19 April Friday

ഭക്ഷ്യസുരക്ഷയും അപകടത്തിൽ

ടി ചന്ദ്രമോഹന്‍Updated: Monday May 16, 2022

നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലേക്ക്‌. കാർഷികമേഖലയെ കുത്തകകൾക്ക്‌ തീറെഴുതാനായി  മൂന്ന്‌ കാർഷികനിയമം കൊണ്ടുവന്നപ്പോഴേ ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഒരു വർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്ന്‌ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ മറ്റൊരുതരത്തിൽ നടപ്പാക്കുകയാണ്‌ സർക്കാർ.

ഭക്ഷ്യധാന്യ സംഭരണത്തിൽനിന്ന്‌ സർക്കാർ ഏജൻസികൾ പിന്മാറി വൻകിട വ്യാപാരികൾക്ക്‌ വിട്ടുനൽകുക എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ ഈ കാർഷിക സീസണിലെ ഗോതമ്പുസംഭരണത്തിൽ നടപ്പാക്കി. 44 ദശലക്ഷം ടൺ ഗോതമ്പ്‌ സംഭരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്‌. ഇത്‌ 19.5 ദശലക്ഷം ടണ്ണായി കുറച്ചു. എഫ്‌സിഐയുടെ കണക്കുപ്രകാരം  ഇതുവരെ സംഭരിച്ചത്‌ 17.2 ദശലക്ഷം ടണ്ണും. കഴിഞ്ഞവർഷം സംഭരിച്ചതിന്റെ 40 ശതമാനമാണ്‌ ഇത്‌.  ലോകത്തിന്‌ ഭക്ഷണമെത്തിക്കാൻ മാത്രം ഇന്ത്യയുടെ ഭക്ഷ്യധാന്യക്കലവറ ശക്തമല്ലെന്നും രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാണെന്നും ഇപ്പോൾ വ്യക്തമായിരിക്കയാണ്‌.  ഇതാണ്‌ ഗോതമ്പുകയറ്റുമതി നിരോധിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കി യത്‌.  വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ സർക്കാർ സൃഷ്ടിച്ച വൈദ്യുതി ക്ഷാമത്തിനു സമാനമാണ്‌ ഇപ്പോഴത്തെ ഗോതമ്പ്‌ ക്ഷാമവും.

2021 മേയിൽ എഫ്‌സിഐയുടെ പക്കൽ 5.256 കോടി ടൺ ഗോതമ്പ്‌ ശേഖരമാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോൾ ഇത്‌ 3.034 കോടി ടണ്ണായി കുറഞ്ഞു. അതായത്‌ 43 ശതമാനത്തിന്റെ കുറവ്‌.  നടപ്പുവർഷം ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി, പിഎംജികെഎവൈ ഉൾപ്പെടെ മറ്റു പദ്ധതികൾ, അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ശേഖരം, ഓപ്പറേഷണൽ സ്‌റ്റോക്ക്‌ എന്നിവയ്‌ക്കായി 3.996 കോടി ടൺ ഗോതമ്പാണ്‌ വേണ്ടത്‌. ഗോതമ്പിന്റെ വിലക്കയറ്റത്തിനും ക്ഷാമത്തിനും പ്രധാന ഉത്തരവാദി കേന്ദ്ര സർക്കാരാണ്‌. എട്ടു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനിടയിൽ കയറ്റുമതി പ്രോത്സാഹിപ്പിച്ചതും സംഭരണത്തിൽനിന്ന്‌ പിന്നോട്ടുപോയതുമാണ്‌ ഈ സ്ഥിതി സംജാതമാക്കിയത്‌. സംഭരണത്തിലെ പാളിച്ച,  ചൂട്‌ കാരണമുള്ള ഉൽപ്പാദനക്കുറവ്‌, കയറ്റുമതി എന്നിവ ഗോതമ്പിന്റെ വിലക്കയറ്റത്തിന്‌ ഇടയാക്കി. ക്വിന്റലിന്‌ 2015 രൂപ മിനിമം താങ്ങുവില (എംഎസ്‌പി) നിശ്ചയിച്ച്‌ സർക്കാർ സംഭരണം തുടങ്ങി.

എന്നാൽ, റഷ്യ–-ഉക്രയ്‌ൻ സംഘർഷത്തെത്തുടർന്ന്‌ ആഗോളവിപണിയിൽ ഗോതമ്പിന്റെ വില 40 ശതമാനത്തോളം വർധിച്ചപ്പോൾ സ്വകാര്യ വ്യാപാരികൾ എംഎസ്‌പിയേക്കാൾ കൂടുതൽ വില നൽകി ശേഖരിച്ചു. കയറ്റുമതി ലക്ഷ്യമിട്ട്‌ ഇവ ആഭ്യന്തരവിപണിയിൽ ഇറക്കാതെ പൂഴ്‌ത്തിവച്ചു. അഖിലേന്ത്യാ തലത്തിൽ ചില്ലറവ്യാപാര  വില  കിലോക്ക്‌ 30.10 രൂപയാണ്‌. ഏപ്രിലിൽ ഇത്‌ 28.10 രൂപയായിരുന്നു. 2021 ഏപ്രിലിൽ 23.60 രൂപയും. ഒരു വർഷത്തിനിടെ ഉത്തരേന്ത്യയിൽ ആട്ടയുടെ വില 40 ശതമാനംവരെ വർധിച്ചു. ഉപഭോക്തൃവില സൂചികപ്രകാരം ഏപ്രിലിലെ വിലക്കയറ്റം 7.79 ശതമാനമാണ്‌.  ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 8.38 ശതമാനവും. 2021 ഏപ്രിലിൽ ഇത്‌ 1.96 ശതമാനമായിരുന്നു.  

ലോകത്തിന്‌ ഭക്ഷണം നൽകാൻ ഇന്ത്യക്ക്‌ കഴിയുമെന്ന്‌ ഒരുമാസം മുമ്പാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്‌.  അമേരിക്കൻ പ്രസിഡന്റ്‌  ജോ ബൈഡനുമായുള്ള ചർച്ചയ്‌ക്കിടെയായിരുന്നു ഈ വീരവാദം. ഇതിനു പിന്നാലെ ഗോതമ്പ്‌ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന്‌ ഭക്ഷ്യവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന വാണിജ്യ മന്ത്രി പിയൂഷ്‌ ഗോയലും പറഞ്ഞു. കയറ്റുമതി വേഗത്തിലാക്കാൻ വിവിധ വകുപ്പ്‌ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സംവിധാനവുമൊരുക്കി. തുറമുഖങ്ങളിലേക്ക്‌  ഭക്ഷ്യധാന്യമെത്തിക്കാൻ ആവശ്യത്തിന്‌ ചരക്കുവണ്ടികൾ വിട്ടുനൽകി. കയറ്റുമതിക്കായി ലഭിച്ച അപേക്ഷകളിൽ ഉടൻ തീരുമാനമെടുത്തു. രണ്ടു മാസത്തിനിടെ 50 ലക്ഷം ടൺ ഗോതമ്പ്‌ കയറ്റുമതി ചെയ്യാനുള്ള കരാർ ഒപ്പിട്ടു. ഈ സീസണിൽ 1.2 കോടി ടൺ കയറ്റുമതിയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വാണിജ്യമന്ത്രാലയം പ്രഖ്യാപിച്ചു.

എന്നാൽ, ഗോതമ്പ്‌ ഉൽപ്പാദനത്തിൽ ലോകത്ത്‌ രണ്ടാമതുള്ള ഇന്ത്യ നേരിടുന്നത് അപൂർവമായ ക്ഷാമമാണ്‌. ഉൽപ്പാദനത്തിന്റെ പകുതിയും കാലാവസ്ഥയെ ആശ്രയിച്ചാണ്‌.  അനുകൂല കാലാവസ്ഥയായതിനാൽ കഴിഞ്ഞ അഞ്ചു വർഷവും മികച്ച വിളവെടുപ്പുണ്ടായി. ഇത്തവണ ചൂട്‌ കൂടിയപ്പോൾ ഉൽപ്പാദനം കുറഞ്ഞു.  2021-–-22 കാർഷിക വർഷത്തിൽ 111.32 ദശലക്ഷം ടൺ ഗോതമ്പ് ഉൽപ്പാദനമാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഉൽപ്പാദനം 105 ദശലക്ഷം ടണ്ണും. ഉൽപ്പാദനത്തിൽ ആറു ശതമാനത്തിന്റെ ഇടിവ്. ഈ ധനവർഷം 15 ദശലക്ഷം ടൺ കയറ്റുമതി ചെയ്യുമെന്ന്‌ ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു.  ഉൽപ്പാദനം കുറഞ്ഞതോടെ  കയറ്റുമതി സാധ്യമാകില്ലെന്ന്‌ വിദഗ്ധർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്‌ മുഖവിലയ്‌ക്കെടുക്കാൻ സർക്കാർ തയ്യാറായില്ല. ഗോതമ്പിനായി യുക്രയ്‌നെയും റഷ്യയെയും ആശ്രയിക്കുന്ന രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടിയപ്പോൾ കയറ്റുമതിക്കാരെ സഹായിക്കാനായി വാണിജ്യമന്ത്രാലയം രംഗത്തിറങ്ങി. ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക്‌ കയറ്റുമതി വർധിപ്പിക്കാനായിരുന്നു നീക്കം. ഈജിപ്ത്, തുർക്കി, നൈജീരിയ, അൽജീരിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മൊറോക്കോ, ടാൻസാനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലേക്ക്‌ ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള നീക്കമാണ് നടത്തിയത്‌. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെ ഒമ്പത്‌ രാജ്യത്തിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കാൻ വാണിജ്യപ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ്‌ ക്ഷാമത്തെത്തുടർന്ന്‌ കയറ്റുമതി നിരോധിച്ചത്‌. ഇത്‌ സർക്കാരിന്‌ നാണക്കേടായിരിക്കയാണ്‌.

ഒരു സീസണിൽ കാലാവസ്ഥ ചതിച്ചാലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാണ്‌ കരുതൽ ഭക്ഷ്യശേഖരം സൂക്ഷിക്കുന്നത്‌.  ഇത്‌ കുറച്ചുകൊണ്ടുവന്നതാണ്‌ ഇപ്പോഴത്തെ ക്ഷാമത്തിലേക്ക്‌ നയിക്കുന്നതും. ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളാണ് താങ്ങുവില പ്രകാരം ഗോതമ്പ് സംഭരിച്ച് പൊതുവിതരണത്തിനു നൽകുന്നത്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരവും ഗോതമ്പ് നൽകുന്നുണ്ട്. ക്ഷാമമുണ്ടാകുമെന്ന്‌ തിരിച്ചറിഞ്ഞതോടെ ഗോതമ്പിനു പകരം അരി നൽകാൻ രണ്ടാഴ്‌ച മുമ്പുതന്നെ തീരുമാനിച്ചു. 5.5 ദശലക്ഷം ടൺ അരിയാണ്‌  പകരം അനുവദിച്ചത്‌. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കേണ്ട 56 ലക്ഷം ടൺ ഗോതമ്പിന്‌ പകരവും അരി നൽകാൻ കഴിഞ്ഞദിവസം തീരുമാനിച്ചു. പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണ്‌ ഇത്‌ ബാധിക്കുക. കേരളത്തിന്‌ അധിക വിഹിതമായി നൽകിയിരുന്ന ഗോതമ്പ്‌ പൂർണമായും നിർത്തലാക്കി. മാസംതോറും ലഭിച്ചിരുന്ന  6459 മെട്രിക്‌ ടൺ ഗോതമ്പാണ്‌ നിർത്തലാക്കിയത്‌. ഇതോടെ മുൻഗണനേതര വിഭാഗങ്ങൾക്ക്‌ ഗോതമ്പും ആട്ടയും റേഷൻ കട വഴി നൽകാനാകില്ല. ഗോതമ്പ്‌, ആട്ട എന്നിവയുടെ വില വീണ്ടും വർധിക്കാൻ ഇത്‌ കാരണമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top