25 April Thursday

നവലിബറൽ നയങ്ങളുടെ 4 പതിറ്റാണ്ട്‌

കെ ചന്ദ്രൻപിള്ളUpdated: Saturday Jan 28, 2023

പ്രശസ്ത പത്രപ്രവർത്തകനായ ജോർജ് മോൺബയോട്ട് രചിച്ച ‘Out of the Wreckage' ഗ്രന്ഥത്തിൽ മാർഗരറ്റ് താച്ചർ ബ്രിട്ടനിൽ നടപ്പാക്കിയ നവലിബറൽ നയങ്ങളുടെ തുടക്കത്തെക്കുറിച്ച്‌ പറയുന്നുണ്ട്. 1975ൽ യാഥാസ്ഥിതിക കക്ഷിയുടെ  യോഗം നടക്കുകയായിരുന്നു. താച്ചറായിരുന്നു അധ്യക്ഷയായിരുന്നത്. ഒരുനേതാവ്, തങ്ങളുടെ പാർടിയുടെ അടിസ്ഥാന വിശ്വാസങ്ങളെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. അപ്പോൾ താച്ചർ തന്റെ ബാഗ് തുറന്ന് ‘The Constitution of Liberty' എന്ന ഫ്രെഡറിക് ഹായെക്കിന്റെ പുസ്തകത്തിന്റെ പഴയ കോപ്പിയെടുത്ത് മേശപ്പുറത്തുവച്ചിട്ടു പറഞ്ഞു: ‘ഇതാണ് നമ്മൾ വിശ്വസിക്കുന്നത്‌’. ലോകത്ത് നവലിബറലിസത്തിന്റെ തേരോട്ടം അവിടെനിന്ന് തുടങ്ങുന്നു.

രാഷ്ട്രീയ സ്വാതന്ത്ര്യം, സാർവത്രികമായ മനുഷ്യാവകാശങ്ങൾ, സാമൂഹ്യസമത്വം, സാമൂഹ്യസുരക്ഷ, സമ്പത്തിന്റെ പുനർവിതരണം തുടങ്ങിയ എല്ലാ സങ്കൽപ്പങ്ങളെയും ഹായെക് നിഷേധിക്കുന്നു. അവയെല്ലാം സമ്പത്തിന്റെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നതും സമ്പത്ത് ഉൽപ്പാദിപ്പിക്കാനുള്ള ധനാഢ്യരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. ധനികരുടെ സ്വാതന്ത്ര്യം സമ്പൂർണമായിരിക്കണം. അതേസമയം, ജനാധിപത്യം എന്നത് ആത്യന്തികമോ സമ്പൂർണമോ ആയ ഒരു മൂല്യമല്ലെന്ന് ഹായെക് വാദിക്കുന്നു. ഈ തത്വശാസ്ത്രമാണ് താൻ നടപ്പാക്കുന്നത് എന്നാണ് താച്ചർ പറഞ്ഞത്. 1979ൽ അധികാരത്തിൽ വന്നപ്പോൾ ഹായെക്കിന്റെ സിദ്ധാന്തങ്ങൾ വളരെ കൃത്യമായി താച്ചർ നടപ്പാക്കി.  1980ൽ അമേരിക്കയിൽ റൊണാൾഡ് റെയ്ഗൻ അധികാരത്തിൽ വന്നപ്പോൾ ഇതേ നയങ്ങളാണ് നടപ്പാക്കിയത്. അതോടെ നവലിബറലിസം കൂടുതൽ ശക്തമായി. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയും സോഷ്യലിസത്തിനേറ്റ തിരിച്ചടിയുംകൂടിയായപ്പോൾ നവലിബറലിസത്തിന്റെ ആധിപത്യം പൂർണമായി. 

1991ലാണ് ഇന്ത്യയിൽ, നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ  നവലിബറൽ നയങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായത്തോടുകൂടി വളർന്നുവന്ന  ഇന്ത്യൻ ബൂർഷ്വാസിയും അവരുടെ മാധ്യമങ്ങളും ഈ നയങ്ങളെ സർവാത്മനാ സ്വാഗതം ചെയ്തു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നിബന്ധനകൾക്കു വഴങ്ങി വലിയ വായ്പ സ്വീകരിക്കുകയും മൂലധനശക്തികൾക്കുവേണ്ടി ഇന്ത്യൻ സമ്പദ്ഘടനയുടെ വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുകയും ചെയ്തു. 1991ൽ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച പരിഷ്കാരങ്ങൾ കൂടുതൽ തീവ്രമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുകൊണ്ടുപോകുകയാണ്. നവലിബറൽ നയങ്ങളുടെ ദുരന്തപൂർണമായ പ്രത്യാഘാതം ഏറ്റുവാങ്ങിയത് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. മൂലധനശക്തികളുടെ നിർദേശമനുസരിച്ച് ധനക്കമ്മി നികത്തുന്നതിനുള്ള സർക്കാരിന്റെ പ്രധാനപ്പെട്ട മാർഗം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലായിരുന്നു. പൊതുമേഖലാ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്ര സർക്കാർ 5,62,140 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന്റെ 72 ശതമാനം തുകയും 2014നു ശേഷമാണ് സമാഹരിച്ചത്.



 

ധനക്കമ്മി കുറയ്ക്കുന്നതിന് മോദി സർക്കാർ കണ്ടെത്തിയിട്ടുള്ള മാർഗമാണ് പൊതുസ്വത്തുക്കൾ വിറ്റ് പണം കണ്ടെത്തൽ. 2016ൽ ഡീമൊണെറ്റൈസേഷനാണ് നടപ്പാക്കിയതെങ്കിൽ 5 വർഷത്തിനു ശേഷം മോദി മൊണെറ്റൈസേഷനാണ് നടപ്പാക്കുന്നത്. ഈയിടെ വന്ന നോട്ട് നിരോധനം സംബന്ധിച്ച സുപ്രീംകോടതി വിധി, നോട്ട് നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളോ തൊഴിലുകളിലും സമ്പദ്‌ വ്യവസ്ഥയിലുമുണ്ടാക്കിയ തകർച്ചയോ പരിശോധിച്ചില്ല എന്നത് പ്രതിഷേധാർഹമാണ്. രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട, -ഇടത്തരം വ്യവസായങ്ങൾ അതിന്റെ ഫലമായി പൂട്ടിപ്പോയി. ലക്ഷക്കണക്കിന് തൊഴിലുകളും നഷ്ടമായി.

നവലിബറലിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കുക എന്നതാണ്. ട്രേഡ് യൂണിയനുകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന രീതിയിൽ, സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നരീതിയിൽ, മോദി സർക്കാർ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു.  പാർലമെന്റിൽ ഒരു ചർച്ചയുമില്ലാതെ, ട്രേഡ് യൂണിയനുകളെ വിശ്വാസത്തിലെടുക്കാതെ, അവരുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി സർക്കാർ കോഡുകൾ പാസാക്കുകയായിരുന്നു. ദശകങ്ങളായി നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ റദ്ദുചെയ്തുകളയുന്നുണ്ട് പുതിയ കോഡുകൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ മൂന്നാംലോക രാജ്യങ്ങളിൽനിന്നുള്ള തങ്ങളുടെ സമ്പത്ത് കൊള്ള തുടരുകയാണ് മുതലാളിത്ത സാമ്രാജ്യത്വശക്തികൾ.

അതിലൂടെ തങ്ങളുടെ രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കുകയാണ്. എന്നാൽ, മുതലാളിത്തത്തിൽ സഹജമായി അന്തർഭവിച്ചിട്ടുള്ള പ്രതിസന്ധികൾ അവരെ വിഷമവൃത്തത്തിലാക്കുന്നുണ്ട്. 2007–- - 08ലെ പ്രതിസന്ധിക്കുശേഷം വീണ്ടും മുതലാളിത്തം പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്. 1970കളിൽ ഉണ്ടായ പണപ്പെരുപ്പം അമേരിക്കയെയും യൂറോപ്പിനെയും വലയ്ക്കുകയാണ്. എന്നാൽ, ഇപ്പോഴുള്ള ആഗോള സാമ്പത്തികത്തകർച്ച എളുപ്പം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് വിദഗ്ധർ പറയുന്നുണ്ട്. 2008ലെ സാമ്പത്തികത്തകർച്ച പ്രവചിച്ച, ഡോ. ഡൂം എന്ന അപരനാമത്താൽ അറിയപ്പെടുന്ന പ്രശസ്ത ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. നൂറിയൽ റുബീനി എഴുതിയ Mega threats  പുസ്തകത്തിൽ 10 ഭീഷണിയെക്കുറിച്ച് പറയുന്നുണ്ട്. വായ്പാ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, കൃത്രിമബുദ്ധി (Al)മൂലം തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധി, ആഗോളവൽക്കരണത്തിന്റെ തകർച്ച, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പവും ഉൽപ്പാദനമുരടിപ്പും നാണയപ്രതിസന്ധി, അസമത്വം, വളരുന്ന പോപ്പുലിസം (നിയോ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ), മഹാമാരിയും കാലാവസ്ഥാ മാറ്റവും എന്നിവ മറികടന്നാൽ മാത്രമേ ലോകവും മാനവരാശിയും അതിജീവിക്കുകയുള്ളൂവെന്ന് റുബീനി പറയുന്നു. ഒന്നൊഴിയാതെ ഇവയെല്ലാം നവലിബറലിസത്തിന്റെ സംഭാവനയാണ്. സോഷ്യലിസം മാത്രമാണ് ബദൽ. ബദൽ നയങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top