20 April Saturday

അതിസമ്പന്നർ വളരുന്നു , അസമത്വവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

കോവിഡ്‌ പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ അതിസമ്പന്നരുടെ വരുമാനം കുതിച്ചുയരുമ്പോൾ മറുഭാഗത്ത്‌ പട്ടിണിയും ഉയരുന്നു. രാജ്യത്ത്‌ വർധിച്ചുവരുന്ന അസമത്വം വ്യക്തമാക്കുന്ന പല റിപ്പോർട്ടും അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. തുടർച്ചയായ രണ്ടാം കോവിഡ്‌ വർഷത്തിലാണ്‌ ശതകോടീശ്വരന്മാരുടെ (ഡോളർ അടിസ്ഥാനത്തിൽ) സ്വത്തും എണ്ണവും വർധിക്കുന്നത്‌. ഈ വർഷം 179 പേർ കൂടി ഈ പട്ടികയിൽ ഇടംതേടി. ഹുറുൺ ഇന്ത്യയും ഐഐഎഫ്‌എല്ലും ചേർന്നാണ്‌ അതിസമ്പന്നരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌. മൂന്നുമാസംമുമ്പ്‌ ഓക്‌സ്‌ഫാം ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടാകട്ടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം വൻതോതിൽ വർധിക്കുന്നെന്ന്‌ ചൂണ്ടിക്കാട്ടി. ഇടത്തരക്കാർപോലും രണ്ടു വർഷത്തിനിടയിൽ ദാരിദ്ര്യത്തിലേക്ക്‌ എടുത്തെറിയപ്പെടുകയാണ്‌. ആഗോള പട്ടിണി സൂചികയിലും ഇന്ത്യ ഏറെ പിന്നിലേക്ക്‌ പോകുന്നു. സാമ്പത്തികത്തകർച്ചയും കൂടിവരുന്ന പട്ടിണിയും ഔദ്യോഗിക റിപ്പോർട്ടുകളിൽത്തന്നെ ഇടംപിടിക്കുന്നുണ്ടെങ്കിലും ഇവ കേന്ദ്ര സർക്കാർ പൂഴ്‌ത്തിവയ്‌ക്കുകയാണ്‌. 

ബിജെപി സർക്കാരിൽ ഏറ്റവും സ്വാധീനമുള്ള അദാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അദാനിയുടെ സമ്പാദ്യം ഒറ്റവർഷംകൊണ്ട്‌ 261 ശതമാനം വർധിച്ചു. നിലവിൽ 5,05,900 കോടി രൂപയുടെ സ്വത്തുമായി ഏഷ്യയിലെ സമ്പന്നരിൽ മുകേഷ്‌ അംബാനിക്കു പിന്നാലെ രണ്ടാമനായി. അദാനിയുടെ സ്വത്തിൽ കഴിഞ്ഞ വർഷം 113 ശതമാനം വർധനയാണുണ്ടായി. പ്രതിദിനം 1002 കോടി രൂപ തോതിൽ വർധിക്കുകയാണ്‌. രാജ്യത്തെ അതിസമ്പന്നരിൽ മുന്നിൽ മുകേഷ്‌ അംബാനിയാണ്‌. ഒറ്റവർഷംകൊണ്ട്‌ അംബാനിയുടെ സ്വത്തിൽ മുക്കാൽ ലക്ഷം കോടിയുടെ വർധന. കഴിഞ്ഞവർഷം 6.43 ലക്ഷം കോടി രൂപയായിരുന്നത്‌ ഈ വർഷം 7,18,000 കോടിയായി. 1000 കോടിക്കുമേൽ സമ്പത്തുള്ള 1007 വ്യക്തികൾ രാജ്യത്തുണ്ട്‌. ഇവരുടെ സ്വത്തിൽ ഒറ്റവർഷം 51 ശതമാനത്തിന്റെ വർധന. 13 പേരുടെ സമ്പത്ത്‌ ലക്ഷം കോടിക്കു മുകളിലാണ്‌. 2019 ഡിസംബറിൽ 80 ശതകോടീശ്വരന്മാരുണ്ടായിരുന്നത്‌ കോവിഡിന്റെ ആദ്യവർഷം 90 ശതകോടീശ്വരന്മാരായി.

2020 മാർച്ചിനുശേഷം ഇന്ത്യയിലെ 100 ശതകോടീശ്വരന്മാർ തങ്ങളുടെ സമ്പത്തിൽ 12,97,822 കോടി രൂപയുടെ വർധനയാണ്‌ ഉണ്ടാക്കിയത്‌. ഇന്ത്യയിലെ 138 കോടി ജനതയിൽ ഓരോരുത്തർക്കും 94,045 രൂപവീതം നൽകാൻ ഇതുകൊണ്ട്‌ സാധിക്കുമായിരുന്നു. മഹാമാരിയുടെ കാലത്ത്‌ മുകേഷ്‌ അംബാനി ഒരു മണിക്കൂറിനുള്ളിൽ ഉണ്ടാക്കിയ അത്രയും പണം ഉണ്ടാക്കാൻ ഒരു അതിവിദഗ്‌ധ തൊഴിലാളിക്ക്‌ 10,000 വർഷം വേണ്ടിവരും.  ‘അസമത്വ വൈറസ്‌ ’ എന്ന പേരിൽ ഓക്‌സ്‌ഫാം പ്രസിദ്ധീകരിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിലെ ഇന്ത്യൻ സപ്ലിമെന്റിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നിയന്ത്രണപ്പൂട്ടുകാലത്ത്‌ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സ്വത്ത്‌ 35 ശതമാനം വർധിച്ചു. മഹാമാരിയുടെ കാലത്ത്‌ ഏറ്റവും മുകൾത്തട്ടിലുള്ള 11 ശത കോടീശ്വരന്മാരുടെ സ്വത്തിലുണ്ടായ വർധന ഉപയോഗിച്ചാൽ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി 10 വർഷം നിലനിർത്താൻ ആവശ്യമായ തുക കണ്ടെത്താൻ കഴിയും.


 

ദേശീയ ആസ്‌തികളുടെ കൊള്ളയിലൂടെയും പൊതുമേഖലയുടെയും പൊതുസേവനങ്ങളുടെയും ധാതു വിഭവങ്ങളുടെയും വൻതോതിലുള്ള സ്വകാര്യവൽക്കരണത്തിലൂടെയും ലാഭം പരമാവധിയാക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്‌ അതിസമ്പന്നരുടെ സമ്പത്ത്‌ വൻതോതിൽ വർധിക്കാൻ ഇടയാക്കിയത്‌. നവലിബറൽ–- കോർപറേറ്റ്‌ ചങ്ങാത്ത നയങ്ങൾ സമ്പന്നരുടെ സമ്പത്ത്‌ വർധിപ്പിക്കുമ്പോൾ ഇടത്തരക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുകയാണ്‌. ഒരു ഭാഗത്ത്‌ സമ്പന്നരുടെ സ്വത്ത്‌ കുമിഞ്ഞുകൂടുമ്പോൾ മറുഭാഗത്ത്‌ ദരിദ്രരുടെ  എണ്ണവും പെരുകുന്നു. ഇത്‌  സാമ്പത്തിക അസമത്വം വർധിപ്പിക്കുന്നു. 

‘വികസിക്കുന്ന ഇന്ത്യ’ ഇപ്പോഴും ‘ദുരിതമനുഭവിക്കുന്ന ഇന്ത്യ’യുടെ ചുമലിലിരുന്നാണ്‌  മുന്നോട്ടേക്ക്‌ കുതിക്കുന്നത്‌.  കോവിഡ്‌കാലത്ത്‌ കേന്ദ്ര സർക്കാർ മൂന്ന്‌ ഘട്ടത്തിലായി 30 ലക്ഷം കോടിയോളം രൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൈകളിലേക്ക്‌ പണം എത്തിക്കാൻ സർക്കാർ തയ്യാറായില്ല. ലാഭം വർധിപ്പിച്ച്‌ കോർപറേറ്റുകൾക്ക്‌ തടിച്ചുകൊഴുക്കാൻ അവസരമൊരുക്കുകയായിരുന്നു ഉത്തേജക പാക്കേജിലൂടെ. കോർപറേറ്റുകളുടെ ഭീമമായ തുകയുടെ വായ്‌പകൾ എഴുതിത്തള്ളുമ്പോൾ പാവപ്പെട്ടവർക്കായി പണം ചെലവഴിക്കാൻ സർക്കാർ സന്നദ്ധമാകുന്നില്ല. എന്നാൽ, നിത്യേന ഇന്ധനവില വർധിപ്പിക്കുന്നതിലൂടെ മൊത്തത്തിൽ വിലക്കയറ്റം സൃഷ്ടിച്ച്‌ പാവപ്പെട്ട ജനതയുടെ മേൽ കൂടുതൽ ബാധ്യത അടിച്ചേൽപ്പിച്ച്‌ പട്ടിണിയിലേക്ക്‌ തള്ളിവിടുന്നു. 

ഒന്നാം മോദി സർക്കാരിന്റെ കാലത്തുതന്നെ വൻകിടക്കാർ വരുത്തിയ ആറ്‌ ലക്ഷം കോടിയിലേറെ രൂപയുടെ വായ്‌പ കുടിശ്ശിക പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയിരുന്നു. രണ്ടാം മോദി സർക്കാരാകട്ടെ കോവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വൻകിടക്കാരുടെ മൂന്നര ലക്ഷം കോടിയോളം രൂപ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാൻ ഖജനാവിലെ പണമെടുത്ത്‌ ഇപ്പോൾ ‘ചീത്ത ബാങ്കു’തന്നെ ആരംഭിച്ചിരിക്കയാണ്‌. സ്വാതന്ത്ര്യത്തിനുശേഷം വളർത്തിയെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അദാനി, അംബാനിമാർക്ക്‌ ചുളുവിലയ്‌ക്ക്‌ കൊടുത്ത്‌ അവരുടെ സ്വത്ത്‌ വർധിപ്പിക്കുകയാണ്‌ സർക്കാർ. ഒരു വർഷത്തിനിടയിൽ എട്ട്‌ വിമാനത്താവളം അദാനിക്ക്‌ കൈമാറി. റോഡും റെയിൽവേ സ്‌റ്റേഷനും തുറമുഖങ്ങളും വൈദ്യുതിലൈനും  ഉൾപ്പെടെ സകലതും വിൽക്കാൻ വച്ചിരിക്കയാണ്‌.

ഇന്ന്‌ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം  ‘ഗുരുതരാവസ്ഥയിലുള്ള വിഭാഗ’ത്തിന്റെ കൂട്ടത്തിലാണ്‌. അഞ്ചാമത്‌ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സ്‌ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവ്‌, ശിശുമരണ നിരക്ക്‌ എന്നിവയും മറ്റ്‌ സൂചകങ്ങളും ഭയാനകമാംവിധം വളരുകയാണ്‌. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച ആഗോള സൂചികയിൽ  മൂന്നുമാസംമുമ്പ്‌ ഇന്ത്യ റാങ്കിൽ വീണ്ടും താഴോട്ടുപോയി. രാജ്യത്ത്‌ എട്ടുവർഷത്തിനിടയിൽ ദാരിദ്ര്യം വർധിച്ചതായി ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട്‌ സർക്കാർ പൂഴ്‌ത്തിയിരിക്കയാണ്‌.  കഴിഞ്ഞ വർഷം ആഗോള ദാരിദ്ര്യത്തിന്റെ വളർച്ചയിൽ ഇന്ത്യയുടെ സംഭാവന 57.3 ശതമാനമാണ്‌. ഇടത്തരക്കാരും ദാരിദ്ര്യത്തിലേക്ക്‌  തള്ളിവിടപ്പെടുന്നു.  

1973 മുതൽ 2012 വരെ കുറഞ്ഞുവന്ന ദാരിദ്ര്യത്തിന്റെ തോത്‌ ഇപ്പോൾ ഉയരുകയാണ്‌. ഏഴുകോടിയോളം പേരെയാണ്‌ ബിജെപി ഭരണം ദാരിദ്ര്യത്തിലേക്ക്‌ തള്ളിയിട്ടത്‌. ഗ്രാമങ്ങളിലെ ദരിദ്രർ 2012ലെ 21.7 കോടിയിൽനിന്ന്‌  2019-–-20ൽ 27 കോടിയായി. നഗരങ്ങളിലേത്‌ 5.3 കോടിയിൽനിന്ന്‌ 7.1 കോടിയായി. ഒരു വർഷത്തിനിടയിൽ ഇത്‌ വീണ്ടും കൂടിയിട്ടുണ്ട്‌. ദിവസം ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്ത വലിയൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ട്‌. 2011–-12ന്‌ ശേഷം ഉപഭോഗ ചെലവ്‌ സർവേ (സിഇഎസ്‌) വിവരങ്ങളും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന സർവേ 2017–-18ൽ ഒരു വർഷം വൈകിയാണ്‌ നടത്തിയത്‌. ഇതിന്റെ വിവരങ്ങളും മോദി സർക്കാർ പൂഴ്‌ത്തി. സർക്കാർ നടപടി അസംഘടിത മേഖലയെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും തകർത്തെന്നും ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സമ്പദ്‌ വ്യവസ്ഥയുടെ തകർച്ച ദശലക്ഷക്കണക്കിനു തൊഴിലവസരം നഷ്ടപ്പെടുന്നതിനും വരുമാന നഷ്ടത്തിനും കാരണമായി. രാജ്യത്ത്‌ ഫലത്തിൽ ഇപ്പോൾ വളരുന്നത്‌ അസമത്വംമാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top