20 April Saturday

ദേശീയസ്വാതന്ത്ര്യ സമരവും സെപ്റ്റംബര്‍ 15 ന്റെ കമ്യൂണിസ്റ്റ് രക്തസാക്ഷിത്വങ്ങളും: കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ദേശീയസ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ പങ്കെടുത്തിട്ടില്ലായെന്ന് നുണപ്രചരണം തുടരുന്ന സംഘപരിവാറിന്റെയും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെയും കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലക്കുള്ള മറുപടി കൂടിയാണ്  സെപ്റ്റംബര്‍ 15 ന്റെ നിണമൊഴുകിയ സ്മരണകള്‍. ആര്‍ എസ് എസുകാരും കമ്യൂണിസ്റ്റ് വിരോധത്തിന്റെ അന്ധകൂപങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളും അരുണ്‍ ഷൂരിയില്‍ നിന്നാണല്ലോ ചരിത്രം പഠിക്കുന്നത്. ദേശീയസ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ദേശദ്രോഹത്തിന്റെ ചരിത്രം മാത്രമുളള സംഘപരിവാറിന് വേണ്ടിയാണല്ലോ അരുണ്‍ഷൂരി ചരിത്രമെന്ന പേരില്‍ നിറംപിടിപ്പിച്ച നുണകള്‍ മെനഞ്ഞെടുത്തത്.
 

 കുറിപ്പിന്റെ പൂര്‍ണ രൂപം


ദേശീയ സ്വാതന്ത്ര്യസമരത്തെയും അതിലെ ധീരോദാത്തവും ത്യാഗപൂര്‍ണവുമായ കമ്യൂണിസ്റ്റുകാരുടെ പങ്കിനെയും നിരാകരിക്കുന്ന ചരിത്രാപനിര്‍മ്മിതിയുടെയും നുണപ്രചരണങ്ങളുടേതുമായ സാഹചര്യത്തിലാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ സ്മരണകള്‍ ഉണര്‍ത്തി 2021 ലെ സെപ്റ്റംബര്‍ 15 കടന്നുവരുന്നത്. 1940 സെപ്റ്റംബര്‍ 15 ന്റെ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിന്റെയും അതിനെ തുടര്‍ന്നുള്ള പ്രക്ഷുബ്ധമായ ദേശീയസമര ചരിത്രത്തിന്റെയും ഓര്‍മ്മകള്‍ വലതുപക്ഷ നുണപ്രചാരകന്മാര്‍ക്കുള്ള മറുപടി കൂടിയാണ്. ചരിത്രം എപ്പോഴും വര്‍ത്തമാനത്തോടാണല്ലോ സംസാരിക്കുന്നത്.

ദേശീയസ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ പങ്കെടുത്തിട്ടില്ലായെന്ന് നുണപ്രചരണം തുടരുന്ന സംഘപരിവാറിന്റെയും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെയും കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലക്കുള്ള മറുപടി കൂടിയാണ് സെപ്റ്റംബര്‍ 15 ന്റെ നിണമൊഴുകിയ സ്മരണകള്‍.
ആര്‍ എസ് എസുകാരും കമ്യൂണിസ്റ്റ് വിരോധത്തിന്റെ അന്ധകൂപങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളും അരുണ്‍ ഷൂരിയില്‍ നിന്നാണല്ലോ ചരിത്രം പഠിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ദേശദ്രോഹത്തിന്റെ ചരിത്രം മാത്രമുളള സംഘപരിവാറിന് വേണ്ടിയാണല്ലോ അരുണ്‍ഷൂരി ചരിത്രമെന്ന പേരില്‍ നിറം പിടിപ്പിച്ച നുണകള്‍ മെനഞ്ഞെടുത്തത്.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്  രക്തസാക്ഷികളായ അബു മാസ്റ്ററുടേയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിതത്വത്തിന്റെ എണ്‍പത്തിയൊന്നാം വാര്‍ഷിക ദിനമാണ് നാളെ സെപ്റ്റംബര്‍15. കമ്യൂണിസ്റ്റുകാരുടെ മുന്‍കയ്യില്‍ നടന്ന ചരിത്രപ്രസിദ്ധമായ 1940 ലെ സാമ്രാജ്യത്വ ദിനാചരണത്തിന്റെ ചരിത്രത്തെക്കുറിച്ച് വലതുപക്ഷ ചരിത്രകാരന്മാര്‍ അജ്ഞത സൃഷ്ടിക്കാനാണ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്.

കെ പി സി സി യുടെ ആഹ്വാനം അനുസരിച്ചാണ്  1940 സെപ്റ്റംബര്‍ 15ന് സാമ്രാജ്യ വിരുദ്ധ ദിനമായി ആചരിച്ചത്. യുദ്ധസാഹചര്യത്തില്‍ ബ്രിട്ടനുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ (പരിപൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനം, കേന്ദ്രത്തില്‍ ഒരു താല്‍കാലിക സര്‍ക്കാര്‍ ) അംഗീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് (ആഗസ്ത് ഓഫര്‍ ) നിരസിച്ചതിലുള്ള അമര്‍ഷവും ദേശീയ നേതാക്കളുടെ അറസ്റ്റുകളിലും പ്രതിഷേധിക്കാന്‍ എ ഐ സി സി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കാന്‍ തീരുമാനമുണ്ടാവുന്നത്. 1940 സെപ്റ്റംബര്‍ 8 ന് കോഴിക്കോട്ടെ മഞ്ജുനാഥ് റാവുവിന്റെ വീട്ടില്‍ പകല്‍ 2 മണിക്ക് ചേര്‍ന്ന കെ പി സി സി പ്രവര്‍ത്തകയോഗമാണ് 15 ന് സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ കെ പി സി സി ക്ക് കോണ്‍ഗ്രസിന്റ ദേശീയ നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ് സമീപനത്തോടുള്ള ശക്തമായ പ്രതിഷേധവും ഈയൊരു തീരുമാനത്തിന് പ്രേരണയായിട്ടുണ്ട്‌

കെ പി സി സി യുടെ തീരുമാനത്തിന് പിന്തുണയേകി കര്‍ഷകസംഘവും വില വര്‍ധനവിനെതിരെ അന്നേ ദിവസം പ്രതിഷേധദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. വിലനിയന്ത്രണ ദിനമായി ആചരിക്കാനായിരുന്നു ആഹ്വാനം. ഈ തീരുമാനങ്ങള്‍ പുറത്തുവന്നതോടെ മലബാര്‍ ഡിസ്ട്രിക്ട് കലക്ടര്‍ പ്രതിഷേധദിനം നിരോധിക്കുകയും അടിച്ചമര്‍ത്തല്‍ നടപടികളാരംഭിക്കുകയും ചെയ്തു. ഇടതുപക്ഷ കെ പി സി സി ഭരണകൂട ഭീകരതയെയും നിരോധനങ്ങളെയും തൃണവല്‍ക്കരിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോയി

മൊറാഴയിലും തലശ്ശേരിയിലും മട്ടന്നൂരിലും നിരോധനങ്ങളെ വെല്ലുവിളിച്ച് സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ സംഘടിച്ചു സാമ്രാജ്യത്വവിരുദ്ധ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. കമ്യൂണിസ്റ്റു പാര്‍ടി പ്രവര്‍ത്തകരും കര്‍ഷക സംഘം പ്രവര്‍ത്തകരും ബ്രിട്ടീഷ് പോലീസുകാരുടെ മര്‍ദ്ദക വാഴ്ചകൊണ്ടൊന്നും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യദാഹത്തെ ഇല്ലാതാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് സാമ്രാജ്യത്വവും ജന്മിത്വവും തുലയട്ടെയെന്ന് മുദ്രാവാക്യമുയര്‍ത്തി ദേശാഭിമാനത്തിന്റെയും ജന്മിത്വ വിരുദ്ധതയുടെയും കൊടിക്കൂറകള്‍ ഉയര്‍ത്തിയ പോരാട്ടങ്ങളുടെ സ്മരണയാണ് സെപ്റ്റംബര്‍15.  മലബാറിന്റെ സാമ്രാജ്യത്വ വിരുദ്ധമുന്നേറ്റങ്ങള്‍ക്ക് ചുവപ്പ് പകര്‍ന്ന കരുത്താര്‍ന്ന പോരാട്ടചരിത്രമാണ് തലശ്ശേരി, മൊറാഴ ,മട്ടന്നൂര്‍ റാലികളും രക്തസാക്ഷിത്വങ്ങളും അടയാളപ്പെടുത്തിയത്.

നിരോധനങ്ങളും പോലീസ് ബാരിക്കേഡുകളും തട്ടിമാറ്റിയാണ് തലശ്ശേരി ജവഹര്‍ഘട്ടില്‍ 2000 ഓളം വരുന്ന ജനങ്ങള്‍ സമ്മേളിച്ചത്. ത്രിവര്‍ണ്ണ പതാകയും ചെങ്കൊടിയുമേന്തിയവര്‍ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. സ്വാതന്ത്യ സമര സേനാനികളും പോലീസും ഏറ്റുമുട്ടി. പോലീസ് 17 റൗണ്ട് വെടിയുതിര്‍ത്തു. സഖാക്കള്‍ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റുവീണു ധീര രക്തസാക്ഷിത്വം വരിച്ചു..

മൊറാഴയിലും മട്ടന്നൂരിലും പോലീസുമായി ജനങ്ങള്‍ ഏറ്റമുട്ടി. മൊറാഴയില്‍ മര്‍ദ്ദക വീരനായ സബ്ബ് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും ഏറ്റുമുട്ടലില്‍ മരണപ്പെട്ടു. കെ പി ആര്‍ ഉള്‍പ്പെടെ 34 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. കെ പി ആറിന് വധശിക്ഷ വിധിച്ചതുള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ചര്‍ച്ചയായി.കോണ്‍ഗ്രസിന്റെ മിതവാദ സമീപനങ്ങളില്‍ നിന്നും കമ്യൂണിസ്റ്റ് ഇടതുപക്ഷം സ്വാതന്ത്ര്യ സമരത്തില്‍ നേടുന്ന സ്വാധീനത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളെഴുതി. കെ പി ആറിന്റെ വധശിക്ഷ റദ്ദാക്കണമെന്നത് ദേശീയ തലത്തില്‍ വലിയ ക്യാമ്പ
യിനായി ഏറ്റെടുക്കപ്പെട്ടു.മട്ടന്നൂരിലെ ഏറ്റുമുട്ടലിലും ഒരു പോലീസുകാരന്‍ വധിക്കപ്പെട്ടു..

സാമ്രാജ്യത്വ വിരുദ്ധദിനവും തുടര്‍ന്നുള്ള പ്രക്ഷുബ്ധമായ സംഭവ വികാസങ്ങളും ബ്രിട്ടിഷുകാരെ ഞെട്ടിച്ചതുപോലെ കോണ്‍ഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചു. തങ്ങളുടെ നിയന്ത്രണ നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ ദേശീയ നേതൃത്വം ഇടപെട്ടു.കെ പി സി സി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് നേതൃത്വം വലതുപക്ഷത്തിന്റെ കൈകളില്‍ ഒതുക്കാനുള്ള നീക്കങ്ങളാരംഭിച്ചു.ഇതോടെ കോണ്‍ഗ്രസിനകത്ത് നിന്ന് പഴയത് പോലെ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയായി. നിരോധനങ്ങളെയും മര്‍ദ്ദനങ്ങളെയും നേരിട്ട് കമ്യൂണിസ്റ്റു രാഷ്ട്രീയം  സ്വതന്ത്രമായി വളര്‍ന്നുവന്നതിന്റെ ചരിത്രം കൂടിയാണ് 1940  സെപ്റ്റംബര്‍ 15 ന്റെ സംഭവങ്ങളോടെ കേരളത്തിലാരംഭിച്ചത്. സെപ്റ്റംബര്‍ 15 ലെ സാമ്രാജ്യത്വ വിരുദ്ധ ദിനത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍കുന്നു, പുന്നപ്ര വയലാര്‍ സമരങ്ങള്‍ തുടങ്ങി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങളും വളര്‍ന്നു വന്നത്. സ്വാതന്ത്ര്യത്തിനും ഭൂമിക്കും വേണ്ടിയുള്ള കമ്യൂണിസ്റ്റു പോരാട്ടങ്ങള്‍ ... സ്വാതന്ത്ര്യത്തിനും മണ്ണിനും വേണ്ടി നടന്ന കമ്യൂണിസ്റ്റു പോരാട്ടങ്ങളുടെ ഉജ്ജ്വല സ്മരണ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top