16 April Tuesday

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം - സുജ സൂസൻ ജോർജ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി.  ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അതിനെതിരെ ഹിന്ദി ഇതര ഭാഷാസംസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ  ഭാഷാവൈവിധ്യത്തെയും സാംസ്കാരിക സമന്വയത്തെയും തകർക്കാൻ   ഉദ്ദേശിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ആദ്യമായല്ല അമിത് ഷാ അവതരിപ്പിക്കുന്നത്. 2018ലും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.

ഭാഷയും ഭരണഘടനയും
ഇന്ത്യക്ക്‌ ഒരു ദേശീയ ഭാഷയില്ല. ഭരണഘടനയുടെ 343–-ാം വകുപ്പുപ്രകാരം ദേവനാഗരി ലിപിയിലുള്ള ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക വിനിമയത്തിനുള്ള ഭാഷകളായി നിർണയിച്ചിട്ടുണ്ട്. 1963ലെ ഔദ്യോഗികഭാഷാ നിയമവും അനുശാസിക്കുന്നത്‌ മറിച്ച്‌ ഒരു നിയമനിർമാണം ഉണ്ടാകുന്നതുവരെ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗികവിനിമയ ഭാഷകൾ ആയിരിക്കണമെന്നാണ്. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് 17 എട്ടാമത്തെ പട്ടികയിൽ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 344(1), 351 അനുസരിച്ച് 22 ഭാഷയ്‌ക്കാണ്‌  ഔദ്യോഗിക പദവിയുള്ളത്. അതിൽ ഹിന്ദിയും മലയാളവും തമിഴും വിദേശ ഭാഷയായ നേപ്പാളിയുമുണ്ട്. ഇംഗ്ലീഷ് ഇല്ല.

ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സവിശേഷതയായി പറയാവുന്നത് മൂന്ന് വസ്തുതയാണ്.

(1)സാംസ്കാരിക വൈവിധ്യം,

(2) ഭാഷാവൈവിധ്യം,

(3) ഭരണഘടനാ മൂല്യങ്ങളുടെ നിലനിൽപ്പ്. 

ഭരണഘടനാ മൂല്യങ്ങളും അതിന്റെ യുക്തിയും നിലനിൽക്കുന്നത് ദേശീയ ഐക്യം, സമത്വം, നീതി, ഭരണഘടനയുടെ പരമാധികാരം എന്നിവയിലാണ്. ഭാഷാ സാംസ്‌കാരിക വൈവിധ്യം കാരണം ഇന്ത്യയെ  ഒരൊറ്റ ദേശീയത എന്ന നിലയിലല്ല അനേകം ഉപദേശീയതകളുടെ സമന്വയമായിട്ടാണ് കാണേണ്ടത്. ഭരണഘടനാ രൂപീകരണസമിതിയെ സംബന്ധിച്ച് ഈ വൈരുധ്യങ്ങളുടെ വൈപുല്യവും ഏറ്റുമുട്ടലും വലിയ വെല്ലുവിളിയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ദേശീയ ഭാഷാ ചർച്ച. ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന വാദം വിശദമായി പരിശോധിച്ച്‌ സമിതി തള്ളിക്കളഞ്ഞു. ഹിന്ദി ഔദ്യോഗിക വിനിമയ ഭാഷയായി പ്രഖ്യാപിക്കുന്നതിൽപ്പോലും വലിയ തർക്കമുണ്ടായി. ഒരൊറ്റ വോട്ടിനാണ് ഹിന്ദുസ്ഥാനിയെ തോൽപ്പിച്ച് ഹിന്ദി ആ പദവി കരസ്ഥമാക്കിയത്‌. ദേശീയസമര കാലത്ത് തുടങ്ങിയ അനേകം ചർച്ചകളുടെയും സംവാദങ്ങളുടെയും ഫലമായാണ്‌ സ്വതന്ത്ര ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപംകൊള്ളുന്നത്‌. ഈ ചരിത്രസന്ദർഭത്തിനു മുന്നോടിയായാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആയിരുന്ന ഇ എം എസ്‌ ‘കേരളം മലയാളികളുടെ മാതൃഭൂമി ’എന്ന ലേഖനം എഴുതുന്നത്.

ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം
യൂറോപ്യൻ സാമ്രാജ്യത്വ വീക്ഷണത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞതും കാലഹരണപ്പെട്ടതുമായ ഈ മുദ്രാവാക്യം ബിജെപിക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്. ഭാരതത്തിന്റെ പുരാതന സംസ്കൃതിയിലും  ചരിത്രത്തിലും ഊറ്റംകൊള്ളുന്നുവെന്ന് ഭാവിക്കുന്നവർ ഇത്തരം കൊളോണിയൽ മുദ്രാവാക്യങ്ങൾ ചുമന്നുനടക്കുന്നത് എത്ര അസംബന്ധമാണ്. സ്വാതന്ത്ര്യലബ്ധിക്ക്‌ 75 വർഷത്തിനുശേഷവും ഇന്ത്യ ഒറ്റ രാഷ്ട്രമായി നിൽക്കുന്നുണ്ട് . അതിനു കാരണം ഭാഷാ സാംസ്കാരിക വൈവിധ്യങ്ങളെ അടിസ്ഥാനമൂല്യമായി സ്വീകരിച്ച ഒരു ഭരണഘടന നമുക്കുണ്ട് എന്നതാണ്. ഇന്ത്യയുടെ സഹോദര രാജ്യമായ പാകിസ്ഥാന്റെ ചരിത്രം പരിശോധിക്കുക. 1948ൽ പാകിസ്ഥാൻ ഉറുദു ദേശീയ ഭാഷയായി പ്രഖ്യാപിച്ചു.  ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാകിസ്ഥാനികൾ അതിനെതിരെ വലിയ കലാപമുണ്ടാക്കി. ആ കലാപമാണ് പാകിസ്ഥാന്റെ വിഭജനത്തിനും ബംഗ്ലാദേശ് രൂപീകരണത്തിനും കാരണമായത്.

ഭാഷാധിനിവേശം
യഥാർഥത്തിൽ ബ്രിട്ടീഷുകാർ 18ഉം 19ഉം നൂറ്റാണ്ടുകളിൽ ലോകത്താകമാനം നടത്തിയിരുന്ന ഭാഷാധിനിവേശം തന്നെയാണ് ഹിന്ദി ദേശീയ ഭാഷാ വാദക്കാരും മുന്നോട്ടുവയ്ക്കുന്നത്. ഓസ്ട്രേലിയയിൽ നൂറുകണക്കിനുണ്ടായിരുന്ന ആദിവാസി ഭാഷകളിൽ 90 ശതമാനവും ഇംഗ്ലീഷ് അധിനിവേശത്താൽ ഇല്ലാതായതുപോലെ ഇന്ത്യൻ ഭാഷകളുടെ മരണമായിരിക്കും ഹിന്ദി അടിച്ചേൽപ്പിച്ചാൽ സംഭവിക്കുന്നത്.  ഇന്ത്യൻ ഭാഷകളിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഭാഷയിലൊന്നാണ് ഹിന്ദിയെന്നും ഓർക്കുക.

മാതൃഭാഷയ്‌ക്ക്‌ ആശയവിനിമയമെന്ന കേവലയുക്തി മാത്രമല്ല ഉള്ളത്. അത്‌ വ്യക്തിപരവും സാമൂഹ്യവുമായ അസ്തിത്വമാണ്.  അത് ചരിത്രപരവും അതേസമയംതന്നെ പരസ്‌പരം പങ്കിട്ടുകൊണ്ട്‌ നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ജ്ഞാന പദ്ധതിയുമാണ്. ഓരോ ഭാഷയ്ക്കും സങ്കീർണവും സൂക്ഷ്മവുമായ വ്യത്യസ്‌ത വ്യവസ്ഥയാണ്‌ ഉള്ളത്‌. ആ ഭാഷാഗോത്രത്തിലെ അംഗത്തിന്റെ ലോകവീക്ഷണം രൂപപ്പെടുത്തുന്നത് ആ ഭാഷയിലൂടെയാണ്. ഭാഷാധിനിവേശം ഭാഷയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അത്‌ വിദ്യാഭ്യാസം, ആശയവിനിമയം, സമ്പദ്‌‌വ്യവസ്ഥ, മാധ്യമസ്വാതന്ത്ര്യം, രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മിലിട്ടറി എന്നിവയിലെല്ലാം നുഴഞ്ഞുകയറി ആധിപത്യം ഉറപ്പിക്കും.

ഇന്ത്യൻ ദേശീയത
ഒരു രാജ്യത്തിന് ഒരു ഭാഷ എന്ന മുദ്രാവാക്യം ഇന്ത്യയുടെ ദേശീയ ഐക്യത്തെ തകർക്കുന്നതും ഫെഡറൽ തത്വങ്ങളെ ഹനിക്കുന്നതുമാണ്.  നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാ മൂല്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് രൂപീകരിച്ച്‌ എടുക്കേണ്ടതാണ് ഇന്ത്യൻ ദേശീയത.  അത് ഉപദേശീയതയുടെ ഐക്യപ്പെടലും കൊരുത്തെടുക്കലുമാണ്‌ ഉണ്ടാകേണ്ടത്. പക്ഷേ,  കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബിൽ, സംസ്ഥാനപദവി പിൻവലിക്കൽ, നവ വിദ്യാഭ്യാസ ബിൽ, കാർഷിക ബിൽ തുടങ്ങി ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കടും കെട്ടുകളുമായാണ് പൊള്ളയായ ദേശീയവാദം ഉന്നയിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഹിന്ദി ദേശീയ ഭാഷാവാദവും. എപ്പോഴൊക്കെ ഹിന്ദി ഭാഷാവിവാദം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യ അത് തിരസ്കരിച്ചിട്ടുണ്ട്.  ഭീമമായ വിലക്കയറ്റം, വർധിച്ചുവരുന്ന ദാരിദ്ര്യം, അടച്ചുപൂട്ടുന്ന തൊഴിൽമേഖലകൾ–- ഇതിനെല്ലാമെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ഗൂഢതന്ത്രമായി ഭാഷാ വിവാദത്തെ കണ്ടാൽ കുറ്റം പറയാനാവില്ല. ജനങ്ങൾക്കിടയിൽ ഭാഷാകലാപം സൃഷ്ടിച്ച് ഹിന്ദി ബെൽറ്റെന്നും  ഹിന്ദി ഇതര ബെൽറ്റെന്നും ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമം പൊതുസമൂഹം പരാജയപ്പെടുത്തുകതന്നെ ചെയ്യും.

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ത്രിഭാഷാനയം സ്വീകരിച്ചപ്പോൾ തമിഴ്നാടും മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ദ്വിഭാഷാ നയമാണ് സ്വീകരിച്ചത്. ഒന്നാംഭാഷയായി മാതൃഭാഷയും രണ്ടാം ഭാഷയായി ഹിന്ദിയും മൂന്നാം ഭാഷയായി ഇംഗ്ലീഷും എന്നതാണ്‌ ത്രിഭാഷാ വ്യവസ്ഥയുടെ ഉള്ളടക്കമെങ്കിലും കേരളത്തിന്‌ ഇന്നും ഒന്നാം ഭാഷയായി ഇംഗ്ലീഷാണ്‌.

(മലയാളം മിഷൻ മുൻ ഡയറക്‌ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top