05 October Thursday

രൂപ തകരുന്നതെങ്ങനെ - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 15, 2022

രൂപയുടെ മൂല്യത്തകർച്ചയ്‌ക്ക് സമീപകാരണങ്ങൾ പലതുണ്ടെങ്കിലും ധനമൂലധനത്തിനു മുന്നിൽ ഇന്ത്യൻ ഓഹരിവിപണി മലർക്കെ തുറന്നിട്ടതാണ് അടിസ്ഥാന കാരണം. ഇടതുപക്ഷ കക്ഷികൾ അന്നുമുതലേ അതിനെ എതിർത്തു പോരുന്നതാണ്. പ്രളയജലം ഇരമ്പിക്കയറിയതുപോലെയാണ് ധനമൂലധനം കുതിച്ചെത്തിയത്. ഇപ്പോഴിതാ അതിനേക്കാൾ ഊക്കോടെ തിരിച്ചൊഴുകുന്നു. ധനമൂലധനത്തിന്റെ അടിസ്ഥാന സ്വഭാവംതന്നെ ലാഭം കിട്ടുന്ന വിപണിയിലേക്ക്‌ ഒഴുകിയെത്തുക; നഷ്ടസാധ്യത മണക്കുന്ന മാത്രയിൽ ഇതര വിപണികളിലേക്ക്‌ തിരിച്ചൊഴുക്കുക എന്നതാണ്. ധനമൂലധനം ഇന്ന രാജ്യത്തെ എന്നില്ല. ലാഭം, അതുമാത്രമാണ് ഉന്നം. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നു.

ആഗോള സാമ്പത്തികപ്രതിസന്ധി ആരംഭിച്ച 2007-08 ൽ ഇന്ത്യയിലെ ഓഹരിവിപണിയിലെ ധനമൂലധന നിക്ഷേപം 12250 കോടി രൂപ മാത്രമായിരുന്നു. 2020-21 ആയപ്പോഴേക്കും അത് പടിപടിയായി ഉയർന്ന് 267100 കോടി രൂപയിലേക്കു വളർന്നു. ഇക്കാലയളവിൽ ഓഹരി വ്യാപാരം തിരുതകൃതിയായി നടന്നു. പണം കൈയിലുള്ളവർ ആ ചൂതുകളിയിൽനിന്ന് ശതകോടികൾ വരുമാനമുണ്ടാക്കി. വിദേശ മൂലധനനിക്ഷേപകർ മാത്രമല്ല, ഇന്ത്യൻ കമ്പനികളും. അങ്ങനെ അംബാനിമാരും അദാനിമാരും ശതകോടികൾ കൊയ്തു. ഇടതുപക്ഷ പാർടികൾ അന്നേ അപകടം ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോൾ അനുഭവമായി.

മുതലാളിത്ത രാജ്യങ്ങളെ അടിമുടി പിടിച്ചുലച്ച സാമ്പത്തികപ്രതിസന്ധി ഉടലെടുത്തത് 2018-19ൽ ആണല്ലോ. വൻകിട പണച്ചാക്കുകളുടെ അമിത ലാഭക്കൊതിയായിരുന്നു പിന്നിൽ. സർക്കാരുകൾ അതിന്‌ അരുനിന്നു. സമീപിച്ചവർക്കെല്ലാം, തിരിച്ചടവുശേഷി പരിശോധിക്കാതെ വായ്പ നൽകാൻ ധനസ്ഥാപനങ്ങൾ മത്സരിച്ചു. അമേരിക്കൻ സർക്കാരും വേണ്ടത്ര പ്രോത്സാഹനം നൽകി. വീടുവാങ്ങുന്നതിനുള്ള വായ്പ വാങ്ങൽ ദേശാഭിമാന പ്രവൃത്തിയായിവരെ പ്രകീർത്തിക്കപ്പെട്ടു. പക്ഷേ, വായ്പ തിരിച്ചടവ്‌ മുടങ്ങിയപ്പോൾ കിട്ടാക്കടം മാനം മുട്ടെ ഉയർന്നു. വീടുകളുടെ മാർക്കറ്റ് വില ഇടിഞ്ഞു. വീടുകൾ ലേലം ചെയ്താൽ മുതലും പലിശയും വസൂലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. വായ്പകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഓഹരി കമ്പോളവും നിലം പൊത്തി. അനവധി ധനസ്ഥാപനങ്ങൾ തകർന്നടിഞ്ഞു.

ലാഭക്കൊതിയരായ ധനമൂലധന ഉടമകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരി കമ്പോളം ലക്ഷ്യമാക്കി നീങ്ങി. മറ്റൊന്നുംകൂടി സംഭവിച്ചു. നിക്ഷേപവും ഉൽപ്പാദനവും ഉയർത്താൻ സെൻട്രൽ ബാങ്കുകൾ വായ്പകൾ ഉദാരമാക്കി. പലിശനിരക്ക് അക്ഷരാർഥത്തിൽ പൂജ്യത്തിലേക്കു താഴ്ത്തി. പക്ഷേ, ജനങ്ങളുടെ വാങ്ങൽ കഴിവിലുണ്ടായ തകർച്ച, നിക്ഷേപകരെ നിക്ഷേപത്തിൽനിന്ന്‌ പിൻവലിച്ചു. പിന്നെ ലോകം കണ്ടത് ഇന്ത്യ  ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിക്കമ്പോളങ്ങളിലേക്ക് ധനമൂലധനത്തിന്റെ കുത്തൊഴുക്കായിരുന്നു. ഓഹരിവിലകൾ ഉയരുന്നതിനും ധനികരുടെ പോക്കറ്റുകൾ വീർക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ഒപ്പം നടന്നിട്ട് മഴവന്നപ്പോൾ കുടയും കൊണ്ടോടിയ "മിത്ര' ത്തെപ്പോലെയാണ്‌ ധനമൂലധനമെന്ന്‌ ഇന്ത്യക്ക്‌ തിരിച്ചറിയാൻ അധികം താമസമുണ്ടായില്ല. അമേരിക്ക അതിരൂക്ഷമായ വിലക്കയറ്റമാണ്‌ നേരിടുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു മാർഗം പണപ്പെരുപ്പം കുറയ്ക്കുകയാണ്. അതിന് ബാങ്ക്‌ വായ്പകളുടെ തോത് കുറയ്ക്കണം. സമീപകാലത്ത് അമേരിക്ക പലിശനിരക്ക് നല്ല തോതിൽ ഉയർത്തി. 2018 മുതൽ രണ്ടു കൊല്ലം പൂജ്യം നിരക്കായിരുന്നു. 2022 മാർച്ചിൽ കാൽ ശതമാനമാക്കി. മേയിൽ അരശതമാനമാക്കി. ജൂൺ 14ന് മുക്കാൽ ശതമാനമാക്കി ഉയർത്തി. ഇക്കൊല്ലം മൂന്നേമുക്കാൽ മുതൽ നാലു ശതമാനംവരെ ഉയരാമെന്ന്‌ നിക്ഷേപകർ കണക്കുകൂട്ടുന്നു. പലിശനിരക്കിലെ വർധന നിക്ഷേപകർക്ക് ആകർഷകമായി. ഓഹരി നിക്ഷേപങ്ങൾ പിൻവലിച്ച്, സ്വന്തം രാജ്യത്തെ ധനസ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് ആകർഷമായി. ഇന്ത്യൻ ഓഹരി കമ്പോളത്തിൽനിന്ന് കോടിക്കണക്കിനു ഡോളർ തിരിച്ചൊഴുകി. ഇക്കൊല്ലം 2.13 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഡോളറാക്കി തിരിച്ചെടുത്തു.


 

ജൂണിൽമാത്രം 45841 കോടി രൂപയുടെ ഓഹരികൾ പിൻവലിക്കപ്പെട്ടു. രൂപയായല്ല പിൻവലിച്ചത് ഡോളറായാണ്. ഡോളർ നിക്ഷേപം വർധിച്ച അളവിൽ കടത്തിക്കൊണ്ടു പോകുമ്പോൾ ഡോളറിന്‌ ഡിമാൻഡ്‌ വളരുമല്ലോ. അപ്പോൾ മൂല്യം ഉയരും. 2021 ജൂലൈ എട്ടിന് ഒരു ഡോളർ കിട്ടാൻ 74.73രൂപ കൊടുത്താൽ മതിയായിരുന്നു. 2022 ജൂലൈ എട്ടിന് 79.22 രൂപ വേണമായിരുന്നു. അതായത്, ഡോളറിന്റെ വിനിമയമൂല്യം ഉയർന്ന്‌ രൂപയുടെ മൂല്യം ഇടിഞ്ഞു.

രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയെ പല രൂപത്തിൽ കുഴപ്പത്തിലാക്കുകയാണ്. ഡോളറിന്റെ മൂല്യം ഉയരുന്ന മുറയ്ക്ക് രൂപയുടെ മൂല്യം ഇടിയും. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 11.5 ശതമാനം അമേരിക്കയിൽ നിന്നാണ്. ഒരു ഡോളർ സാധനം ഇറക്കുമതി ചെയ്യുമ്പോൾ നേരത്തേ നൽകിയിരുന്നതിനേക്കാൾ കൂടിയ തുക കൊടുക്കേണ്ടിവരും. അതായത് ഇറക്കുമതി ചെലവ് ഏറും. അതിന്‌ രണ്ടു പ്രത്യാഘാതമുണ്ട്. ഒന്നാമതായി ഇറക്കുമതി വർധന രാജ്യത്തിന്റെ വ്യാപാരമിച്ചം കുറയ്ക്കും. രണ്ടാമതായി കൂടിയ വില നൽകിയുള്ള ഇറക്കുമതി രാജ്യത്ത് സാധന വിലക്കയറ്റമുണ്ടാക്കും. അതായത് സാധനങ്ങളുടെ ഇറക്കുമതിയോടൊപ്പം സാധന വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്നു. മറിച്ച് രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് ഉയർത്തും. കാരണം ഓരോ ഡോളർ ഉൽപ്പന്നം വാങ്ങുന്നതിന്‌ കൂടുതൽ രൂപ നൽകേണ്ടി വരും. രാജ്യത്തിന്റെ വ്യാപാരകമ്മി പെരുകുകയാണ് ഇതിന്റെ ഫലം.

വ്യാപാരകമ്മി (ട്രേഡ്‌ ഡെഫ്‌സിറ്റ്‌ ) മാത്രമല്ല പെരുകുക. അടവു ശിഷ്ടവും (ബാലൻസ്‌ ഓഫ്‌ പേമെന്റ്‌) പെരുകും. വ്യാപാരകമ്മിയിൽ അല്ലെങ്കിൽ മിച്ചത്തിൽ ഉൾപ്പെടുക കസ്റ്റംസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന അളവും വിലയുമാണ്. അതിനുപുറമെയുള്ള ഒട്ടേറെ ഇടപാടുകളുണ്ട്. വിദേശയാത്രകൾ, വിദേശ എംബസികളുടെ ചെലവുകൾ, ഇൻഷുറൻസ്, വിദേശ വായ്പകളുടെ പലിശയുടെ തിരിച്ചടവ്, വിദ്യാഭ്യാസ ചെലവ് അങ്ങനെ നിരവധിയായ തിരിച്ചടവും തിരിച്ചുവരവുമുണ്ട്‌. അവകൂടി ഉൾപ്പെടുന്നതാണ് അടവ്‌ ശിഷ്ടം അഥവാ ബാലൻസ് ഓഫ് പേമെന്റ്. രൂപയുടെ മൂല്യത്തകർച്ച രാജ്യത്തിന്റെ കട ബാധ്യത ഉയർത്തും. സർവോപരി ഇറക്കുമതി ചെയ്യുന്ന ക്രൂഡ്‌ ഓയിലിന്റെ വില വർധിപ്പിക്കും.

ഉയർന്ന വ്യാപാരകമ്മിയും അടവ്‌ ശിഷ്ടവും രാജ്യത്തെ വിദേശവിനിമയ ശേഖരം കുറയ്ക്കും. ഇതാകട്ടെ ഭാവി ഇറക്കുമതിയെ ബാധിക്കുകയും ചെയ്യും. അത്തരമൊരു ദുരിതസ്ഥിതിയാണ് ൧൯൯൧ലെ ഉദാരവൽക്കരണ നയത്തിലേക്ക് നയിച്ചതും ഐഎംഎഫിന്റെ കാൽച്ചുവട്ടിൽ ഇന്ത്യ പ്രണമിക്കാനിടയാക്കിയതും.  വിദേശ കറൻസികൾ, സ്വർണം, എസ്ഡിആർ , ഐഎംഎഫിലേക്കുള്ള ഇന്ത്യയുടെ വിഹിതം എന്നിവ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ വിദേശവിനിമയ ശേഖരം. ധനമൂലധനത്തിന്റെ തിരിച്ചുപോക്ക് ശക്തിയാർജിക്കുകയും വിദേശവിനിമയ ശേഖരം ശോഷിക്കുകയും ചെയ്യുമ്പോൾ സ്ഥിതിഗതികൾ ഗുരുതരമാകും.

രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ റിസർവ് ബാങ്കിന്റെ ഇടപെടൽ അനിവാര്യമാണ്. എന്നാലതു വേണ്ടയളവിൽ ഉണ്ടാകുന്നില്ല എന്ന വിമർശം  ശക്തമാണ്. വാസ്തവത്തിൽ ഇതൊരു വിഷമാവസ്ഥയാണ്. രൂപയുടെ മൂല്യത്തകർച്ച തടയണം. അതേസമയം, വിദേശ കറൻസി ശേഖരത്തിൽ കാര്യമായ കുറവുവരാനും പാടില്ല. കരുതൽ ശേഖരത്തിൽനിന്ന് ഡോളർ വിൽക്കുകയും പകരം രൂപ വാങ്ങുകയുമാണ് റിസർവ് ബാങ്ക് ചെയ്യുന്നത്. പക്ഷേ, അത്തരം ശ്രമങ്ങൾ രൂപയുടെ മൂല്യത്തകർച്ച തടയാൻ പേരിനു മാത്രമേ ഉപകരിച്ചിട്ടുള്ളൂ. കാരണം, ധനമൂലധനത്തിന്റെ തിരിച്ചൊഴുക്കും ഡോളറിനുള്ള ആവശ്യവും അത്രമേൽ ശക്തമാണ്; ആ പ്രവണത തുടരുകയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top