27 January Friday

തകർച്ചയുടെ മുന്നറിയിപ്പുകൾ

ജോർജ് ജോസഫ്Updated: Friday Dec 2, 2022

കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യൻ സമ്പദ്ഘടന പൊടുന്നനെ കൈവരിച്ചതായി തോന്നിപ്പിക്കുന്ന  ഉണർവ് അതിവേഗം അസ്തമിക്കുകയാണെന്ന സൂചനകൾ സാമ്പത്തികലോകം നൽകുന്നു. അടുത്തവർഷം  ഇന്ത്യയുടെ വളർച്ച കുറയുമെന്ന്‌ പ്രമുഖ രാജ്യാന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ലെ നേരിയ മുന്നേറ്റം അടുത്തവർഷം ഉണ്ടാകില്ലെന്നും ഇന്ത്യൻ സമ്പദ്ഘടന മോശം യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുകയാണെന്നും ഈ ഏജൻസികൾ വ്യക്തമാക്കുന്നു. കോവിഡിന്റെ പിടിയിൽനിന്ന് മുക്തമായശേഷം 2022ൽ കണ്ടത്‌ വലിയ തകർച്ചയ്‌ക്കുശേഷമുള്ള   മുന്നേറ്റംമാത്രം. ഇത്‌ സ്വാഭാവികവുമാണ്‌. എന്നാൽ, സമ്പദ്‌വ്യവസ്ഥ കരകയറിയെന്ന്‌ പറയാനാകില്ല.  ഉണ്ടായ മുന്നേറ്റത്തെ തുടർന്നു കൊണ്ടുപോകാൻ ഭരണനേതൃത്വത്തിന് കഴിയാതെ പോകുന്നതും രൂക്ഷമാകുന്ന പണപ്പെരുപ്പം, വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, ആഭ്യന്തര ഡിമാൻഡിലെ ഇടിവ് തുടങ്ങിയ ഘടകങ്ങളും തിരിച്ചടിയാകുമെന്ന സൂചനയാണ്  റേറ്റിങ്‌ ഏജൻസികൾ നൽകുന്നത്.  നടപ്പ്‌ ധനവർഷത്തിലെ രണ്ടാം പാദത്തിൽ (ജൂുലൈ–-സെപ്‌തംബർ) മൊത്തം ആഭ്യന്തരോൽപാദനം 6.3 ശതമാനമായി കുറഞ്ഞത്‌ ഇതോടൊപ്പം ചേർത്തു വായിക്കാം. മുൻവർഷം ഇതേ കാലയളവിൽ 8.4 ശതമാനമായിരുന്നു വളർച്ച.

2022–-23ൽ ഇന്ത്യയുടെ വളർച്ചനിരക്ക് ഏഴു ശതമാനമായി കുറയുമെന്നാണ് സ്റ്റാൻഡേഡ് ആൻഡ് പുവർ കണക്കാക്കിയിരിക്കുന്നത്. ആറു ശതമാനം വളർച്ചയാണ് അതിനടുത്ത സാമ്പത്തിക വർഷത്തിൽ കണക്കാക്കിയിരിക്കുന്നത്. സെപ്തംബറിൽ ഇത് യഥാക്രമം 7.3 ശതമാനവും 6.5 ശതമാനവുമായാണ് എസ് ആൻഡ് പി കണക്കാക്കിയിരുന്നത്. ആഭ്യന്തര ഡിമാൻഡ് നയിക്കുന്ന സമ്പദ്ഘടന എന്നതാണ് ഇന്ത്യക്ക് നേരിയതോതിൽ അനുകൂലമായി നിൽക്കുന്ന പ്രധാന ഘടകമെന്നാണ് ഇവരുടെ വിലയിരുത്തൽ. മൂഡീസ് 2022ൽ ഇന്ത്യയുടെ ജിഡിപി വളർച്ച കണക്കാക്കിയിരിക്കുന്നത് ഏഴു ശതമാനമാണ്.  നേരത്തെ ഇത്  7.7 ശതമാനമായിരുന്നു. എന്നാൽ, 2023ൽ 4.8 ശതമാനം വളർച്ച കൈവരിക്കാനേ കഴിയൂവെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ഗോൾഡ്മാൻ സാക്‌സ് 2023ൽ കണക്കാക്കുന്നത് 5.9 ശതമാനം വളർച്ചയാണ്. 2022ൽ 6.9 ശതമാനവുമാണ് അവർ പ്രതീക്ഷിക്കുന്നത്. നോമുറ 2023ൽ 4.7 ശതമാനമാണ് കണക്കാക്കുന്നത്.  ഈവർഷം പ്രതീക്ഷിക്കുന്ന വളർച്ച 7. 2 ശതമാനവുമാണ്.  ആഗോളതലത്തിൽ ഉരുണ്ടുകൂടിയിരിക്കുന്ന സാമ്പത്തികമാന്ദ്യം അടുത്ത രണ്ടുമൂന്ന് വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുമെന്ന വ്യക്തമായ സൂചനകളാണ് ഈ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്. 

വായ്പാ ചെലവുകൾ ഉയരുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആൻഡ്രൂ ടിൽടൺ എന്ന സാമ്പത്തിക വിദഗ്ധന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.  2021-–22ൽ 8.7 ശതമാനം ജിഡിപി വളർച്ചയാണ് ഇന്ത്യ കൈവരിച്ചത്. ഉയർന്ന തോതിലുള്ള പണപ്പെരുപ്പവും അത് നിയന്ത്രിക്കുന്നതിന് പലിശനിരക്ക് ഉയർത്തുന്നതും ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്  കൂടുതൽ പലിശ വർധന അനിവാര്യമാണ്. ഡിസംബറിൽ 0. 35 ശതമാനവും അടുത്ത ഫെബ്രുവരിയിൽ 0. 25 ശതമാനവും വീതം അടിസ്ഥാന പലിശനിരക്ക് ഉയർത്തുമെന്നാണ് നോമുറ കണക്കുകൂട്ടുന്നത്.

ജാപ്പനീസ് ഏജൻസിയായ നോമുറ പറയുന്നത് ആഗോള സാമ്പത്തികരംഗത്തെ മാന്ദ്യം ഇന്ത്യൻ കയറ്റുമതി കമ്പനികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ്. ഇന്ത്യയിൽനിന്നുള്ള ആഗോള ഡിമാൻഡ് കുറയുന്നതിനുള്ള സാധ്യതയാണ് അവർ കാണുന്നത്. 2022 ഒക്ടോബറിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 17 ശതമാനംകണ്ട് കുറഞ്ഞിട്ടുണ്ട്.  പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്  കൂടുതൽ പലിശ വർധന അനിവാര്യമാണ്. ഡിസംബറിൽ 0. 35 ശതമാനവും അടുത്ത ഫെബ്രുവരിയിൽ 0. 25 ശതമാനവും വീതം അടിസ്ഥാന പലിശനിരക്ക് ഉയർത്തുമെന്നാണ് നോമുറ കണക്കുകൂട്ടുന്നത്. അതോടെ റിപ്പോ നിരക്ക് 6. 5 ശതമാനമെന്ന തോതിലേക്ക് ഉയരും. സമാനമായ നിഗമനങ്ങളാണ് മൂഡീസും അവതരിപ്പിച്ചത്.  സർക്കാർ ഇടപെടൽ ക്രിയാത്മകമാണെങ്കിൽ 2024ൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ തിരിച്ചുവരവുണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ നിയന്ത്രണവിധേയമായാൽ 2024ൽ 6.4 ശതമാനമെന്ന തോതിൽ വളരാൻ കഴിയുമെന്നാണ് മൂഡീസിന്റെ കണക്കുകൂട്ടൽ.

ആഭ്യന്തര മാർക്കറ്റാണ് നിലവിൽ ഇന്ത്യൻ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നത്എന്നതിൽ എല്ലാ റേറ്റിങ്‌ ഏജൻസികളും ഒരേ അഭിപ്രായക്കാരാണ്. പക്ഷേ, ആഭ്യന്തര ഡിമാൻഡിനെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ഒരുനീക്കവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിനെ തകർക്കുന്ന സമീപനമാണ് പലപ്പോഴും കൈക്കൊള്ളുന്നതും. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പണമെത്തുന്ന തൊഴിലുറപ്പുപദ്ധതി പോലുള്ള മേഖലകളിൽ സാമൂഹ്യമായ നിക്ഷേപം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
സാമ്പത്തികകാര്യ പാർലമെന്ററി സമിതിക്കു മുമ്പിൽ ഹാജരായ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്  വി  അനന്തനാഗേശ്വരനും ധന സെക്രട്ടറി അജയ് സേത്തും  നിതി ആയോഗ്  സിഇഒ പരമേശ്വരൻ അയ്യരും വ്യക്തമാക്കിയിരിക്കുന്നത് അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം 2026–-27ലേക്ക് മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ്. 2024–-25ൽ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്. 2026–-27ൽ ഈ നേട്ടം കൈവരിക്കണമെങ്കിൽ 6. 5 ശതമാനം ശരാശരി വാർഷികവളർച്ച കൈവരിക്കുകയും പണപ്പെരുപ്പം അഞ്ചു ശതമാനത്തിനു താഴെയായിരിക്കേണ്ടതും ആവശ്യമാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. 2022-–23ൽ ജിഡിപി വളർച്ച 6.5 ശതമാനത്തിനും ഏഴു ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് സമിതിക്ക് മുമ്പാകെ അവർ വ്യക്തമാക്കിയിരിക്കുന്നത്. 2023ൽ ആഗോള സാമ്പത്തികവളർച്ച 2.7 ശതമാനമെന്ന തോതിലേക്ക് താഴുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ജി -20 രാജ്യങ്ങളുടെ സ്ഥിതി മോശമായ സ്ഥിതിയിലാണെന്നും ഐഎംഎഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.  ആഗോള സമ്പദ്ഘടനയിൽ ഉരുണ്ടുകൂടിയ മാന്ദ്യം ഇന്ത്യൻ സാമ്പത്തികമേഖലയിൽ കനത്ത ആഘാതമായിരിക്കും ഏൽപ്പിക്കുക. നിലവിലുള്ളതിനേക്കാൾ കൂടുതൽ പ്രതികൂലമായ സാമ്പത്തികനിലയാണ് അടുത്ത രണ്ടു വർഷത്തിൽ ഇന്ത്യക്ക് നേരിടാനുള്ളതെന്നാണ് ഈ റേറ്റിങ്‌ ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top