29 March Friday

മാന്ദ്യം വിഴുങ്ങുമ്പോഴും വായ്പകളിടിയുന്നു - ടി നരേന്ദ്രൻ എഴുതുന്നു

ടി നരേന്ദ്രൻUpdated: Saturday Jul 24, 2021


നാലു പതിറ്റാണ്ടുമുമ്പ്‌ 1979–-80ൽ ഇന്ത്യയുടെ സാമ്പത്തികവളർച്ച നിരക്ക് നെഗറ്റീവ് 5.3 ശതമാനമായി ഇടിയുകയുണ്ടായി. തുടർന്ന്, ആ ദശകത്തിൽ രൂപംകൊണ്ട കടുത്ത സാമ്പത്തികപ്രതിസന്ധിക്കുള്ള പരിഹാരമെന്നോണമാണ് 1990-കളിൽ പുത്തൻ സാമ്പത്തികനയങ്ങൾ എന്ന പേരിൽ നവലിബറൽ സിദ്ധാന്തം പ്രാവർത്തികമായത്. സാമൂഹ്യ–--രാഷ്ട്രീയ ഉള്ളടക്കത്തിലെ നിർണായകമാറ്റങ്ങൾക്ക് ഈ പരിഷ്കരണങ്ങൾ കാരണമായി. 2020-–-21 സാമ്പത്തിക വർഷത്തിലാണ്‌ നെഗറ്റീവ് 7.3 ശതമാനം സാമ്പത്തികവളർച്ച സംഭവിച്ചിട്ടുള്ളത്. നവലിബറൽ നയങ്ങളുടെ പരാജയവും മഹാമാരിയും ചേർന്നപ്പോൾ സാമ്പത്തികസ്ഥിതി പരിതാപകരമായി. ജിഡിപിയിലും ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം കുത്തനെ ഉയരുകയും ആസ്തിയും വരുമാനവും കുതിക്കുകയും ചെയ്തു. രാജ്യത്തിന്റെ ജിഡിപി തുകയിൽനിന്ന്‌ ഈ വരുമാനവിഹിതം വേർതിരിച്ചു കണക്കാക്കുമ്പോഴാണ് നാട്ടിലെ സാധാരണക്കാരായ നിർധന ജനവിഭാഗങ്ങൾക്കുണ്ടായിട്ടുള്ള വരുമാനശോഷണത്തിന്റെ ആഘാതതീവ്രത ബോധ്യമാകുന്നത്‌. തൊഴിൽ ഇല്ലാതായപ്പോൾ, കൂലി വെട്ടിക്കുറച്ചപ്പോൾ, കാർഷികോൽപ്പന്നങ്ങളുടെ വില ഇടിഞ്ഞപ്പോൾ വാങ്ങൽശേഷി ഇല്ലാതാകുകയും കമ്പോള ഡിമാൻഡ്‌ ഗണ്യമായി ചുരുങ്ങുകയും ചെയ്തു.

തകർന്നുകിടക്കുന്ന സമ്പദ്‌‌വ്യവസ്ഥയെ നിവർത്തിവയ്ക്കാൻ ജനങ്ങളെയാകെ കോവിഡിൽനിന്ന്‌ മുക്തരാക്കേണ്ടതുണ്ട്. ലോക്ഡൗൺ താൽക്കാലികമാണ്; സമ്പൂർണ വാക്സിനേഷൻ മാത്രമാണ് സാധ്യമായ യഥാർഥ പ്രതിരോധം. ലോക രാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം മുൻകൂട്ടിത്തന്നെ വാക്സിൻ അന്വേഷണ-ഗവേഷണങ്ങളും ബുക്കിങ്ങുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കുകയുണ്ടായി. എന്നാൽ, കേന്ദ്രം സ്വന്തമായി വികസിപ്പിച്ചെടുത്ത കോവാക്സിന്റെ ഉൽപ്പാദനവും വിതരണവുംപോലും ഭാരത് ബയോടെക് എന്ന പ്രൈവറ്റ് കമ്പനിക്ക് വിട്ടുകൊടുത്ത് സ്വകാര്യവൽക്കരണ പ്രീണനം ഇക്കാര്യത്തിലും തീവ്രമാക്കുകയാണുണ്ടായത്.

ബാങ്ക് വായ്പയുടെ വർധിത പ്രസക്തി
ബാങ്കു വായ്പകളിലൂടെ ജനങ്ങളിലേക്ക് പണം എത്തിക്കുക എന്നതാണ് സാമ്പത്തിക ഉണർവിനുള്ള മറ്റൊരു സുപ്രധാന ഉപാധി. ജനങ്ങൾക്ക് വായ്പയായി പണം ലഭ്യമാകുമ്പോൾ ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാൻഡ് വർധിക്കും. നിശ്ചേതനാവസ്ഥയിൽ കഴിയുന്ന സമ്പദ്‌വ്യവസ്ഥയിൽ വായ്പാചോദനം വർധിപ്പിക്കാനുള്ള ചികിത്സാവിധികളൊന്നും ഏശുന്നില്ലെന്നാണ് റിസർവ് ബാങ്കിന്റെ ഏറ്റുപറച്ചിൽ? തൽഫലമായിട്ടാണ് 2020--21 സാമ്പത്തിക വർഷത്തിലെ പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളർച്ച കേവലം 5.3 ശതമാനമായും തൊട്ടു മുമ്പിലത്തെ വർഷത്തിൽ 5.45 ശതമാനവുമായി ഇടിഞ്ഞത്. 2020-–-21 ലെ നിക്ഷേപവളർച്ച പൊതുമേഖലയിൽ 10.25 ശതമാനവും സ്വകാര്യ ബാങ്കുകളുടേത് 15.52 ശതമാനവുമാണ്. ബാങ്കുകൾ നല്ല തോതിൽ സമാഹരിച്ചെടുത്ത ജനങ്ങളുടെ നിക്ഷേപം വായ്പയായി നൽകാൻ കഴിയാത്തതിനാൽ സമ്പദ്‌വ്യവസ്ഥ ഉത്തേജനമില്ലാതെ വരണ്ടുകിടക്കുന്നു. ഇന്ത്യയിലെ ബാങ്കുകളിൽ ഈ വിധം എട്ട്‌ ലക്ഷം കോടി കെട്ടിക്കിടക്കുന്നു.

ബാങ്കുകൾ ശേഖരിച്ചിട്ടുള്ള അധിക സമ്പാദ്യം ബോണ്ടുകളിൽ നിക്ഷേപിച്ച് ട്രഷറി വരുമാനത്തിലൂടെ ലാഭമുണ്ടാക്കുന്ന പ്രക്രിയയാണ് അവലംബിച്ചു വരുന്നത്. പൊതുമേഖലാ ബാങ്കുകൾ കൈവരിച്ച ലാഭത്തിലെ 60 ശതമാനവും മുൻ പ്രതിപാദിച്ച ബോണ്ടുവിൽപ്പനയിലൂടെ സമാഹരിക്കപ്പെട്ടതാണ്. ജനങ്ങളുടെ നിക്ഷേപ സ്രോതസ്സ് ഉപയോഗിച്ച് കൃഷിയും വ്യവസായവും വാണിജ്യവും തൊഴിലും രാജ്യാഭിവൃദ്ധിയും കൈവരിക്കുക എന്ന അടിസ്ഥാന ബാങ്ക് പ്രമാണത്തിൽനിന്നുള്ള ഈ വ്യതിയാനം നാടിന്റെ അഭിവൃദ്ധിക്ക് ഒട്ടുംതന്നെ ആശാസ്യമല്ല. ബാങ്കുകൾ നൽകിയ ആകെ വായ്പ 100 ലക്ഷം കോടി രൂപ കവിഞ്ഞു. ഒരു ശതമാനം ബാങ്ക് വായ്പ വർധിച്ചാൽ ഒരു ലക്ഷം കോടി രൂപ കമ്പോളത്തിൽ എത്തുമെന്നതാണ് വസ്തുത. 2008ലെ പ്രതിസന്ധിക്കു മുമ്പുള്ള 10 വർഷത്തെ ശരാശരി വായ്പ വർധന 19 ശതമാനമായിരുന്നെങ്കിൽ, അതിനുശേഷമുള്ള 10 വർഷത്തെ വർധന 14 ശതമാനമായി കുറയുകയാണുണ്ടായത്. സാമ്പത്തികനയങ്ങളുടെ തികഞ്ഞ പരാജയമാണ് ഈ വായ്പാ ഇടിവ് നിരക്ക് സാക്ഷ്യപ്പെടുത്തുന്നത്. പ്രതിസന്ധി അതിരൂക്ഷമാകുന്നു എന്നതിന്റെ തെളിവായിട്ടാണ് രണ്ടു വർഷമായി ബാങ്ക് വായ്പ വർധന ആറ്‌ ശതമാനത്തിൽ താഴെ എത്തിനിൽക്കുന്നത്. മൊത്തം ഡിമാൻഡ്‌ വർധിപ്പിക്കുകയും സംരംഭങ്ങളുടെ വിജയം ഉറപ്പാക്കുന്ന അന്തരീക്ഷമുണ്ടാക്കലും അതനുസരിച്ച് ബാങ്കുകൾക്ക് വായ്പ നൽകുന്നതിനുള്ള സാഹചര്യം അനുകൂലമാക്കുക എന്നതുമാണ് റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരും നിർവഹിക്കേണ്ടത്. ചില പ്രഖ്യാപനങ്ങൾ നടത്തി സായൂജ്യമടയാനാണ് അധികാരികൾ ശ്രമിക്കുന്നത്. സാധാരണക്കാരുടെ കൈവശം രൊക്കം പണം നൽകി അവരിൽ ആത്മവിശ്വാസം ഉണർത്തുന്നതാണ് അടിയന്തര കടമ. അങ്ങനെ ഡിമാൻഡ്‌ വർധിപ്പിച്ചാൽ മാത്രമേ പടിപടിയായി വ്യാപാര വാണിജ്യമേഖലകളിൽ ഉണർവും സമ്പദ്‌വ്യവസ്ഥയുടെ ചലനവും സാധ്യമാകൂ. എന്നാൽ, ഇത്തരം അടിസ്ഥാന കാര്യങ്ങളിൽനിന്നെല്ലാം മുഖം തിരിഞ്ഞുനിന്ന് ബാങ്ക് വായ്പയും വായ്പാ ഈടുമൊക്കെ പാക്കേജായി പ്രഖ്യാപിക്കുന്നത് യഥാർഥ പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top