29 March Friday

സംവാദപ്രിയർ അതിജീവിക്കുമോ?

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

വിഷയമേതായാലും അതിന്മേൽ യുക്തിയുക്തം വാദിക്കാനുള്ള ഇന്ത്യക്കാരുടെ സവിശേഷസ്വഭാവത്തെക്കുറിച്ചാണ്‌ പ്രൊഫ. അമർത്യ സെൻ തന്റെ പ്രസിദ്ധമായ ആർഗ്യുമെന്ററ്റീവ്‌ ഇന്ത്യൻ എന്ന പുസ്‌തകത്തിൽ വിവരിക്കുന്നത്‌. വാദം സമർഥിക്കാൻ ബൗദ്ധപാരമ്പര്യത്തിന്റെയും മറ്റ്‌ ചരിത്ര ആഴങ്ങളിലേക്കും ചരിത്ര സ്രോതസ്സുകളിലേക്കും പ്രൊഫ. സെൻ സഞ്ചരിക്കുന്നുണ്ട്‌. 21–-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടാൻ പോകുമ്പോൾ, രാജ്യം കൊളോണിയൽ നുകത്തിൽനിന്ന്‌ മുക്തമായതിന് 75 വർഷം തികയുമ്പോൾ ഒരു ചോദ്യം നമ്മെ ഉറ്റുനോക്കുകയാണ്‌; അമർത്യ സെന്നിന്റെ സംവാദപ്രിയരായ ഇന്ത്യക്കാർക്ക്‌ സംവദിക്കാനുള്ള  ആ സ്വാതന്ത്ര്യം എത്രകാലം തുടരാനാകുമെന്ന ഭീതിജനകമായ ചോദ്യം.

ടീസ്‌ത സെതൽവാദും ആർ ബി ശ്രീകുമാറും ഇന്ന്‌ ജയിലിലാണ്‌. 2002ലെ ഗുജറാത്ത്‌ വംശഹത്യയിലെ ഇരകൾക്കുവേണ്ടി നീതിപീഠത്തിന്റെ വാതിലിൽ മുട്ടി എന്നതാണ്‌ ഇവർ ചെയ്‌ത കുറ്റം.വിയോജിപ്പ്‌ പ്രകടിപ്പിക്കാനും സ്വന്തം വാദമുഖങ്ങൾ ഉയർത്താനുമുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നത്‌ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കലാണ്‌. ഇത്‌ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഒരു വിഷയമാണ്‌.  ബ്രാഹ്‌മണിക്കൽ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള ബഹുമുഖവും സൂക്ഷ്‌മവുമായ പദ്ധതിയുടെ ഭാഗമാണിത്‌. സാംസ്‌കാരിക ദേശീയത സ്ഥാപിക്കുകയാണ്‌ ലക്ഷ്യം.  സാംസ്‌കാരിക ദേശീയത എന്ന മൃദുയുക്തി ആർഎസ്‌എസിന്റെ പൊയ്‌മുഖമാണ്‌. മതനിരപേക്ഷ വിരുദ്ധ–-ഫാസിസ്‌റ്റ്‌, മതരാഷ്‌ട്രം സ്ഥാപിക്കാൻ വേണ്ടിയുള്ള പൊയ്‌മുഖം.

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഭരണം ഹിന്ദുരാഷ്‌ട്രമെന്ന ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിന്‌ അനുസൃതമായി  സാംസ്‌കാരിക ഇടങ്ങളെ മാറ്റിയെഴുതുന്നതിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്‌കൂൾ–- യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക്‌ സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള- സാംസ്‌കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്‌.

ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം കാരണം നിരവധി പണ്ഡിതരും ധൈഷണികരും കലാപ്രവർത്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അവരുടെ വിയോജിപ്പ്‌ കരുത്തോടെ ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കാൻ ഇപ്പോഴും ധൈര്യം കാണിക്കുന്നുണ്ട്‌. വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്‌ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർഎസ്‌എസ്‌ കെട്ടഴിച്ചുവിടുകയാണ്‌. ഇത്തരം നീച പ്രവൃത്തികൾമൂലം ഡോ. എം എം കലബുർഗി, ഗോവിന്ദ്‌ പൻസാരെ, നരേന്ദ്ര ദാബോൽക്കർ, ഗൗരി ലങ്കേഷ്, സ്‌റ്റാൻ സ്വാമി എന്നിവരുടെ ജീവൻ നഷ്‌ടമായി. നയൻതാര സെഹ്‌ഗാൾ, സച്ചിദാനന്ദൻ, ഉദയ്‌പ്രകാശ്‌, ചമൻലാൽ, റഹ്‌മാൻ അബ്ബാദ്‌ തുടങ്ങിയ പ്രമുഖർ 2015ൽ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ തിരിച്ചയച്ചതും വർഗീയവാദികൾ നടത്തിയ കൊലപാതകങ്ങളെയും അതിക്രമങ്ങളുടെ സംസ്‌കാരത്തെയും വിമർശിക്കാൻ മുന്നോട്ടുവന്നതും ഈ അവസരത്തിൽ ഓർക്കണം. ഭീമ കൊറേഗാവ്‌ സംഭവത്തിന്റെ പേരിൽ ആനന്ദ്‌ തെൽതുംബ്‌ഡെ, സുധ ഭരദ്വാജ്‌, വരവര റാവു തുടങ്ങിയവർക്കെതിരെ യുഎപിഎ ചുമത്തിയത്‌ സ്‌റ്റേറ്റ്‌ ടെററിസത്തിന്റെ അതിനീചമായ രൂപമാണ്‌. സംഘപരിവാർ നിർമിക്കുന്ന വ്യാജ വാർത്തകൾ തുറന്നുകാട്ടുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആൾട്ട്‌ ന്യൂസിലെ മുഹമ്മദ്‌ സുബൈറിനെയും കള്ളക്കേസിൽപ്പെടുത്തി ഇരുമ്പഴിക്കുള്ളിലാക്കി. ഒടുവിൽ സുപ്രീംകോടതിയാണ്‌ അദ്ദേഹത്തിന്‌ ജാമ്യമനുവദിച്ചത്‌.  

2021 ഡിസംബർ 16 മുതൽ 18 വരെ സംഘപരിവാർ സംഘടിപ്പിച്ച മതപാർലമെന്റിൽ പങ്കെടുത്ത കാവിയണിഞ്ഞ യോഗിമാരും യോഗിനിമാരും പ്രധാനമായും പറഞ്ഞത്‌ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കുന്നതിന്‌ തടസ്സമായ ന്യൂനപക്ഷത്തെ ഇല്ലായ്‌മ ചെയ്യണമെന്നാണ്‌.  ഭരണഘടനയ്‌ക്കും നിയമസംഹിതയ്‌ക്കും എതിരെ  പ്രസംഗിച്ചിട്ടും ഒരാൾപോലും അറസ്‌റ്റിലായില്ല. അക്രമാഹ്വാനത്തെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അപലപിക്കാൻ തയ്യാറായില്ല. ജനാധിപത്യം, വിയോജിക്കാനുള്ള അവകാശം, നിയമവാഴ്‌ച, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനയുടെ മൂല്യങ്ങളോട്‌ പ്രതിബദ്ധതയുള്ളവർ സമൂഹത്തെ അപകടകരമായ തലത്തിലേക്ക്‌ വഴിതെറ്റിക്കുന്നവർക്കെതിരെ ഒരു വിശാലവേദിയിൽ ഗൗരവപൂർവം പ്രവർത്തിക്കാൻ തയ്യാറാകണം.

തങ്ങളുടെ അജൻഡ നടപ്പാക്കാൻ ആർഎസ്‌എസ്‌ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. 265 ദശലക്ഷം യുട്യൂബ്‌ യൂസർമാരും 329 ഫെയ്‌സ്‌ബുക് യൂസർമാരും 459 ദശലക്ഷം വാട്‌സാപ് യൂസർമാരും രാജ്യത്തുണ്ട്‌. ഇവർക്കിടയിലേക്ക്‌ അവിശ്വസനീയമാംവിധം സംഘപരിവാർ കടന്നുകയറുന്നു. അവരുടെ അജൻഡ വസ്‌തുതകൾ വച്ച്‌ പൊളിക്കുന്നവരെ ഉപരിപ്ലവമായ വാദങ്ങൾകൊണ്ട്‌ ആർഎസ്‌എസിന്റെ സൈബർ വളന്റിയർമാർ നേരിടും. ഗാന്ധിജിയെ ഗോഡ്‌സെ വധിച്ചതിനെക്കുറിച്ച്‌ വിവരിച്ചുകൊണ്ട്‌  വൈക്കം മുഹമ്മദ്‌ ബഷീർ സ്വാതന്ത്ര്യസമര സേനാനികളുടെ യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഗോഡ്‌സെയുടെ തോക്കിൽനിന്ന്‌ ഉയർന്ന വിഷക്കാറ്റ്‌ ഇന്ന്‌ ഇന്ത്യയിലാകെ വ്യാപിക്കുകയാണ്‌. സത്യം, നീതി, ധർമം, സ്‌നേഹം, കരുണ എന്നിവയെ ഒരിക്കലും മായ്‌ക്കാൻ സാധിക്കില്ല. നന്മയുടെ പൂക്കൾ ഇവിടെ ഇപ്പോഴും പൂക്കുന്നുണ്ടെങ്കിലും ആ വിഷക്കാറ്റിൽ അവ  കൊഴിഞ്ഞുപോകും.” രാജ്യത്തിന്റെ ദുർവിധിയാണ്‌ പ്രതിഭാശാലിയായ ബഷീർ മുൻകൂട്ടി കണ്ടത്‌.  

സംഘപരിവാർ ഭീഷണി ചെറുക്കാൻ ജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കുക എന്നതായിരിക്കണം  ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ ദൗത്യം. വ്യക്തിപരമായി ജനങ്ങളുമായി ഇടപെടുന്നതിനൊപ്പം ആധുനിക മാർഗങ്ങൾ ഉപയോഗിച്ച്‌ അവരുമായി ബന്ധം പുലർത്തുകയും വേണം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും സാമൂഹ്യവികാസത്തിനും തുല്യതയ്‌ക്കും വേണ്ടിയുള്ള അതിശക്തമായ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന്‌ പ്രാധാന്യം നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top