25 June Saturday

സ്വാതന്ത്ര്യത്തിന്റെ 
75 വർഷവും ലിംഗനീതിയും - എം ബി രാജേഷ്
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. സ്വാതന്ത്ര്യസമരത്തിൽ പുരുഷന്മാർക്കൊപ്പം പോരാടിയ സ്‌ത്രീകൾക്ക് ജനാധിപത്യ ഇന്ത്യയിൽ മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ലഭിച്ചോ? കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ‘ആസാദി കാ  അമൃത് മഹോത്സവി’ന്റെ ഭാഗമായി  വ്യാഴവും വെള്ളിയും സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യുകയാണ്.  ഝാൻസി റാണി ലക്ഷ്മിഭായിമുതൽ ക്യാപ്റ്റൻ ലക്ഷ്മിവരെയുള്ള നിരവധി സ്വാതന്ത്ര്യസമര പോരാളികളെ ഓർക്കാതെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം പൂർണമാകില്ല. സരോജിനി നായിഡു, അരുണ ആസഫ് അലി, കൽപ്പന ദത്ത, മല്ലു സ്വരാജ്യം തുടങ്ങി എത്രയോ  പോരാളികൾ തങ്ങളുടെ ജീവിതം സമൂഹത്തിനായി സമർപ്പിച്ചു.  ഇന്ത്യൻ ഭരണഘടനയുടെ നിർമാണത്തിലും സ്‌ത്രീകൾ സജീവ പങ്കുവഹിച്ചു.  
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിൽ  വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരും ലോക്‌സഭാ സ്പീക്കറും സംസ്ഥാന നിയമസഭകളോട്  അഭ്യർഥിച്ചിരുന്നു. കേരള നിയമസഭയും  വിവിധ പരിപാടികൾക്ക് രൂപംനൽകി.  മുഖ്യമന്ത്രി  പിണറായി വിജയനാണ് കഴിഞ്ഞ ആഗസ്‌തിൽ പരിപാടി ഉദ്ഘാടനംചെയ്തത്. മഹാമാരി കാരണം തുടർപരിപാടി വൈകി. ഇപ്പോൾ സ്‌ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, നിയമനിർമാണസഭകളടക്കം തീരുമാനമെടുക്കുന്ന സമിതികളിലെ പങ്കാളിത്തം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിപുലമായ  ദേശീയ സമ്മേളനം ചേരുകയാണ്. 

നവോത്ഥാനപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിർമാണത്തിലും സുപ്രധാനമായ പങ്കുവഹിച്ചവരാണ് കേരളത്തിലെ സ്ത്രീകൾ. ക്യാപ്റ്റൻ ലക്ഷ്മി, എ വി കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, കെ ആർ ഗൗരി തുടങ്ങിയ ധീരരായ വനിതകൾ സ്വാതന്ത്ര്യസമരത്തിൽ ഉജ്വലമായ പങ്കുവഹിച്ചു. ദാക്ഷായണി വേലായുധൻ,  അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ എന്നീ മലയാളി വനിതകൾ  ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ 50  ശതമാനം സ്‌ത്രീ പ്രാതിനിധ്യമുള്ള സംസ്ഥാനമാണ് കേരളം. അതിനാൽ സാമൂഹ്യ, ഭരണ രംഗങ്ങളിൽ സ്‌ത്രീകൾക്ക് താരതമ്യേന  മെച്ചമായ സ്ഥാനമുണ്ട്. 25  വർഷം  പിന്നിടുന്ന കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിൽ ഗണ്യമായ സംഭാവനകൾ നൽകി. ജനസംഖ്യയിൽ പകുതിയുള്ള സ്‌ത്രീകൾക്ക് സ്വാതന്ത്ര്യവും നീതിയും തുല്യമായി പങ്കുവയ്ക്കപ്പെട്ടോ? ഇനി എത്രദൂരം മുന്നോട്ടുപോകാനുണ്ടെന്ന പരിശോധനയും വിശകലനവുമാണ് വനിതാ സാമാജികരുടെ സമ്മേളനംകൊണ്ട്  ഉദ്ദേശിക്കുന്നത്.

ഭരണഘടനയും സ്‌ത്രീകളുടെ അവകാശങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്‌ത്രീകളുടെ പങ്ക്, സ്‌ത്രീകളുടെ അവകാശങ്ങളും നിയമപരമായ പഴുതുകളും, തീരുമാനമെടുക്കുന്ന സമിതികളിൽ സ്‌ത്രീകളുടെ കുറഞ്ഞ പ്രാതിനിധ്യം എന്നീ നാല് വിഷയത്തിൽ സമ്മേളനം വിശദമായ ചർച്ച നടത്തും. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിൽ കൈവരിച്ച പുരോഗതി, നേട്ടങ്ങൾ, അവകാശങ്ങൾ എന്നിവ സ്‌ത്രീകൾക്കുകൂടി തുല്യമായി പങ്കുവയ്‌ക്കപ്പെട്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.  സാക്ഷരത, വിദ്യാഭ്യാസം, ആയുർദൈർഘ്യം, മാതൃമരണം എന്നിവയിലെല്ലാം ഇപ്പോഴും ഇന്ത്യയാകെയെടുത്താൽ സ്‌ത്രീകൾ പിന്നിലാണെന്നു കാണാം. എന്നാൽ, കേരളത്തിൽ വ്യത്യസ്തമായ ചിത്രമുണ്ട്.  സ്‌ത്രീകളുടെ സാക്ഷരതാനിരക്ക് 97.8  ശതമാനമാണ്. വിദ്യാഭ്യാസരംഗത്ത് ഉയർന്ന പങ്കാളിത്തമാണ് പെൺകുട്ടികളുടേത്. ആരോഗ്യ അനുബന്ധ മേഖലകളിലെ കോഴ്സുകളിൽ പങ്കാളിത്തം 80 ശതമാനമാണ്. എംബിബിഎസ് വിദ്യാർഥികളിൽ 66  ശതമാനവും പെൺകുട്ടികളാണ്. കാർഷിക സർവകലാശാലയ്‌ക്കു കീഴിലെ കോഴ്സുകളിൽ 77  ശതമാനമാണ്  പങ്കാളിത്തം.  അധ്യാപകരിൽ 72  ശതമാനവും വനിതകളാണ്. എന്നാൽ, തൊഴിൽ മേഖലയിലാകെ  കേരളത്തിലെ വനിതകളുടെ പങ്കാളിത്തം 26  ശതമാനംമാത്രമാണ്.

ഭരണഘടനാപരമായ അവകാശങ്ങൾ  സ്‌ത്രീകൾക്ക് തുല്യമായി  ലഭ്യമാകുന്നതിലും ദീർഘദൂരം രാജ്യത്തിന് ഇനിയും താണ്ടാനുണ്ട്. പൗരന്റെ മൗലികാവകാശങ്ങൾ സ്‌ത്രീകളുടെ കാര്യത്തിൽ കൂടുതൽ ദുർബലമാണെന്നു കാണാം. തുല്യ അവസരങ്ങൾ, സ്വന്തം കാര്യങ്ങളിൽ  തെരഞ്ഞെടുപ്പ് നടത്താനും  ആശയാവിഷ്കാരം നടത്താനുമുള്ള സ്വാതന്ത്ര്യം എന്നിവ  പല തലത്തിലും സ്‌ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. ലൈംഗികാതിക്രമങ്ങൾ, സ്‌ത്രീധനപീഡനം, ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങി പല തലത്തിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവർക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുകയും ചെയ്യുന്നു. 

ആഗോളമായി രാഷ്ട്രീയരംഗത്ത്  ലിംഗസമത്വം കൈവരാൻ ഇനിയും 145.5  വർഷം  എടുക്കുമെന്നാണ്  വേൾഡ് ഇക്കണോമിക് ഫോറം 156 രാജ്യത്തെ പങ്കെടുപ്പിച്ച്  തയ്യാറാക്കിയ ഗ്ലോബൽ ജൻഡർ ഗാപ് റിപ്പോർട്ടിന്റെ (2021) പ്രവചനം.  ഈ 156  രാജ്യത്തിലായുള്ള 35,500  പാർലമെന്റ്‌ സീറ്റിൽ സ്‌ത്രീകളുടെ പ്രാതിനിധ്യം കേവലം 26.1  ശതമാനം മാത്രമാണ്. ഈ രാജ്യങ്ങളിലെ 3400  മന്ത്രിമാരിൽ 22.6  ശതമാനം മാത്രമാണ്  വനിതകൾ. 81  രാജ്യത്തിൽ വനിതകൾ രാഷ്ട്രനേതാക്കളായിട്ടേ ഇല്ല. ഇന്ത്യയിൽ  വനിതാപ്രാതിനിധ്യം കുറവാണെങ്കിലും ലോകത്ത് വനിതകൾ രാഷ്ട്രനേതാക്കളായി വന്ന ആദ്യത്തെ അഞ്ചു രാജ്യത്തിലൊന്ന് ഇന്ത്യയാണ്. എങ്കിലും ഈ റിപ്പോർട്ട് പ്രകാരം  ഇന്ത്യയുടെ സ്ഥാനം 51  ആണ്.
വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും പ്രധാനമായ മുന്നുപാധി രാഷ്ട്രീയത്തിലും നിയമനിർമാണനയരൂപീകരണ വേദികളിലും അവർക്ക് അർഹവും ഫലപ്രദവുമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ്.  ലോക്‌‌സഭയിലെ 540  അംഗങ്ങളിൽ വനിതകളുടെ പ്രാതിനിധ്യം 81  മാത്രമാണ്. അതായത് 15  ശതമാനം. രാജ്യസഭയിലാകട്ടെ 27  മാത്രമാണ്. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയതുകൊണ്ട് ത്രിതല പഞ്ചായത്തുകളിൽ മെച്ചപ്പെട്ട നിലയിലാണ്. ആകെയുള്ള  30  ലക്ഷം പ്രതിനിധികളിൽ 13  ലക്ഷം വനിതകളാണ്.  1993ൽ പാസാക്കിയ 73ഉം 74ഉം  ഭരണഘടനാ ഭേദഗതിപ്രകാരം മൂന്നിലൊന്ന് സീറ്റ് വനിതകൾക്കായി സംവരണം ചെയ്തതുകൊണ്ടാണ് ഈ മാറ്റമുണ്ടാക്കാൻ കഴിഞ്ഞത്. എന്നാൽ, പാർലമെന്റിലേക്കും നിയമസഭകളിലേക്കും മൂന്നിലൊന്ന് സീറ്റ്  സംവരണം ചെയ്യാനുള്ള ബിൽ  രാജ്യസഭ മാത്രം പാസാക്കുകയും ലോക്‌‌സഭയിൽ  അവതരണംപോലും സംഘടിതമായി തടയപ്പെടുകയുമാണ്‌ ഉണ്ടായത്.

സ്‌ത്രീകൾക്ക് തുല്യതയും അവസരസമത്വവും അന്തസ്സും  ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ജീവിതായോധനത്തിലും വേതനത്തിലും തുല്യത, സ്‌ത്രീകൾക്കായുള്ള പ്രത്യേക സംരക്ഷണം തുടങ്ങി നിരവധി കാര്യം ഭരണഘടന ഉറപ്പുനൽകുന്നു. ഈ അവകാശങ്ങൾ സ്‌ത്രീ സമൂഹത്തിനാകെ അനുഭവവേദ്യമാകുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണത കൈവരിക്കുകയുള്ളൂ.

കേരളത്തിൽ എല്ലാ മേഖലയിലും സ്ത്രീസാന്നിധ്യം ശക്തവും ശ്രദ്ധേയവുമാണ്. എന്നാൽ, യുഗങ്ങളായി നിലനിൽക്കുന്ന  പുരുഷാധിപത്യ ചിന്തകളുടെയും പ്രവൃത്തികളുടെയും വേരുകൾ ഇനിയും പിഴുതെറിയാനുണ്ട്.  സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സമത്വം എന്നീ മൂല്യങ്ങൾ പുലരുന്ന സമൂഹത്തിൽ മാത്രമേ ലിംഗനീതിയും ലിംഗസമത്വവും പുലരുകയുള്ളൂ. ലിംഗസമത്വം, ലിംഗനീതി എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഭാവിയിലേക്കുള്ള നയരൂപീകരണത്തിനും നിയമനിർമാണത്തിനും മാർഗദർശകമാകുന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും  വനിതാ സാമാജികരുടെ ദേശീയ സമ്മേളനം വേദിയാകുമെന്ന് പ്രത്യാശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top