25 April Thursday

വേണ്ടത് ഭക്ഷണവും വരുമാനപിന്തുണയും

ഡോ. കെ ഹേമലതUpdated: Tuesday Apr 21, 2020

കേന്ദ്രസർക്കാർ രാജ്യവ്യാപക ലോക്ക്‌ഡൗൺ മെയ്‌ മൂന്നുവരെ നീട്ടിയിരിക്കുന്നു. അത് പ്രഖ്യാപിക്കുന്നതോടൊപ്പം പ്രധാനമന്ത്രി ജനങ്ങൾക്ക്‌ ഏഴ്‌ ഉപദേശങ്ങൾ നൽകി. എന്നാൽ, ലോക്ക്‌ഡൗൺമൂലം ജീവിത വരുമാനം ഇല്ലാതായി പട്ടിണി കിടക്കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം എത്തിക്കാൻ കേന്ദ്രസർക്കാർ എടുക്കാൻ പോകുന്ന നടപടികളെക്കുറിച്ച് ഒരു വാചകംപോലും അദ്ദേഹം പറഞ്ഞില്ല. വയസ്സായ കുടുംബാംഗങ്ങളെ സംരക്ഷിച്ചു പരിപാലിക്കണമെന്ന്‌ പ്രധാനമന്ത്രി നൽകിയ ഉപദേശം പ്രായോഗികമായി നടപ്പാക്കാനുള്ള സ്ഥിതി അവർക്കില്ല. മാതാപിതാക്കൾക്ക് ഭക്ഷണം നൽകാനുള്ള ശേഷിയില്ല. അവർ എന്തുചെയ്യണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചില്ല.

കൊറോണ വൈറസ്‌ മഹാമാരിയുടെ  ആഘാതം ഏറ്റുവാങ്ങുന്നത് പ്രധാനമായും തൊഴിലാളികൾ ആണ്. പ്രത്യേകിച്ചും അസംഘടിതമേഖലയിൽ കരാർ–-താൽക്കാലിക തൊഴിലാളികൾ, സംഘടിത മേഖലയിൽ പരിശീലനം തേടുന്നവർ, നിർമാണ–-ഇഷ്‌ടികനിർമാണ മേഖലകളിലെ കുടിയേറ്റത്തൊഴിലാളികൾ, സൂക്ഷ്മ ചെറുകിട സംരംഭകർ, ഗാർഹികത്തൊഴിലാളികൾ, ദരിദ്ര ചെറുകിട കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർ. പത്രപ്രവർത്തകർ, ഐടി–-ഐടി അധിഷ്‌ഠിത മേഖലയിലെ സ്ഥിരം തൊഴിലാളികൾ എന്നിവരും അതിനുവിധേയരാണ്. ഓരോ ദിവസവും പൊതുമേഖലാസ്ഥാപനങ്ങൾമുതൽ കോർപറേറ്റ് പത്രസ്ഥാപനങ്ങൾവരെ തൊഴിലാളികളെ പിരിച്ചുവിടുന്ന വാർത്തകൾ വരുന്നു.

കൊറോണയ്‌ക്കു മുമ്പുതന്നെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ പ്രയാസങ്ങൾ സഹിച്ചതും തൊഴിലാളികളാണ്. തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന്‌ നൂറുകണക്കിന് കിലോമീറ്റർ അകലെ പെട്ടുപോയ കുടിയേറ്റത്തൊഴിലാളികളിൽ ഏറെപ്പേരും അന്നത്തെ ഭക്ഷണം ലഭിക്കുമോ എന്നറിയാതെ പട്ടിണിയിൽ കഴിയുകയാണ്. രാജ്യത്താകെ ഇരുനൂറോളംപേരാണ് കാൽനടയായി നാട്ടിൽ എത്താനുള്ള ശ്രമത്തിനിടയിൽ വിശപ്പും ക്ഷീണവും മൂലവും  മരിച്ചുവീണത്‌. ഡൽഹിയിൽനിന്ന്‌ ഏതാനും കിലോമീറ്റർ അകലെ  ചേരിനിവാസിയായ കുടിയേറ്റത്തൊഴിലാളി മുകേഷ് മുഖിയ കഴിഞ്ഞദിവസം  ആത്മഹത്യചെയ്തു. ലോക്ക്‌ഡൗണിനെ തുടർന്ന് കൂലിപ്പണി ലഭിക്കാതായി. പണവും തീർന്നു. 16 ന്‌ രാവിലെ മൊബൈൽ ഫോൺ വിറ്റുകിട്ടിയ 2500 രൂപ ഉപയോഗിച്ച് പഞ്ചസാര, ഗോതമ്പ്പൊടി, അരി എന്നിവ വാങ്ങി. ഡൽഹിയിലെ വേനൽച്ചൂടിൽ കുഞ്ഞുങ്ങൾക്ക്‌ കുറച്ചുകൂടി നന്നായി ഉറങ്ങാൻ ഒരു ടേബിൾഫാൻ വാങ്ങി. ശേഷിക്കുന്ന തുക ഭാര്യ പൂനത്തിനെ ഏൽപ്പിച്ച്‌ ചേരിയിലെ മുറിക്കകത്തുപോയി ആത്മഹത്യചെയ്തു.


 

വൻകിട കോർപറേറ്റ് വ്യവസായികളും വ്യാപാരികളും കുടുംബാംഗങ്ങൾക്കൊപ്പം കഴിയുകയും പുതിയ പാചകവിധികൾ ആസ്വദിക്കുകയുമാണ്. അതേസമയം തങ്ങളുടെ അധ്വാനത്തിലൂടെ സമൂഹത്തിന്റെ ചക്രം തിരിക്കുന്നവരുമായ കോടിക്കണക്കിനുപേരാകട്ടെ തൊഴിൽ നഷ്‌ടപ്പെട്ടവരും താമസിക്കാൻ സ്ഥലമില്ലാത്തവരും പട്ടിണി കിടക്കുന്നവരുമായി മാറി. അവശ്യസേവന മേഖലകളിലെ തൊഴിലാളികൾ ഒരു സ്വയംസംരക്ഷണ ഉപാധികളും ഇല്ലാതെ സ്വന്തം ജീവിതംതന്നെ അപകടപ്പെടുത്തിയാണ്പണിയെടുക്കുന്നത്. ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ കോവിഡ്‌–- 19 രോഗബാധിതരാകുന്നു, ആശുപത്രികൾ അടച്ചുപൂട്ടുന്നു. തൊഴിലാളികളും ശുചീകരണത്തൊഴിലാളികളും മാസ്ക് പോലും ലഭിക്കാതെ പണിയെടുക്കേണ്ടിവരുന്നു.  ഗോതമ്പ്, നെല്ല് ,  ചോളം, പരിപ്പ് തുടങ്ങിയ വിളകൾ വിളവെടുക്കാനോ സംഭരണശാലകളിലേക്ക് നീക്കാനോ ന്യായവില ഉറപ്പുവരുത്താനോ സർക്കാർ നടപടി സ്വീകരിച്ചില്ല. കർഷകരുടെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം പ്രഖ്യാപിക്കാനോ പുതിയ കൃഷിയിറക്കാൻ സഹായം പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുടിശ്ശികയായ തുക വിതരണംചെയ്യാൻപോലും നടപടിയില്ല. ഈ പദ്ധതിയിൽ തൊഴിൽ നൽകാനാകാത്ത സാഹചര്യത്തിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്ന വ്യവസ്ഥയുള്ളത് സർക്കാർ നടപ്പാക്കണം എന്നാണ്കർഷകത്തൊഴിലാളി പ്രസ്ഥാനം ആവശ്യപ്പെടുന്നത്. വിളവെടുപ്പും ഗതാഗതവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കർഷകത്തൊഴിലാളികൾക്ക് വരുമാനം നൽകാനാകും.

ലോക്ക്‌ഡൗണിനെ തുടർന്ന് കോടിക്കണക്കിന്‌ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ഏതെങ്കിലും ഗുരുതരവിഷയങ്ങളെ അഭിമുഖീകരിക്കാനും ശാരീരിക അകലവുംമറ്റും പാലിക്കാൻ സാധിക്കാത്ത പാവപ്പെട്ടവർക്ക് കോവിഡ്‌–- 19 രോഗബാധ തടയാനുള്ള സംവിധാനം ഒരുക്കാനുമുള്ള സമയമോ സന്നദ്ധതയോ സർക്കാരിനില്ല. പ്രഗത്ഭ സാമ്പത്തികശാസ്ത്രജ്ഞരും ബുദ്ധിജീവികളും കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷക–-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ആവർത്തിച്ച്‌ ആവശ്യപ്പെടുന്നത് മൊത്തം ആഭ്യന്തര ഉൽ‌പ്പാദനത്തിന്റെ  അഞ്ചുശതമാനം, ആറുശതമാനം തുക ആശ്വാസ പാക്കേജ് എന്ന നിലയിൽ  ജനങ്ങൾക്ക്‌ ആശ്വാസം നൽകാനും സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും നീക്കിവയ്‌ക്കണം എന്നാണ്. എന്നാൽ, പ്രധാനമന്ത്രി ഇത് പൂർണമായും അവഗണിക്കുകയാണ്. മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തപോലെ ലോക്ക്ഡൗണിന്റെ  മറവിൽ രഹസ്യമായി തൊഴിലാളിവിരുദ്ധ അജൻഡയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ. തൊഴിൽസമയം ദിവസം 12 മണിക്കൂറായി വർധിപ്പിക്കാനായി ഫാക്ടറീസ് ആക്ട്‌ ഭേദഗതി ചെയ്യുന്നതിനുള്ള നടപടി എടുക്കുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നു.


 

തൊഴിലാളികളെ അടിമതുല്യരാക്കി മാറ്റാനും തങ്ങളുടെ ലാഭം വർധിപ്പിക്കാനായി അങ്ങനെ ചെയ്യണമെന്നു നിർബന്ധിക്കുന്ന കോർപറേറ്റ് ഉടമസ്ഥരെ സേവിക്കാനുമുള്ള നീക്കങ്ങളാണ്. ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്‌ കണക്കാക്കിയിട്ടുള്ളത്കൊറോണ മഹാമാരിമൂലം അവരുടെ ലാഭം 10 ശതമാനം കുറയുമെന്നാണ്; ലാഭം പൂർണമായും ഇല്ലാതാകും എന്നല്ല. അവർ ലക്ഷ്യംവയ്‌ക്കുന്നത്‌ ഈ പ്രതിസന്ധിയുടെ ഭാരം പൂർണമായും  ഇപ്പോൾത്തന്നെ പ്രതിസന്ധിയുടെ കടുത്ത ആഘാതം ഏറ്റുവാങ്ങി ജീവിതോപാധികളും വരുമാനവും താമസസ്ഥലവും നഷ്ടപ്പെട്ട്‌ പട്ടിണി നേരിടുന്ന  തൊഴിലാളികൾക്കുമേലെ അടിച്ചേൽപ്പിക്കാനാണ്.

തൊഴിലാളികൾക്കും സാധാരണക്കാർക്കുംവേണ്ടി കേവലം പൊള്ളയായ പ്രസംഗങ്ങളും മുതലാളിമാർക്കും വൻകിടകോർപറേറ്റുകൾക്കും വൻ കച്ചവടക്കാർക്കുംവേണ്ടി കനമുള്ള പണച്ചാക്കുകളും കൈവശമുള്ള പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നടത്തുന്ന ഗൂഢാലോചന സഹിക്കാൻ തയ്യാറല്ല. അമേരിക്കയും ബ്രിട്ടനും ആശ്വാസപദ്ധതികൾക്കായി തങ്ങളുടെ ജിഡിപിയുടെ യഥാക്രമം 10 ശതമാനവും 17 ശതമാനവും വകയിരുത്തിയപ്പോൾ ഇന്ത്യ വകയിരുത്തിയത് കേവലം 0.85ശതമാനം മാത്രമാണ്  അതായത് 1,70,000 കോടി രൂപ. ലോക്ക്‌ഡൗൺ നടപ്പാക്കിയത് മുതൽ സിഐടിയു പ്രധാനമന്ത്രിയോട് നിരന്തരം ആവശ്യപ്പെടുന്നതാണ് വരുമാനനികുതി അടയ്‌ക്കാൻ ശേഷിയില്ലാത്ത 21 കോടി കുടുംബങ്ങൾക്ക് മാസം 7500 രൂപ ജൻധൻ അക്കൗണ്ടിൽ നേരിട്ടുനൽകണമെന്ന്. 1,57,500 കോടി രൂപയാണ് ഇതിനായി ചെലവ്‌ വരിക. ജിഡിപി യുടെ അഞ്ചുശതമാനമോ ആറുശതമാനമോ തുക സർക്കാർ വകയിരുത്തിയാൽപോലും 8,50,000 –-10,20,000 കോടി രൂപ ലഭ്യമാക്കാം. വരുമാനപിന്തുണയായി ഒരു മാസം നൽകേണ്ട തുക കഴിഞ്ഞു ശേഷിക്കുന്ന തുക സമ്പദ്ഘടനയെ ശക്തിപ്പെടുത്താനായി കർഷകർക്ക് ന്യായവില, പൊതുആരോഗ്യമേഖലയിലും പൊതുവിതരണമേഖലയിലും  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും വേണ്ടി  ചെലവഴിക്കാനാകും. ജനങ്ങൾക്കിടയിലെ വരുമാന അന്തരം കുറയ്‌ക്കാനും തൊഴിലില്ലായ്മയുംപട്ടിണിയും ഇല്ലാതാക്കാനും ധനികരിൽനിന്ന്‌ സവിശേഷനികുതി ഈടാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. ആരോഗ്യപ്രവർത്തകർക്കും ശുചീകരണത്തൊഴിലാളികൾക്കും സ്കീം തൊഴിലാളികൾക്കും വ്യക്‌തിഗതസുരക്ഷാ ഉപാധികളും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തണം. 

നമ്മൾ ചട്ടിയും പ്ലേറ്റുംമുട്ടി ശബ്ദമുണ്ടാക്കി. പ്രകാശം തെളിക്കുകയും അണയ്‌ക്കുകയുംചെയ്തു. പ്രധാനമന്ത്രി പറഞ്ഞതിനാലാണ് നമ്മൾ മെഴുകുതിരിയും ദീപവും കൊളുത്തിയത്. പറഞ്ഞ കാര്യങ്ങൾ നേടിയെടുക്കാൻ നമുക്ക് ശബ്ദമുയർത്തേണ്ടതുണ്ട്, നമ്മുടെ കൊടികൾ ഉയർത്തേണ്ടതുണ്ട്. അതിനായി ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ അഞ്ചു–-പത്ത്‌ മിനിറ്റ്‌നേരം വീടിന്റെ വാതിൽക്കലോ, ബാൽക്കണിയിലോ ടെറസ്സിലോ നിന്ന്‌ ‘ പൊള്ളയായ ഭാഷണങ്ങളല്ല, ഭക്ഷണവും വരുമാന പിന്തുണയുമാണ് വേണ്ടത് ’ എന്ന്‌  എഴുതിയ  പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങൾ ഉയർത്തണം. ശാരീരികഅകലം പാലിച്ചും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ചുമാണ് സമരത്തിൽ പങ്കെടുക്കേണ്ടത്. എകെകെഎസ്‌, എഐഎഡബ്ല്യുയു, എഐഡിഡബ്ല്യുഎ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ എന്നീ പ്രസ്ഥാനങ്ങൾ ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും  പങ്കാളികളാകാനും മുന്നോട്ടുവന്നിട്ടുണ്ട്. കൊടികളിലൂടെ, മുദ്രാവാക്യങ്ങളിലൂടെ നാം ഉയർത്തുന്ന ജീവിതഗന്ധിയായ ആവശ്യങ്ങൾ ഐക്യസ്വരമായി ഉയരുമ്പോൾ വീണ്ടുമൊരു പ്രസംഗത്തിനുമുമ്പ്‌ പ്രധാനമന്ത്രി അത് കേൾക്കുകയും പരിഗണിക്കുകയും ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top