25 April Thursday

കറൻസിയുടെ ക്രയവിക്രയങ്ങൾ

അഡ്വ. ടി കെ തങ്കച്ചൻUpdated: Monday Aug 31, 2020


റിസർവ് ബാങ്ക് ആഗസ്ത്‌ 25ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് പ്രകാരം 2020 മാർച്ച് 31ന് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യം 24.21 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തേതിനേക്കാൾ 14.7ശതമാനം വർധന. ബാങ്ക് നോട്ടുകളുടെ എണ്ണം 10876 കോടിയിൽനിന്ന്‌ 11598 കോടിയായും വർധിച്ചു. 722 കോടിയുടെ വർധന. 2020 മാർച്ച് 31ന് പ്രചാരത്തിലുള്ള നാണയങ്ങളുടെ മൂല്യം 21305 കോടി രൂപയാണ്‌. മാർച്ച് 31ന് കറൻസി ഇൻ സർക്കുലേഷൻ 24.47 ലക്ഷം കോടി രൂപ.
നോട്ടുനിരോധന ദിവസം പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 9027 കോടി ആയിരുന്നു. 2016 നവംബർ 8ന് ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും 2402 കോടി നോട്ട്‌ നിരോധിച്ചു.

റിസർവ് ബാങ്ക് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള കണക്കുകളാണ്. കോവിഡ്–-19 മഹാമാരിയുടെ കെടുതികൾ 2020 മാർച്ച് 31ന് നമ്മുടെ സമ്പദ്ഘടനയെ ഗണ്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് കറൻസിയുടെ വർധിത ആവശ്യം നേരിടുന്നതിന് വിവിധ നടപടികൾ സ്വീകരിച്ചത് കൂടാതെ ഏത് അനിശ്ചിതസാഹചര്യവും നേരിടുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു എന്നാണ്.

1970ൽ 250 കോടി ആയിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണം 1988ൽ 1600 കോടിയായി ഉയർന്നപ്പോൾ കറൻസി മാനേജ്മെന്റിന് നിലവിൽ ഉണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും സാങ്കേതികവിദ്യയും പരിഷ്കരിക്കുന്നതിന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ പി ആർ നായിക് അധ്യക്ഷനായ കമ്മിറ്റിയെ നിയമിച്ചു. നായിക് കമ്മിറ്റി ബാങ്ക് നോട്ടുകളുടെ എണ്ണം ഉയരാതെ നിയന്ത്രിക്കണമെന്ന് നിർദേശിച്ചു. ശുപാർശ സ്വീകരിച്ച്, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ എണ്ണത്തിന്റെ 57ശതമാനം ആയിരുന്ന ഒരു രൂപ, രണ്ടു രൂപ, അഞ്ച് രൂപ നോട്ടുകളുടെ അച്ചടി നിർത്തലാക്കി പകരം നാണയങ്ങൾ പുറത്തിറക്കി. 1987ൽ അഞ്ഞൂറ് രൂപ നോട്ടുകളും 2000ത്തിൽ ആയിരം രൂപ നോട്ടുകളും പുറത്തിറക്കി വർധന നിയന്ത്രിച്ചു.

വാങ്ങൽശേഷിയിലെ ഇടിവ്, പണപ്പെരുപ്പം, പ്രചാരയോഗ്യമല്ലാതായി നശിപ്പിക്കുന്ന നോട്ടുകളുടെ എണ്ണം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് വാർഷിക ഇൻഡന്റ് ബാങ്ക് നോട്ട് അച്ചടിശാലകൾക്ക് നൽകുന്നത്. ഈ വർഷത്തേക്ക് മുൻകൂട്ടി തയ്യാറാക്കിയ കരുതൽ ശേഖരം കോവിഡ്–-19 തകിടം മറിച്ചു.

2,96,695 കള്ളനോട്ടാണ് 2019–-20 ൽ കണ്ടുപിടിക്കപ്പെട്ടത്. ഇവയൊക്കെ നോട്ട് നിരോധനത്തിനുശേഷം പുറത്തിറക്കിയിട്ടുള്ള ബാങ്ക് നോട്ടുകളാണ്. നോട്ടുനിരോധനം കറൻസി സംവിധാനത്തിലെ കള്ളനോട്ടുകൾ നിർമാർജനം ചെയ്ത പരിപാടിയായിരുന്നില്ല എന്ന് ഇപ്പോൾ നിസംശയം പറയാം.

ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ നിലനിൽക്കുമ്പോഴാണ് കറൻസി ഇൻ സർക്കുലേഷനിൽ രേഖപ്പെടുത്തുന്ന അഭൂതപൂർവമായ വർധന. ആഗസ്ത്‌ 21ന്‌ കറൻസി ഇൻ സർക്കുലേഷൻ 26.92 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാർഷിക റിപ്പോർട്ടിൽ കാണുന്ന കറൻസി മാനേജ്മെന്റ് അജൻഡ എല്ലാ വിഭാഗം ജീവനക്കാരുടെയും തൊഴിൽ സുരക്ഷിതത്വത്തെയും സ്ഥാപനത്തിന്റെ നിലനിൽപ്പിനെയും സാരമായി ബാധിക്കുന്നവയാണ്.

(ഓൾ ഇന്ത്യാ റിസർവ്‌ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഡ്വൈസറാണ്‌  ‌ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top