29 March Friday

ഭരണഘടനയും വേട്ടയാടപ്പെടുമ്പോൾ - ഡോ. ഷിജൂഖാൻ എഴുതുന്നു

ഡോ. ഷിജൂഖാൻUpdated: Wednesday Sep 8, 2021

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് മോദി സർക്കാർ. ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യമാണ് ഇന്ത്യയിലെന്ന് സൂചിപ്പിക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ റിപ്പോർട്ട് പൂഴ്‌ത്താനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുമ്പോഴും ജീവിത യാഥാർഥ്യവുമായി ബന്ധമില്ലാത്ത ജിഡിപി കണക്കുകൾ ഉദ്ധരിച്ച് സാമ്പത്തിക വളർച്ചയുണ്ടെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്‌ കേന്ദ്രസർക്കാർ.

സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കർഷകനെ അടിച്ചുവീഴ്‌ത്തി കൊലപ്പെടുത്തുന്നതാണ് ജയ് കിസാൻ മുദ്രാവാക്യത്തിന്റെ പരിണാമം. കർഷകലക്ഷങ്ങൾ അണിനിരന്ന മുസഫർനഗറിലെ പ്രക്ഷോഭങ്ങൾ വരാനിരിക്കുന്ന പ്രക്ഷുബ്‌ധസമരത്തിന്റെ കാഹളമാണ്. രാജ്യത്തിന്റെ സമ്പത്തും സംസ്കാരവും മാത്രമല്ല, ചരിത്രവും വലിയ വെല്ലുവിളി നേരിടുന്നു.

ധീര രക്തസാക്ഷികളുടെ സ്മരണയിരമ്പുന്ന ജാലിയൻവാലാബാഗ് പുനർനിർമാണത്തിനെന്ന പേരിൽ ചരിത്രശേഷിപ്പുകൾ തകർത്തിരിക്കുന്നു. ചരിത്ര ഗവേഷണ കൗൺസിൽ വെബ്‌സൈറ്റ്‌ പോരാളികളുടെ ചിത്രത്തിൽനിന്ന് നെഹ്റുവിനെ ഒഴിവാക്കിയതും മലബാർകലാപത്തിലെ രക്തസാക്ഷികളെ നീക്കം ചെയ്യുന്നതും പൂർവനിശ്ചിതമായ ആർഎസ്എസ് അജൻഡയാണ്. ഭരണകൂടത്തിനും മുകളിൽ തലയെടുപ്പോടെ നിൽക്കേണ്ട ഭരണഘടനയും വേട്ടയാടപ്പെടുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിൽ അമിതാധികാരപ്രയോഗമാണ്‌ നടക്കുന്നത്‌. അതിന്റെ ഉദാഹരണമാണ്‌ ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം.

ഭരണഘടന അനുച്ഛേദം 239 എ എ പ്രകാരമാണ് ഡൽഹിയുടെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. 69–-ാം ഭരണഘടനാ ഭേദഗതി പ്രകാരം ‘ദേശീയ തലസ്ഥാന പ്രദേശം’ എന്നാണ് ഡൽഹി അറിയപ്പെടുക. ഇതനുസരിച്ച് ‘അഡ്മിനിസ്ട്രേറ്റർ’ പദവിയുടെ സ്ഥാനത്ത് ‘ലഫ്റ്റനന്റ് ഗവർണർ’ പദവി സൃഷ്ടിച്ചു. ഡൽഹിക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയുമുണ്ട്. അംഗങ്ങൾക്ക് മറ്റ് നിയമസഭയിലേതുപോലെ അവകാശങ്ങളുമുണ്ട്. ഏതെങ്കിലും വിഷയത്തിൽ മന്ത്രിസഭയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ വിഷയം രാഷ്ട്രപതിക്ക്‌ അയച്ച് തീരുമാനം കൈക്കൊള്ളണം. എന്നാൽ, ഡൽഹി സർക്കാരിനെ ദുർബലപ്പെടുത്താൻ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതിനുശേഷം ലഫ്റ്റനന്റ് ഗവർണർക്ക് അമിതാധികാരം നൽകി. പല വിഷയത്തിലും മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി. 2018 ജൂലൈ നാലിന്‌ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി വന്നു. ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രതീരുമാനം എടുക്കാൻ അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് വിധേയമായോ രാഷ്ട്രപതിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയോ മാത്രമേ പ്രവർത്തിക്കാവൂ എന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ, മോദി സർക്കാർ ഈ വിധിയെ മാനിക്കാതെ നിയമഭേദഗതി കൊണ്ടുവന്ന് ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ആക്ടിനെ വികൃതമാക്കുകയും ചെയ്തു. ഇതിലൂടെ ജനാധിപത്യക്കശാപ്പാണ് നടപ്പായത്. ഡൽഹി നിയമസഭയെ അപ്രസക്തമാക്കുന്ന നീക്കമാണ്‌ ഇത്.

ഭരണഘടനയെന്ന മഹത്തായ നിയമസംഹിതയുടെ ശക്തിയിലാണ് ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നത്. ജനപ്രാതിനിധ്യ സഭകളും സൈനികശക്തിയും ഉദ്യോഗസ്ഥവൃന്ദവും കോടതികളും രാഷ്ട്രത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. എന്നാൽ, അവയെ ചേരേണ്ടിടത്ത് ചേർക്കുന്നതും കർത്തവ്യനിരതമാക്കുന്നതും ഭരണഘടനയാണ്. രാഷ്ട്രവ്യവഹാരത്തിന്റെ ആദർശവും സൗന്ദര്യവുമാണത്. പൂർണപദവിയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നമുക്കുണ്ട്. സംസ്ഥാനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയുമുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. രാഷ്ട്രപതിക്കുവേണ്ടി അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ചുമതല നിർവഹിക്കുന്നു. ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ –-നിക്കോബാർ ദ്വീപുകൾ, ദാമൻ -ദിയു– -ദാദ്ര നഗർ ഹവേലി, ചണ്ഡീഗഢ്‌ എന്നിവയാണ് ഈ ഗണത്തിലുള്ളത്. 2019ൽ ജമ്മു കശ്മീരിനെ ലഡാക്കും കശ്മീരുമായി വിഭജിച്ചതോടെ കേന്ദ്രഭരണ പ്രദേശങ്ങളായി. പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ പരിമിതമായ അധികാരത്തോടെയാണെങ്കിലും നിയമസഭയും മന്ത്രിസഭയും ഉണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ സദ്ഭരണം, പുരോഗതി, സമാധാനം എന്നിവ മുൻനിർത്തി ‘റെഗുലേഷനു’കൾ പുറത്തിറക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണ ഘടനയുടെ പാർട്ട് എട്ടിൽ അനുച്ഛേദം 239 മുതൽ 241 വരെയുള്ള വകുപ്പുകളിൽ കേന്ദ്രഭരണപ്രദേശങ്ങളുടെ സ്വഭാവത്തെയും ഭരണനിർവഹണത്തെയും പ്രതിപാദിക്കുന്നു. ഗവൺമെന്റ് ഓഫ് ഇന്ത്യ (അലോക്കേഷൻ ഓഫ് ബിസിനസ്) റൂൾ 1961 പ്രകാരം ആഭ്യന്തരമന്ത്രാലയം കേന്ദ്രഭരണ പ്രദേശങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ചുമതലവഹിക്കുന്ന പ്രഫുൽ ഖോഡ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അനുച്ഛേദം 239 പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളിൽ രാഷ്ട്രപതി നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്റർ. അതായത്, അനുച്ഛേദം 154 പ്രകാരം പ്രവർത്തിക്കുന്ന ‘ഗവർണർ’ പദവിക്ക്‌ തുല്യമോ ആ സ്വഭാവത്തിലെ മറ്റൊരു പദവിയോ അല്ല അഡ്മിനിസ്ട്രേറ്റർ. സംസ്ഥാനത്തിന്റെ നിർവാഹാധികാരം ഗവർണറിൽ നിക്ഷിപ്തമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശങ്ങളുടെ നിർവാഹാധികാരം നൽകുന്നില്ല.

ജൈവവൈവിധ്യംകൊണ്ടും നരവംശശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകൾ. ഇവിടെയും കോർപറേറ്റ് താൽപ്പര്യം അടിച്ചേൽപ്പിക്കുകയാണ്. ശാസ്ത്രീയപഠനമോ കൂടിയാലോചനയോ ഇല്ലാതെ വൻകിട വികസനപദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം.

ഫെഡറൽമൂല്യങ്ങളെ സമ്പൂർണമായി തിരസ്കരിച്ച സംഭവമായിരുന്നു ജമ്മു കശ്മീരിന്റെ വിഭജനം. ഭരണഘടനയുടെ പാർട്ട് ഒന്നിൽ ‘ഇന്ത്’ അഥവാ ‘ഭാരതം’ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. പാർലമെന്റിന് യുക്തമെന്നു തോന്നുന്ന പക്ഷം സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കാവുന്നതാണ്. എന്നാൽ, ഏത് സംസ്ഥാനത്തെ ബാധിക്കുന്നുവോ ആ സംസ്ഥാനത്തിന്റെ നിയമനിർമാണ സഭയുടെ അഭിപ്രായം ആരാഞ്ഞശേഷമാണ് തീരുമാനം എടുക്കേണ്ടത്. ജമ്മു കശ്മീർ വിഭജിച്ചപ്പോൾ ഇതെല്ലാം ലംഘിക്കപ്പെട്ടു. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോൾ എല്ലാ വിഭാഗങ്ങളുമായും സുദീർഘമായ ചർച്ച നടന്നിട്ടുണ്ട്.

ഭരണഘടനാ അനുച്ഛേദം 370 പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നത്. അനുച്ഛേദം 370 (3) അനുസരിച്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെ പൊതുവിജ്ഞാപനംവഴി രാഷ്ട്രപതിക്ക് പ്രവർത്തനരഹിതമാക്കണമെങ്കിൽ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ വേണം. ഭരണഘടനാ അസംബ്ലിളിയുടെ അഭാവത്തിൽ അനുച്ഛേദം 367(4) എന്ന പുതിയ വകുപ്പ് കൊണ്ടുവന്ന്, ഭരണഘടനാ അസംബ്ലിളിയെ ലെജിസ്ലേറ്റീവ് അസംബ്ലി എന്ന് വ്യാഖ്യാനിച്ചാണ് തീരുമാനമെടുത്തത്. പൂർണ പദവിയുള്ള ഒരു സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാൻ ഭരണഘടനയിൽ വ്യവസ്ഥ ഇല്ല. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന ഭരണഘടനാ പരികൽപ്പനയിൽനിന്ന് കേന്ദ്രഭരണപ്രദേശങ്ങളുടെ യൂണിയൻ എന്ന സങ്കൽപ്പത്തിലേക്ക്‌ ഇന്ത്യ പരിണമിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.

(കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top