27 April Saturday

സത്യപ്രതിജ്ഞാ ലംഘനം, പ്രചാരണവും യാഥാർഥ്യവും

ഡോ. എൻ കെ ജയകുമാർUpdated: Friday Jul 8, 2022

ബുധനാഴ്‌ച സ്ഥാനമൊഴിഞ്ഞ ഫിഷറീസ് –സാം-സ്കാരിക–-യുവജന മന്ത്രി സജി ചെറിയാൻ ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ലംഘനമാണെന്ന് പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും വ്യാപകമായ ആരോപണമുയർത്തി.  ഇതിനെതിരെ കോടതിയുടെ ഇടപെടലുണ്ടാകുമെന്നും പ്രചരിപ്പിക്കുന്നുണ്ട്.  എന്താണ്‌ ഇതിന്റെ വസ്തുത.  

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം വിവിധതരം റിട്ട് ഹർജി  ഹൈക്കോടതിക്കു മുമ്പാകെ ഫയൽ ചെയ്യാവുന്നതാണ്.  ഹേബിയസ് കോർപസ്, മൻഡാമസ്, പ്രൊഹിബിഷൻ, കോ–-വാറന്റോ, സർട്ടിയോറാരി എന്നിവയാണ് റിട്ട് ഹർജികൾ.  ഇതിൽ ഒരു പദവി വഹിക്കുന്നയാൾ ആ പദവിക്ക് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കാൻവേണ്ടി നീതിന്യായപീഠത്തെ സമീപിക്കുന്നത് കോ–-വാറന്റോ റിട്ട് വഴിയാണ്.  എന്നാൽ, കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച്‌ കെസി ചാണ്ടി vs ആർ ബാലകൃഷ്ണപിള്ള (1985 കെഎച്ച്‌സി 170) എന്ന വിധിന്യായത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിന് മേൽപ്പറഞ്ഞ റിട്ട് ഹർജി വഴി ഒരു മന്ത്രിയെ പുറത്താക്കാൻ കഴിയില്ലെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു മന്ത്രി ആ പദവിയിൽ നിയമിതനാകുന്നത് ഭരണഘടനയുടെ അനുച്ഛേദം 164 (1)ന്‌ അനുസൃതമായി മുഖ്യമന്ത്രിയുടെ ശുപാർശയിൻമേൽ ഗവർണറുടെ ഉത്തരവുപ്രകാരമാണ്. ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യവും അത്‌ തൽസ്ഥാനത്ത്‌ തുടരുന്നതിനുള്ള അയോഗ്യതയാണോ എന്നതും കോടതികളുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കേരള ഹൈക്കോടതിയുടെ മേൽഉദ്ധരിച്ച വിധിന്യായത്തിലെ അതേ അഭിപ്രായം മദ്രാസ് ഹൈക്കോടതി രാമചന്ദ്രൻ  vs എംജി രാമചന്ദ്രൻ ( AIR 1987 mad 207) എന്ന വിധിന്യായത്തിലും ആന്ധ്രാ ഹൈക്കോടതി ദ്രോണംരാജു സത്യനാരായണ vs എൻ ടി രാമ റാവു ആൻഡ്‌ അദേഴ്സ് എന്ന വിധിന്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.  

ഭരണഘടനാപരമായുള്ള അയോഗ്യതകളിൽപ്പെടുന്ന ഒരിനമല്ല സത്യപ്രതിജ്ഞാ ലംഘനം. ഭരണഘടനയുടെ അനുച്ഛേദം 191ൽ നിയമനിർമാണസഭയിൽ അംഗമാകാൻ എന്തെല്ലാം അയോഗ്യതയുണ്ടെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്.  ഈ അയോഗ്യതകളുള്ള വ്യക്തിക്ക് നിയമനിർമാണസഭയിൽ അംഗമായിരിക്കാൻ സാധ്യമല്ല. അങ്ങനെയൊരു വ്യക്തിക്ക് മന്ത്രിയായോ മുഖ്യമന്ത്രിയായോ സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഗവർണർക്ക് അനുച്ഛേദം 164 പ്രകാരം കഴിയുകയുമില്ല.  ഇക്കാര്യം സുപ്രീംകോടതി ബിആർ കപുർ vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് ആൻഡ്‌ അനദർ (എഐആർ 2001 എസ്‌‌സി 3435) എന്ന കേസിൽ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.  

എന്തായിരുന്നു ഈ സുപ്രീംകോടതി വിധി? 2001ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിചാരണക്കോടതിയുടെ ശിക്ഷ നിലവിലിരുന്നതിനാൽ അഖിലേന്ത്യാ അണ്ണാ ഡിഎംകെ നേതാവ് ജെ  ജയലളിതയ്‌ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയുണ്ടായിരുന്നു.  പക്ഷേ, ആ നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ അണ്ണാ ഡിഎംകെ തമിഴ്നാട് നിയമസഭയിൽ വ്യക്തമായ  ഭൂരിപക്ഷം നേടുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടായിരുന്ന ജയലളിതയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കുകയും അന്നത്തെ തമിഴ്നാട് ഗവർണർ ജസ്റ്റിസ് (റിട്ട.) ഫാത്തിമാബീവി ജയലളിതയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയും മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.  മേൽപ്പറഞ്ഞ കേസിൽ സുപ്രീംകോടതി,  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടായിരുന്ന ജയലളിതയെ അനുച്ഛേദം 164 പ്രകാരം മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചത് ഭരണഘടനാനുസൃതമല്ലെന്ന് വിധിച്ചു. ഇവിടെ കോ–-വാറന്റോ ഹർജി നിലനിന്നു. 

എന്നാൽ, അനുച്ഛേദം 191ലെ അയോഗ്യതകൾ ഇല്ലാത്ത ഒരാൾ ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്തശേഷം എന്തെങ്കിലുമൊരു ചെയ്തി കാരണം സത്യപ്രതിജ്ഞാ ലംഘനമെന്ന ആരോപണമുണ്ടായാൽ തദവസരത്തിൽ കോ–-വാറന്റോ ഹർജിയിലൂടെ മന്ത്രിപദവി വഹിക്കുന്ന പ്രസ്തുത വ്യക്തിയെ പുറത്താക്കാൻ സാധ്യമല്ലെന്നാണ് മേൽ ഉദ്ധരിച്ച മൂന്ന് ഹൈക്കോടതിവിധി  സംശയലേശമെന്യേ പ്രഖ്യാപിച്ചിട്ടുള്ളത്.  
ഇതിൽനിന്ന്‌ വ്യക്തമാകുന്നത്  സജി ചെറിയാനെ മന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കാനായി കോ–-വാറന്റോ ഹർജിയിലൂടെ സാധ്യമല്ല എന്നുതന്നെയാണ്.  ഇക്കാര്യത്തിൽ നിയമവശം കൃത്യമായിരിക്കെ കോ–-വാറന്റോ ഹർജി വരുമെന്നും അതൊഴിവാക്കാനാണ് അദ്ദേഹം രാജിവച്ചതെന്നുമുള്ള പ്രചാരണം തീർത്തും തെറ്റിദ്ധാരണാജനകമാണ്.  

സജി ചെറിയാൻ നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടതാണെന്ന വാദവും ചിലർ ഉയർത്തുന്നുണ്ട്‌. തങ്ങളെ പ്രതിനിധാനംചെയ്യുന്നതിന്‌ നിയമസഭയിലേക്ക്‌ ഒരു അംഗത്തെ തെരഞ്ഞെടുക്കുക എന്നത്‌ ഒരു നിയോജകമണ്ഡലത്തിലെ സമതിദായകരുടെ  വിലപ്പെട്ട  അവകാശമാണ്‌. ഒരു വ്യക്തി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനും തൽസ്ഥാനത്ത്‌ തുടരുന്നതിനുമുള്ള യോഗ്യതകളും അയോഗ്യതകളും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്‌. ഭരണഘടനാ ബാഹ്യമായ  കാരണം ഉന്നയിച്ച്‌ ഒരു നിയമസഭാംഗത്തിന്റെ രാജി ആവശ്യപ്പെടുന്നത്‌ അനുചിതമെന്ന്‌ മാത്രമല്ല, ഭരണഘടനയോടും ജനാധിപത്യ സമ്പ്രദായത്തോടുമുള്ള അനാദരവുകൂടിയാണ്‌.

ഇനി പറയുന്ന മറ്റൊരു കാര്യം The Prevention of  Insults to National Honour Act 1971 പ്രകാരം കേസെടുക്കാമെന്നതാണ്.  എന്നാൽ, ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ അത് മന്ത്രിസ്ഥാനത്തു തുടരാനുള്ള ഭരണഘടനാപരമായ അയോഗ്യതയാകില്ല.  അതിൽ ശരിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് ക്രിമിനൽ കോടതിയാണ്.  ഇതുകാരണം അനുച്ഛേദം 164ലെ പ്രീതി ഇല്ലാതാകുന്നില്ല.  ഇതും കെ സി ചാണ്ടി vs ആർ ബാലകൃഷ്ണപിള്ള എന്ന കേസിൽ കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിയമപരമായി മന്ത്രിയായി തുടരാൻ   സജി ചെറിയാന് കഴിയുമായിരുന്നു എന്നതിൽ നിയമം അറിയാവുന്ന ആർക്കും സംശയിക്കാൻ കഴിയില്ല.  പക്ഷേ, അദ്ദേഹം ഉൾപ്പെടുന്ന പ്രസ്ഥാനവും സർക്കാരും സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വവും അദ്ദേഹവുമെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് മന്ത്രിസ്ഥാനത്തിന്റെ രാജി.  നിയമപരമായി നിൽക്കക്കള്ളിയില്ലാതെ രാജിവച്ചു എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവും കാണുന്നില്ല.  മറിച്ച്‌ പ്രചാരണം നടത്തുന്നവർ ഏത് നിയമത്തിന്റെയും വിധിയുടെയും അടിസ്ഥാനത്തിലാണ് അവർ ഈ പ്രചാരണം നടത്തുന്നതെന്ന്  വ്യക്തമാക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടതാണ്.  പൊതുസമൂഹത്തെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് വഴി തെറ്റിക്കുന്ന പ്രവണത ഉണ്ടാകുന്നതിനാൽ ഇക്കാര്യത്തിലെ നിയമപരമായ വസ്തുതകൾ ചുരുക്കത്തിൽ ചൂണ്ടിക്കാണിക്കുകയാണ് ഈ ഹ്രസ്വലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

(കേരള നിയമസഭാ മുൻസെക്രട്ടറിയാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top