23 April Tuesday

ഭഗത്‌ സിങ്ങും മോദിയുടെ 
ചക്കരവാക്കുകളും

എ എം ഷിനാസ്Updated: Wednesday Sep 28, 2022

ഭഗത് സിങ്ങിന്റെ  115–-ാം ജൻമവാർഷികമാണ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ഒടുവിലത്തെ ‘മൻ കി ബാത്ത്’  പ്രഭാഷണ പരിപാടിയിൽ ചണ്ഡീഗഢ്‌ വിമാനത്താവളത്തിന്റെ പേര്  ‘ശഹീദ് ഭഗത് സിങ് എയർപോർട്ട്’ എന്നാക്കി  പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.  നല്ല കാര്യം. വളരെ മുമ്പേ ചെയ്യേണ്ടതായിരുന്നു. പക്ഷേ, അത്ര നിഷ്കളങ്കമല്ല ഈ പേരുമാറ്റം. ‘കർത്തവ്യപഥ’ത്തിലെ കുൽസിതമായ ഒരു കർത്തവ്യമാണിതും.

ഇന്ത്യയിൽ പൊതുവിലും ഉത്തരേന്ത്യയിൽ വിശേഷിച്ചും പഞ്ചാബിൽ അസാമാന്യമായും ആദരിക്കപ്പെടുന്ന ധീരദേശീയ വിപ്ലവകാരിയാണ് 23–-ാംവയസ്സിൽ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ ഭഗത് സിങ്. ഉത്തരേന്ത്യയിലെയും  വിശിഷ്യാ പഞ്ചാബിലെയും വോട്ടർമാരെ, ഭഗത് സിങ് ഉയർത്തിപ്പിടിച്ച ആശയങ്ങളെയും കർമപദ്ധതികളെയും വിസ്മൃതിയിലാഴ്ത്തി പ്രസാദിപ്പിക്കുകയെന്ന സൃഗാലതന്ത്രത്തോടൊപ്പം ചരിത്രത്തിലെ ഇത്തരം വൻമരങ്ങളെ സൂത്രത്തോടെ തെരഞ്ഞെടുത്ത്, അവർ ജീവിച്ച ചരിത്രസന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയും അവർ ഉദ്ഘോഷിച്ച ആശയങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും അഗണ്യകോടിയിൽ തള്ളിയും ഹിന്ദുത്വ വിചാരധാരയിലേക്ക് കൂട്ടിച്ചേർക്കുകയെന്ന പദ്ധതിയുടെ ഭാഗവുമാണിത്. സ്വാതന്ത്ര്യസമരത്തിൽ ഉടനീളം  നാണംകെട്ട ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തവർ ഇപ്പോൾ ചെയ്യുന്നത് ആ ചരിത്ര പ്രക്രിയയിൽ നിർണായക സ്വാധീനം ചെലുത്തിയ  ചിലരെ കൈയടക്കുക എന്നതത്രെ.  ഭഗത് സിങ് അത്യധികം ആദരിച്ചിരുന്ന  നേതാവായിരുന്നു പഞ്ചാബ് കേസരി എന്നറിയപ്പെട്ടിരുന്ന ലാലാ ലജ്പത് റായ്. 1920കളുടെ മധ്യത്തിൽ ലജ്പത് റായ് ഹിന്ദുമഹാസഭയിൽ സക്രിയമാകുകയും വർഗീയ രാഷ്ട്രീയത്തിന് സർവാത്മനാ സമ്മതപത്രം നൽകുകയും ചെയ്തപ്പോൾ ഭഗത് സിങ് ഈ പ്രതിലോമ രാഷ്ട്രീയ ദിശാമാറ്റത്തെ ശക്തമായി എതിർത്ത്  ലഘുലേഖ പുറത്തിറക്കുകയുണ്ടായി.

ഭഗത് സിങ്ങിന്റെ നേതൃത്വത്തിൽ 1926ൽ ലാഹോറിൽ രൂപീകരിച്ച നൗജവാൻ ഭാരതസഭ ആ വർഷം സെപ്തംബറിൽ ഇറക്കിയ ‘ആൻ അപ്പീൽ ടു ദ യങ് പഞ്ചാബ്’ എന്ന മറ്റൊരു ലഘുലേഖയിൽ ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങളിൽ മനസ്സർപ്പിച്ച് മുഴുകിയ ലജ്പത് റായിയെ വഞ്ചകൻ എന്നാണ് വിളിച്ചത്. ഈ ലഘുലേഖകൾ പുറത്തുവരുമ്പോൾ ഭഗത് സിങ്  കൗമാരക്കാരനായിരുന്നുവെന്ന കാര്യം ശ്രദ്ധേയമത്രെ. ഏതാണ്ട് ആ പ്രായത്തിൽത്തന്നെയാണ് കൊളോണിയലിസം പോലെതന്നെ മറ്റൊരു വലിയ വിപത്താണ് വർഗീയതയെന്നും മതത്തിന്റെ പേരിൽ ആളുകൾ പരസ്പരം പോരിനിറങ്ങുന്നത് ഇല്ലാതാക്കാൻ അവരിൽ വർഗബോധമുണ്ടാക്കുകയാണ് വേണ്ടതെന്നും ‘കമ്യൂണൽ റയറ്റ്സ് ആൻഡ്‌ ദ സൊല്യൂഷൻ’ എന്ന ലഘുലേഖയിൽ ഭഗത് സിങ് നിരീക്ഷിക്കുന്നത്.

ഭഗത് സിങ്ങും ഭഗവതി ചരൺ വോഹ്റയും രാം കൃഷനും  എഹ്സാൻ ഇലാഹിയും  ധൻവന്ത്രിയും ചേർന്ന് രൂപീകരിച്ച നൗജവാൻ സഭയുടെ ആറ് പ്രമാണത്തിൽ രണ്ടെണ്ണം വർഗീയതയ്‌ക്കെതിരെയുള്ള കർക്കശ സമീപനത്തിന്റെ നിദർശനങ്ങളാണ്. വർഗീയാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളിലും പാർടികളിലും പ്രവർത്തിക്കുന്നവർക്ക് നൗജവാൻ സഭയിൽ അംഗത്വം കൊടുക്കാൻ പാടില്ല എന്നതായിരുന്നു ഒരു നിയമം. മതം വ്യക്തിയുടെ സ്വകാര്യ വിഷയമാണെന്നും രാഷ്ട്രീയത്തിലേക്കുള്ള മതത്തിന്റെ കടന്നുകയറ്റം സഭാപ്രവർത്തകർ ചെറുക്കണമെന്നുമായിരുന്നു മറ്റൊരു നിബന്ധന. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലെ സർവമത പ്രീണനത്തിൽ അധിഷ്ഠിതമായ അഴകൊഴമ്പൻ മതനിരപേക്ഷതയല്ല നൗജവാൻ ഭാരതസഭ ഉയർത്തിപ്പിടിച്ചത്. അക്കാലത്ത് കോൺഗ്രസ് വേദികളിൽ ഉയർന്നുകേട്ടിരുന്നത് വന്ദേമാതരം, അള്ളാഹു അക്ബർ, സത്ശ്രീ അകാൽ തുടങ്ങിയ മുദ്രാവാക്യങ്ങളും വേദമന്ത്രങ്ങളും ഖുർആൻ സൂക്തങ്ങളും മറ്റുമായിരുന്നു. എന്നാൽ, നൗജവാൻ സഭാപ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നീ രണ്ടേ രണ്ട് മുദ്രാവാക്യമാണ് വിളിച്ചിരുന്നത്. ഒരു പാത്രത്തിൽത്തന്നെ ഹലാൽ ഇറച്ചിയും ഹലാലല്ലാത്ത ഇറച്ചിയും പാകംചെയ്ത് മുസ്ലിങ്ങളും ഹിന്ദുക്കളും സിഖുകാരുമായ സഭാപ്രവർത്തകർ കഴിച്ചിരുന്നുവെന്ന് മറ്റൊരു വിപ്ലവകാരിയായിരുന്ന യശ്പാൽ ഓർമിക്കുന്നുണ്ട്. മിശ്രജാതി–-മിശ്രമത ഭോജനം പലപാട് സംഘടിപ്പിക്കാനും സഭ തയ്യാറായി.

ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സംസ്ഥാപനം ലക്ഷ്യംവച്ച നൗജവാൻ സഭ, കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഏറ്റവും മതനിരപേക്ഷമായ കൂട്ടായ്മയായിരുന്നുവെന്ന് ഭഗത് സിങ്ങിന്റെയും സഹവിപ്ലവകാരികളുടെയും ദ്രുതഗതിയിലുള്ള പ്രത്യയശാസ്ത്ര പരിണാമത്തെക്കുറിച്ചും രാഷ്ട്രീയപദ്ധതിയെക്കുറിച്ചും ശ്രദ്ധേയ പഠനം (ടു മേക്ക്‌ ദ ഡഫ് ഹിയർ: ഐഡിയോളജി ആൻഡ് പ്രോഗ്രാം ഓഫ് ഭഗത് സിങ് ആൻഡ് ഹിസ് കോമ്രേഡ്സ്  2007) നടത്തിയ എസ് ഇർഫാൻ ഹബീബ് (ലോകപ്രശസ്ത ഇന്ത്യൻ ചരിത്രകാരനായ ഇർഫാൻ ഹബീബ്‌ അല്ല) ചൂണ്ടിക്കാട്ടുന്നു. മൂന്നു ലക്ഷ്യമാണ് സഭ രാഷ്ട്രത്തിനുമുന്നിൽ അവതരിപ്പിച്ചത്–- സ്വാതന്ത്ര്യം, മതനിരപേക്ഷത, സോഷ്യലിസം. തൂക്കിക്കൊല്ലുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ് ഭഗത് സിങ് എഴുതിയ ‘വൈ അയാം ആൻ എതീയിസ്റ്റ്’ എന്ന ലഘുലേഖയിൽ സമൂഹ പുരോഗതിക്കുവേണ്ടി നിലകൊള്ളുന്ന ഏത്‌ വ്യക്തിയും ജാതി–- മത സാമുദായിക കാലുഷ്യങ്ങളിൽനിന്ന് മുക്തമാകണമെന്നും നിലവിലുള്ള വിശ്വാസ സംഹിതകളെ യുക്തിയുടെ ഉരകല്ലുപയോഗിച്ച് വിമർശാത്മകമായി വിചിന്തനം ചെയ്യണമെന്നും എഴുതി. വിപ്ലവകാരിക്ക് അവശ്യം ആവശ്യമായത് അതിരില്ലാത്ത ധാർമികബലവും വിമർശോൻമുഖമായ അന്വേഷണതൃഷ്ണയും സ്വതന്ത്രചിന്തയുമാണെന്നും അടിവരയിട്ടു പറഞ്ഞു.

ബാല്യത്തിലെ ആര്യസമാജ കുടുംബ പശ്ചാത്തലത്തിൽനിന്ന് ഗാന്ധിമാർഗത്തിലേക്കും പിന്നെ കാൽപ്പനിക വിപ്ലവ പ്രവർത്തനത്തിലേക്കും തുടർന്ന് ഭൗതികവാദത്തിലേക്കും സോഷ്യലിസത്തിലേക്കും മാർക്സിസത്തിലേക്കും ക്ഷിപ്രകാലത്തിൽ പ്രത്യയശാസ്ത്രപരമായ പരിവർത്തനങ്ങൾ ഭഗത് സിങ്ങിലുണ്ടായി

ജയിലിൽനിന്ന് ഒളിച്ചുകടത്തിയ ഈ ലഘുലേഖ ഭഗത് സിങ്ങിനെ തൂക്കിക്കൊന്നതിനുശേഷം 1931 സെപ്തംബർ 27ന് ‘ദ പീപ്പിൾ’ ആണ് പ്രസിദ്ധീകരിച്ചത്. മതത്തെകുറിച്ചുള്ള മാർക്സിന്റെ പ്രശസ്ത വരികളോട് സാദൃശ്യമുള്ള നിരീക്ഷണങ്ങൾ മറ്റൊരു തരത്തിൽ ഭഗത് സിങ് ഇതിൽ അവതരിപ്പിക്കുന്നു. ബാല്യത്തിലെ ആര്യസമാജ കുടുംബ പശ്ചാത്തലത്തിൽനിന്ന് ഗാന്ധിമാർഗത്തിലേക്കും പിന്നെ കാൽപ്പനിക വിപ്ലവ പ്രവർത്തനത്തിലേക്കും തുടർന്ന് ഭൗതികവാദത്തിലേക്കും സോഷ്യലിസത്തിലേക്കും മാർക്സിസത്തിലേക്കും ക്ഷിപ്രകാലത്തിൽ പ്രത്യയശാസ്ത്രപരമായ പരിവർത്തനങ്ങൾ ഭഗത് സിങ്ങിലുണ്ടായി. 23 വയസ്സിനിടെയാണ് ഇതെല്ലാം സംഭവിച്ചത്. ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിലുള്ള റീഡിങ് ലിസ്റ്റിന്റെ പട്ടിക എസ് ഇർഫാൻ ഹബീബിന്റെ പുസ്തകത്തിലുണ്ട്. അതിൽ ആദ്യത്തെ എൻട്രി മാർക്സിന്റെ മൂലധനമാണ്. തുടർന്ന്, എംഗൽസും ട്രോട്സ്കിയും ബക്കുനിനും കാൾ കൗട്സ്കിയും ഡാർവിനും റസ്സലും ഹ്യൂഗോയും ദസ്തയോവ്സ്കിയും റൂസ്സോയും സ്പിനോസയും വേഡ്സ് വർത്തും ടെന്നിസണും എഡ്മണ്ട് ബാർക്കും ജോൺ ലോക്കും തോമസ് ജെഫേഴ്സണുമെല്ലാം കടന്നുവരുന്നു.

വധിക്കപ്പെടുന്നതിനു മുമ്പ് 1931 ഫെബ്രുവരി രണ്ടിന് ഭഗത് സിങ്  എഴുതിയ ‘ടു ദ യങ് പൊളിറ്റിക്കൽ വർക്കേഴ്സ്’ എന്ന ലഘുലേഖയിൽ ഒരു മാർക്സിസ്റ്റ് ധൈഷണികനെയാണ് നാം കാണുന്നത്: “കാൽപ്പനിക വിപ്ലവ പ്രവർത്തനമായ വ്യക്തിഗത വീര്യകൃത്യങ്ങളല്ല, ബഹുജനസംഘാടനത്തിന്റെ ബലിഷ്ഠമായ അടിത്തറയുള്ള ജനകീയ വിപ്ലവമാണ് നാം നടത്തേണ്ടത്. വിപ്ലവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  നിലവിലുള്ള സാമ്പത്തിക–- സാമൂഹ്യ വ്യവസ്ഥിതിയെ തകിടംമറിച്ച്  തൽസ്ഥാനത്ത്  ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ കൊണ്ടുവരിക എന്നതാണ്. ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു സോഷ്യലിസ്റ്റ് വിപ്ലവമാണ്. അതായത് മാർക്സിസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നവസാമൂഹ്യസൃഷ്ടി. അതിനാദ്യം രാഷ്ട്രീയ വിപ്ലവം നടക്കണം. അധികാരം വിപ്ലവപാർടി കരസ്ഥമാക്കണം. അതിനാകട്ടെ ലെനിൻ പറഞ്ഞതുപോലെ  പ്രൊഫഷണൽ വിപ്ലവകാരികൾ നമുക്കുണ്ടായിരിക്കണം. യഥാർഥ വിപ്ലവസൈന്യമുള്ളത് ഗ്രാമങ്ങളിലും ഫാക്‌ടറികളിലുമാണ്. കർഷകരും തൊഴിലാളികളുമാണവർ. സ്വദേശിയും വിദേശിയുമായ മുതലാളിമാർക്കൊഴികെ 98 ശതമാനം ജനങ്ങൾക്കും സ്വരാജ് പ്രാപ്യമാകുന്ന അവസ്ഥയാണത്. മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാൻ പറ്റുന്ന പരിതോവസ്ഥ അവസാനിപ്പിക്കുകയാണ് വിപ്ലവത്തിന്റെ ലക്ഷ്യം.”

ഇതായിരുന്നു ഭഗത് സിങ്ങിന്റെ ആശയലോകവും കർമപദ്ധതിയും. ഭഗത് സിങ്ങിനെ അദ്ദേഹത്തിന്റെ ആശയപ്രപഞ്ചത്തിൽനിന്നും കർമപരിപാടിയിൽനിന്നും ചരിത്രനിരപേക്ഷമായി അടർത്തിമാറ്റി വാഴ്‌ത്താൻ ശ്രമിക്കുന്ന സംഘപരിവാർ ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കണം. ദേശീയ സ്വാതന്ത്ര്യസമരത്തിൽ വട്ടപ്പൂജ്യവും ബ്രിട്ടീഷ് അനുകൂല നിലപാടിൽ വൻ പങ്കുമുള്ള സംഘപരിവാർ ഇങ്ങനെ  ഓരോരോ സ്വാതന്ത്ര്യ സമരബിംബത്തെ സ്വന്തമാക്കാനുള്ള കുൽസിതവൃത്തി തുടരുകതന്നെ ചെയ്യും. മതനിരപേക്ഷ ജനാധിപത്യശക്തികൾ അവിരാമം ഇത്തരം നീക്കങ്ങളെ ചെറുക്കുകയും  പൊളിച്ചുകാട്ടുകയും വേണം.

(എറണാകുളം മഹാരാജാസ്‌ കോളേജിൽ 
ചരിത്രാധ്യാപകനാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top