24 April Wednesday

ഡോക്യുമെന്ററിയെ ഭയക്കുന്ന ‘വിശ്വഗുരു’

കെ രാജേന്ദ്രൻUpdated: Tuesday Jan 31, 2023

"എല്ലാ ചലനങ്ങൾക്കും തുല്യവും എതിർദിശയിൽ നിന്നുള്ളതുമായ പ്രതികരണം ഉണ്ടാകും. അതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം’. ഈ പ്രസ്താവന  നരേന്ദ്ര മോദിയുടേതാണ്. 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കലാപ കലുഷിതമായ ഗുജറാത്ത് ആളിക്കത്തുന്നതിനിടയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിന് ഇതിലും വലിയൊരു തെളിവിന്റെ ആവശ്യമില്ല. കലാപകാലത്ത് മോദിയുടെ വലംകൈയായിരുന്ന ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ജയിലിൽനിന്ന് മോചിപ്പിച്ചെന്ന് മാത്രമല്ല, സംഘപരിവാർ കാര്യാലയത്തിൽ മാലയിട്ട് സ്വീകരണം നൽകുകയും ചെയ്തു. കലാപത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കും കലാപക്കേസുകളിൽ അനുകൂല വിധികൾ പ്രഖ്യാപിച്ച ജഡ്ജിമാർക്കും സ്ഥാനക്കയറ്റം ലഭിച്ചത് അതിവേഗത്തിലായിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് ജനുവരി 17ന് ബിബിസി സംപ്രേഷണം ചെയ്ത ‘ഇന്ത്യ-: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി. കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന് അന്ന് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുവെന്നത് മാത്രമാണ് പുതിയ വെളിപ്പെടുത്തൽ. മറ്റെല്ലാം പണ്ടുതന്നെ പുറത്തു വന്നതാണ്. കലാപത്തിലെ ഇരകൾമുതൽ ഗുജറാത്ത് പൊലീസിലെ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർവരെയുള്ളവർ കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ തുറന്നുപറഞ്ഞതാണ്. കലാപത്തെ തുടർന്ന് ഗുജറാത്ത് സന്ദർശിച്ച അന്നത്തെ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ജെ എസ് വർമ ഗുജറാത്ത് സർക്കാരിന്റെ  നിഷ്‌ക്രിയത്വത്തിനെതിരെ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി ആഞ്ഞടിച്ചിരുന്നു.

സത്യം തുറന്നു പറഞ്ഞവരെയും നീതിക്കുവേണ്ടി പോരാടിയവരെയും ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി  ശ്രമിച്ചത്. ആർ ബി ശ്രീകുമാറിനെയും ടീസ്ത സെതൽവാദിനെയും കള്ളക്കേസുകളിൽ പ്രതിചേർത്ത് ജയിലിൽ അടച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചത് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് താഹിൽരമണി ആയിരുന്നു. ശിക്ഷ ശരിവച്ചെന്ന് മാത്രമല്ല, കലാപത്തിന് ഒത്താശ ചെയ്ത ഗുജറാത്ത് പൊലീസിനെ നിശിതമായി വിമർശിക്കുകയുംചെയ്‌തു. മദ്രാസ് ഹൈക്കോടതിയിലേക്ക്‌ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചതോടെ താഹിൽരമണിക്കെതിരായ വേട്ടയാടലുകൾ ഊർജിതമായി. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയ ഹെെക്കോടതിയിലേക്ക് പെട്ടെന്നൊരു സ്ഥലംമാറ്റം. കള്ളക്കേസുകളിൽ കുടുക്കാനായി കേന്ദ്ര അന്വേഷണ ഏജൻസികൾ താഹിൽരമണിക്കും ബന്ധുക്കൾക്കും ചുറ്റും വട്ടമിട്ട് പറന്നു. പിടിച്ചു നിൽക്കാനാകാതെ സത്യസന്ധയായ ആ ന്യായാധിപ രാജിവച്ചൊഴിഞ്ഞു.

തകരുന്ന വ്യാജ നിർമിതികൾ
മോദി സർക്കാർ ഇന്ത്യൻ മാധ്യമങ്ങളെ കൂട്ടത്തോടെ  ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തുകയോ വിശ്വസ്തരായ കോർപറേറ്റുകൾ മുഖേന വിലയ്ക്ക് വാങ്ങുകയോ ചെയ്തിരിക്കുന്നു. മോദിക്കെതിരായ വാർത്തകൾ പുറത്ത് വരാതായി. മാധ്യമങ്ങൾ നിർവഹിക്കേണ്ട ദൗത്യം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിലെ വിമർശങ്ങൾ ഉന്മൂലനം ചെയ്യുക എന്നതാണ് ഇപ്പോ‍ഴത്തെ ദൗത്യം. ഈ ലക്ഷ്യത്തോടെയാണ് 2011ലെ ഐടി ചട്ടം ഭേദഗതി ചെയ്യുന്നത്. ഭേദഗതി നിലവിൽ വന്നാൽ കേന്ദ്രസർക്കാരിന് ഇഷ്ടമില്ലാത്ത എല്ലാവിമർശങ്ങളും സമൂഹമാധ്യമങ്ങളിൽനിന്ന് അതിവേഗം നീക്കം ചെയ്യാനാകും. കോടികൾ മുടക്കിയുള്ള പിആർ പ്രചാരണത്തിലൂടെയാണ് മോദിക്ക് ‘വികസന നായകൻ’ എന്ന പ്രതിച്ഛായ ഉണ്ടാക്കിയത്. എന്നാൽ, മോദി ലോകത്തെ നയിക്കുന്ന "വിശ്വഗുരു’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് പിആർ സംഘങ്ങൾ ഇപ്പോൾ മത്സരിക്കുന്നത്.

പക്ഷേ, രാജ്യാന്തര തലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയിലെ  ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ആഗോള മാധ്യമങ്ങളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. ബിജെപി വക്താക്കളായിരുന്ന നുപൂർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ  പ്രവാചക നിന്ദ പരാമർശങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ തലക്കെട്ടുകളായി. ഗത്യന്തരമില്ലാതെ  ബിജെപി നേതൃത്വം ഇരുവരെയും പാർടിയിൽനിന്ന്  സസ്പെൻഡ്‌ ചെയ്തു. രാജ്യാന്തര തലത്തിൽ മോദിയുടെ പ്രതിച്ഛായ ഉയർത്താനായി  2019ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച "ഹൗഡി മോദി’  പരിപാടിക്ക് പരിഹാസ്യമായ പരിസമാപ്തിയാണ് ഉണ്ടായത്. ട്രംപിനെ വീണ്ടും  അധികാരത്തിലേറ്റണമെന്ന മോദിയുടെ ആഹ്വാനം അമേരിക്കയിലെ ഇന്ത്യൻ വംശജർ തള്ളിക്കളഞ്ഞു. കാര്യമായ അധികാരങ്ങളോ ഉത്തരവാദിത്വങ്ങളോ ഒന്നും ഇല്ലാത്തതാണ് മോദിക്ക് ലഭിച്ച ജി- 20 അധ്യക്ഷ പദവി.

എന്നാൽ, ലോകം ഇന്ത്യയുടെ കൈപ്പിടിയിലായെന്ന വിധത്തിലുള്ള പ്രചണ്ഡ പിആർ പ്രചാരണം ഇപ്പോൾ നടക്കുന്നു. ഇതിനെല്ലാമിടയിലാണ് എല്ലാ പിആർ പ്രചാരണങ്ങളും നിഷ്പ്രഭമാക്കുന്ന ബിബിസി ഡോക്യുമെന്ററി  രാജ്യാന്തരതലത്തിൽ ചൂടേറിയ ചർച്ചയായത്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നിർത്തിവയ്‌പിക്കാനുള്ള  ശ്രമങ്ങൾ പരാജയപ്പെട്ടു. ഗുജറാത്ത്  വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ് ഡോക്യുമെന്ററി നിർമിച്ചതെന്ന വിശദീകരണവുമായി ബിബിസി രംഗത്ത് വന്നു. ഐടി നിയമ പ്രകാരം ഡോക്യുമെന്ററി  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കി. അപ്പോഴേക്കും ലക്ഷക്കണക്കിന് പേർ ഡോക്യുമെന്ററി കണ്ടിരുന്നു

ശ്രീകൃഷ്‌ണനെ  സൃഷ്ടിച്ചത് ജനിറ്റിക് എൻജിനിയറിങ്ങിലൂടെയാണെന്നും ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് ഗണപതിയിലാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രാവബോധമാണ് പ്രധാനമന്ത്രിക്കുള്ളത്. പ്രധാനമന്ത്രി പറയുന്ന വിഡ്ഢിത്തരങ്ങൾക്കൊപ്പം തലയാട്ടാൻ തയ്യാറാകാത്ത വലിയൊരു വിഭാഗം രാജ്യത്തുണ്ട്. ജനാധിപത്യവിരുദ്ധമായ വിലക്കുകളെ മറികടക്കാനുള്ള സാങ്കേതിക പരിജ്ഞാനവും ഇച്ഛാശക്കിയും അവർക്കുണ്ട്.

കൊളോണിയൽ 
മാനസികാവസ്ഥ
രാജാവിനേക്കാൾ വലിയ രാജ്യഭക്തിയോടെയായിരുന്നു കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ പ്രതികരണം. ബിബിസി ഡോക്യുമെന്ററി കൊളോണിയൽ മാനസികാവസ്ഥയുടെ  പ്രതിഫലനമാണത്രെ. ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർടിയും സോഷ്യലിസ്റ്റുകളും  ചെറുതും വലുതുമായ നൂറുകണക്കിന് സംഘടനകളുമെല്ലാം ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിലൂടെയായിരുന്നു. ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയലിസത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ അൻഡമാനിലെ സെല്ലുലാർ ജയിലിൽ കിടക്കവെ സവർക്കർ മാപ്പിരന്ന് ബ്രിട്ടീഷുകാർക്കെ‍ഴുതിയ കത്തുകൾ വായിച്ച് നോക്കണം. രാജ്യത്തെ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കെതിരെ സമരംചെയ്ത് സമയം കളയരുതെന്നും യഥാർഥ ശത്രുക്കൾ മുസ്ലിങ്ങളും ക്രൈസ്‌തവരും കമ്യൂണിസ്റ്റുകാരുമാണെന്ന ഗോൾവാൾക്കറുടെ ആഹ്വാനവും മോദിഭക്തർ ഓർക്കണം.

പഴയ കോളനിവൽക്കരണത്തിന്റെ  പുതിയ രൂപമാണ് അധിനിവേശം. അമേരിക്കയും ബ്രിട്ടനും തോളോടുതോൾ ചേർന്ന് നടത്തുന്ന അധിനിവേശങ്ങളോട് എന്താണ് മോദി സർക്കാരിന്റെ നിലപാട്. 2022 ഡിസംബർ 31ന്  യുഎൻ പൊതുസഭ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം ചർച്ചയ്‌ക്കെടുത്തു. പ്രശ്നം അന്താരാഷ്ട്ര കോടതിയുടെ പരിഗണനയ്ക്ക് വിടുന്നതുസംബന്ധിച്ച്  ഭിന്നതയുണ്ടായപ്പോൾ വിഷയം വോട്ടിനിട്ടു. ഇന്ത്യൻ പ്രതിനിധി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് സാമ്രാജ്യത്വലോബിയെ സഹായിച്ചു. അധിനിവേശ വിഷയങ്ങളിൽ ഇംഗ്ലണ്ടുമായി കൈകോർക്കാൻ മോദി സർക്കാരിന് ഒരു വൈമുഖ്യവും ഇല്ല. അതേ ബ്രിട്ടീഷ്‌ സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ബിബിസിയിൽ മോദിക്കെതിരെ ഡോക്യുമെന്ററി  വരുമ്പോൾമാത്രം കേന്ദ്രസർക്കാർ കൊളോണിയൽ വിരുദ്ധരാകുന്നു. ഈ വൈരുധ്യത്തിന്റെ പിറകിലെ രാഷ്ട്രീയം നിരോധനത്തിലൂടെയോ വിലക്കുകളിലൂടെയോ മറച്ചുപിടിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top