18 April Thursday

അയോഗ്യമാക്കപ്പെടുന്ന ജനാധിപത്യം

വി ബി പരമേശ്വരൻUpdated: Saturday Mar 25, 2023

‘പ്രതിപക്ഷ മുക്തഭാരതം’ എന്നത്‌ മോദി സർക്കാരിന്റെയും ആർഎസ്‌എസിന്റെയും പ്രഖ്യാപിത നയമാണ്‌. കേന്ദ്ര സർക്കാരിന്റെയും അവരെ നാഗ്‌പുരിൽനിന്ന്‌ നിയന്ത്രിക്കുന്ന ആർഎസ്‌എസിന്റെയും ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഈ ആശയം. ഫാസിസ്റ്റ്‌ സ്വഭാവമുള്ള എല്ലാ ജനപ്രിയ (പോപ്പുലിസ്റ്റ്‌) ഭരണാധികാരികളുടെയും മുദ്രാവാക്യങ്ങളിലൊന്നാണിത്‌. ഇത്തരം ഭരണാധികാരികൾ ബഹുസ്വരതയ്‌ക്ക്‌, വൈവിധ്യങ്ങൾക്ക്‌ എതിരാണ്‌. ജനങ്ങളുടെ യഥാർഥ പ്രതിനിധികൾ തങ്ങളാണെന്നും അതിനാൽ രാഷ്ട്രീയ പ്രതിപക്ഷം അപ്രസക്തമാണെന്നുമാത്രമല്ല, അവർ ദേശവിരുദ്ധരുമാണെന്നാണ്‌ പോപ്പുലിസ്റ്റുകൾ പൊതുവെ കരുതുന്നത്‌. (what is populism by jan–- werner muller) ‘ഞാനാണ്‌ രാഷ്ട്രം’ എന്ന്‌ പറഞ്ഞ ലൂയി പതിനാലാമനെയാണ്‌ മോദിയും അനുകരിക്കാൻ മൽസരിക്കുന്നത്‌. അതിനാൽ എല്ലാ ഭരണഘടനാസ്ഥാപനങ്ങൾക്കും മുകളിലാണ്‌ തങ്ങളുടെ സ്ഥാനം എന്നവർ കരുതുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഒന്നുംതന്നെ ഇത്തരം ഭരണാധികാരികൾക്ക്‌ ബാധകമായിരിക്കില്ല. മോദി സർക്കാരും ഇതേ പാതയിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്ന്‌ ഓരോ ദിവസം കഴിയുന്തോറും തെളിയുകയാണ്‌. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയാണ്‌ അതിനുള്ള അവസാനത്തെ ഉദാഹരണം.

ഈ നടപടിക്ക്‌ കാരണമായ ന്യായാന്യായങ്ങളൊന്നും ബിജെപിയെ സംബന്ധിച്ച്‌ പ്രസക്തമല്ല. എങ്ങനെയും പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്‌ അവരുടെ അജൻഡ. അതിനുവേണ്ടി ഏതു മാർഗവും അവർ ഉപയോഗിക്കും. നിയമപരമായ വഴി, നടപടിക്രമങ്ങളിലെ സുതാര്യത, മാനുഷിക മൂല്യങ്ങൾ എന്നതൊന്നും ഫാസിസത്തിലേക്ക്‌ അതിവേഗം നീങ്ങുന്ന ഇന്ത്യൻ ഭരണാധികാരികൾക്ക്‌ ബാധകമല്ല. അതിനാലാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികളെ നഗ്‌നമായി രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നത്‌. രാഷ്ട്രീയനിറം നോക്കാതെ പ്രതിപക്ഷ നേതാക്കളെ തേടി സിബിഐയും ഇഡിയും ഇൻകം ടാക്സ്‌ വിഭാഗവും എത്തുകയാണ്‌. ഇപ്പോൾ അപകീർത്തിക്കേസും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള പുതിയ മാർഗമായി ബിജെപി സ്വീകരിക്കുകയാണ്‌. പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും അവരുടെ കക്ഷിനേതാക്കളെയും അന്വേഷണ ഏജൻസികൾ നിരന്തരം വേട്ടയാടുകയാണ്‌. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അടക്കം ചോദ്യംചെയ്യലിന്‌ വിധേയമാക്കി. ഡൽഹിയിൽ ആംആദ്‌മി പാർടിയുടെ രണ്ട്‌ മുൻ മന്ത്രിമാർ ജയിലിലാണ്‌. തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഇഡി ചോദ്യം ചെയ്‌തുവരുന്നു. ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഷിബു സോറനും അന്വേഷണ ഏജൻസികളുടെ വലയത്തിലാണ്‌. കാലിത്തീറ്റ കുംഭകോണ കേസിൽ വർഷങ്ങളോളം ജയിലിൽ കിടന്ന ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനെ അടുത്തിടെ ചോദ്യംചെയ്‌ത രീതി വലിയ വിവാദമായി. അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയമായി വിശ്രമിക്കുന്ന ലാലുവിനെ ധൃതിപിടിച്ച്‌ ചോദ്യംചെയ്‌തതിലെ മനുഷ്യത്വമില്ലായ്‌മയാണ്‌ ചർച്ചയായത്‌. 

എന്നാൽ, ബിജെപി നേതാക്കൾ എന്ത്‌ കുറ്റകൃത്യങ്ങൾ ചെയ്‌താലും ഈ അന്വേഷണ ഏജൻസികൾ അവരെ തേടി ചെല്ലാറില്ല. കർണാടകത്തിൽ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന്‌ എട്ട്‌ കോടിയിലധികം കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ പിടിച്ചെടുത്തിട്ടും ഈ അന്വേഷണ ഏജൻസികൾ അവരെ തേടിയെത്തിയില്ല. അഴിമതിക്കേസിൽപ്പെട്ട പ്രതിപക്ഷ നേതാക്കൾക്ക്‌ രക്ഷപ്പെടാൻ ഒരു മാർഗം മാത്രമാണുള്ളത്‌. ഉടൻ ബിജെപിയിൽ ചേരുക. എല്ലാ അഴിമതിയും കഴുകിക്കളയുന്ന ‘വാഷിങ് മെഷീനാ’ണിന്ന്‌ ബിജെപി. അസമിലെ ഹിമന്ത ബിശ്വ സർമയും പശ്‌ചിമബംഗാളിലെ സുവേന്ദു അധികാരിയും മറ്റും ബിജെപിയിൽ ചേർന്നതോടെ സ്വിച്ചിട്ട പോലെയാണ്‌ അവർക്കെതിരെയുള്ള അന്വേഷണത്തിന്‌ തിരശ്ശീല വീണത്‌.


 

എന്നാൽ, വ്യവസായി ഗൗതം അദാനി ഓഹരിത്തട്ടിപ്പ്‌ നടത്തിയെന്ന ആരോപണം ഉയർന്നിട്ടും ഒരു അന്വേഷണ ഏജൻസിയും അദാനിയുടെ വീട്ടിലോ ഓഫീസിലോ എത്തിയില്ല. പാർലമെന്റിൽ ബഹളം ഉയർന്നതോടെയാണ്‌ സെബി അന്വേഷണം നടത്തുന്നതായി വെളിപ്പെടുത്തിയത്‌. സുപ്രീംകോടതിയും ഈ വിഷയത്തിൽ ഇടപെട്ടു. ബൊഫോഴ്‌സ്‌, ഹർഷദ്‌ മേത്തയുടെ ഓഹരി കുംഭകോണം, കൽക്കരി കുംഭകോണം, 2ജി സ്‌പെക്ട്രം എന്നീ അഴിമതിക്കേസുകളേക്കാൾ വ്യാപ്‌തിയുള്ളതാണ്‌ അദാനി നടത്തിയ തട്ടിപ്പ്‌. അദാനി ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായി വളർന്നത്‌ പ്രധാനമന്ത്രി മോദിയുമായുള്ള അടുത്ത സൗഹൃദത്തിന്റെ ബലത്തിലാണ്‌. ഈ അഴിമതിയെക്കുറിച്ച്‌ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. ഇതിനാലാണ്‌ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ ഭരണപക്ഷംതന്നെ പാർലമെന്റിന്റെ ഇരുസഭയും സ്‌തംഭിപ്പിക്കുന്നത്‌.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയവും മറ്റൊന്നല്ല. അദാനി വിഷയം പൊതുസമൂഹം ചർച്ച ചെയ്യരുത്‌. അതിനായാണ്‌ രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച്‌ അയോഗ്യനാക്കിയത്‌. അതോടൊപ്പം അടുത്ത പൊതു തെരഞ്ഞെടുപ്പ്‌ പ്രചാരണവും ഒരു പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക്‌ കൊണ്ടുപോകാനുള്ള ബിജെപിയുടെ ശ്രമവും ഇതിനു പിന്നിലുണ്ട്‌. മോഡി– -രാഹുൽ പോരാട്ടമായി പൊതുതെരഞ്ഞെടുപ്പിനെ മാറ്റിയാൽ സംസ്ഥാനാടിസ്ഥാനത്തിൽ ബിജെപിക്കതിരെ ശക്തിപ്പെട്ടുവരുന്ന പ്രാദേശിക കക്ഷികളുടെ കൂട്ടായ്‌മയെ എളുപ്പം മറികടക്കാമെന്ന കണക്കുകൂട്ടലും ബിജെപിക്കുണ്ട്‌.  ഒബിസി സമുദായമായ മോദിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന രാഷ്ട്രീയ ആഖ്യാനം സൃഷ്ടിച്ച്‌ ആ വിഭാഗം ജനങ്ങളെ പ്രതിപക്ഷത്തിന്‌ എതിരാക്കാൻ കഴിയുമോയെന്ന തന്ത്രവും ബിജെപിക്കുണ്ടെന്ന്‌ അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.

പാർലമെന്റ്‌ മന്ദിരത്തെ തൊട്ടുവണങ്ങി സഭയിൽ പ്രവേശിച്ച മോദി കഴിഞ്ഞ എട്ട്‌ വർഷവും പരിശ്രമിച്ചത്‌ പാർലമെന്ററി ജനാധിപത്യത്തെ കഴുത്തു ഞെരിച്ച്‌ കൊല്ലാനായിരുന്നു. പാർലമെന്റ്‌ സമ്മേളനം വെട്ടിക്കുറച്ചും ബില്ലുകൾ ഗില്ലറ്റിൻ ചെയ്‌തും പാർലമെന്ററി സമിതിയെ അവഗണിച്ചും പാർലമെന്റ്‌ റിപ്പോർട്ടിങ്ങിന്‌ മാധ്യമങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയും പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന മോദി ജുഡീഷ്യറിയെ ചൊൽപ്പടിക്ക്‌ നിർത്താനും ശ്രമിക്കുകയാണിപ്പോൾ. കൊളീജിയം ശുപാർശകൾ അവഗണിക്കുന്ന രീതിയും മറ്റും അതാണ്‌ കാണിക്കുന്നത്‌. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ വെളിച്ചം അതിവേഗം മങ്ങുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top