18 April Thursday

വലയ്ക്കുന്ന പണപ്പെരുപ്പം, 
ഭാരമായി പലിശ

ജോർജ്‌ ജോസഫ്‌Updated: Friday Sep 16, 2022

പണപ്പെരുപ്പനിരക്ക് വീണ്ടും ഏഴു ശതമാനമായി ഉയർന്നു. ജൂലൈയിൽ 6.7 ശതമാനം രേഖപ്പെടുത്തിയിരുന്ന ചില്ലറവിൽപ്പന വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം ആഗസ്‌തിൽ ഏഴു ശതമാനമായി. രണ്ടുമുതൽ ആറു ശതമാനമെന്ന റിസർവ് ബാങ്കിന്റെ ‘സഹനപരിധി' കടന്നുനിൽക്കുന്നതിനാൽ നടപ്പുസാമ്പത്തിക വർഷത്തിൽ വീണ്ടും പലിശനിരക്കുകൾ ഉയർത്താതെ മുന്നോട്ടുപോകുക അസാധ്യമാണ്. പലിശനിരക്ക് ഉയർത്തുന്നതിനെതിരെ ധന മന്ത്രി നിർമല സീതാരാമൻ കണ്ണുരുട്ടുന്നുണ്ടെങ്കിലും ഇന്ത്യയിലും ആഗോള സാമ്പത്തികരംഗത്തും ഉണ്ടായിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പത്തെ അവഗണിച്ചു മുന്നോട്ടുപോകാൻ കേന്ദ്രബാങ്കിന് കഴിയില്ല. തുടർച്ചയായ മൂന്നു തവണയിലായി  റിപ്പോ നിരക്ക് 5.4 ശതമാനത്തിലേക്ക് ഉയർത്തിയെങ്കിലും പണപ്പെരുപ്പത്തെ വരുതിയിൽ കൊണ്ടുവരാൻ റിസർവ് ബാങ്കിന് ഇനിയും സാധിച്ചിട്ടില്ല. അവശ്യസാധനങ്ങളുടെ അടക്കമുള്ള മേഖലകളിൽ വലിയതോതിലുള്ള വിലക്കയറ്റത്തിലേക്ക്  ഈ പ്രതിസന്ധി നയിക്കുമെന്നത് ഉറപ്പാണ്. ഇതിന്റെ തിക്തഫലങ്ങൾ സാധാരണക്കാരനെ അതിശക്തമായി വരിഞ്ഞുമുറുക്കുകയാണ്. 

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മാത്രം പണപ്പെരുപ്പം (വിലക്കയറ്റം) 6.75 ശതമാനത്തിൽനിന്ന് ആഗസ്‌തിൽ 7.62 ശതമാനമായാണ്  ഉയർന്നിരിക്കുന്നത്. 13.33 ശതമാനമാണ് പച്ചക്കറികളുടെ കാര്യത്തിൽ ആഗസ്‌തിലെ പണപ്പെരുപ്പം. ഖരീഫ് സീസണിൽ അരി, പയർ, പരിപ്പ് വർഗങ്ങളുടെ ഉൽപ്പാദനത്തിൽ മാന്ദ്യമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അവശ്യഭക്ഷ്യ സാധനങ്ങളുടെ കാര്യത്തിൽ ശക്തമായ വിലക്കയറ്റത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. വ്യവസായമേഖലയിൽ പ്രകടമാകുന്ന തളർച്ച കൂടുതൽ വ്യക്തമാക്കുന്ന കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റേതായി (എൻഎസ്ഒ) പുറത്തുവന്നിട്ടുണ്ട്. ജൂണിൽ 12. 5 ശതമാനമായിരുന്ന വ്യാവസായിക ഉൽപ്പാദനസൂചിക ജൂലൈയിൽ 2.4 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മൊത്തം വ്യാവസായിക ഉൽപ്പാദനത്തിൽ 77 ശതമാനം സംഭാവന നൽകുന്ന മാനുഫാക്ചറിങ് മേഖലയുടെ വളർച്ച ജൂലൈയിൽ 3.2 ശതമാനംമാത്രമാണ്. ജൂണിൽ ഇത് 16.4 ശതമാനമായിരുന്നു. ചെറുകിട,  ഇടത്തരം ഉൽപ്പാദനമേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയുടെ നേർചിത്രമാണ് എൻഎസ്ഒ പുറത്തുവിട്ടിരിക്കുന്ന ഈ കണക്കുകൾ. വ്യവസായമേഖലയെ ഗ്രസിച്ചിരിക്കുന്ന ഈ മാന്ദ്യം തൊഴിലില്ലായ്മയുടെ സ്ഥിതി രൂക്ഷമാക്കുമെന്ന കാര്യം അവിതർക്കിതമാണ്.

ഈമാസം 28 മുതൽ 30 വരെയാണ് പണനയ അവലോകനത്തിനായി ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുന്നത്. 35 മുതൽ 50 ബേസിസ് പോയിന്റ് വരെയോ, അതിൽ കൂടുതലായോ റിപ്പോ നിരക്ക് ഉയർത്തുന്നതിനുള്ള സാധ്യതകൾ ഏറെ ശക്തമാണ്. റിപ്പോ നിരക്ക് ആറു ശതമാനമെന്ന നിലയിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഈവർഷം അവസാനത്തോടെ ഈ നിലവാരത്തിലേക്ക് എത്തുമെന്നാണ് പൊതുവെ ബാങ്കിങ്,  സാമ്പത്തിക വിദഗ്ധർ കരുതിയിരുന്നതെങ്കിൽ പ്രതിസന്ധി തരണം ചെയ്യുക അത്ര എളുപ്പമല്ല എന്നതാണ് നിലവിലെ സ്ഥിതി. ഡോളറിനെതിരെ രൂപയുടെ ഏറ്റവും മോശമായ പ്രകടനവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോതിൽ തുടരുന്നതും പണ, ധന മാനേജ്‌മെന്റിനെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.  
പലിശനിരക്കിലെ വർധന ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ലെങ്കിലും ഇത് ഉളവാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങൾ രൂക്ഷമാണ്. ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെയും (എംഎസ്എംഇ) ചില്ലറ വ്യാപാരികളുടെയും ബാധ്യത ഇത് വല്ലാതെ ഉയർത്തിയിരിക്കുന്ന  സാഹചര്യമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നു തവണത്തെ നിരക്കുവർധനമൂലം ഈ മേഖലയിലെ സംരംഭങ്ങളുടെ പലിശയിനത്തിലുള്ള ബാധ്യതമാത്രം 42,000 കോടി രൂപ കണ്ട് വർധിച്ചിട്ടുണ്ട്.

ഇതിനിടയിൽ,  അമേരിക്കൻ സാമ്പത്തിക മേഖലയിൽനിന്നു വരുന്ന വാർത്തകൾ ശുഭസൂചകമല്ല. യുഎസ് ഫെഡറൽ റിസർവ്  ഈമാസംതന്നെ പലിശനിരക്ക് ഉയർത്തുമെന്നത് ഉറപ്പാണ്. 0.5 ശതമാനംമുതൽ 0.75 ശതമാനംവരെ ഉയർത്തുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. ആഗസ്‌തിൽ ചില്ലറവിൽപ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.3 ശതമാനമാണ്. ജൂലൈയിൽ 8.5 ശതമാനവും ജൂണിൽ 9.1 ശതമാനവുമായിരുന്നു. ആ കണക്കിൽ നിരക്ക് നേരിയതോതിൽ കുറഞ്ഞിരിക്കുന്നുവെന്ന് വിലയിരുത്താമെങ്കിലും രൂക്ഷമായ പണപ്പെരുപ്പമാണ് അമേരിക്കൻ സമ്പദ്ഘടന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 1981നു ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയാണ് ഇത് കാണിക്കുന്നത്. മാർച്ചിൽ പൂജ്യം ശതമാനമായിരുന്ന പലിശനിരക്ക് നിലവിൽ, 2.25ഉം -2.50ഉം ശതമാനമാണ്. ഇത്തരത്തിൽ പലിശനിരക്കിൽ കുത്തനെ വർധന വരുത്തിയിട്ടും പണപ്പെരുപ്പം മെരുങ്ങുന്നില്ല. സാമ്പത്തിക മാന്ദ്യമെന്നനിലയിലേക്ക് കാര്യങ്ങൾ മാറിയിട്ടില്ലെങ്കിലും സ്ഥിതിഗതി ആശങ്കാജനകമാണ്. സമാനമായ സാഹചര്യമാണ് ഇന്ത്യയിലുമുള്ളത്. റിസർവ് ബാങ്കിന്റെ നിരന്തരമായ ഇടപെടൽകൊണ്ട് പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും നിയന്ത്രിക്കാൻ കഴിയുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്  പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തലും കോർപറേറ്റ് താൽപ്പര്യങ്ങൾ നിയന്ത്രിക്കുന്നതടക്കമുള്ള ഇടപെടലിൽ ഇനിയും അമാന്തമുണ്ടാകുന്നത് ഇന്ത്യൻ സമ്പദ്ഘടനയെ നയിക്കുക വിനാശത്തിന്റെ പാതയിലേക്കായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top