യത്വ ആധിപത്യമാകട്ടെ ജനജീവിതമാകെ ദുരിതപൂർണമാക്കി. ഇതിനെതിരായി ഇന്ത്യയിലെ ആദിവാസികളും കൈത്തൊഴിലുകാരും കർഷകരും ചില നാട്ടുരാജാക്കന്മാരും ആദ്യഘട്ടങ്ങളിൽത്തന്നെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തി. പഴശ്ശി, വേലുത്തമ്പി, പാലിയത്തച്ഛൻ,  മലബാറിലെ കാർഷിക കലാപത്തിൽ നേതൃപരമായ പങ്കുവഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി  തുടങ്ങിയവരെല്ലാം ഉയർത്തിയ ചെറുത്തുനിൽപ്പുകൾ ആദ്യകാല പ്രതിരോധങ്ങളിലെ സുപ്രധാന അധ്യായങ്ങളാണ്.  ഇത്തരം ചെറുത്തുനിൽപ്പുകൾ  രാഷ്ട്രീയക്കാഴ്ചപ്പാടുകളുടെ പിൻബലത്തോടെ  ശക്തിപ്രാപിച്ചു. അങ്ങനെ ദേശീയതലത്തിലുള്ള വലിയ സ്വാതന്ത്ര്യപോരാട്ടമായി. ദേശീയപ്രസ്ഥാനം  വികസിക്കുന്നതിനോടൊപ്പംതന്നെ തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്‌നങ്ങൾ ഉയർത്തിയുള്ള സമരങ്ങളും ശക്തിപ്രാപിച്ചു.

ദേശീയ–-അന്തർദേശീയ തലത്തിൽ രൂപപ്പെട്ട വിമോചന കാഴ്ചപ്പാടുകൾ  സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ വലിയ സ്വാധീനം ചെലുത്തി. കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലുണ്ടായ സമരങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെത്തന്നെ സ്വാധീനിച്ചു. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവം പോലുള്ളവ ജവാഹർലാൽ നെഹ്‌റുവടക്കമുള്ള  നേതാക്കളിലും സ്വാധീനം ചെലുത്തി. അതിന്റെ പശ്ചാത്തലത്തിൽ സ്വരാജ് എന്ന മുദ്രാവാക്യം പൂർണ സ്വാതന്ത്ര്യത്തിന്റേതായി 1930-ലെ ലാഹോർ കോൺഗ്രസിൽ ശക്‌തിപ്രാപിച്ചു. സത്യഗ്രഹസമര വഴികളിലൂടെ നീങ്ങിയ ഗാന്ധിജിയുടെയും കഴുമരത്തിൽ ജീവനൊടുക്കേണ്ടിവന്ന ഭഗത് സിങ്ങിന്റേതുൾപ്പെടെയുള്ള പാരമ്പര്യങ്ങൾ ഉൾച്ചേർന്നതാണ്  സ്വാതന്ത്ര്യപ്രസ്ഥാനം.

ആഗോളരാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനത്തെ സ്വാധീനിച്ചു. ഫാസിസത്തിന് ലോകത്തുണ്ടായ പരാജയവും സോഷ്യലിസ്റ്റ് റഷ്യയുടെ കുതിപ്പും പുതിയ ഒരു സാഹചര്യമുണ്ടാക്കി. ആ പശ്ചാത്തലം  വിമോചന പോരാട്ടങ്ങൾക്ക് കരുത്തായി. നിരവധി രാഷ്ട്രങ്ങൾ സ്വാതന്ത്ര്യത്തിന്റെ വഴികളിലേക്ക് നീങ്ങി. സാമ്രാജ്യത്വത്തിനെതിരായ സമരങ്ങൾ നടക്കുമ്പോൾത്തന്നെ  ജന്മിത്വം അവസാനിപ്പിക്കണമെന്നും സാമൂഹ്യനീതി പുലരണമെന്നുമുള്ള ആവശ്യങ്ങളുയർത്തിയ  പ്രക്ഷോഭങ്ങളും കർഷക - തൊഴിലാളി പ്രസ്ഥാനങ്ങൾ  ആരംഭിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്തരം സമരങ്ങൾ സജീവമായി.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സവിശേഷമായ സ്ഥാനം അവകാശപ്പെടാവുന്ന ഇടപെടലുകൾ പലതും കേരളത്തിലുണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമെല്ലാം മുന്നോട്ടുവച്ച നവോത്ഥാന കാഴ്ചപ്പാടുകളെ സ്വാതന്ത്ര്യപ്രസ്ഥാനം ഏറ്റെടുത്തു. ദേശീയ ശ്രദ്ധയാകർഷിച്ച വൈക്കം സത്യഗ്രഹം ഇത്തരത്തിൽ സവിശേഷമായ ഒരു ധാരയെ പ്രതിനിധാനം ചെയ്യുന്നു. തുടർന്ന്, ആ പിന്തുടർച്ച ഗുരുവായൂർ സത്യഗ്രഹത്തിലും പിന്നീട് പാലിയം സമരത്തിലൂടെയും മുന്നോട്ടുപോയി. സ്വാതന്ത്ര്യപ്രസ്ഥാനവും നവോത്ഥാന ധാരകളും തമ്മിലുള്ള ഈ ബന്ധം കേരളത്തിന്റെ സവിശേഷതയാണ്.

കേരളത്തിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ജന്മിത്വത്തിനെതിരായുള്ള ശക്തമായ പോരാട്ടമായിരുന്നു. കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി പോലുള്ള സമരഭൂമികളിൽ ഉയർന്നത് ഇത്തരത്തിലുള്ള പ്രക്ഷോഭമായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ നമ്മുടെ സംസ്ഥാനം മൂന്ന് ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായി നിലപാടെടുക്കാമെന്ന സമീപനമാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചത്. സ്വതന്ത്ര തിരുവിതാംകൂർ എന്ന കാഴ്ചപ്പാട് ഉയർന്നു. ഇതിനെതിരെ ആലപ്പുഴയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ ചെറുത്തുനിൽപ്പ് ഉണ്ടായി. പുന്നപ്ര–-വയലാറിൽ നടന്ന പോരാട്ടമാണ് കേരളത്തെ ഇന്ത്യയുടെ ഭാഗമായി മാറ്റുന്നതിന് ഇടയാക്കിയത് എന്ന യാഥാർഥ്യവും ഓർക്കണം.
സ്വാതന്ത്ര്യസമരത്തിൽ ത്യാഗത്തിന്റെ അധ്യായങ്ങൾ രചിച്ച നാടിന്റെ വീരപുത്രന്മാരെയും പുത്രികളെയും ഓർക്കാതിരിക്കാനാകില്ല. ഉപ്പ് സത്യഗ്രഹ ഘട്ടത്തിൽ കടുത്ത മർദനമേൽക്കുമ്പോഴും ത്രിവർണപതാക കൈവിടാതെ നിന്ന പി കൃഷ്ണപിള്ള, സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ജയിലറയിൽ കഴിയേണ്ടിവന്ന എ കെ ജി, ഏറെ ജയിൽവാസം അനുഭവിച്ച മുഹമ്മദ് അബ്ദുറഹ്‌മാൻ, ഐഎൻഎയുടെ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ച ക്യാപ്റ്റൻ ലക്ഷ്മി, കേരള ഗാന്ധിയെന്ന് വിളിക്കപ്പെടുന്ന കെ കേളപ്പൻ, കൈക്കുഞ്ഞുമായി ജയിലിലേക്ക് പോകേണ്ടിവന്ന എ വി കുട്ടിമാളു അമ്മ, സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സവിശേഷമായ ഇടപെടൽ നടത്തിയ അക്കാമ്മ ചെറിയാൻ അങ്ങനെ എത്രയോ പേർ. 

വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പൊരുതിയ മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹസമരംതൊട്ട് ബ്രിട്ടീഷുകാരുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ടങ്ങൾവരെ അതിൽ കാണാം. അവയെല്ലാം  ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ  കഴിയേണ്ടതുണ്ട്. എന്ത് ഭിന്നതയുടെ പേരിലായാലും അത്തരം പോരാളികളെ അടർത്തിമാറ്റാനുള്ള ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.

ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ‘ കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ ഇ എം എസിന്റെ നേതൃത്വത്തിലുള്ള നിയമസഭയ്ക്ക് കഴിഞ്ഞു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്.

ദേശീയ സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച വ്യത്യസ്ത ധാരകളെ ഉൾക്കൊണ്ടുകൊണ്ടാണ് ഭരണഘടന രൂപംകൊണ്ടത്. മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യവുമെല്ലാം സ്വാതന്ത്ര്യപോരാളികളുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നുവെന്ന്  വിസ്മരിക്കരുത്. അത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും അവയുടെ സംരക്ഷണത്തിനായി ശക്തമായി പൊരുതുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവമായി നിറഞ്ഞ നിരവധി പോരാളികൾ ഇരുന്ന സഭയാണിത്. ദേശീയ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച ‘ കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ ഇ എം എസിന്റെ നേതൃത്വത്തിലുള്ള നിയമസഭയ്ക്ക് കഴിഞ്ഞു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്നതാണ്.

സ്വാതന്ത്ര്യസമരം ഉയർത്തിക്കൊണ്ടുവന്ന മഹത്തായ രാഷ്ട്രീയമൂല്യമാണ് അഴിമതിരഹിതമായ സംശുദ്ധരാഷ്ട്രീയമെന്നത് നാം വിസ്മരിക്കരുത്. എല്ലാ മതക്കാർക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാനും അല്ലാത്തവർക്ക് അങ്ങനെയും ജീവിക്കാൻ പറ്റുന്ന നാടായി ഈ രാജ്യത്തെ മാറ്റാനാണ് സ്വാതന്ത്ര്യപോരാളികൾ പരിശ്രമിച്ചത്. അവ കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് നാമെന്ന് പ്രഖ്യാപിക്കാനുള്ള അവസരംകൂടിയായി  75–--ാം വാർഷികത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.

കുമാരനാശാൻ പാടിയതുപോലെ

‘‘സ്വാതന്ത്ര്യം തന്നെ അമൃതം
 സ്വാതന്ത്ര്യം തന്നെ ജീവിതം
 പാരതന്ത്ര്യം മാനികൾക്ക്
 മൃതിയേക്കാൾ ഭയാനകം''


മൃതിയേക്കാൾ ഭയാനകമെന്ന കുമാരനാശാൻ വിശേഷിപ്പിച്ച അവസ്ഥ രാജ്യത്ത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കാലം ആവശ്യപ്പെടുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top